ആരോപണം തുറുപ്പുചീട്ടാക്കാന്‍ പിണറായിയെ സമീപിച്ചവര്‍ നിരാശരായി; 'കാലം സാക്ഷി'യില്‍ ഉമ്മന്‍ ചാണ്ടി

പിണറായി, ഉമ്മന്‍ ചാണ്ടി
പിണറായി, ഉമ്മന്‍ ചാണ്ടി

ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം പതിപ്പിലെത്തിനില്‍ക്കുയാണ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയായ 'കാലം സാക്ഷി'. മാതൃഭൂമി ബുക്‌സിനുവേണ്ടി സണ്ണിക്കുട്ടി എബ്രഹാം തയ്യാറാക്കിയ ആത്മകഥയില്‍ നിന്നും ഒരു ഭാഗം വായിക്കാം. 

ന്റെ രാഷ്ട്രീയജീവിതത്തിന് എന്നും രക്ഷാകവചമായിരുന്നത് കുടുംബമാണ്. കാറും കോളും കൊടുങ്കാറ്റും, എന്തിന് സുനാമിതന്നെ അടിച്ചുയര്‍ന്നപ്പോള്‍ കുടുംബം ഒന്നിച്ച്, ആത്മബലം തന്ന് എന്റെ ഒപ്പം നിന്നു. ആ നേരങ്ങളില്‍ ആശ്വാസത്തുരുത്തായിരുന്നു എനിക്കു വീട്.

കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ് കാലം മുതലേ വീടിന്റെ പിന്തുണ നിര്‍ലോഭം ലഭിച്ചത് ഏറെ സഹായകരമായി. ഇച്ചായനോ അമ്മച്ചിയോ പൊതുപ്രവര്‍ത്തനത്തിന് ഒട്ടും തടസ്സമായില്ല. വിവാഹം കഴിഞ്ഞപ്പോള്‍ ഭാര്യ ബാവ എന്ന മറിയാമ്മയും എന്റെ ജീവിതത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കി സ്വയം ക്രമീകരിച്ചു. ഒട്ടും അച്ചടക്കമുള്ള ദിനചര്യയല്ല എന്റേത്. വളരെ വൈകിയായിരിക്കും വരിക. ആരെയും ഉണര്‍ത്തി ശല്യപ്പെടുത്താതെ വിളമ്പിവെച്ചിരിക്കുന്ന ഭക്ഷണം കഴിച്ച് കിടന്നുറങ്ങും. മക്കള്‍ എഴുന്നേല്‍ക്കുംമുമ്പേ സ്ഥലംവിടും. അവരെ കാണുക വല്ലപ്പോഴുമായിരിക്കും. മൂന്നു വയസ്സുള്ളപ്പോള്‍ ഒരു ബന്ദ് ദിവസമാണ് എന്നെ ആദ്യം പരിചയപ്പെട്ടതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ എഴുതിയിട്ടുണ്ട്.

വീട്ടുകാര്യങ്ങളില്‍ ഒട്ടും ശ്രദ്ധിക്കാന്‍ സാധിച്ചിട്ടില്ല. ബാവയ്ക്ക് അക്കാര്യത്തില്‍ പൂര്‍ണ്ണസ്വാതന്ത്യം നല്‍കുകയാണ് ചെയ്തത്. മക്കളുടെ കാര്യങ്ങളെല്ലാം ഭാര്യ തന്നെ നോക്കി. കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍, എന്തു പഠിക്കണം, എവിടെ പഠിക്കണം എന്നൊക്കെ അവരാണ് തീരുമാനിച്ചത്. ഭാവി അവര്‍ നിശ്ചയിക്കട്ടെ എന്നായിരുന്നു എന്റെ നയം.

