മലയാളത്തിന്റെ ലിപിയച്ഛന്‍

കലിഗ്രഫിക് പരിശീലനത്തിന്റെ സമകാലിക നിര്‍വചനം 'ആവിഷ്‌കൃതവും ആകര്‍ഷണീയവും നിപുണവുമായ രീതിയില്‍ അടയാളങ്ങള്‍ക്ക് രൂപംനല്‍കുന്ന കല' എന്നാണ്. ഒരാളുടെ എഴുത്തിന്റെ സൗന്ദര്യാത്മക വികാസമാണ് ഇതില്‍ വിലയിരുത്തപ്പെടുക. സാങ്കേതികവൈദഗ്ധ്യം, വരവേഗം, ഉപയോഗിക്കുന്ന വസ്തുക്കള്‍ ഇതെല്ലാം ഒരാളുടെ എഴുത്തുകലയില്‍ വിലയിരുത്തപ്പെടും. അങ്ങനെ വിലയിരുത്തുമ്പോള്‍ കേരളത്തില്‍നിന്ന് ആഗോളതലത്തില്‍ ശ്രദ്ധേയനായ ഒരാള്‍ നാരായണ ഭട്ടതിരിയാണ്. ആര്‍ട്ടിസ്റ്റ് ഭട്ടതിരി. കലിഗ്രഫിമേഖലയില്‍ നിതാന്തമായി പല പരീക്ഷണങ്ങളും ഭട്ടതിരി നടത്തുകയാണ്. ഒന്നില്‍നിന്ന് കൂടുതല്‍ നവമായ മറ്റൊരു സൗന്ദര്യാന്വേഷണമാണ് ലക്ഷ്യം. ഈ സൗന്ദര്യാന്വേഷണം പല പല മാധ്യമങ്ങളില്‍ പരീക്ഷിക്കുകയാണ് ശ്രമകരം. സാരി തുടങ്ങി ചുരിദാര്‍വരെയുള്ള വസ്ത്രങ്ങളില്‍ മനോഹരമായ എഴുത്തുരീതി പരീക്ഷിച്ച് ജനശ്രദ്ധ നേടിയത് കൗതുകകരമാണ്. കുടകളില്‍ നിറംകൊണ്ട് കോറിയ അക്ഷരങ്ങള്‍ മറ്റൊരു പരീക്ഷണമായിരുന്നു. അമ്പ്രല്ലാ കലിഗ്രഫി! നീളുന്ന പരിശ്രമങ്ങള്‍ക്ക് പരിഗണ കിട്ടാത്തതും കിട്ടുന്നതുമൊന്നും ഭട്ടതിരിയെ ബാധിക്കുന്നില്ല. അതൊരു തപസ്സുപോലെ ഒഴിച്ചുകൂടാനാവാത്ത ശീലംപോലെ ആസ്വദിച്ച് ചെയ്യുന്നു. ആര്‍ട്ടിസ്റ്റ് ഭട്ടതിരിയുമായി പ്രശാന്ത് നാരായണന്‍ നടത്തിയ അഭിമുഖം.
കലിഗ്രഫിയെക്കുറിച്ച്?
കലിഗ്രഫി എന്ന വാക്കിന്റെ അര്‍ഥം ഭംഗിയുള്ള കൈപ്പട എന്നാണ്. മലയാളഭാഷ എന്നാല്‍ സാഹിത്യം എന്ന് മാത്രമാണ് കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല കലിഗ്രഫിയും ഭാഷയാണ്. അതുപോലെ ചിത്രകലയിലും ഇത് ഉള്‍പ്പെടുത്താറില്ല. അങ്ങനെയല്ല ഭാഷയിലും ചിത്രകലയിലും ഒരുപോലെ ഉള്‍പ്പെടേണ്ടതാണ് കലിഗ്രഫി.
കലിഗ്രഫര്‍ എന്ന് സ്വന്തം പേരിനോടൊപ്പം മലയാളത്തില്‍ ആദ്യമായി ചേര്‍ക്കുന്നത് ഭട്ടതിരിയാണ്. അതെന്നുമുതലാണ്?
1982-83 കാലത്തിലാണത് ആദ്യമായി ചേര്‍ക്കുന്നത്.
എന്തുകൊണ്ടാണ് ഇത്രയും വര്‍ഷമായിട്ടും മാഷിനെപ്പോലെ ഇത്രയും ആഴത്തില്‍ ഇതറിഞ്ഞ് ചെയ്യുന്ന ആരും ഉണ്ടായിവരാത്തത്, കേരളത്തില്‍ ഇത്രയേറെ ചിത്രകാരന്മാരുണ്ടായിട്ടും. നമ്മുടെ ലളിതകലാ അക്കാദമിപോലും ഇതിനെ കാര്യമായി എടുക്കുന്നില്ലല്ലോ?
അത് മനസ്സിലാക്കുന്നതിന്റെ വ്യത്യാസംകൊണ്ടാവാം. കലിഗ്രഫിയെ ഒരു കലാരൂപമായി പലരും മനസ്സിലാക്കുന്നില്ല. ചുവരെഴുതുന്നവരും ബോര്‍ഡ് എഴുതുന്നവരും കലിഗ്രഫിതന്നെയാണ് ചെയ്യുന്നത്. പക്ഷേ, അതിനെ കുറഞ്ഞ എന്തോ ഒന്നായാണ് കാണുന്നത്. ഞാനാദ്യകാലത്ത് കോളേജിലൊക്കെ പഠിക്കുന്ന സമയത്ത് ചുവരെഴുതിയിരുന്നു. ആ സമയത്തെ മറ്റ് ചുവരെഴുത്തുകാരെ ബഹുമാനത്തോടെതന്നെയാണ് കണ്ടിരുന്നത്.
