'എയ്ഡ്സും ക്ഷയരോഗവുമാണ് കൂടുതല്‍; ദാരിദ്ര്യം സ്ത്രീകൾക്ക് കാമാത്തിപുരയിലേക്ക് വഴികാണിക്കുമ്പോൾ'

നമ്മുടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ, നാമറിഞ്ഞിട്ടില്ലാത്ത മനുഷ്യരുടെ ജീവിതാനുഭവകഥനങ്ങളാണ് അനൂപ് ദാസിന്റെ 'മറ്റൊരു (മഹാ)ഭാരതം' എന്ന പുസ്തകം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ ഏറ്റവും പുതിയ പുസ്തകത്തിലെ 'കെട്ടുകഥകളല്ല, അനുഭവങ്ങളുടെ കാമാത്തിപുര' എന്ന ഭാഗം വായിക്കാം...
സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനു മുന്നിലുണ്ടാകും എന്നാണ് ശ്രീദേവി പറഞ്ഞത്. ഇരുട്ടു പരന്നിട്ടുണ്ട്. വലിയ വാഹനത്തിരക്കിനിടയിലൂടെ നന്നായി പണിപ്പെട്ട് അവിടെത്തി. ശ്രീദേവി കാത്തുനില്‍ക്കുന്നുണ്ട്.
'ഹലോ, ഞാന്‍ അനൂപ്'
'ഹായ്, ഗ്രാലന്‍ പറഞ്ഞിരുന്നു.'
'ഇത് ഫെലിക്‌സ്. എന്റെ സുഹൃത്താണ്.'
'വരൂ.'
ശ്രീദേവി ഞങ്ങളേയും കൂട്ടി നടന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പൂനെയെ വെള്ളത്തിലാഴ്ത്തിയ മഴ ആ മണിക്കൂറില്‍ മുംബൈയില്‍ പെയ്തു. ഞങ്ങളൊരു ചായക്കടയില്‍ കയറി. കാമാത്തിപുരയിലേക്കുള്ള യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വരും എന്നു കരുതിയതാണ്. അരമണിക്കൂറിനുള്ളില്‍ പെയ്ത്ത് ചാറ്റലായി മാറിയതോടെ തൊപ്പി വാങ്ങി തലയിലിട്ടു നടത്തം തുടര്‍ന്നു.
നടന്നു നീങ്ങുന്നതിനു മുമ്പ് ശ്രീദേവിയെ പരിചയപ്പെടുത്താം. മുംബൈ സര്‍വകലാശാലയില്‍നിന്ന് ആദ്യമായി ബിരുദ പഠനം പൂര്‍ത്തിയാക്കിയ ട്രാന്‍സ്ജെന്‍ഡറാണ് ശ്രീദേവി. സന്തോഷ് ലിന്തേ എന്നോയിരുന്നു ആദ്യ പേര്. ഇപ്പോള്‍ ശ്രീദേവി എന്ന് വിളിക്കപ്പെടാനാണ് അവര്‍ ആഗ്രഹിക്കുന്നത്. സാമൂഹിക പ്രവര്‍ത്തക. ട്രാന്‍സ്ജെന്‍ഡേഴ്‌സ് ഉള്‍പ്പെടെയുള്ളവരുടെ നന്മയ്ക്കും നല്ല ജീവിതത്തിനുമായി പരിശ്രമിക്കുന്ന മനസ്സ്.
ശ്രീദേവിയുടെ സുഹൃത്ത് ശങ്കര്‍ കാമാത്തിത്തെരുവിനടുത്ത് ഒരു കട നടത്തുന്നുണ്ട്. ഫോട്ടോസ്റ്റാറ്റും ഒക്കെയായി ഒരു ചെറിയ കട. ഗ്രേസ് ഫൗണ്ടേഷന്‍ എന്ന കൂട്ടായ്മയുടെ പേരില്‍ ശങ്കര്‍ ആ തെരുവില്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തനമാണ് അവിടേക്കുള്ള യാത്രയില്‍ ശങ്കറിനെ വിളിക്കാന്‍ ശ്രീദേവിയെ പ്രേരിപ്പിച്ചത്.
