കമലയോട് മത്സരിച്ച് കരിഞ്ചന്തകളില്‍ വില്‍ക്കപ്പെട്ട തോക്കുകള്‍, വെടിയേറ്റുവീണ പിഞ്ചുകുഞ്ഞുങ്ങള്‍

നിശ്ചയദാര്‍ഢ്യവും ഭരണമികവും കൊണ്ട് അമേരിക്കന്‍ ഉപരാഷ്ട്രപതിസ്ഥാനത്ത് എത്തിയ ആദ്യ ദക്ഷിണേന്ത്യന്‍ വനിതയായ കമലാദേവി ഹാരിസിന്റെ ജീവചരിത്രം കമലാഹാരിസിന്റെ ജീവിതയാത്ര മാതൃഭൂമി ബുക്‌സിനുവേണ്ടി തയ്യാറാക്കിയത് ഡോ. എം. ലീലാവതിയാണ്. അമേരിക്കന്‍ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തില്‍ കമലാഹാരിസ് നടത്തിയ ഇടപെടലുകളില്‍ പ്രധാനമാണ് തോക്കുപയോഗത്തിനുമേല്‍ നടത്തിയ നിയന്ത്രണം. തോക്ക് കൈവശം വെക്കാന്‍ അനുമതിയുള്ളവരുടെ എണ്ണം വെട്ടിക്കുറയ്ക്കുംതോറും കരിഞ്ചന്തകളില്‍ നിര്‍ബാധം നടന്ന തോക്കിടപാടുകളെക്കുറിച്ചും കമലാഹാരിസിന്റെ നയതന്ത്രത്തെക്കുറിച്ചും ഡോ.എം ലീലാവതി എഴുതുന്നു.
മാരകായുധങ്ങള്‍ വാങ്ങി കൈവശം വെക്കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കും നല്കുന്നതിനെതിരെയുള്ള യുദ്ധമാണ് കമല തോളേറ്റിയ മറ്റൊരു ദൗത്യം. ബുദ്ധിശൂന്യര്‍ക്കും മനോരോഗികള്‍ക്കും സമ്പന്നതയുടെ പേരില്‍ ഔദ്ധത്യം ജന്മാവകാശമായിക്കരുതിപ്പോന്നവര്‍ക്കും സ്വേച്ഛമാത്രം പ്രമാണമാക്കി ആയുധങ്ങള്‍ വാങ്ങാനും നിര്‍ബാധം കൈവശം വെക്കാനും അനുവാദം നല്കുന്ന നിയമം കൊലപാതകികളെ സൃഷ്ടിക്കുന്നതിന്നു കൂട്ടുനില്ക്കുന്നു. ആയുധനിര്‍മാതാക്കളുടെയും ആയുധവ്യാപാരികളുടെയും സമ്പന്നസമൂഹം മാത്രമാണ് ഈ നിയമം നിലനിന്നുപോരുന്നതില്‍ നിക്ഷിപ്ത താത്പര്യമുള്ളവര്‍. അവര്‍ അതിപ്രബലരായിരുന്നതുകൊണ്ടാണ് അന്യഥാ അവ്യാഖ്യേയമായ നിലനില്‍പ്പ് ഈ നിയമത്തിന്നുണ്ടായത്. ലോകത്തൊട്ടാകെ യുദ്ധങ്ങളുണ്ടാകേണ്ടത് ആയുധനിര്‍മാണ വ്യവസായികളുടെയും ആയുധവിപണനസംഘത്തിന്റെയും ആവശ്യമാണ്. എന്നാല്‍ പൗരന്റെ ആത്മരക്ഷാസ്വാതന്ത്ര്യത്തിന്‍പേരിലാണ് ഇത് സാധൂകൃതമായിപ്പോരുന്നത്.
കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായി കമലാ ഹാരിസ് ചാര്‍ജ്ജെടുത്തതിന്റെ മൂന്നാം നാളില്‍ (8.1.2011) ഒരു കഠോരസംഭവം നടന്നു. മനോരോഗിയായ ഒരു ചെറുപ്പക്കാരന്‍ കയ്യിലുണ്ടായിരുന്ന എ.കെ. 47 കൊണ്ട് സമീപത്തുണ്ടായിരുന്നവരുടെ നേരെ തുരുതുരെ വെടിവെച്ചു. ആറുപേര്‍ മരിച്ചുവീണു. 22 കൊല്ലം മുമ്പ് സ്റ്റോക്ടണ്ണിലെ ഒരു പ്രാഥമിക വിദ്യാലയത്തിലെ പിഞ്ചുകുഞ്ഞുങ്ങളുടെ നേരെ വെടിയുണ്ട വര്‍ഷിച്ച് അഞ്ച് പിഞ്ചുകുഞ്ഞുങ്ങളും ഒരധ്യാപികയും മരിച്ചുവീണതിനുശേഷംപോലും ആയുധം കൈവശം സൂക്ഷിക്കാന്‍ ഉള്ള സ്വാതന്ത്ര്യത്തില്‍ നിയന്ത്രണമുണ്ടായില്ല. അന്ന് കമല ഹേസ്റ്റിങ്സിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. വീണുകിടക്കുന്ന കുഞ്ഞുങ്ങളെ നോക്കി 'ബേബീസ്... ബേബീസ്...' എന്നു വിതുമ്പാനല്ലാതെ മറ്റൊന്നിനും കഴിയാത്ത കാലം. ഇപ്പോള്‍ അങ്ങനെയല്ല. ഒരു കാഴ്ചക്കാരിയായി അടങ്ങുന്നതിന്നു പകരം ഇത്തരം കൊടുമകള്‍ ഒടുങ്ങുന്നതിന്നായി ചിലത് പ്രവര്‍ത്തിക്കാന്‍ കഴിയും. ആത്മരക്ഷയ്ക്കും ആയുധം ഉതകുമെന്ന ഇരുതലമൂര്‍ച്ചയുള്ള വാദത്തെ അവഗണിച്ച് ഊര്‍ജിതമായി പ്രവര്‍ത്തിക്കാന്‍ കമല നടപടി തുടങ്ങി. നിയമം നിര്‍മിക്കുന്നതെളുപ്പമാണെങ്കിലും തോക്കുകള്‍ പിടിച്ചെടുക്കല്‍ അത്ര എളുപ്പമല്ല. 2001-ല്‍ അറ്റോര്‍ണി ജനറലായിരുന്ന ലോക്കിയരുടെ (Lockyer) ഭരണകാലത്ത് പാസ്സാക്കിയ നിയമം പാലിക്കുന്നതിന് പതിനെട്ടോളം ഏജന്റുകളേ ഉണ്ടായിരുന്നുള്ളൂ. സാമ്പത്തിക മാന്ദ്യത്തിന്റെ കാലമായതിനാല്‍ 2011-ല്‍ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ ബജറ്റില്‍ വെട്ടിക്കുറയ്ക്കല്‍ വരുത്തിയിരുന്നു. എങ്കിലും ആയുധം പിടിച്ചെടുക്കാന്‍ അധികാരപ്പെടുത്തിയ ഏജന്റുകളുടെ എണ്ണം മുപ്പത്തിമൂന്നിലേക്ക് ഉയര്‍ത്താന്‍ കമല ഒരു പഴയ സുഹൃത്തിന്റെ സഹായം തേടി. രണ്ടായിരത്തഞ്ഞൂറുപേരെ നിരായുധീകരിക്കുമ്പോള്‍ പുതിയ മൂവായിരം പേര്‍ ആയുധധാരികളായി ഉണ്ടായിക്കൊണ്ടിരുന്നു, നിയമത്തെ വെല്ലുവിളിച്ചുംകൊണ്ട് വ്യാപാരികളും ഉപഭോക്താക്കളും രഹസ്യമായി വിഹരിച്ചു. തോക്കേന്തിയവരുടെ ഉന്മത്തതയ്ക്കുനേരെ ഒരു നിയമവും ഒറ്റമൂലികയല്ലെന്ന് അധികാരികള്‍ക്കു കണ്ടെത്തേണ്ടിവന്നു. 2012 ഡിസംബറില്‍ പഴയ ദാരുണസംഭവങ്ങളെയൊക്കെ പിന്തള്ളുന്ന അതിഘോരസംഭവമാണ് അഗ്‌നിപര്‍വതക്ഷോഭംപോലെ ആഞ്ഞടിച്ചത്. ന്യൂ ടൗണിലെ സാന്റിഹൂക് എലിമെന്ററി സ്‌കൂളിലെ 20 കുട്ടികളും ആറ് അധ്യാപകരും തോക്കിനിരയായി. 'വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ' എന്നു തലതല്ലി വിലപിച്ച ഗാന്ധാരിയെപ്പോലെ, വീണുകിടക്കുന്ന കുഞ്ഞുങ്ങളുടെ ഫോട്ടോവിലേക്കു നോക്കി 'ബേബീസ്, ബേബീസ്' എന്നു കേഴാനായിരുന്നു കമലയുടെ നിയോഗം. സ്ഥിതിഗതികള്‍ക്കൊരു പരിവര്‍ത്തനമുണ്ടാക്കാന്‍ വേണ്ടുംപോലെ പരിശ്രമിച്ചില്ലെന്ന് ആരും കുറ്റപ്പെടുത്തുകയില്ല. ഹൃദയത്തിന്നേറ്റ ആഘാതത്തില്‍നിന്ന് തനിക്കു മോചനമില്ലെന്ന അവബോധത്തിലും തളരാതെ പ്രയത്നം തുടരുന്നതിനാല്‍ ഉത്തിഷ്ഠമാനത കമലയ്ക്കുണ്ടായിരുന്നു.
വേറെ ചില തുറകളില്‍ വിജയിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസവും മുന്നോട്ടുള്ള ഗതിക്കു പ്രചോദനമരുളി. അത്, സാമ്പത്തികമാന്ദ്യത്തിന്റെ കാലത്ത് ഇടത്തരക്കാരായ ആളുകളെ ഗണ്യമായ തോതില്‍ സഹായിക്കാന്‍ കഴിഞ്ഞതാണ്. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും കെടുതികള്‍ക്ക് ഏറക്കുറെ അന്ത്യമായിക്കഴിഞ്ഞിരുന്നെങ്കിലും 2011-ല്‍ മധ്യദേശങ്ങളിലും കാലിഫോര്‍ണിയയിലും സ്ഥിതി പരിതാപകരംതന്നെയായിരുന്നു. കാലിഫോര്‍ണിയയിലെ വീട്ടുടമകളില്‍ പത്തുശതമാനത്തോളം, പാര്‍പ്പിടം പണയത്തില്‍നിന്നു തിരിച്ചെടുക്കാന്‍ കഴിയാത്തവിധത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവരായിത്തീര്‍ന്നിരുന്നു. മൂന്നിലൊന്നു വീട്ടുടമകള്‍ വീടുകള്‍ വിറ്റാല്‍ കിട്ടുന്നതിലേറെ സംഖ്യയ്ക്കു കടമെടുത്തവരുമായിരുന്നു.