എന്നെ എപ്പോഴും കാണണമെന്ന് കുട്ടിക്കാലത്ത് മക്കള്‍ ശാഠ്യംപിടിച്ചിട്ടുണ്ട്. പിന്നെ സാഹചര്യങ്ങളുടെ ഗൗരവം അവര്‍ മനസ്സിലാക്കി. മൂത്തമകള്‍ മറിയയെ പ്രസവിക്കുന്ന സമയത്ത് ഞാന്‍ ഹരിയാന ഭവനനിര്‍മ്മാണ മന്ത്രി സുഷമ സ്വരാജിനൊപ്പം ചെങ്കല്‍ച്ചൂളയില്‍ ഒരു ഔദ്യോഗിക പരിപാടിയിലായിരുന്നു. മറിയ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യേണ്ട ദിവസം അങ്ങോട്ടു പോവാന്‍ ടിക്കറ്റെടുത്ത് കാത്തിരുന്ന എനിക്ക് അവസാനനിമിഷം യാത്ര റദ്ദാക്കേണ്ടിവന്നു. ധനമന്ത്രിയായിരിക്കെ ധനവിനിയോഗബില്‍ അവതരിപ്പിക്കുന്ന ദിവസം. ഇളയമകള്‍ അച്ചു എട്ടില്‍ പഠിക്കുന്നു. രാവിലെ സ്‌കൂള്‍ ബസ്സില്‍ കയറാന്‍ ഓടുന്നതിനിടെ അച്ചുവിനെ ഒരു സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി. ഞാന്‍ നിയമസഭയിലേക്കു പോകാന്‍ തയ്യാറായി നില്‍ക്കുകയാണ്. അച്ചുവിനെക്കൂടി കാറില്‍ കയറ്റി നിയമസഭയിലേക്കു പോയി. ഞാന്‍ അവിടെയിറങ്ങി. ഡ്രൈവറും ഗണ്‍മാനുംകൂടി മോളെ ആശുപത്രിയിലെത്തിച്ചു.

ഭാര്യ കനറ ബാങ്കില്‍ ഉദ്യോഗസ്ഥയായിരുന്നത് വലിയ ഗുണമായി. ജീവിക്കാന്‍ വരുമാനം വേണമല്ലോ. ബാവയുടെ മൂത്ത സഹോദരി എലിസബത്ത് ഏറെക്കാലം ഞങ്ങളോടൊപ്പമായിരുന്നു. ഞങ്ങള്‍ ലില്ലിമ്മാമ്മ എന്നും മക്കള്‍ അമ്മച്ചി എന്നും വിളിക്കും. ബാവയെക്കാള്‍ ഇരുപതു വയസ്സ് മൂത്തതാണ്. ഭര്‍ത്താവ് നേരത്തേ മരിച്ചപ്പോള്‍ ഞങ്ങള്‍ ഇങ്ങോട്ടു കൊണ്ടുപോന്നു. ഞങ്ങളുടെ മക്കളെ വളര്‍ത്തി വലുതാക്കിയത് ലില്ലിമ്മാമ്മയാണെന്നു പറയാം. അടുക്കളയുടെ ചുമതലയും അമ്മാമ്മയ്ക്കായിരുന്നു.

രണ്ടു സന്ദര്‍ഭങ്ങളിലാണ് കുടുംബം പ്രധാനമായും വലിയ പ്രതിസന്ധി നേരിട്ടത്. ഒന്ന്, മൂത്തമകള്‍ മറിയയുടെ വിവാഹമോചനം. രണ്ട്, സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന, അണുവിട അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍. ഞങ്ങള്‍ ഒന്നിച്ചുനിന്ന് ആത്മവിശ്വാസത്തോടെ അവയെ നേരിട്ടു. അപ്പോഴൊക്കെ ഞാന്‍ മനസ്സിലെടുത്ത ഒരു നിലപാടുണ്ട്. മനസ്സറിഞ്ഞ്, എന്തെങ്കിലും തെറ്റു ചെയ്തിട്ടില്ലെങ്കില്‍ ഒരു ദോഷവും സംഭവിക്കില്ല. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയര്‍ന്നുവരാം. അതു നമ്മെ ചിലപ്പോള്‍ വല്ലാതെ ബാധിക്കാം. എന്നാല്‍ തെറ്റു ചെയ്തിട്ടില്ലെങ്കില്‍ അന്തിമമായി ഒരു ദോഷവും വരില്ല എന്നാണ് എന്റെ അനുഭവം.