സിനിമ, സംഗീതം, കാര്‍ട്ടൂണ്‍ പോലെയൊന്നും ഒരു പ്രാധാന്യമോ പരിഗണനയോ ഒന്നും ഒരിക്കലും കലിഗ്രഫിക്ക് ഇവിടെ കിട്ടുന്നില്ല. എന്നാല്‍ വടക്കേയിന്ത്യയിലൊക്കെ ഇതിലേറെ പരിഗണന ലഭിക്കുന്നുമുണ്ട്. ഇത് ഒരു ഉത്സാഹക്കുറവുണ്ടാക്കിയിട്ടുണ്ടോ?
അങ്ങനെ ചോദിച്ചാല്‍ ഓര്‍മവരുന്ന ഒരു കാര്യമുണ്ട്. കലാകൗമുദിയില്‍ വര്‍ക്ക്ചെയ്യുന്ന സമയമാണ്. ആഴ്ചതോറും എഴുതുന്ന ടൈറ്റിലുകള്‍ ഒന്നുപോലും സ്‌റ്റൈല്‍ റിപ്പീറ്റ്ചെയ്യാതെ പുതിയ പുതിയ രീതിയില്‍ ഏതാണ്ട് ഒന്നരവര്‍ഷക്കാലം എഴുതി. വളരെ ഇഷ്ടത്തോടെ ചെയ്ത ഒരു കാര്യമായിരുന്നു അത്. പക്ഷേ, ആരും അതത്ര ശ്രദ്ധിക്കുന്നതായി എനിക്കന്ന് തോന്നിയില്ല. അതിനാല്‍ ആവര്‍ത്തനം വരുത്താതെയുള്ള ആ രീതി ഞാനുപേക്ഷിക്കുകയും ചെയ്തു. പക്ഷേ, പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം എക്സിബിഷന്‍ നടത്തിയപ്പോള്‍ ഈ ടൈറ്റിലുകള്‍ കണ്ട് പലരും പറഞ്ഞു അന്നേ ഇത് ശ്രദ്ധിച്ചിരുന്നു, ഇതൊക്കെ വെട്ടിയെടുത്ത് സൂക്ഷിച്ചിട്ടുപോലുമുണ്ട് എന്ന്. അപ്പോള്‍ വളരെ സന്തോഷം തോന്നി. പരിഗണന ലഭിക്കുന്നത് തീര്‍ച്ചയായും ഉത്സാഹം വര്‍ധിപ്പിക്കും.
തീര്‍ച്ചയായും മലയാളത്തില്‍ ആദ്യമായി കലിഗ്രഫര്‍ എന്ന രീതിയില്‍ അടയാളപ്പെട്ടത് മാഷാണ്. മാഷിന് ഇക്കാര്യത്തില്‍ ഒരു യുണീക് ശൈലിയുണ്ട്. അറബിയിലൊക്കെയാണെങ്കില്‍ അവരുടെ കള്‍ച്ചറിന്റെ ഭാഗംതന്നെയാണ് കലിഗ്രഫി. അത്രത്തോളം നമ്മള്‍ വളരുകയോ ചെറുതാകുകയോ ഒന്നും ചെയ്തിട്ടില്ല. ഇതിലേക്ക് ആദ്യമായുണ്ടാകുന്ന ഒരു പ്രചോദനം എവിടെനിന്നാണ്. ഇത് ഭാഷയോളം ചിത്രകലയോളം ഒക്കെ പ്രാധാന്യമുള്ളതാണ് എന്ന് മനസ്സിലാക്കി കൂടുതല്‍ ഇതിലേക്ക് ശ്രദ്ധകൊടുക്കുന്നത് എന്നുമുതലാണ്?
അതിന് എനിക്ക് പ്രചോദനമായത് സുന്ദര്‍ ആണ്. സുന്ദര്‍ ഇന്ന് നമ്മൊടൊപ്പം ഇല്ല. സുന്ദര്‍ ഓസ്ട്രേലിയയില്‍നിന്ന് നാട്ടില്‍ വരുമ്പോഴെല്ലാം എന്നോടിതേക്കുറിച്ച് സംസാരിക്കുമായിരുന്നു. കലാകൗമുദിയില്‍നിന്ന് പിന്നീട് ചേര്‍ന്ന മലയാളം വാരികയില്‍നിന്ന് വിട്ടുനില്‍ക്കുന്ന സമയമാണ്. ഒരു ഏഴെട്ടുവര്‍ഷം നിരന്തരം സുന്ദര്‍ പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഒരുതവണ സുന്ദര്‍ നാട്ടില്‍ വന്ന സമയത്ത് ഞങ്ങള്‍ ഒരു എക്സിബിഷന്‍ സംഘടിപ്പിച്ചു. കഥകള്‍ക്കും കവിതകള്‍ക്കും മറ്റുമായി എഴുതിയ തലക്കെട്ടുകളില്‍നിന്ന് തിരഞ്ഞെടുത്തവയായിരുന്നു പ്രദര്‍ശനത്തിന് വെച്ചിരുന്നത്. ആ എക്സിബിഷനോട് ആള്‍ക്കാര്‍ കാണിച്ച ഒരു താത്പര്യമാണ് എന്നെ ഇതിലേക്ക് കൂടുതല്‍ ശ്രദ്ധകൊടുക്കാനുള്ള മാനസികാവസ്ഥയിലേക്ക് കൊണ്ടുവന്നത്. അതൊരു എട്ടുവര്‍ഷമായിക്കാണും.
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്നും
അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം
Content Highlights: Interview with Calligraphy artist Narayana Bhattathiri
Content Highlights: