'ഇത്രയേറെ വിപുലമായ തയ്യാറെടുപ്പോടുകൂടി അധികാരത്തില്‍ വന്ന പ്രധാനമന്ത്രിമാര്‍ ലോകത്തില്‍ അപൂര്‍വമാണ്'

ഇന്ദിരാഗാന്ധി
ഇന്ദിരാഗാന്ധി

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിന്റെ ഗതിവിഗതികളെ ആഴത്തില്‍ സ്വാധീനിച്ച ഇന്ദിരാഗാന്ധിയിലെ വ്യക്തിയെയും ജീവിതത്തെയും രേഖപ്പെടുത്തുന്ന ജീവചരിത്രരചനയാണ് കെ.എ അബ്ബാസ് രചിച്ച ഇന്ദിരാഗാന്ധി: ചെമ്പനിനീര്‍പ്പൂ വീണ്ടും എന്ന പുസ്തകം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

ഇന്ത്യയും ഇന്ദിരയും
ജനങ്ങള്‍ കാണുന്നതുപോലെ സ്വര്‍ഗം കാണുന്നു
ജനങ്ങള്‍ കേള്‍ക്കുന്നത് പോലെ സ്വര്‍ഗം കേള്‍ക്കുന്നു.

-മെന്‍ഷ്യസ്

റോഡിന്റെ ഇരുവശങ്ങളിലും മട്ടുംഗ മുതല്‍ ദാദര്‍, വോര്‍ളി, പേടാര്‍ റോഡ്, ചൗപ്പാത്തി വഴി, മലബാര്‍ ഹില്ലിലുള്ള രാജ്ഭവന്‍ വരെ ജനങ്ങള്‍ നിരന്നിരുന്നു. അണികള്‍ക്ക് പിന്നില്‍ അണികളായി -ഇന്ത്യയിലെ ഏറ്റവുമേറെ വൈവിധ്യമുള്ള, ഏറ്റവുമധികം ഭാഷകള്‍ സംസാരിക്കുന്ന ഏറ്റവും വലിയ നഗരത്തില്‍ പല ഭാഷകളില്‍ കൗതുകത്തോടുകൂടി സംസാരിച്ചുകൊണ്ട്, പ്രതീക്ഷാനിര്‍ഭരതയോടെ കാത്തുനിന്നു. ബോംബെയിലെ ജനക്കൂട്ടങ്ങള്‍ പ്രശസ്താതിഥികളുടെ ആഗമനവും, വിടവാങ്ങലുമായി പരിചിതരാണ്. വളരെ സവിശേഷതയുള്ള ആരെങ്കിലുമാവാതെ അവര്‍ ആവേശഭരിതരാകുക എളുപ്പമല്ല. അവരില്‍ 'ചിലര്‍ക്ക്' കാത്തുനില്‍ക്കുന്ന ജനക്കൂട്ടവുമായി ചേരുന്നതിനു മുന്‍പ്, സംശയം തീര്‍ക്കേണ്ടതുണ്ടായിരുന്നു.
'ആരാണ് വരുന്നത്?'
'അവര്‍ വരുന്നുണ്ട്.'
'ഇന്ദിര വരുന്നുണ്ട്.'
'അവര്‍ ഈ വഴി കടന്നുപോകുമെന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയുണ്ടോ?'
വഴിനീളെ ഈ ചോദ്യങ്ങളും ഉത്തരങ്ങളും മറാത്തിയില്‍, ഹിന്ദിയില്‍, ഗുജറാത്തിയില്‍, തമിഴില്‍, തെലുങ്കില്‍, മലയാളത്തില്‍, കര്‍ണാടകത്തില്‍ നൂറു തവണ ആവര്‍ത്തിക്കപ്പെട്ടു. ചില സ്ഥലങ്ങളില്‍ ബംഗാളിയിലും പഞ്ചാബിയിലും തീര്‍ച്ചയായും ഇംഗ്ലീഷിലും.