ചില ബന്ധുക്കളാണ് മറിയയുടെ വിവാഹാലോചന കൊണ്ടുവന്നത്. മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖകുടുംബത്തിലെ അംഗമായിരുന്നു വരന്‍. ഇരു കുടുംബങ്ങളും ആലോചിച്ച് ഉറപ്പിച്ച് വിവാഹം നടത്തി. 2003 ഏപ്രില്‍ 28നായിരുന്നു കല്യാണം. വിവാഹശേഷം തിരുവനന്തപുരത്ത് മറിയയും ഭര്‍ത്താവും താമസമാക്കി. വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങള്‍ കാണാതായപ്പോള്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ടായി. തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ ചികിത്സ തേടി.

ഒടുവില്‍ ഇന്‍ട്രായൂട്ടറൈന്‍ ഇന്‍സെമിനേഷന്‍-Itnrauterine Insemination (IUI) വഴിയാണ് മറിയ ഗര്‍ഭവതിയായത്. ഭര്‍ത്താവിന്റെ ബീജം ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നേരിട്ടു നിക്ഷേപിക്കുന്ന രീതിയാണത്. ഭര്‍ത്താവില്‍നിന്ന് ബീജമെടുത്ത് 'വാഷ്' ചെയ്ത് അപ്പോള്‍ത്തന്നെ നിക്ഷേപിക്കും.
ആ ഡിസംബര്‍ 30ന് തിരുവല്ല എസ്.സി. മാര്‍ത്തോമാ പള്ളിയിലാണ് അച്ചുവിന്റെ കല്യാണം. പൂര്‍ണ്ണവിശ്രമത്തിലാണ് മറിയ. എന്നാല്‍ അച്ചുവിന്റെ കല്യാണത്തില്‍ പങ്കെടുക്കണമെന്ന് വലിയ നിര്‍ബന്ധം. ആവുന്നത്ര പറഞ്ഞുനോക്കി. സമ്മതിക്കുന്നില്ല. ഒടുവില്‍ എന്റെ ബന്ധുവായ ഡോ. മിനി ഏബ്രഹാമിനൊപ്പം തീവണ്ടിയില്‍ മറിയയെ നേരത്തേ തിരുവല്ലയിലേക്കയച്ചു. എസ്.സി. പള്ളിക്കടുത്തുള്ള ഒരു ഹോട്ടലില്‍ മുറിയെടുത്തു. ബാവയുടെ ബന്ധുവിന്റെ വീട്ടില്‍ പ്രത്യേകം ഭക്ഷണം തയ്യാറാക്കി കൊണ്ടുകൊടുത്തു.

ഗര്‍ഭിണിയായി ഏഴാം മാസം മറിയ ജഗതിയിലെ വീട്ടിലേക്ക് വന്നു. അവള്‍ക്കും ഭര്‍ത്താവിനുമിടയ്ക്ക് എന്തോ പൊരുത്തക്കേടുകള്‍ വളര്‍ന്നുവരുന്നതായി എനിക്കു മനസ്സിലായി. ഞാന്‍ അത് ബാവയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.

ജൂണ്‍ അവസാനമാണ് മറിയയുടെ പ്രസവത്തീയതി പറഞ്ഞിരുന്നത്. ജൂണ്‍ 25ന് രാവിലെ ഏഴ് കഴിഞ്ഞാലുടനെ സിസേറിയന്‍ നടത്തണമെന്ന് ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നു എന്ന് മറിയ ഒരു ദിവസം പറഞ്ഞു. നിശ്ചിതദിവസം, നിശ്ചിതനാളില്‍, നിശ്ചിതസമയത്ത് പ്രസവം നടക്കുന്നത് ജാതകവശാല്‍ സൗഭാഗ്യകരമാണെന്ന ചിന്തയിലായിരുന്നു അത്. അങ്ങനെയാവട്ടെ എന്നു ഞങ്ങള്‍ കരുതി.

ജൂണ്‍ 23ന് വെളുപ്പിന് അച്ചു ദുബായിയില്‍നിന്ന് വരുന്നു. ഞാന്‍ വീട്ടിലില്ല. ഇതിനിടയ്ക്ക്, ഫെബ്രുവരി 17ന് ബാവയ്ക്ക് ചെറിയ തോതില്‍ പക്ഷാഘാതമുണ്ടായി. വിശ്രമത്തിലാണ്. മകന്‍ ചാണ്ടി അച്ചുവിനെ കൂട്ടാന്‍ വിമാനത്താവളത്തിലേക്ക് പോയിരിക്കുന്നു. മൂന്നുമണിയായപ്പോള്‍ മറിയയ്ക്ക് അസ്വസ്ഥത തോന്നി. ബാത്ത്റൂമിലേക്കു പോയപ്പോള്‍, ഗര്‍ഭസ്ഥശിശുവിനെ പൊതിഞ്ഞ് സംരക്ഷിക്കുന്ന പാടപൊട്ടി ഒഴുകാന്‍തുടങ്ങി.
മറിയയും ബാവയും ആകെ ഭയന്നു. ഉടനെ ആശുപത്രിയിലെത്തണം. വീട്ടില്‍ മറ്റാരുമില്ല. ഡോ. മിനി ഏബ്രഹാമിനെയും ഭര്‍ത്താവ് ഡോ. എബ്രഹാം തോമസിനെയും വിളിച്ചു. അവര്‍ ഓടിയെത്തി. അവര്‍ മറിയയെ ആശുപത്രിയില്‍ എത്തിച്ചു. നേരം വെളുത്തപ്പോഴേക്കും മറിയയുടെ ഭര്‍ത്താവും വന്നു. ഏഴിന് ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ചു. 7.13ന് കുഞ്ഞു പിറന്നു.

പ്രസവശേഷവും ഭര്‍ത്താവും കുടുംബവുമായുള്ള ബന്ധം മെച്ചപ്പെട്ടിട്ടില്ലെന്ന് ഞങ്ങള്‍ക്കു മനസ്സിലായി. അകല്‍ച്ച കൂടിവന്നു. കുഞ്ഞിന്റെ മാമോദീസയ്ക്ക് ഭര്‍ത്തൃഭവനത്തിലേക്കു വരണമെന്ന് നിര്‍ബന്ധമുണ്ടായി. അമ്മവീട്ടില്‍ പ്രസവമെടുത്ത് മാമോദീസയും കഴിഞ്ഞ് ഭര്‍ത്തൃഗൃഹത്തിലേക്കു പോവുന്നതാണ് പതിവ്. മറിച്ചുള്ള നിര്‍ദേശം ഞങ്ങള്‍ക്കും അത്ര സ്വീകാര്യമായില്ല. ഒരു ഫ്ളാറ്റെടുത്ത് താമസിക്കാം എന്ന നിര്‍ദ്ദേശം വെച്ചെങ്കിലും അതില്‍ അവര്‍ക്കു താത്പര്യമുണ്ടായില്ല.

ഭര്‍ത്തൃഭവനത്തിലേക്ക് പോവുന്ന കാര്യത്തില്‍ മറിയയ്ക്ക് കാര്യമായ ഭയമുണ്ടെന്ന് ഞങ്ങള്‍ക്കു മനസ്സിലായി. അതിന് കൃത്യമായ കാരണങ്ങളും അവള്‍ക്കുണ്ടായിരുന്നു. എങ്കിലും മറിയയെ ഭര്‍ത്താവിന്റെ വീട്ടിലേക്കു വിടാന്‍ ഞങ്ങള്‍ തയ്യാറായി. പക്ഷേ, ഇങ്ങോട്ടു വന്നാല്‍ പിന്നെ തിരികെ പോകാന്‍ പറ്റില്ല എന്ന് അവര്‍ നിലപാടെടുത്തു. അത് ഞങ്ങള്‍ക്കു സ്വീകാര്യമായില്ല.

ഇതിനിടെ മറിയയുടെ ഭര്‍ത്താവിന്റെ ഒരു രജിസ്റ്റേര്‍ഡ് കത്ത് ഞങ്ങള്‍ക്കു കിട്ടി. മറിയയെയും കുഞ്ഞിനെയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് അയയ്ക്കണം എന്നായിരുന്നു അതിലെ ആവശ്യം. ഞങ്ങള്‍ അതിനു തയ്യാറായില്ല. കാരണം, മറിയയുടെയും കുഞ്ഞിന്റെയും സുരക്ഷയും മോന്റെ ഭാവിയുമായിരുന്നു ഞങ്ങള്‍ക്കു പ്രധാനം.