വിദ്യാഭ്യാസകാലത്ത് സാമ്പത്തികശാസ്ത്രത്തില്‍ നേടിയ പരിജ്ഞാനവും നിയമവിജ്ഞാനവും പിന്നീട് പ്രോസിക്യൂട്ടര്‍ ആയി പ്രവര്‍ത്തിക്കുമ്പോള്‍ നേടിയ അനുഭവജ്ഞാനവും, കടംകൊണ്ടു മുടിഞ്ഞവരോടുള്ള അലിവും മൂലധനമാക്കിയാണ് അമേരിക്കയിലെ അഞ്ചു മുന്‍പന്തിക്കാരായ ബാങ്കുടമകളോടുള്ള ഏറ്റുമുട്ടലില്‍ കമലയ്ക്കു വിജയിക്കാന്‍ കഴിഞ്ഞത്. തങ്ങള്‍ ഒപ്പുവെക്കുന്ന രേഖകള്‍ കണ്ഠകോടാലികളായിത്തീരുമെന്ന ആശങ്കയില്ലാതെയാണ് ബാങ്കുകള്‍ മുന്നില്‍വെച്ച ഖേകളില്‍ പലരും ഒപ്പിട്ടിരുന്നത്. ഒരിക്കല്‍ പണയപ്പെടുത്തിയ വീടിന്റെ കടബാധ്യത തീരുംമുമ്പ് വീണ്ടും കടംകൊടുക്കാന്‍ മടിക്കാതിരുന്ന ബാങ്കുകള്‍ തങ്ങളെ കെണിയില്‍പ്പെടുത്തുകയാണെന്നു തിരിച്ചറിയുന്നതിനു പകരം ഉദാരമായി ധനസഹായം നല്കുകയാണെന്നു തെറ്റായി ധരിച്ച വീട്ടുടമകളുടെ എണ്ണം കുറച്ചൊന്നുമായിരുന്നില്ല. പഴയ കടവും പുതിയ കടവും ഉയര്‍ന്ന നിരക്കിലുള്ള പലിശയും ചേര്‍ന്നാല്‍ തങ്ങള്‍ക്ക് ഒരിക്കലും വീട്ടാനാവാത്ത വലിയ സംഖ്യയാണെന്നറിയുമ്പോള്‍, വീടുംപോയി കടത്തിന്റെ ഭാരവും തലയിലായി എന്ന വെളിപാടില്‍ തളരുന്ന തൊഴിലില്ലാത്തവരുടെ മാനസികാവസ്ഥയെപ്പറ്റി അവരെ അതിലേക്കു തള്ളിവിട്ടവര്‍ക്ക് ഒരുവക മനസ്സാക്ഷിക്കുത്തുമുണ്ടാവാനിടയില്ലല്ലോ.
കൈവശം വന്ന വീടുകള്‍ പുതിയ ആവശ്യക്കാര്‍ക്ക് പല തവണകളായി വിലയടച്ചാല്‍ മതിയെന്ന ആനുകൂല്യത്തോടെ വീണ്ടും വിപണനംചെയ്ത് ബാങ്കുകള്‍ വമ്പിച്ച ലാഭം കൊയ്തു. വീടു പണയപ്പെടുത്തി കടം വാങ്ങാനെത്തുന്നവര്‍ക്ക് വീടുകളിന്മേല്‍ വല്ല കടബാധ്യതകളുമുണ്ടോ എന്നാരായുകപോലും ചെയ്യാതെ ബാങ്കുകാര്‍ കടം കൊടുക്കുന്ന രീതിക്ക് റോബോ സൈനിങ് (Robo-signing) എന്നൊരു പേരും ഉണ്ടായിക്കഴിഞ്ഞിരുന്നു-ആളുകള്‍ യന്ത്രംപോലെ ഒപ്പിടുക എന്ന അര്‍ത്ഥത്തില്‍. കൊടിയ ചൂഷണത്തെ ഉദാരതയായി, തെറ്റിധരിക്കുന്ന പാവങ്ങളാണ് ബാങ്കുകളുടെ ഈ പകല്‍ക്കൊള്ളയ്ക്കിരകളായിത്തീര്‍ന്നത്. ഒടുവില്‍ കാര്യങ്ങള്‍ തിരിച്ചറിയുമ്പോഴേക്ക് തോരാക്കണ്ണീരല്ലാതെ മറ്റൊരു ആസ്തിയുമില്ലാത്തവരായിത്തീരുന്ന ഇക്കൂട്ടരുടെ ദൈന്യത്തിന് എങ്ങനെ പരിഹാരം കണ്ടെത്താം എന്നു കമല തലപുകഞ്ഞാലോചിച്ചു. അഞ്ചു വമ്പന്‍ ബാങ്കുകളാണ് എതിര്‍വശത്ത്. ബാങ്ക് ഓഫ് അമേരിക്ക, വെല്‍സ് ഫാര്‍ഗോ, ജെ.പി. മോര്‍ഗണ്‍ ചേയ്സ്, സിറ്റിഗ്രൂപ്പ്, അലയ് ഫിനാന്‍ഷ്യല്‍ (Bank of America, Wells Fargo, J.P. Morgan chase, City Group, Ally Financial). സാമ്പത്തിക മാന്ദ്യഘട്ടത്തില്‍ പ്രശ്നം പരിഹരിക്കുന്നതിനെപ്പറ്റി ബാങ്കുകളുമായി ചര്‍ച്ചചെയ്യാന്‍ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍മാര്‍ യു.എസ്. ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. അയോവ അറ്റോര്‍ണി ജനറല്‍ ടോം മില്ലറാണ് അമ്പത് അറ്റോര്‍ണി ജനറല്‍മാരുടെ പ്രാതിനിധ്യം വഹിച്ച് സംഭാഷണം നടത്തിയിരുന്നത്. സ്ഥാനാരോഹണം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ട ഘട്ടത്തില്‍ (മാര്‍ച്ച് 2011) വാഷിങ്ടണ്‍ ഡി.സിയില്‍ അറ്റോര്‍ണി ജനറല്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത കമലയ്ക്ക് കൂടിയാലോചനകളില്‍നിന്ന് വ്യവസ്ഥകളുടെ ശരിയായ രൂപം ഗ്രഹിക്കാന്‍ കഴിഞ്ഞു.
കാലിഫോര്‍ണിയയിലെ വീടുനഷ്ടപ്പെടുന്നവര്‍ക്കൊക്കെക്കൂടി കിട്ടാവുന്ന സഹായധനം രണ്ടുബില്യനും നാലുബില്യനും ഇടയ്ക്കുള്ള സംഖ്യയാണ്. തുച്ഛമായ ഈ സംഖ്യകൊണ്ടു തൃപ്തിപ്പെടുന്ന ഉടമ്പടിയില്‍ പങ്കുചേരാനാവില്ലെന്നതുകൊണ്ട് രാവിലത്തെ സെഷ്യന്‍ അവസാനിച്ചപ്പോള്‍ ഉച്ചതിരിഞ്ഞുള്ളതില്‍ സന്നിഹിതയാവാതെ മുങ്ങാനാണ് കമല നിശ്ചയിച്ചത്. കാലിഫോര്‍ണിയക്കാരുടെ സ്ഥിതിഗതികളെപ്പറ്റി വേണ്ടിടത്തോളം അന്വേഷണമുണ്ടായിട്ടില്ലെന്നു കമലയ്ക്കു മനസ്സിലായി. സ്വന്തമായ ഒരന്വേഷണ പരിപാടി ഉടനെത്തുടങ്ങണമെന്നു നിശ്ചയിച്ചു. തീരുമാനത്തില്‍ താന്‍ സംതൃപ്തയല്ലെന്നു ചുമതലപ്പെട്ടവര്‍ ഗ്രഹിച്ചുകൊള്ളട്ടെ എന്നും തീരുമാനിച്ചു. പ്രശ്നം പരിഹരിക്കണമെന്ന് പ്രസിഡന്റ് ഒബാമയാണ് നിര്‍ദേശിച്ചിരുന്നത്. കമലയുടെ അനുജത്തി മായയുടെ ഭര്‍ത്താവ് ടോണി വെസ്റ്റ് അക്കാലത്ത് ഒബാമയുടെ ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റില്‍ മൂന്നാംസ്ഥാനത്ത് ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനായിട്ടും തീരുമാനത്തില്‍ സഹകരിക്കാതെ ഇടത്തടിക്കാന്‍ തന്നെയാണ് കമല ഒരുങ്ങിയത്. 'തന്നെ എങ്ങനെയെങ്കിലും വശപ്പെടുത്തിയെടുക്കാമെന്ന് അവര്‍ വ്യാമോഹിച്ചിരുന്നപോലെ തോന്നി' എന്ന് കമല പിന്നീടു വെളിപ്പെടുത്തുകയുണ്ടായി. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ആയിരുന്ന എറിക് ഷ്നീഡര്‍മാന്‍ (Eric Schneiderman) ഉടമ്പടിക്കെതിരായി ഊര്‍ജിതമായി പ്രവര്‍ത്തിക്കാനൊരുമ്പെടുന്നുവെന്നറിഞ്ഞപ്പോള്‍ ടോംമില്ലര്‍ അദ്ദേഹത്തെ തന്റെ ടീമില്‍നിന്നു നീക്കി. ഷ്നീഡര്‍മാന്‍ സാന്‍ഫ്രാന്‍സിസ്‌കോവിലെത്തി കമലാ ഹാരിസുമായി വിഷയം ചര്‍ച്ച ചെയ്തു-രണ്ടുദിവസത്തോളം നീണ്ടുനിന്ന ചര്‍ച്ച.
ആയിടയ്ക്ക് ഓക്യുപൈ വാള്‍സ്ട്രീറ്റ് എന്ന പേരില്‍ (Occupy Wallstreet) എന്ന പേരില്‍ ഒരു ഇടതുപക്ഷപ്രസ്ഥാനം അത്യുന്നതര്‍ക്കെതിരെയുള്ള ബഹുജനക്ഷോഭത്തിന്റെ ജിഹ്വയായി രൂപപ്പെട്ടിരുന്നു. ഏറ്റവും മുകളിലുള്ള ഒരു ശതമാനം ആളുകള്‍ സാമ്പത്തികമേഖല ഭരിക്കുന്നതിനെതിരായുള്ള ബഹുജനരോഷം പടര്‍ന്നുപിടിച്ചത് ആ പ്രസ്ഥാനത്തിലൂടെയാണ്. ഓക്ലന്‍ഡിലേക്കും സാന്‍ഫ്രാന്‍സിസ്‌കോവിലേക്കും യുവജന കേന്ദ്രങ്ങളായ കോളേജ് കാമ്പസുകളിലേക്കും മറ്റും പ്രസ്ഥാനം തീപോലെ പെട്ടെന്നു വ്യാപിച്ചു. 2011 സെപ്റ്റംബറില്‍ കമല ന്യൂയോര്‍ക്കിലേക്ക് പറന്നു, ഷ്നീഡര്‍മാനെ സന്ദര്‍ശിക്കാന്‍. അദ്ദേഹം കമലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഫണ്ടു സംഘടിപ്പിക്കുന്നതില്‍ സഹകരിച്ചു. വമ്പന്‍ ബാങ്കുകള്‍ക്കെതിരായ കമലയുടെ കടുത്ത നിലപാട് പ്രചരിപ്പിക്കുന്നതിനായി മേല്‍പ്പറഞ്ഞ പ്രസ്ഥാനം സമ്മര്‍ദം ചെലുത്തി. സന്ധിസംഭാഷണങ്ങളില്‍ സഹകരിക്കരുതെന്ന് ലോസ് ആഞ്ജലസ് കൗണ്ടി ഫെഡറേഷന്‍ ഓഫ് ലേബര്‍ (Los Angeles County Federation of Labour) കമലയെ അറിയിച്ചു. ടോം മില്ലറുടെ നേതൃത്വത്തിലുള്ള സന്ധിസംഭാഷണം തീര്‍ത്തും വഴിപിഴച്ചതാണെന്ന് കാലിഫോര്‍ണിയന്‍സ് ഫോര്‍ എ ഫേയര്‍ സെറ്റ്ല്‍മെന്റ് (Californians for a fair settlement) എന്ന പ്രസ്ഥാനത്തിന്റെ പ്രസ്താവനയില്‍ ലഫ്. ഗവര്‍ണര്‍ ഗേവിന്‍ ന്യൂസം ഒപ്പുവെച്ചിരുന്നു. പ്രമുഖ പദവിയിലുള്ള മറ്റുചിലരും ഒപ്പുവെച്ചവരിലുള്‍പ്പെട്ടിരുന്നു. യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് (U.S. Department of Justice) ബാങ്കുകളുമായി ഉണ്ടാക്കിക്കൊണ്ടിരുന്ന ഒത്തുതീര്‍പ്പുവ്യവസ്ഥ പ്രഖ്യാപിക്കും മുമ്പ് സെപ്റ്റംബര്‍ 30ന്ന് താന്‍ സന്ധിസംഭാഷണത്തോടു സഹകരിക്കില്ലെന്ന് കമല പ്രഖ്യാപിച്ചു. പ്രഖ്യാപനം സ്റ്റോക് എക്സ്ചേഞ്ചിനെ ബാധിക്കുമെന്നതിനാല്‍ വിപണി അടച്ചതിനുശേഷമാണ് പ്രഖ്യാപനം നടത്തിയത്.
കാലിഫോര്‍ണിയക്കാരുടെ പ്രതീക്ഷകള്‍ക്കെതിരാണ് ഉടമ്പടിയിലെ വ്യവസ്ഥകളെന്നതിനാല്‍ ഏറെ ചിന്തിച്ചതിന്നുശേഷം സഹകരണത്തിനെതിരായ തീരുമാനമെടുക്കുന്നുവെന്ന് യു.എസ്. അസോസിയേറ്റ് അറ്റോര്‍ണി ജനറലിനേയും ടോം മില്ലറേയും അറിയിച്ചു.
ബാങ്ക് അധിപതികള്‍ കുപിതരായി. കമലാ ഹാരിസിന്നു ഗണ്യമായ പിന്തുണയുണ്ടെന്ന് അവര്‍ക്കറിയാമായിരുന്നു. ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡന്റെ പുത്രന്‍-ബ്യൂബൈഡന്‍ (Beau Biden)-ഡിലവേയര്‍ (Delaware) അറ്റോര്‍ണി ജനറല്‍-കമലയ്ക്കു വലിയ പിന്തുണ നല്കിയിരുന്നു. അദ്ദേഹവുമായി ഈ വിഷയത്തില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബ്യൂ ബൈഡന്റെ പിന്തുണയും ധര്‍മധീരതയും കമലയ്ക്ക് ആത്മവിശ്വാസം വളര്‍ത്തിക്കൊടുത്തു. അഞ്ചു വമ്പന്മാരായ ബാങ്കുകളെ കൊമ്പുകുത്തിക്കാന്‍ കുറഞ്ഞതോതിലുള്ള ആത്മവിശ്വാസമൊന്നും പര്യാപ്തമാവില്ലല്ലോ.
ഒബാമയ്ക്ക് രണ്ടാമൂഴത്തിലേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിടേണ്ടിയിരുന്നതിനാല്‍ സാമാന്യജനത്തിന് പ്രിയംകരനാവുകയെന്ന ലക്ഷ്യത്തില്‍ ഒരുതരത്തിലുള്ള വിള്ളലുമുണ്ടായിക്കൂടാ. അതേസമയം ധനം കയ്യാളുന്ന, ന്യൂനപക്ഷമെങ്കിലും ഉഗ്രമായ പ്രഹരശേഷിയുള്ള വിഭാഗത്തെ പിണക്കാനും വയ്യ. ഇലയ്ക്കും മുള്ളിനും കേടുകൂടാതെ ഒരു ഉടമ്പടിയുണ്ടാക്കലിലൂടെ ആ സാമ്പത്തികമാന്ദ്യദശയുടെ പ്രതിസന്ധി തരണം ചെയ്തേ തീരൂ.
2012 ജനുവരി 23ന് യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹൗസിങ് ആന്റ് അര്‍ബന്‍ ഡവലപ്മെന്റ് (U.S. Department of Housing and Urban Development) വിഭാഗത്തിന്റെ സെക്രട്ടറിയായ ഷോണ്‍ ഡോനോവനും (Shaun Donovan) സ്റ്റേറ്റുകളിലെ അറ്റോര്‍ണി ജനറലുകളുമായുള്ള കൂടിക്കാഴ്ച നിശ്ചയിക്കപ്പെട്ടിരുന്നു. 25 ബില്യന്‍ ഡോളര്‍ ബാങ്കുകള്‍ (രാജ്യത്തൊട്ടാകെ) ഇളവു ചെയ്യും എന്നതായിരിക്കും തീരുമാനമെന്ന അഭ്യൂഹം പരന്നിരുന്നു. അതിന്നു കൂട്ടുനിന്നാല്‍ പങ്കുവെക്കുമ്പോള്‍ കാലിഫോര്‍ണിയക്കാര്‍ക്ക് കിട്ടേണ്ടുന്ന ഇളവിനേക്കാള്‍ എത്രയോ തുച്ഛമായിരിക്കും കിട്ടുന്നത്. കമല മീറ്റിങ്ങില്‍ പങ്കെടുത്തില്ല. മാത്രമല്ല ബാങ്കുകള്‍ നിയമാനുസൃതമല്ലാത്ത പണയവ്യവസ്ഥകള്‍ കൈക്കൊണ്ടതിന്‍ പേരില്‍ അവയ്ക്കെതിരെ പ്രോസിക്യൂഷനുള്ള അധികാരം കൈവിടില്ല എന്ന നിലപാട് കൈക്കൊള്ളുകയും ചെയ്തു. ഇത് 'ഗോലിയത്ത്' പോലെയുള്ള രാക്ഷസശക്തിയായ ബാങ്കുകള്‍ക്കുനേരെ ദാവീദിന്റെ ആയുധംപോലുള്ള ഒരു നിര്‍ണ്ണായക ശക്തിയായിരുന്നു. നിയമം ലംഘിച്ചുകൊണ്ടുള്ള കരാറുകളുണ്ടാക്കി വീട്ടുടമകളെ വഞ്ചിച്ചതിന്ന് ബാങ്കുകള്‍ ശിക്ഷിക്കപ്പെട്ടാല്‍ ആ കുരുക്കില്‍നിന്ന് തലയൂരാന്‍ അവര്‍ക്കു കഴിയുകയില്ല. 'റോബോ സൈനിങ്' എന്ന നിയമലംഘനം ബാങ്കുകളുടെ തലയ്ക്കു മുകളില്‍ തൂങ്ങിയിരുന്ന ഡമോക്ലിസ് വാള്‍ ആണ്. കമലാ ഹാരിസിനെ പിണക്കിയാല്‍ അത് ആ വാളിന് കഴുത്തുകാട്ടിക്കൊടുക്കലാവും.
അറ്റോര്‍ണി ജനറല്‍മാര്‍ ഷിക്കാഗോവില്‍ സമ്മേളിക്കുന്ന നേരത്ത്, കമല ചെയ്തത് കാലിഫോര്‍ണിയയില്‍ വീടുനഷ്ടപ്പെട്ടു നിരാലംബരാവാന്‍ പോവുന്നവര്‍ ആയിരക്കണക്കിനുണ്ടായിരുന്ന സ്റ്റോക്ടണില്‍ (Stockton) എത്തി, എല്‍ കണ്‍സീലിയോ (El concilio) എന്ന ധനകാര്യസ്ഥാപനം നിയമാനുസൃതമായി നടത്തിപ്പോന്നിരുന്ന ജോസ്. ആര്‍ റോഡ്റിഗ്സ് (Jose R Rodriguez) നെ കാണാന്‍ പോവുകയാണ്. സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായിരുന്ന അദ്ദേഹം വീടുകള്‍ നഷ്ടപ്പെടാന്‍ പോകുന്ന നിസ്സഹായ കുടുംബാംഗങ്ങളുടെ കണ്ണീര്‍ക്കഥകള്‍ യഥാതഥമായി വിവരിച്ചുകൊടുത്തു. കാലിഫോര്‍ണിയയിലെ ആയിരക്കണക്കിനു കുടുംബങ്ങളെ തെരുവാധാരമാക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ നിയമലംഘനക്കാരായ ബാങ്കുകളെ റോബോസൈനിങ് എന്ന നിയമലംഘനം നടത്തിയതിന് നീതിപീഠത്തിന്നു മുന്നിലെത്തിക്കുമെന്ന കമലയുടെ പ്രഖ്യാപനത്തിന്ന് ഉദ്ദിഷ്ടലക്ഷ്യം നേടാന്‍ കഴിഞ്ഞു. 2012 ഫെബ്രുവരി ഒമ്പതാം തീയതി ബാങ്കുകളുമായുണ്ടാക്കിയ കരാര്‍ കമലാ ഹാരിസ് വെളിപ്പെടുത്തി. കാലിഫോര്‍ണിയയ്ക്കു മാത്രമായി ഇരുപതു ബില്യന്‍ ഡോളറാണ് ബാങ്കുകള്‍ നീക്കിവെക്കുക. രാജ്യത്തിന്നൊട്ടാകെ മുമ്പ് നീക്കിവെക്കാന്‍ നിശ്ചയിച്ചതിനോടടുത്തു വരുന്ന തുക, വീടുകള്‍ വിട്ടിറങ്ങിപ്പോകേണ്ട ഗതികേട് ഒഴിവാക്കാന്‍ മതിയായ തുക. കരാര്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ 18.4 ബില്യണ്‍ ഡോളര്‍ കടബാധ്യതയില്‍നിന്നുള്ള ആശ്വാസത്തിന്നും 2 ബില്യണ്‍ മറ്റുതരം ധനസഹായത്തിന്നും എന്നു വ്യവസ്ഥപ്പെടുത്തിയിരുന്നു.
ജനക്ഷേമത്തിനുവേണ്ടി നടത്തിയ ഈ പോരിലെ വിജയം കമലയുടെ ധൈഷണിക സിദ്ധികളുടെയും ധീരതയുടെയും തക്കസമയത്ത് നയജ്ഞതയോടെ കരുക്കള്‍ നീക്കാനുള്ള ആസൂത്രണവൈഭവത്തിന്റെയും വിജയമായിരുന്നു. ഏറക്കുറെ ഒരു ഒറ്റയാള്‍പ്പോരെന്നുതന്നെ പറയാം. ബാങ്കുകളുടെ നിയമലംഘനത്തിനെതിരെ നീതിപീഠത്തെ സമീപിക്കുമെന്ന ഭീഷണിയാണ് മത്തഗജങ്ങളെപ്പോലെ ആര്‍ത്തെതിര്‍ത്ത ബാങ്കുകളുടെ കൊമ്പുപറിച്ചെടുത്തത്. കുവലയാപീഡത്തിന്റെ കൊമ്പുപറിച്ചെടുത്തതിന്നു ശേഷം കടയ്ക്കല്‍നിന്നു വീണ മുത്തുകള്‍ കോര്‍ത്ത് രാധയ്ക്ക് ലളിതഹാരം നിര്‍മിക്കാന്‍ കൃഷ്ണന്‍ നിര്‍ദ്ദേശിച്ചുവെന്ന നാരായണീയത്തിലെ കല്പന അതറിയുന്ന കേരളീയര്‍ക്കോര്‍മ്മവരും. കമലാചരിത്രത്തിലെ കുവലയാപീഡവധകഥതന്നെയാണ് ആ മഹാസംഭവം.
ആയിരക്കണക്കിന് ആത്മഹത്യകളുണ്ടാവാമായിരുന്ന സ്ഥിതിവിശേഷം വരാതെ കാത്തു എന്നതും ജനക്ഷേമത്തിന്നുവേണ്ടി ഇളവില്ലാതെ പൊരുതിയെന്നതും കമലയ്ക്ക് അളവറ്റ ചാരിതാര്‍ത്ഥ്യം നല്കിയിരിക്കണം. നേതാവ് എന്ന നിലയ്ക്കുള്ള പ്രതിച്ഛായ ജനഗണമനസ്സില്‍ മായാത്തവിധത്തില്‍ മുദ്രിതമായി. അത് പിന്നത്തെ ഘട്ടങ്ങളില്‍ വളര്‍ച്ചയ്ക്കുള്ള മൂലധനമായിത്തീരുകയും ചെയ്തു. പ്രതിസന്ധികളില്‍ മല പോലെ അചലയായി നിന്നതിന്‍ പേരില്‍ അളവറ്റ പ്രശംസ നല്കാന്‍ പുരുഷകേസരികള്‍ സന്നദ്ധരായി.
ബാങ്കുകളുമായി കണക്കുതീര്‍ത്തതിനു തൊട്ടുപിറകെ ഈദൃശദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കുന്ന നിയമം നിര്‍മിക്കാന്‍ തന്റെ പദവിയുടെ അധികാരം കമല ഉപയോഗിക്കയും ചെയ്തു. കാലിഫോര്‍ണിയ ഹോം ഓണര്‍ ബില്‍ ഓഫ് റൈറ്റ്സ് (California Home owner bill of Rights) എന്ന നിയമം. അത് പാസ്സാക്കിയെടുക്കല്‍ എളുപ്പമായിരുന്നില്ല. കാലിഫോര്‍ണിയ സ്റ്റേറ്റ് സെനറ്റര്‍ റോണ്‍ കാല്‍ഡെറോണ്‍ (Ron Calderon) സെനറ്റിലെ ബാങ്കിങ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു. അദ്ദേഹം നില്പുറപ്പിച്ചിരുന്നത് ജനപക്ഷത്തല്ല; ബാങ്ക്പക്ഷത്തായിരുന്നു. സെനറ്റില്‍ ബില്‍ അവതരിപ്പിക്കേണ്ടിയിരുന്നത് മാര്‍ക്ക് ലെനോ (Mark Leno) (മറ്റൊരു സെനറ്റര്‍) ആയിരുന്നു. ബില്ലില്‍ 'റോബോ സൈനിങ്ങ്' നിരോധിക്കുന്ന വകുപ്പുണ്ടാവണമെന്നതായിരുന്നു പ്രധാനപ്പെട്ട നിര്‍ദേശം. നിയമത്തിലെ വകുപ്പുകള്‍ ഏതെല്ലാം ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് കാല്‍ഡെറോണിന്ന് നിര്‍ദേശം നല്കാന്‍ ചുമതലപ്പെട്ട ആളായിരുന്നു മാര്‍ക് ലെനോ. അദ്ദേഹം പിന്നീടു വെളിപ്പെടുത്തിയതിങ്ങനെ: 'എല്ലാ വാദങ്ങളും അദ്ദേഹത്തിന്നു മുന്നില്‍ ആവുന്നത്ര ശക്തിയോടെ ഞാന്‍ അവതരിപ്പിച്ചു. എന്നാല്‍ അതൊക്കെ ഒരു ഭിത്തിയോടു പറയുന്നതിന്നു തുല്യമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.' ഓരോ നിയമസഭാംഗത്തേയും നേരിട്ടുകണ്ട് നിയമം പാസ്സാക്കിയെടുക്കേണ്ടതിന്റെ സാധുത വിവരിക്കാന്‍ കമലാ ഹാരിസ് ഏറെ മിനക്കെട്ടു. ഒരു ശിലയും മറിച്ചിടാതെ വിട്ടില്ല. ആ പ്രയത്നം ഒടുവില്‍ വിജയശ്രീലാളിതമായി. നിയമം നിലവില്‍വന്നു. അതില്‍ നിയമസഭാ മെമ്പര്‍മാരാണ് വാഴ്ത്തപ്പെടേണ്ടവര്‍ എന്ന് കമല പ്രസ്താവിച്ചു. ആ പിന്തുണയുണ്ടാക്കിയെടുത്ത കമലതന്നെയാണ് വാഴ്ത്തപ്പെടേണ്ടത് എന്നായിരുന്നു ലെനോയുടെ പ്രതികരണം. അദ്ദേഹം പറഞ്ഞു: 'She made it happen. The whole game changed when Kamala got involved.'