അന്യോന്യം സംസാരിച്ചുകൊണ്ടിരിക്കെ പ്രായം കൂടിയവര്‍ ഇന്ത്യയിലെ മഹാന്മാര്‍ ഇതേ മാര്‍ഗത്തിലൂടെ കടന്നുപോയ നീണ്ട ഘോഷയാത്രകള്‍ ഓര്‍മിച്ചു-ലോകമാന്യതിലകനും മഹാത്മാഗാന്ധിയും സര്‍ദാര്‍പട്ടേലും മൗലാനാ ആസാദും സുഭാഷ്ബോസും ജവഹര്‍ലാല്‍ നെഹ്റുവും ആ പരമ്പരയിലെ അവസാനത്തെ ആളായ ലാല്‍ബഹാദൂര്‍ശാസ്ത്രിയും. ബോംബെയിലെ ജനങ്ങള്‍ വര്‍ഷങ്ങളിലൂടെ പല സന്ദര്‍ഭങ്ങളിലായി അകമഴിഞ്ഞ ഹാര്‍ദ്ദതയോടും ജനക്കൂട്ടങ്ങളുടെ സൂക്ഷ്മമായ വിവേചനത്തോടുംകൂടി ഓരോരുത്തരേയും സ്വാഗതം ചെയ്യുകയും, അവര്‍ക്ക് ഹര്‍ഷാരവം മുഴക്കുകയുമുണ്ടായിട്ടുണ്ട്. ബോംബെ അവളുടെ ഒന്നിച്ചുള്ള കരവലയങ്ങള്‍, തിരഞ്ഞെടുക്കപ്പെട്ട അപൂര്‍വം ചിലര്‍ക്കായേ വിടര്‍ത്താറുള്ളൂ.
'നിങ്ങള്‍ ഇന്ദിരയെ കാണുകയുണ്ടായോ?'
'ഉവ്വ്. ഞാന്‍ അവരെ ഇന്നലെ കണ്ടു.'
'ഇന്ദിരയെ കണ്ടാല്‍ വളരെ ചെറുപ്പം തോന്നുന്നു ഇല്ലേ?'
'ഇന്ദിര സേനാപതി ബാപതിനെ കാണുവാന്‍ പോയിരുന്നു. അവരുടെ അച്ഛനും ഇതുതന്നെ ചെയ്യുമായിരന്നു.'
'ഇന്ദിരയ്ക്ക് അവരുടെ അച്ഛന്റെ ഛായയുണ്ട്-അതേപോലതന്നെയാണ് അവര്‍ ചിരിക്കുന്നത്.'
'ഇന്ദിര അവരുടെ അച്ഛനെപ്പോലെതന്നെയാണ് പ്രസംഗിക്കുന്നത്. നിങ്ങള്‍ അവരുടെ പ്രസംഗം ഇന്നത്തെ കടലാസ്സില്‍ വായിച്ചുവോ?'
'ഇന്ദിര നാളെ ചൗപ്പാത്തിയില്‍ സംസാരിക്കുന്നുണ്ട്. താങ്കള്‍ വരുന്നുണ്ടോ?'
ഗാന്ധിയെ എപ്പോഴും 'മഹാത്മാ'യെന്നും അല്ലെങ്കില്‍ 'ഗാന്ധിജി'യെന്നും തിലകനെ ലോകമാന്യനെന്നും ബോസ്സിനെ 'സുഭാഷ് ബാബു' എന്നും പിന്നീട് 'നേതാജി' എന്നുമാണ് പറഞ്ഞിരുന്നത്. ജവഹര്‍ലാല്‍ നെഹ്റു ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും അദ്ദേഹത്തെ 'പണ്ഡിറ്റ്ജി' എന്നു വിളിച്ചുപോന്നു. ചെറിയ ലാല്‍ബഹാദൂര്‍പോലും തന്റെ ജനങ്ങള്‍ക്ക് 'ശാസ്ത്രിജി'യായിരുന്നു. എന്നാല്‍ പുതിയ പ്രധാനമന്ത്രിയെ ഇന്ദിരയെന്നാണ് പറയുന്നത്. വെറും ഇന്ദിര! അവരാണ് ഒരുപക്ഷേ, ആദരവല്ലാതെ സ്നേഹം ആര്‍ജ്ജിച്ചിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ പ്രധാന നേതാവ്. ബോംബെയിലെ അതുപോലെത്തന്നെ ഇന്ത്യയിലെ മറ്റു നഗരത്തിലേയും പട്ടണങ്ങളിലെ തെരുവില്‍ കാത്തുനിന്നിരുന്ന ആ ജനക്കൂട്ടത്തിന് അവര്‍ എന്തൊന്നിന്റെ പ്രതിനിധിയും പ്രതീകവുമായിരുന്നു? ആ ജനങ്ങള്‍ അവരില്‍നിന്നും എന്താണ് പ്രതീക്ഷിക്കുന്നത്? ഈ പ്രതീക്ഷകള്‍ നിറവേറ്റുവാന്‍ അവര്‍ക്ക് സാധിക്കുമോ? ജനങ്ങള്‍ കാത്തുനില്‍ക്കുകയാണ്. അവര്‍ അങ്ങോട്ട് വരികയില്ലേ?