2008 മാര്‍ച്ച് നാലിന് വിവാഹമോചനത്തിനുള്ള നോട്ടീസ് ലഭിച്ചു. ഇതിനിടെ മറിയയ്ക്കെതിരേ വലിയ തോതിലുള്ള ദുഷ്പ്രചാരണം അവര്‍ ആരംഭിച്ചിരുന്നു. വിവാഹമോചനക്കേസ് കോടതിയില്‍ വരുമ്പോള്‍ അതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ വേണ്ട അപവാദങ്ങള്‍. ആരോപണങ്ങളില്‍ തരിമ്പും കഴമ്പില്ലെന്ന് അത് ഉന്നയിച്ചവര്‍ക്കുതന്നെ അറിയാം. കാരണം, ഭര്‍ത്താവിന്റെ ബീജം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന പ്രക്രിയയിലൂടെയാണ് മറിയ ഗര്‍ഭവതിയായതെന്ന് മറ്റാരെയുംകാള്‍ നന്നായി അവര്‍ക്ക് അറിയാം. ആ പ്രക്രിയ നടന്നത് ഭര്‍ത്താവിന്റെ സാന്നിധ്യത്തിലായിരുന്നുതാനും. ഈ അപവാദങ്ങള്‍ മറിയയെയും ഞങ്ങളെയും വല്ലാതെ തളര്‍ത്തി. എതിരാളികള്‍ അത് ഏറ്റെടുത്തു. അപവാദപ്രചാരണത്തിന് നിയമസഭപോലും ചിലര്‍ വേദിയാക്കി. ഞങ്ങള്‍ അനുഭവിച്ച ഹൃദയവേദന താങ്ങാവുന്നതിനപ്പുറമായിരുന്നു. ഭൂമിയോളം താണ് സഹിച്ചു.

ഇതിനിടെ, മറിയയുടെ ഭര്‍ത്താവിന്റെ വീടുമായി ബന്ധപ്പെട്ട ചിലര്‍ ലഘുലേഖകള്‍ അച്ചടിച്ച് പ്രചരിപ്പിച്ചു. അതുമായി അവര്‍ പത്രസമ്മേളനം നടത്തി. ആരും അത് കാര്യമാക്കിയില്ല. അവര്‍ പിണറായി വിജയനെ ചെന്നു കണ്ടു. അന്ന് അദ്ദേഹം സി.പി.എം. സംസ്ഥാന സെക്രട്ടറിയാണ്. അനുകൂലപ്രതികരണം പ്രതീക്ഷിച്ചു ചെന്നവര്‍ നിരാശരായി മടങ്ങി എന്നാണ് ഞാന്‍ പിന്നീടു മനസ്സിലാക്കിയത്. അന്നു ഞാന്‍ പ്രതിപക്ഷനേതാവാണ്. പിണറായി വിജയന്‍, പി. ജയരാജനെ എന്റെ അടുത്തേക്ക് അയച്ചു. നിയമസഭയില്‍ ഞങ്ങള്‍ കണ്ടു. ഇത്തരം വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്ന സന്ദേശം എന്നെ അറിയിച്ചു.
മറിയയുടെ കുഞ്ഞിന്റെ മാമോദീസ മാര്‍ച്ച് 23ന് പാമ്പാടി ദയറയില്‍ വെച്ചു നടത്തി. മറിയയും ഞാനും ബാവയും അച്ചുവും അച്ചുവിന്റെ ഭര്‍ത്താവ് ലിജോയും ചാണ്ടിയും മാത്രമാണ് പങ്കെടുത്തത്. ചാണ്ടിയായിരുന്നു തലതൊട്ടപ്പന്‍. എത്ര ആഘോഷമായി നടത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ച ചടങ്ങായിരുന്നു അത്!

വിവാഹമോചനം എന്നത് ഞങ്ങളെ ഏറെ വേദനിപ്പിച്ച കാര്യമാണ്; നേരത്തേ പറഞ്ഞല്ലോ, മറിയയുടെയും കുഞ്ഞിന്റെയും സുരക്ഷയും ഭാവിയുമാണ് ഇതുസംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതില്‍ ഞങ്ങളെ നയിച്ചത്. പരസ്പര തീരുമാനപ്രകാരമുള്ള വിവാഹമോചനത്തിന് ഞങ്ങള്‍ സമ്മതിച്ചു. അതോടെ ദുഃഖകരമായ ഒരു അധ്യായത്തിന് തിരശ്ശീല വീണു.

അടിത്തറയില്ലാത്ത പെരുംനുണകള്‍, ഒന്നിനുമേല്‍ ഒന്നായി കെട്ടിപ്പൊക്കിയ സോളാര്‍ ആയിരുന്നു മറ്റൊരു ഹീനമായ കടന്നാക്രമണം. എന്നെ രാഷ്ട്രീയമായി തകര്‍ക്കുക എന്നതായിരുന്നു എതിരാളികളുടെ ലക്ഷ്യം. തികച്ചും ഹിംസാത്മകമായ മനോഭാവത്തോടെയാണ് അവര്‍ കരുക്കള്‍ നീക്കിയത്. എല്ലാ അമ്പുകളും ലക്ഷ്യത്തിലെത്താതെ നിഷ്ഫലമാകുന്നു എന്നു കണ്ടപ്പോള്‍ ഏറ്റവും മ്ലേച്ഛമായ ആരോപണം പരാതിക്കാരിയെക്കൊണ്ട് പറയിച്ചു. എന്നെ ശാരീരികമായിത്തന്നെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരില്‍ ആക്രമണമുണ്ടായി.

സംവിധായകര്‍ പലരായിരുന്നു. പ്രധാന വേഷങ്ങള്‍ കൂടാതെ ഇടത്തരം കഥാപാത്രങ്ങളും തകര്‍ത്താടി. എന്നെയാണ് ലക്ഷ്യമിട്ടതെങ്കിലും ചെന്നുകൊണ്ടത് എന്റെ കുടുംബത്തിന്മേല്‍ക്കൂടിയാണ്. കുടുംബം തളര്‍ന്നാല്‍ ഞാനും തളരും എന്ന കണക്കുകൂട്ടലോടെയായിരുന്നു അത്. പക്ഷേ, ഞങ്ങളാരും വീണുപോയില്ല. എല്ലാ വേദനകളും ഈശ്വരസന്നിധിയില്‍ സമര്‍പ്പിച്ചു. പ്രാര്‍ഥനയില്‍ അഭയം തേടി. ഞങ്ങള്‍ക്കുവേണ്ടി ദൈവമുന്‍പില്‍ അഭയയാചന നടത്താന്‍ എണ്ണമറ്റ ആളുകളുണ്ടായിരുന്നു എന്നത് ശക്തിപകര്‍ന്നു.

ഏണസ്റ്റ് ആന്‍ഡ് യങ്ങില്‍ ഉദ്യോഗസ്ഥയായ മറിയയും മകന്‍ എഫിനോവയും ഞങ്ങളുടെ കൂടെയാണ്. മറിയ രണ്ടാമതു വിവാഹം കഴിച്ചു. ഭര്‍ത്താവ് റോഷി എന്ന വര്‍ഗ്ഗീസ് ജോര്‍ജ് ദുബായിയില്‍ ബിസിനസ് ചെയ്യുന്നു. അച്ചുവും ഭര്‍ത്താവ് ലിജോ ഫിലിപ്പും ദുബായിയിലാണ്. ഇരുവരും കുടുംബബിസിനസ്സില്‍ സഹായിക്കുന്നു. ആന്‍ജല, ക്രിസ്റ്റീന്‍, നോഅ എന്നിവര്‍ മക്കള്‍. മകന്‍ ചാണ്ടി ഡല്‍ഹിയില്‍ നിയമ അധ്യാപകനായിരുന്നു. ഇപ്പോള്‍ മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തനം.