താന്‍ വഹിക്കുന്ന പദവി ജനങ്ങളുടെ ഉദാരതയില്‍നിന്ന് പിറന്നതാണെന്ന വസ്തുത ഒരിക്കലും മറക്കാതെ അവര്‍ക്കര്‍പ്പിക്കേണ്ട സേവനത്തിന്നായി വമ്പന്‍മാരോടും കൊമ്പന്‍മാരോടും ഇളവില്ലാതെ പൊരുതിനേടിയ ആ വിജയം കമലയ്ക്ക് 'അഭൂതപൂര്‍വം' എന്ന വിശേഷണം അക്ഷരാര്‍ത്ഥത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം നേടിക്കൊടുത്തു. സ്ത്രീ, കറുത്ത വര്‍ഗക്കാരി എന്ന രണ്ടു പരിമിതികളെയും മറികടക്കുന്ന ദുര്‍ഗാദേവി പ്രതിച്ഛായയോടെ അമേരിക്കയുടെ അന്തരംഗത്തില്‍ കമല പ്രതിഷ്ഠിതയായി. ജോ ബൈഡന്റെ മകന്‍ ബ്യൂ ബൈഡന്‍ കമലയുടെ വ്യക്തിത്വമഹിമ കണ്ടെത്തുകയും കൊണ്ടാടുകയും ചെയ്തിരുന്നു. വലിയ പിന്തുണയായി പില്ക്കാലത്ത് അദ്ദേഹം നില്ക്കുമായിരുന്നു. വിധി എതിരായിപ്പോയി. അര്‍ബുദരോഗബാധിതനായി അദ്ദേഹം അകാലത്ത് നിര്യാതനായി. കമലയ്ക്കു നിലയുറപ്പിക്കാന്‍ കരുത്തേകിയ രണ്ടു ശൈലങ്ങളെയും തകര്‍ത്തത് മനുഷ്യരാശിക്ക് ഇന്നും അജയ്യ ശക്തിയായി വര്‍ത്തിക്കുന്ന അര്‍ബുദമാണ്. സെല്ലുകളുടെ പെരുകല്‍ എന്ന പ്രതിഭാസം ഒരേസമയം വിരുദ്ധമായ രണ്ടു പ്രക്രിയകള്‍ക്ക് ആധാരമാവുന്നു; സര്‍ഗാത്മകതയ്ക്കും സംഹാരാത്മകതയ്ക്കും. അര്‍ബുദം തട്ടിക്കൊണ്ടുപോയ ആ രണ്ടു പേരും (അമ്മയും സുഹൃത്തും) അവരുടെ അഭാവത്തിലും കമലയുടെ വളര്‍ച്ചയ്ക്കു സ്രോതസ്സായി വര്‍ത്തിച്ചു. ബ്യൂ ബൈഡന്റെ മനസ്സില്‍ കമലയ്ക്കുണ്ടായിരുന്ന ഉന്നതസ്ഥാനം ജോ ബൈഡന്ന് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമലയെ ക്ഷണിക്കാന്‍ പ്രേരകമായി.
2014-ല്‍ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലിന്റെ രണ്ടാമൂഴത്തിനുള്ള തെരഞ്ഞെടുപ്പില്‍ കമലയ്ക്ക് അനായാസമായ വിജയം ഉറപ്പായിരുന്നു. മരണശിക്ഷാവിധിക്കെതിരായ നിലപാടെടുത്തതില്‍ പോലീസ് വിഭാഗത്തിന്നുണ്ടായിരുന്ന എതിര്‍പ്പു മാത്രമായിരുന്നു പ്രതികൂലഘടകം. അവരെ പ്രീണിപ്പിക്കാന്‍ കിട്ടുന്ന സന്ദര്‍ഭങ്ങളൊന്നും പാഴാക്കാതിരിക്കാന്‍ കമല മനസ്സിരുത്തി.
അനായാസമായി രണ്ടാമൂഴത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. 2015 ജനുവരി അഞ്ചാം തീയതി സ്റ്റേറ്റ് ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്ത് രണ്ടാമൂഴത്തിലേക്കു പ്രവേശിപ്പിച്ചു. ഞാന്‍ ഈ പദവിയുടെ അധികാരം കാലിഫോര്‍ണിയയിലെ പുതിയ തലമുറയുടെ ഉന്നമനം ലക്ഷ്യമാക്കി ഉപയുക്തമാക്കുമെന്നു കമല വാഗ്ദാനം ചെയ്തു. കുട്ടികള്‍ക്കു നിര്‍ബാധമായി വിദ്യാഭ്യാസം തുടരാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും അവരെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരായ നടപടികളെടുക്കുന്ന നിയമസംവിധാനം സൃഷ്ടിക്കുമെന്നും പ്രതിജ്ഞ ചെയ്തു. എല്ലാ കുഞ്ഞുങ്ങളെയും സ്വന്തം മക്കളായിക്കാണാനുള്ള സിദ്ധി കമലയിലെ മാതൃത്വത്തിന്ന് പൂര്‍ണ സംതൃപ്തി നല്കിയിട്ടുണ്ടാവണം.
Content Highlights: Excerpts from the biography of Kamala Harris Written by Dr. M Leelavathy