ഇന്ത്യയിലെ ജനങ്ങളും പുറമെയുള്ളവര്‍ കൂടി ഇന്ദിരാഗാന്ധിയില്‍ വിവിധങ്ങളായ ചിലപ്പോള്‍ കൂടിക്കലര്‍ന്ന രൂപങ്ങള്‍ കാണുകയാണ്. മഹാനായ ഒരച്ഛന്റെ മകള്‍, സ്ത്രീസ്വാതന്ത്ര്യത്തിന്റെ ഏറ്റവും ഉന്നതമായ പ്രതീകം, ഇന്ത്യന്‍ വിപ്ലവത്തിന്റെ സന്താനം, രാഷ്ട്രീയത്തിന്റെ വനാന്തരത്തില്‍പ്പെട്ടുപോയ സൗന്ദര്യബോധവും പരിഷ്‌കാരവും തികഞ്ഞ നാഗരിക വനിത, കൂടാതെ അവരുടെ ചില എതിരാളികളുടെ വീക്ഷണത്തില്‍-അടുത്തുവരുന്ന തിരഞ്ഞെടുപ്പില്‍ ഉപകാരപ്രദവും സൗകര്യപ്രദവുമായ വിധത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുവേണ്ടി വോട്ടുകള്‍ ശേഖരിക്കുന്ന വ്യക്തിയും.
അതിനാല്‍ ഞാന്‍ അവരോട് ചോദിച്ചു: 'താങ്കളെങ്ങനെയാണ്, ഇന്ത്യന്‍പ്രധാനമന്ത്രിയായിട്ടുള്ള താങ്കളുടെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യതയെ വിശദീകരിക്കുന്നത്?'
അവര്‍ വിനയപ്രകടനത്തില്‍ രക്ഷ നേടിയില്ല. അവരുടെ തിരഞ്ഞെടുപ്പിന് പ്രത്യേക പ്രാധാന്യതയില്ലെന്നൊന്നും അവര്‍ പറയുകയുണ്ടായില്ല. തന്റെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത വിലയിരുത്തുവാന്‍ തനിക്ക് പ്രയാസമാണെന്നവര്‍ ബുദ്ധിപൂര്‍വം പറഞ്ഞു. അത് മറ്റുള്ളവര്‍ തീരുമാനിക്കേണ്ടതാണ്. എന്നാല്‍, അവരെ ഈ ഉന്നതാധികാരസ്ഥാനത്തിന്നായി നിയോഗിക്കപ്പെട്ടതിന് ചില പ്രാധാന്യതകളുണ്ട്. 'ഒരുപക്ഷേ, അത് ഒരു തരത്തില്‍ അനുസ്യൂതത ഉറപ്പിക്കുന്നു-നയങ്ങളുടെ തുടര്‍ച്ച, വ്യക്തി പ്രഭാവത്തിന്റെ തുടര്‍ച്ചയും.' 'താങ്കള്‍ യോജിക്കുന്നുവോ' ഞാന്‍ പിന്നീട് ചോദിച്ചു: 'താങ്കളുടെ തിരഞ്ഞെടുപ്പിന് ആഴത്തിലുള്ള സാമൂഹികവും സിദ്ധാന്തപരവുമായ സ്വാധീനത ജവഹര്‍ലാല്‍ നെഹ്റുവുമായി ബന്ധപ്പെട്ട ഏതാനും മൂല്യങ്ങളും ആശയങ്ങളും സ്വീകരിച്ചിരിക്കുന്ന ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ വികാസത്തിന്നുണ്ടാകുമോ?'