എന്റെ ഏറ്റവും വലിയ വിമര്‍ശകയാണ് ഭാര്യ മറിയാമ്മ എന്ന ബാവ. കരുത്തുറ്റ കൈത്താങ്ങും. പ്രതിസന്ധികള്‍ക്ക് ബാവയുടെ പ്രതിവിധി പ്രാര്‍ത്ഥനയാണ്. അത് എനിക്കും പ്രതിരോധം തീര്‍ക്കുന്ന സുരക്ഷാമതിലായി മാറുന്നു.

പഴി, രോഗത്തിന്റെ പേരിലും
കൃത്യമായ ഭക്ഷണവും വിശ്രമവും മറ്റു ജീവിതചര്യകളും എനിക്കു പറഞ്ഞിട്ടില്ല. നിരന്തരമായ ഓട്ടത്തിനിടയ്ക്ക് അതു സാധ്യവുമല്ല. ബണ്ണും പഴവുംകൊണ്ട് ഒരു ദിവസം കഴിച്ചുകൂട്ടും. ഇഷ്ടവിഭവങ്ങള്‍ എന്നു പറയാന്‍ ഏറെയൊന്നുമില്ല. മരച്ചീനിയും മീന്‍കറിയും ഇഷ്ടമാണ്. എന്നാല്‍, ആഗ്രഹിക്കുമ്പോള്‍ കിട്ടണമെന്നില്ല. ഭക്ഷണസമയത്ത് വീട്ടില്‍ ഉണ്ടെങ്കിലാണ് താത്പര്യമുള്ള ആഹാരം കിട്ടുക. മറ്റവസരങ്ങളില്‍ ചെല്ലുന്നേടത്ത്, കിട്ടുന്ന ഭക്ഷണം എന്നതാണ് ചിട്ട.

ഉറക്കവും അങ്ങനെതന്നെ. കൃത്യസമയത്ത് ഉറങ്ങുക, എഴുന്നേല്‍ക്കുക എന്നതൊക്കെ ആഡംബരമാണ്. ഒരു സമയത്തായിരിക്കും വീട്ടിലെത്തുക. പുലരും മുന്‍പേ അടുത്ത ലക്ഷ്യത്തിലേക്ക് പുറപ്പെട്ടിട്ടുണ്ടാവും. കാറിലോ തീവണ്ടിയിലോ തലചായ്ക്കാന്‍ അവസരം കിട്ടിയാല്‍ അത് പ്രയോജനപ്പെടുത്തും. തൊട്ടടുത്ത സീറ്റുകള്‍ ഒഴിഞ്ഞുകണ്ടാല്‍ വിമാനത്തില്‍പ്പോലും കിടന്നുറങ്ങിയിട്ടുണ്ട്.

പക്ഷേ, ചിട്ടയില്ലാത്ത ജീവിതചര്യകള്‍ എന്റെ ആരോഗ്യത്തെ അങ്ങനെ ബാധിച്ചിട്ടില്ല. ദാവോസില്‍ മഞ്ഞില്‍ തെന്നിവീണപ്പോഴല്ലാതെ നീണ്ട ചികിത്സയോ അതിന്റെ പേരില്‍ വിശ്രമമോ വേണ്ടിവന്നിട്ടുമില്ല.

എന്നാല്‍ 2015-ല്‍ തൊണ്ടയില്‍ ചില അസ്വസ്ഥതകളുണ്ടായി. അത് ശബ്ദത്തെയും ചെറുതായി ബാധിച്ചു. പക്ഷേ, കാര്യമായ ചികിത്സയൊന്നും കൂടാതെ ആ വിഷമം മാറി. 2019 ആയപ്പോള്‍ തൊണ്ടയില്‍ പഴയ പ്രശ്നങ്ങള്‍ ആവര്‍ത്തിച്ചു. വിദഗ്ധപരിശോധനയ്ക്കുശേഷം ചികിത്സയ്ക്ക് തീരുമാനിച്ചു. അര്‍ബുദം ആയിരിക്കുമെന്ന കണക്കുകൂട്ടലില്‍ റേഡിയേഷന്‍ നടത്താനായിരുന്നു ആലോചന. പക്ഷേ, 2019 നവംബര്‍ 18നു ഡെങ്കിപ്പനി പിടിച്ച് ആശുപത്രിയിലായി. രണ്ടാഴ്ച കഴിഞ്ഞ് പനി വിട്ടുമാറി. പരിശോധിച്ചപ്പോള്‍ പ്ലേറ്റ്ലറ്റ് കൗണ്ട് വളരെ കുറഞ്ഞിരിക്കുന്നതായി കണ്ടു. ഈ സാഹചര്യത്തില്‍ റേഡിയേഷന്‍ ചികിത്സ അസാധ്യമാണെന്ന് റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ വിധിച്ചു.

തുടര്‍ന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലുള്ള റേഡിയോളജി ന്യൂക്ലിയര്‍ മെഡിസിനില്‍ ചികിത്സയ്ക്കു തീരുമാനിച്ചു. അവിടെ പോയി. എന്നാല്‍ എനിക്ക് അര്‍ബുദം ഇല്ലെന്നാണ് അവിടത്തെ വിശദപരിശോധനയില്‍ തെളിഞ്ഞത്. ചികിത്സ ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി. പിന്നീട് മൂന്നു കൊല്ലത്തോളം കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോയി. 2021ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ സ്ട്രാറ്റജി ആന്‍ഡ് ഇലക്ഷന്‍ മാനേജ്മെന്റ് കമ്മറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചു.

2022 ജൂലായ്-ഓഗസ്റ്റില്‍ തൊണ്ടയ്ക്ക് ചില അസ്വസ്ഥതകള്‍ കണ്ടു. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ സ്ഥിരം യാത്രികനായ മകന്‍ ചാണ്ടി ഉമ്മന്‍ കര്‍ണാടകയില്‍ പരിചയപ്പെട്ട, അര്‍ബുദചികിത്സാവിദഗ്ധന്‍ ഡോ. സുശ്രുത ഹെഡാറുമായി ഞാന്‍ 45 മിനിട്ടോളം വീഡിയോ കോളില്‍ സംസാരിച്ചു. അമേരിക്കയില്‍ ചികിത്സകനാണ്. മൈസൂരിലും ഹോസ്പിറ്റലുണ്ട്. അദ്ദേഹം നിര്‍ദേശിച്ച പരിശോധനകളും നടത്തി. എല്ലാം നോര്‍മലാണെന്ന് വ്യക്തമായി. ക്ഷീണം അല്‍പ്പം അധികമായപ്പോള്‍ വീണ്ടും ജര്‍മനിക്കു പോയി. ബര്‍ലിനിലെ ചാരിറ്റി ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ ലേസര്‍ചികിത്സയ്ക്കു വിധേയനായി. രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്കുശേഷമാണ് ബര്‍ലിനിലേക്കു പോയത്. പിന്നീട് ബെംഗളൂരു എച്ച്.സി.ജി. ഹോസ്പിറ്റലില്‍ ചികിത്സ തേടി.

എന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി സാമൂഹികമാധ്യമങ്ങളില്‍ ഈയിടെ ചില അസത്യപ്രചാരണങ്ങളുണ്ടായി. എനിക്ക് അര്‍ബുദമായിട്ടും ചികിത്സിപ്പിക്കാന്‍ തയ്യാറാകുന്നില്ലെന്നായിരുന്നു ആരോപണം. അഭ്യുദയകാംക്ഷികള്‍ എന്ന മട്ടിലാണ് ഇവരൊക്കെ എഴുതുന്നത്. ഇതു കണ്ട ധാരാളംപേര്‍ വിളിച്ചു. വെറും അടിസ്ഥാനരഹിതമായിരുന്നു ഈ പ്രചാരണം; വേദനാജനകവും. ഇതിന്റെ പിന്നില്‍ ആരൊക്കെയാണെന്നും ഉദ്ദേശ്യം എന്താണെന്നും അറിയാം. ആരോഗ്യപ്രശ്നത്തിന്റെ പേരിലും എന്നെയും കുടുംബത്തെയും കല്ലെറിയുന്നു. അത്രതന്നെ.

Content Highlights: Kaalam Sakshi, Oommen Chandy, Pinarayi Vijayan, Conspiracy, Mathrubhumi Books