മഴ മാറിയിട്ടേ ഉണ്ടായിരുന്നുള്ളു. തെരുവിന് അഴുക്കുചാലിന്റെ ഗന്ധം. നിറയെ കടകളുള്ള ഒരു തെരുവിന്റെ അറ്റത്തുനിന്ന് ശ്രീദേവി ഞങ്ങളെ മറ്റൊരു തെരുവിലേക്കു നയിച്ചു. ആ തെരുവിനവസാനം ശങ്കര്‍ കാത്തുനില്‍ക്കുന്നുണ്ട്. നടത്തം തുടര്‍ന്നു. വലതു വശത്തെ ചെറിയ മുറിക്കുള്ളില്‍ വലിയ വെളിച്ചം. മുട്ടിനു മുകളില്‍ മാത്രം വലിപ്പമുള്ള, ശരീരഭാഗങ്ങള്‍ നന്നായി പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളുടുത്ത് നാല് യുവതികള്‍ അവിടെയുണ്ട്.
കുറച്ചു പ്രായമുള്ള ഒരു സ്ത്രീ അല്‍പം ഗൗരവത്തോടെ ആ മുറിക്കു പുറത്തു കസേരയില്‍ കാലു കയറ്റിവെച്ച് ഇരിക്കുന്നു. മേക്കപ്പിന്റെ അതിപ്രസരമുണ്ട് ആ യുവതികളുടെയെല്ലാം മുഖത്ത്. അത്യധികം സുന്ദരികളായി കാണാന്‍ അണിഞ്ഞൊരുങ്ങി, ആളുകള്‍ വരുന്നതും കാത്തിരിക്കുകയാണവര്‍. അങ്ങനെ വരുന്നവരില്‍നിന്നു വില പറഞ്ഞ് ആ കാശു കൈപ്പറ്റാനായിരിക്കാം ആ മുതിര്‍ന്ന സ്ത്രീ ഗൗരവം പൂണ്ടിരിക്കുന്നത്.
വഴിയില്‍ ഇടതു വശത്തു വലിയൊരു പന്തലുണ്ട്. അതിനുള്ളില്‍ പേരറിയാത്ത ദൈവത്തിന്റെ ശില്‍പം. താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ആ പന്തലിനകത്തേക്ക് ആളുകള്‍ (ഏറെയും സ്ത്രീകള്‍) കൂട്ടമായി കയറുന്നു. പ്രാര്‍ത്ഥനകള്‍ക്കു ശേഷം തിരിച്ചിറങ്ങുന്നു. ഒരുപാടു കുട്ടികളുമുണ്ട് ആ കൂട്ടത്തില്‍. ആ തെരുവിലുള്ളവര്‍ തന്നെയാണ് ഇതു കെട്ടിയുണ്ടാക്കിയതെന്നും അവിടെ പ്രാര്‍ത്ഥിക്കുന്നതില്‍ ഏറെയെന്നും ശ്രീദേവി പറഞ്ഞു. പന്തലിനപ്പുറത്തേക്കുള്ള നടത്തത്തിലും കാഴ്ചകള്‍ക്കു മാറ്റമില്ല. ചെളി തളംകെട്ടിയ തെരുവുമൂലകള്‍ താണ്ടി ആളുകള്‍ സ്ത്രീശരീരവും തേടി വരുന്നതു കാത്തിരിക്കുകയാണ് അസംഖ്യം യുവതികള്‍.
ഗ്രേസ് ഫൗണ്ടേഷന്റെ ആംബുലന്‍സ് സൈഡാക്കി നിര്‍ത്തി ശങ്കര്‍ ഞങ്ങളെ കാത്തുനില്‍ക്കുന്നു. മൂന്നു കിലോ മീറ്റര്‍ അപ്പുറത്തെ ആശുപത്രിയില്‍നിന്നാണ് ശങ്കര്‍ ഇപ്പോള്‍ വരുന്നത്. കഴിഞ്ഞ ദിവസം അവിടെ അഡ്മിറ്റാക്കിയ കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് ആശുപത്രിക്കാര് വിളിച്ചു. അങ്ങനെ പോയതാണ്. ആ കുട്ടിയുടെ സ്ഥിതി തീരെ കഷ്ടമാണെന്നു ശങ്കര്‍ വിശദീകരിച്ചു.
''18 വയസ്സേയുള്ളു അവള്‍ക്ക്. വര്‍ഷങ്ങളായി ഇവിടെയാണ്. ക്ഷയരോഗം മൂര്‍ച്ഛിച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആകെ അവശയായിരുന്നു. പരിശോധിച്ചപ്പോള്‍ എച്ച്‌ഐവി പോസിറ്റീവാണ്. ആശുപത്രിയില്‍ അഡ്മിറ്റാക്കി അത്യാവശ്യം മരുന്നൊക്കെ നല്‍കി വന്നതാണ്. അതിനിടെ ഇവിടുന്നു ഗുണ്ടകള്‍ പോയി ആശുപത്രിയില്‍നിന്ന് അവളെ പിടിച്ചു വീണ്ടും കൊണ്ടുവന്നു മുറിക്കുള്ളിലിട്ടു. ആവശ്യക്കാരേറെയുണ്ട് എന്നതാണ് അവരുടെ ന്യായം.''
ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കെ അറുപതു വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ ശങ്കറിനടുത്ത് വന്നു. ''മോനേ ആ കുഞ്ഞിനെയൊന്നു രക്ഷിക്കൂ, അവള്‍ ചത്തു പോകും'' എന്നു പറഞ്ഞ് കണ്ണില്‍ വെള്ളം നിറച്ചു. അവരെ ചേര്‍ത്തു പിടിച്ച് അയാള്‍ ആശ്വസിപ്പിച്ചു. മുപ്പതു വര്‍ഷത്തിലധികം കാമാത്തിപുരയില്‍ വേശ്യാപ്പണിയെടുത്ത സ്ത്രീയാണത്. ഇപ്പോള്‍ പ്രായമായി. ആവശ്യക്കാരില്ല. ഫ്‌ളാറ്റുകളിലും മറ്റും ക്ലീനിങ്ങിനു പോയി കിട്ടുന്ന ചില്ലറകൊണ്ടു ജീവിക്കുകയാണവര്‍. കണ്ണീരു തുടച്ച് അവര്‍ തെരുവിലൂടെ നടന്നു നീങ്ങി.
ശങ്കര്‍ തുടര്‍ന്നു. ''നാലായിരത്തിലധികം പേരുണ്ടാവും ഇവിടെ ലൈംഗികതൊഴിലാളികളായി. ഭൂരിഭാഗവും മാരക രോഗങ്ങള്‍ക്ക് അടിമകളാണ്. എയ്ഡ്‌സും ക്ഷയരോഗവുമാണു കൂടുതലുള്ളത്. സ്ത്രീയുടെ ആരോഗ്യത്തെ പരമാവധി ചൂഷണം ചെയ്യുകയാണ് ഈ തെരുവിലെ 'ഉടമകള്‍'. രോഗിയായാല്‍ തിരിഞ്ഞു നോക്കില്ല. എച്ച്‌ഐവി പോസിറ്റീവ് ആണെന്നറിഞ്ഞാല്‍പ്പോലും മുറിയില്‍നിന്നു പുറത്തുവിടില്ല. അവശയാകുന്നതുവരെ ഉപയോഗിച്ചു കൊണ്ടിരിക്കും. പിന്നീട് ഇറക്കിവിട്ടെന്നും വരും. അങ്ങനെയുള്ളവരെ ആശുപത്രിയിലെത്തിക്കലും ചികിത്സയും സ്വാന്തന പരിചരണവുമെല്ലാം നല്‍കലുമാണു ഞങ്ങള്‍ ചെയ്യുന്നത്.''
ഇവരൊക്കെ ഇന്നാട്ടുകാര്‍ തന്നെയാണോ?
ഇവിടെ ജനിച്ച് വളര്‍ന്നവരുണ്ട്. ദേവദാസികളായി പിന്നീട് ഇവിടെയെത്തിയവര്‍, നേപ്പാളില്‍നിന്നും ബംഗ്ലാദേശില്‍നിന്നും വരുന്നവര്‍. ആന്ധ്രക്കാര്‍, കര്‍ണാടകയില്‍ നിന്നുള്ളവര്‍.
തട്ടിക്കൊണ്ടു വന്ന് ഇവിടെ എത്തിക്കുന്നതാണോ?
''ദാരിദ്ര്യമാണ് അടിസ്ഥാനം. നേപ്പാളിലേയും ബംഗ്ലാദേശിലേയും ഗ്രാമങ്ങളില്‍നിന്ന് ഇന്ത്യയില്‍ നല്ല തൊഴില്‍ കിട്ടും എന്നു പറഞ്ഞാണ് ഏജന്റുമാര്‍ പെണ്‍കുട്ടികളെ ഇവിടെ എത്തിക്കുന്നത്. ഇവിടെ പൂട്ടിയിട്ടു വേശ്യാവൃത്തിക്കു നിര്‍ബന്ധിക്കും. വഴങ്ങാതെ മറ്റൊരു വഴിയും അവര്‍ക്കൊന്നും മുന്നിലുണ്ടാവില്ല. തുച്ഛമായ തുക വീട്ടിലേക്ക് അയയ്ക്കാന്‍ പറ്റും എന്നതു മാത്രമാകും അവര്‍ക്കുള്ള ഏക ആനുകൂല്യം. പിന്നീട് വല്ല രോഗവുമെല്ലാം പിടിച്ച് ഇവിടത്തന്നെ കിടന്നു ചാകും. അല്ലെങ്കില്‍ ഇവിടുന്നിറക്കിവിടപ്പെട്ടു തെരുവില്‍ അലഞ്ഞ് നടക്കും.
''രണ്ടു തരത്തിലാണ് ഇവിടെ കാര്യങ്ങള്‍ നടക്കുന്നത്. ബംഗ്ലാദേശി പെണ്‍കുട്ടികള്‍ക്ക് ഇവിടെ വലിയ ഡിമാന്റാണ്. അവരെ മുറിക്കുള്ളില്‍നിന്നു പുറത്തിറങ്ങാന്‍ അനുവദിക്കില്ല. ആവശ്യക്കാരുണ്ടാകുന്ന കാലം വരെ ഗുണ്ടകളെ കാവല്‍ നിര്‍ത്തി വലിയ പണം വാങ്ങി വില്‍ക്കും. രണ്ടാമത്തേതു സ്വമേധയാ ശരീരം വില്‍ക്കുന്നവരാണ്. അല്‍പ്പം പ്രായമായവരും കുറച്ചധികം ട്രാന്‍സ്ജെന്‍ഡേഴ്‌സുമെല്ലാം ഈ ഗണത്തില്‍പെട്ടവരാണ്.
''ഒരു പ്രായം കഴിഞ്ഞാല്‍ ചില ശരീരങ്ങളെ ആര്‍ക്കും വേണ്ടി വരില്ല. മരുന്നു വാങ്ങാന്‍ പോലും ബുദ്ധിമുട്ടും അവര്‍. നഗരത്തിന്റെ മാലിന്യം നീക്കലാവും അത്തരക്കാര്‍ക്കു മുന്നിലുള്ള വഴി. വീടുകളിലും ഹോട്ടലുകളിലും ചെറിയ ജോലികളെടുത്തും അവസാനകാലം അവര്‍ തള്ളിനീക്കും. പിന്നെ തെരുവിന്റെ ഏതെങ്കിലും മൂലയില്‍ അവസാനശ്വാസം വലിക്കും.''
ശങ്കറിന്റെ ആംബുലന്‍സ് നിര്‍ത്തിയിട്ടതിന്റെ കുറച്ചപ്പുറത്തായി ചെറിയൊരു ക്ഷേത്രമുണ്ട്. അതിനു മുന്നില്‍ പൂജാരിയെപ്പോലെ ഒരു സ്ത്രീ. ശങ്കറിന്റെ പരിചയക്കാരിയാണ്. ഇന്ദിര.
യെല്ലമ്മാ ദേവിയാണ് ആ ക്ഷേത്രത്തിനുള്ളില്‍. ഇന്ദിര ദേവദാസിയാണ്. ഇവിടെ. തെരുവില്‍ യെല്ലമ്മാദേവിയുടെ സൂക്ഷിപ്പുകാരി. വളരെ ചെറുപ്പത്തിലേ മാതാപിതാക്കള്‍ ദൈവത്തിനു കൊടുത്തതാണ് ഇന്ദിരയെ. മറ്റനേകം ദേവദാസിമാരെപ്പോലെ. ജീവിക്കാന്‍ പിന്നീട് ലൈംഗിക തൊഴിലെടുക്കേണ്ടി വന്നു. കര്‍ണാടകയിലെ അതിര്‍ത്തി ഗ്രാമത്തില്‍നിന്ന് മുംബെയിലെത്തി. കാമാത്തിപുരയിലെ ജീവിതത്തിനിടയില്‍ രണ്ടു കുഞ്ഞുങ്ങള്‍ പിറന്നു. ഒരാണും ഒരു പെണ്ണും. രണ്ടു പേരും വിവാഹം കഴിച്ച് ദൂരെ മാറി താമസിക്കുന്നു.
അതെന്താ അമ്മ അവരുടെ കൂടെപ്പോകാഞ്ഞത്?
''അവര്‍ സുഖമായി ജീവിക്കട്ടെ. ഞാനൊരു ബാധ്യതയാകണ്ട. മക്കള്‍ ഇടയ്‌ക്കൊക്കെ വരും. വന്നു കണ്ടു പോകും.''
ഇന്ദിരയുടെ മക്കളെപ്പോലെ ചിലര്‍ ഈ നീരാളിപ്പിടുത്തത്തില്‍നിന്നു രക്ഷപ്പെടുന്നു. എന്നാല്‍ ഭൂരിഭാഗവും ലൈംഗിക തൊഴിലാളികളായി ജീവിതം തീര്‍ക്കുന്നു.
ദേവദാസികളായി ജീവിതം സമര്‍പ്പിച്ച (മാതാപിതാക്കള്‍ നേര്‍ന്നതിനാല്‍ ജീവിതം സമര്‍പ്പിക്കേണ്ടി വന്ന) നൂറു കണക്കിനു സ്ത്രീകള്‍ ഈ തെരുവിലുണ്ടെന്നാണ് ശങ്കര്‍ പറഞ്ഞത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ദേവദാസി എന്നതു വലിയ അഭിമാനമുള്ള പദവിയായിരുന്നു. ഇന്നു പൊതുവേ അശ്ശീലപദമായി പ്രയോഗിക്കുന്ന 'കൂത്തിച്ചി' ദേവദാസി എന്ന വാക്കിന്റെ പര്യായം പോലെയോ അതല്ലെങ്കില്‍ സമാന പദവിയായോ പരിഗണിക്കപ്പെട്ടിരുന്നു ആ കാലത്ത്. നൃത്തമായിരുന്നു ദേവദാസികളുടെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സ്. അതെല്ലാം മാറിയ കാലത്ത് ദേവദാസികളില്‍ ഭൂരിഭാഗവും ചുവന്ന തെരുവുകളില്‍ വേശ്യാപ്പണിയെടുക്കുന്ന കാഴ്ച.
യെല്ലമ്മാ ദേവിക്കു മുന്നിലിരിക്കുന്ന ഇന്ദിരാമ്മയുടെ ഇടതുവശത്തൊരു പാത്രമുണ്ട്. അതില്‍ കുറച്ചു ചില്ലറപ്പൈസയും. ഒരു പത്തു രൂപ നോട്ട് ആ പാത്രത്തിലിട്ടു വീണ്ടും കാണാം എന്നു പറഞ്ഞ് അവിടെ നിന്നിറങ്ങി.
''ഈ ഒരു തെരുവ് മാത്രമല്ല 'കാമാത്തിത്തെരുവ്.'' ശങ്കര്‍ പറഞ്ഞു.
''വാ നടക്കാം.''
റോഡിനപ്പുറം ഒരുപാടു പെട്ടിക്കടകളുണ്ട്. പച്ചക്കറിയും പഴങ്ങളുമെല്ലാം കൂട്ടിയിട്ടു വില്‍ക്കുന്നു. അതിലേറെ വാഹനങ്ങള്‍ റോഡരില്‍ നിര്‍ത്തിയിട്ടിട്ടുണ്ട്. അതിനെല്ലാം ഇടയില്‍നിന്നും ഓരത്തു മാറിനിന്നും പുരുഷന്‍മാരായ ഏജന്റുമാര്‍ ക്ഷണിക്കുന്നു. മണിക്കൂറിന്റെ വില പറയുന്നു. ചിലരേയും കൂട്ടി ഇടവഴികളിലേക്കു പോകുന്നു. ശങ്കര്‍ പറഞ്ഞതനുസരിച്ചെങ്കില്‍ ദാരിദ്ര്യവും പ്രണയവും വിവാഹവും ഇതിനുമെല്ലാം അപ്പുറത്തെ പല ചതികളും വലയിലാക്കിയ നൂറുകണക്കിനു സ്ത്രീകള്‍. അവരെ തെരുവില്‍ കണ്ടു.