മൂല്യങ്ങളുടെയും ആശയങ്ങളുടെയും ചോദ്യം ആവശ്യം തന്നെയാണെന്നവര്‍ സമ്മതിച്ചു. എന്നാല്‍, ഈ മൂല്യങ്ങളും ആദര്‍ശങ്ങളും ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്വന്തമായ പാരമ്പര്യമല്ല, അവ ഇന്ത്യയുടെയും മൂല്യങ്ങളും ആശയങ്ങളുമായിരുന്നു.

ഈ മൂല്യങ്ങളും അശയങ്ങളും, സ്വന്തം നിലയില്‍ ഉച്ചരിക്കുവാന്‍ അവര്‍ ശ്രദ്ധിക്കുമോ? 'അവ നമ്മുടെ ചരിത്രത്തിലേയും ജീവിതത്തിലേയും പഴയതിന്റേയും പുതിയതിന്റേയും ഉദ്ഗ്രഥനത്തില്‍നിന്നും ജന്മമെടുത്തവയാണ്.' അവര്‍ മറുപടി നല്‍കിക്കൊണ്ട് തുടര്‍ന്നു: 'നമ്മുടെ സഹിഷ്ണുതയും സാര്‍വലൗകികമായ വീക്ഷണവും എടുത്തുനോക്കുക. ഒരുപക്ഷേ, ഇതില്‍നിന്നായിരിക്കും സമാധാനപരമായ സഹവര്‍ത്തിത്വസിദ്ധാന്തമുളവായത്. പിന്നെ കൂടുതല്‍ കൂടുതല്‍ നല്ലൊരു ജീവിതത്തിന്നായുള്ള ജനങ്ങളുടെ ബോധമുണ്ട്. സാമ്പത്തികം മാത്രമല്ല സാംസ്‌കാരികവും ബുദ്ധിപരവുമായ ജീവിതത്തിന് കൂടി. ഈ ബോധം നാം ജനങ്ങള്‍ക്കായി രൂപപ്പെടുത്തുവാന്‍ പ്രതിജ്ഞാബദ്ധമായ സോഷ്യലിസ്റ്റ് സമുദായം എന്ന ആശയത്തില്‍ക്കൂടി പ്രായോഗികരൂപം ആര്‍ജ്ജിച്ചു. ഇതേ ബോധംതന്നെയാണ് നമ്മുടെ വിദേശനയത്തിലേക്കും വ്യാപിച്ചിരിക്കുന്നത്. ഇത് നമുക്കായി നാം ആഗ്രഹിക്കുന്ന സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങളും അഭിവൃദ്ധിക്കാവശ്യമായ അവസരങ്ങളും മറ്റുള്ളവര്‍ക്കും ഉണ്ടായിരിക്കണമെന്ന നമ്മുടെ ലളിതമായ ആശയത്തെ അടിസ്ഥാനമാക്കീട്ടുള്ളതാണ്.'
ഞാന്‍ ഒടുവിലായി ചോദിച്ചു: 'നിങ്ങളുടെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിനും ഗവണ്‍മെന്റിനും സോഷ്യലിസവുമായി മുന്നോട്ടു പോകുന്നതിനുള്ള അനുമതിയാണോ?'
അവര്‍ അങ്ങനെ വിചാരിച്ചില്ല. കോണ്‍ഗ്രസ്സിലെ പല അംഗങ്ങളിലും സോഷ്യലിസത്തെക്കുറിച്ച് ആഴമുള്ള ബോധം കാണുന്നില്ലെന്നു പറയുന്നതില്‍ അവര്‍ക്ക് സന്തോഷമുണ്ടായിരുന്നില്ല. കുറച്ചുപേര്‍ അതിന്നായി ആഗ്രഹിക്കുകയും തീര്‍ച്ചയായും അതിന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അവര്‍ തീര്‍ച്ചയായും അതിലൊരാളായി അവരെ ഉള്‍പ്പെടുത്തിയിരുന്നു. 'എന്നാല്‍ അത് ഒന്നുകൊണ്ടും വലുതല്ല' എന്നവര്‍ ഭയപ്പെട്ടു. പലപ്പോഴും മുദ്രാവാക്യങ്ങളും സമര്‍ഥങ്ങളായ പദപ്രയോഗങ്ങളുമായി ബന്ധപ്പെടാത്ത അസുഖകരങ്ങളായ യാഥാര്‍ഥ്യങ്ങളെ നേരിടുവാനുള്ള സ്ഥൈര്യമുണ്ടായിരുന്നു പ്രധാനമന്ത്രിക്ക്. തന്റെ ജനങ്ങളുടെ നേതാവെന്ന നിലയിലുള്ള അവരുടെ പ്രഥമയോഗ്യത!

എന്തൊക്കെയായിരുന്നു മറ്റു യോഗ്യതകളും-പോരായ്മകളും-അവരുടെ വ്യക്തിത്വത്തിന്റെ കയ്യിരുപ്പിന്റെയും ബാധ്യതകളുടെയും ആകത്തുകയില്‍നിന്നും വ്യക്തമായിരിക്കുന്നത്?
അവരുടെ ഏറ്റവും വലിയ കയ്യിരുപ്പ് തന്നെയായിരുന്നു അവരുടെ ഏറ്റവും വലിയ ബാധ്യതയും. ജവഹര്‍ലാലിന്റെ മകളാണെന്ന വസ്തുത അവര്‍ക്ക് കായികവും ബുദ്ധിപരവുമായ അനുഗ്രഹങ്ങള്‍ അവരുടെ കിടമത്സരക്കാര്‍ക്കും, എതിര്‍ക്കുന്നവര്‍ക്കും, വളരെക്കുറച്ചുപേര്‍ക്കുമാത്രം അവകാശപ്പെടുവാന്‍ മാത്രം കഴിയുന്നവിധം ലഭിച്ചിരുന്നു. സുന്ദരമായ നെഹ്റുച്ഛായതന്നെ തീര്‍ച്ചയായും ഒരു സമ്പത്താണ്. പ്രസിഡന്റ് രാധാകൃഷ്ണന്‍ യു.എ.ആര്‍. പത്രാധിപര്‍ മുഹമ്മദ് ഹുസ്സേനിന്‍-ഹൈക്കലിനോട് പറയുകയുണ്ടായി: 'ഇന്ത്യ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളുമുണ്ടായിട്ടും അതിനിന്ന് ലോകത്തില്‍വെച്ച് ഏറ്റവും സൗന്ദര്യമുള്ള പ്രധാനമന്ത്രിയാണുള്ളത്. ഒന്നുമില്ലെങ്കിലും രാവിലെ പത്രങ്ങള്‍ ഞങ്ങള്‍ക്ക് സുന്ദരമായ ഒരു ചിത്രവുമായി എത്തും: സുന്ദരച്ഛായയോടൊപ്പം അവര്‍ അച്ഛനില്‍നിന്നും പ്രധാനപ്പെട്ട പല ഗുണങ്ങളും ആര്‍ജിച്ചിട്ടുണ്ട്. ഉല്‍പതിഷ്ണുവായ ഒരാധുനിക മനസ്സ്, നിരന്തരമായി കഠിനാധ്വാനം ചെയ്യുന്നതിനുള്ള കഴിവ്: വൈരുധ്യമുള്ള അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുവാനും അവയെ ഒത്തിണക്കുവാനും ജീവകാലമത്രയുമുള്ള പരിശീലനം; നിറയെ സ്ഥൈര്യവും-കായികമായ സ്ഥൈര്യം മാത്രമല്ല, അച്ഛനും മകളും അവരുടെ പര്‍വതാരോഹണങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കാറുള്ളതുപോലെ- എന്നാല്‍ ധാര്‍മികമായ സ്ഥൈര്യം, അവരുടെ വിശ്വാസങ്ങളെ അവലംബിച്ചുള്ള സ്ഥൈര്യം.

അവര്‍ വിശ്വസിച്ചിരുന്നത് എന്തിലാണ്? ഞാന്‍ ചോദിച്ചു. അവരുടനെ മറുപടി നല്‍കി. 'മതം? ദേവാലയങ്ങളുടെയും പള്ളികളുടെയും, യന്ത്രങ്ങളുടെയും കര്‍മങ്ങളുടെയുമോ?-ഇല്ല. ഇവയെല്ലാം മാനസികവും ആത്മീയവുമായ ഊന്നുവടികളാണ്. ആവശ്യമുള്ള ആളുകള്‍ അവ ഉപയോഗിക്കുന്നതില്‍ എനിക്ക് വിരോധമില്ല. വ്യക്തിപരമായി എനിക്ക് ആവശ്യമില്ല. ഞാന്‍ ഹിന്ദുദര്‍ശനത്തില്‍ വിശ്വസിക്കുന്നു; അത് യുക്തിയിലധിഷ്ഠിതമായതിനാല്‍. എന്നാല്‍ മനുഷ്യനെ വിഭജിക്കുന്ന മതഭ്രാന്തിനെ ഞാന്‍ എതിര്‍ക്കുന്നു: അന്ധവിശ്വാസം അവര്‍ക്ക് പൊറുപ്പിക്കുക വയ്യ. അന്ധവിശ്വാസം 'തെളിഞ്ഞ യുക്തിയുക്തമായ ചിന്തയെ തടയുന്നു.' 'ജ്യോതിഷമോ' അവര്‍ ജ്യോതിഷത്തിലും യോഗവിദ്യയിലും വിശ്വസിക്കുന്നില്ല.
'താങ്കള്‍ സോഷ്യലിസത്തില്‍ വിശ്വസിക്കുന്നുണ്ടോ?' ഞാന്‍ ചോദിച്ചു. 'ഉവ്വ്. ഞാന്‍ വിശ്വസിക്കുന്നു' അവര്‍ സംശയം കൂടാതെ മറുപടി പറഞ്ഞു. എന്നാല്‍ ഒരു മതവിധിയെന്ന നിലയിലല്ല. എല്ലാ രൂപത്തിലുമുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതു തീര്‍ച്ചയായും സോഷ്യലിസത്തിലൂടെ വേണം സ്ഥാപിക്കുവാന്‍. അനേകമാളുകള്‍ സാമ്പത്തികമായി ശക്തിയുള്ള സവാരി നടത്തുകയാണ്. ഇത് നില്‍ക്കണം, നല്ല ജീവിതത്തിനുള്ള ജനങ്ങളുടെ അവകാശത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. സാമ്പത്തികമായി മാത്രമല്ല; മാനസികമായും ആത്മീയമായും. എനിക്ക് മാനസികമായി സമ്പന്നമായ ഒരു ജീവിതമുണ്ടാകുവാന്‍ ഭാഗ്യമുണ്ടായിരുന്നു. അതിനാല്‍ ദാരിദ്ര്യത്തില്‍ മുഴുകി, സംസ്‌കാരവും കലയും അഭിനന്ദിക്കുവാന്‍ അശക്തരായിത്തീര്‍ന്നിട്ടുള്ളവരെക്കാണുന്നത് എനിക്ക് വേദനാജനകമാണ്. ജീവിതത്തിന്റെ സൂക്ഷ്മങ്ങളായ മൂല്യങ്ങളെ, ആസ്വദിക്കുവാനും അഭിനന്ദിക്കുവാനും ഉതകുന്ന വിധത്തിലുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുവാന്‍ ഞാനിഷ്ടപ്പെടുന്നു.'

സദാചാരങ്ങള്‍ നിയമത്തിന്റെ നിര്‍ബന്ധത്താല്‍ നടപ്പിലാക്കുന്നതിലവര്‍ വിശ്വസിച്ചില്ല. അച്ചടക്കത്തെപ്പോലെ സദാചാരബോധവും ഉള്ളില്‍നിന്നും ഉണ്ടായിവരണം. പുറമേനിന്നും അടിച്ചേല്പിക്കുക വയ്യ.
അവര്‍ മറ്റെന്തിലെല്ലാമാണ് വിശ്വസിക്കുന്നത്. അവര്‍ യുവത്വത്തില്‍ വിശ്വസിക്കുന്നു. ഒരു മുദ്രാവാക്യമെന്ന നിലയിലല്ല വളരെ ആത്മാര്‍ഥമായി. 'യുവജനങ്ങള്‍ക്കിന്ന് ഒരു ദര്‍ശനവും, ധാരാളം ക്രിയാത്മകമായ ശക്തിയും ഉണ്ട്. അവ ദേശീയതാല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണം. എല്ലാ പ്രവര്‍ത്തനമണ്ഡലങ്ങളിലും യുവജനങ്ങള്‍ക്ക് പൂര്‍ണമായ അവസരം നല്‍കണം. ദേശീയ വികസനത്തില്‍ പങ്കുണ്ടെന്ന ബോധത്താല്‍ അവര്‍ പ്രചോദിതരാകും.' ഇവ കേവലം ആശയങ്ങളല്ല. അവര്‍ സാമ്പത്തികവും വ്യാവസായികവും സാംസ്‌കാരികപ്രവര്‍ത്തനങ്ങളുടേയും മണ്ഡലത്തിലുള്ള യുവജനങ്ങളുമായി തുടര്‍ച്ചയായുള്ള വട്ടമേശസംഭാഷണങ്ങള്‍ ആരംഭിച്ചുകൊണ്ട് അവ പ്രായോഗികമാക്കുകയാണ്. 'യുവജനങ്ങളെ അവര്‍ ദേശീയ ജീവിതത്തില്‍ എല്ലാ വിഭാഗങ്ങളിലും ഉത്തരവാദിത്വമുള്ള സ്ഥാനങ്ങള്‍ ഏറ്റെടുക്കുവാന്‍ പരിശീലിപ്പിക്കണം.'

ഉന്നതാധികാരസ്ഥാനത്തിന്ന് കാംക്ഷിക്കുന്ന ഏതു യുവവ്യക്തിക്കും ലഭിക്കാവുന്ന ഏറ്റവും വിപുലമായ രാഷ്ട്രീയ പരിശീലനം അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിന്നവരുടെ അച്ഛനോട് നന്ദി. അവര്‍ സ്വാതന്ത്ര്യസമരത്തിന്റെ എല്ലാ പാതകളിലൂടെയും സഞ്ചരിച്ചു. അവര്‍ ഇന്ത്യയിലും പുറത്തുമുള്ള എല്ലാ മഹാന്മാരും, അധികാരസ്ഥാനങ്ങളിലുള്ളവരുമായി തോളുരുമ്മി. അവര്‍ അന്താരാഷ്ട്രീയ രാജ്യതന്ത്രത്തിന്റെ വിഭിന്ന ഒഴുക്കുകള്‍ക്കിടയില്‍ ജീവിക്കുകയും പഠിക്കുകയും ചെയ്തു. തന്റെ അച്ഛന്‍ നാട്ടിലേയും ലോകത്തിലേയും ഏറ്റവും സങ്കീര്‍ണങ്ങളായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കെ പതിനെട്ടു വര്‍ഷങ്ങള്‍ അവര്‍ അദ്ദേഹത്തിന്റെ അരികിലുണ്ടായിരുന്നു. രാഷ്ട്രീയവേദിയില്‍ പ്രധാനമായൊരു പങ്ക് വഹിക്കുന്നതിന്നു ഇത്രയേറെ വിപുലമായ, ജീവകാലം മുഴുവനും നീണ്ടുനിന്ന തയ്യാറെടുപ്പോടുകൂടി അധികാരത്തില്‍ വന്ന പ്രസിഡന്റുമാരും അല്ലെങ്കില്‍ പ്രധാനമന്ത്രിമാരും ലോകത്തില്‍ അപൂര്‍വമാണ്. വേണമെങ്കില്‍ പറയാം മുന്‍കൂട്ടിതന്നെ, 'ഇന്ത്യന്‍ വിപ്ലവത്തിന്റെ ഈ മകളെ അവരുടെ അച്ഛന്‍ തനിക്ക് തന്റെ നാട്ടിലുള്ള രാജോചിതമായ സ്ഥാനത്തിന്റെ അനന്തരാവകാശിയായി രൂപപ്പെടുത്തിക്കൊണ്ടുവരികയായിരുന്നു. ഇതോടൊപ്പം നെഹ്റുനാമത്തിന്റെ മായികതയും നെഹ്റുഐതിഹ്യവും കൂടിയാല്‍ നിങ്ങള്‍ പറയും ജനനസമയത്ത് അവരെ അനുഗ്രഹിച്ച ദേവതമാര്‍ക്ക് ഇതില്‍ക്കൂടുതല്‍ അനുഗ്രഹങ്ങളൊന്നും അവര്‍ക്ക് നല്‍കുവാനുണ്ടാകുമായിരുന്നില്ല എന്ന്.

അവരുടെ ഏറ്റവും കനത്ത ബാധ്യതയും നെഹ്റു പാരമ്പര്യമായിരുന്നു. അവര്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ മകളാണ്. അതിനാല്‍ അവരെ അവരുടെ അച്ഛനുമായി താരതമ്യപ്പെടുത്തുന്നതിനുള്ള ഒരു വാസനയുണ്ട്. നാല്പത്തിഒമ്പതാമത്തെ വയസ്സില്‍ അദ്ദേഹം സ്വാതന്ത്ര്യപ്രസ്ഥാനത്തിലെ ഏറ്റവും ക്രിയാത്മകതയുള്ള നേതാവായിരുന്നു. സ്വരാജിന്നുള്ള പകുതി സാമൂഹികപരിഷ്‌കരണത്തിലധിഷ്ഠിതമായ പ്രസ്ഥാനത്തെ വെള്ള ഉദ്യോഗസ്ഥ മേധാവിത്വത്തില്‍നിന്ന് കറുത്ത ഉദ്യോഗസ്ഥമേധാവിത്വത്തിലേക്ക് രാഷ്ട്രീയാധികാരക്കൈമാറ്റം എന്ന ഏക ലക്ഷ്യത്തില്‍ കവിഞ്ഞ, സോഷ്യലിസത്തെ അടിസ്ഥാനമാക്കി, സാമ്പത്തികവും സാമൂഹികവുമായ ബന്ധങ്ങള്‍ ഉടച്ചുവാര്‍ക്കുന്നതിനുള്ള വിപ്ലവാത്മകമായ ഒരു ജനകീയപ്രസ്ഥാനമാകുന്നതിന് ചരിത്രപരമായ തന്റെ സംഭാവനകള്‍ അദ്ദേഹം നല്‍കിക്കൊണ്ടിരുന്നു. നാല്പത്തിഒമ്പതാമത്തെ വയസ്സില്‍ അദ്ദേഹം ഇന്ത്യയിലെ ബുദ്ധിജീവികളുടെ ഒരു തലമുറയ്ക്ക് മുഴുവനും പ്രചോദനം നല്‍കുന്ന ശാസ്ത്രീയമായ ചിന്തയോടുകൂടി യുക്തിയിലും മനുഷ്യത്വത്തിലും അധിഷ്ഠിതമായ, സാമ്പത്തികവും സാമൂഹികവുമായി വിപ്ലവാത്മകമായ സമീപനമുള്ള ഒരു നവോത്ഥാനത്തിന്റെ നേതാവായിരുന്നു. ഇന്ദിരയ്ക്കും അവരുടെ തലമുറയ്ക്കെന്നോണം, അവരുടെ അച്ഛന്റെ മാതൃക എന്നും നിലനില്‍ക്കും. അങ്ങനെ വേണംതാനും. എന്നാല്‍, അത് താരതമ്യത്തിനുള്ള മാനദണ്ഡമാകാന്‍ പാടുള്ളതല്ല.

Content Highlights: indira gandhi biography malayalam mathrubhumi books