തിരിച്ചു നടക്കുന്നതിനിടയിലാണ് കാമാത്തിത്തെരുവിലെ റിയല്‍ എസ്റ്റേറ്റ് കണ്ണുകളെക്കുറിച്ച് ഫെലിക്‌സ് പറഞ്ഞത്. സ്‌ക്വയര്‍ ഫീറ്റിനു ലക്ഷങ്ങള്‍ വിലയുണ്ട് കാമാത്തിപുരയിലെ മണ്ണിന്. ഈ ചേരിയെ ഒഴിപ്പിച്ചാല്‍ കോടികള്‍ വിതറി കോടികള്‍ കൊയ്യാം. അതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ നീങ്ങുന്നുമുണ്ട്. അപ്പോഴും ആ മണ്ണിന്റെ വിലയെക്കുറിച്ച മാത്രമേ സര്‍ക്കാരിനും മറ്റു മനുഷ്യര്‍ക്കും ആധിയും ആശങ്കയും ഉള്ളൂ എന്നതാണ്. അവിടെ തടവിലാക്കപ്പെട്ട അനേകം പെണ്‍കുട്ടികളുണ്ട്. നമ്മുടെ സഹോദരങ്ങള്‍. അവരെക്കുറിച്ചു യാതൊരു ചിന്തയും അവരുടെ ജീവിതത്തെക്കുറിച്ച് ഒരു ധാരണയും അവിടുത്തെ സമൂഹത്തിനില്ല.
ചുവന്ന തെരുവില്ലെങ്കില്‍ ലൈംഗികാസക്തരായ പുരുഷന്‍മാര്‍ സത്രീകളെ തെരുവില്‍ ബലാത്സംഗം ചെയ്‌തേക്കാം എന്ന ആധിയാണു പലരും പങ്കുവെച്ചത്. തെരുവിനറ്റത്തു ടാറിട്ട റോഡിനോടു ചേര്‍ന്നു വളര്‍ത്തുപക്ഷികളെ വില്‍ക്കുന്ന ഒരു കൂട്. അടുപ്പിച്ചു കെട്ടിയ ഇരുമ്പുകമ്പികളുടെ ബലത്തിനുള്ളില്‍ കുറേ വെളുത്ത പ്രാവുകള്‍. അവിടെവെച്ച് ശങ്കറിനോട് യാത്ര പറഞ്ഞു. വിളിക്കാമെന്നും ഇനി വരുമ്പോള്‍ കാണാമെന്നും പറഞ്ഞു.
ശ്രീദേവിയ്‌ക്കൊപ്പം ഞങ്ങള്‍ തിരിച്ച് റെയില്‍വേ സ്റ്റേഷനിലെത്തി. പത്തു മിനിറ്റിനകം ലോക്കല്‍ ട്രെയിന്‍ വന്നു. വലിയ തിരക്കില്ലാത്ത ആ ട്രെയിനില്‍ അരികു വശത്തെ സീറ്റിലാണു ഞങ്ങള്‍. സന്തോഷില്‍നിന്ന് ശ്രീദേവി ആയ കാലത്തെ ദുരിതജീവിതം പങ്കുവെക്കുകയാണ് അവര്‍. വീട്ടില്‍നിന്ന് ഇറക്കി വിട്ടതിന്റെ, താമസിക്കാന്‍ ഒരു വാടകമുറി പോലും ലഭിക്കാതിരുന്നതിന്റെ, ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതിരുന്നതിന്റെ, ആരും തൊഴില്‍ കൊടുക്കാതിരുന്നതിന്റെ, ഒരു സ്‌കൂളില്‍ കിട്ടിയ പണി രക്ഷിതാക്കളുടെ പ്രതിഷേധംകൊണ്ട് നഷ്ടപ്പെട്ടു പോയതിന്റെ കഥ.
അതിനെയെല്ലാം മറികടക്കാന്‍ അവര്‍ നടത്തുന്ന ജീവിതസമരത്തിന്റെ കഥ. സെന്‍ട്രലില്‍നിന്ന് അന്ധേരിയിലേക്കുള്ള യാത്ര പാതി പിന്നിട്ടു. ഇരുട്ടിലൂടെ മഞ്ഞവെളിച്ചവും ശബ്ദവും വിതറി ട്രെയിന്‍ മുന്നോട്ടു മുന്നോട്ടു പോകുന്നതിനിടെ ഇരുമ്പുകമ്പികള്‍ക്കിടയിലൂടെ ശ്രീദേവി ഒരു വലിയ കെട്ടിടം ചൂണ്ടിക്കാട്ടി. അതിന്റെ മൂന്നാമത്തെ നിലയില്‍ അറ്റത്തുള്ള ഫ്‌ളാറ്റിലെ വെളിച്ചം കണ്ടോ എന്നു ചോദിച്ചു.
''ആ കണ്ടു.''
''അവിടെ എന്റെ അച്ഛനും അമ്മയുമുണ്ട്. ജ്യേഷ്ഠനും.''
ശ്രീദേവി പറഞ്ഞു നിര്‍ത്തി.
Content Highlights: Book excerpt on Kamathipura from the book 'Mattoru maha bharatham'