‘നമ്മുടെ ആളുകള്‍ പൊതുവേ താത്പര്യപ്പെടുന്നത് ജനാധിപത്യമല്ല, ഏകാധിപത്യമാണ്; സ്വാതന്ത്ര്യമല്ല, അടിമത്തമാണ്’

എം.എന്‍. കാരശ്ശേരിയുടെ ‘ജനാധിപത്യം എന്ന കൂട്ടക്ഷരം’ എന്ന പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം.
വ്യക്തിയെ നോക്കിക്കാണുന്നതില്‍ നമ്മുടെ സംസ്‌കാരവും രാഷ്ട്രീയവും പ്രകടിപ്പിക്കുന്ന വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്? ഈ വഴിക്ക് നമ്മുടെ ചരിത്രത്തെ വിശകലനം ചെയ്യാന്‍ സാധിക്കുമോ? ഭരണമാറ്റത്തിന്റെ ഉദാഹരണം ചര്‍ച്ച ചെയ്തുകൊണ്ട് കാര്യം വിശദീകരിക്കാം:
രാജാധിപത്യം വാഴ്ചയൊഴിഞ്ഞ് ജനാധിപത്യം വന്നിട്ടും രാജഭക്തിയുടെ സംസ്‌കാരം നമ്മില്‍ മിക്കവരെയും വിട്ടുപോയിട്ടില്ല. പോയ കാലത്തെന്നപോലെ, ഭരണാധിപന്റെ വംശത്തുടര്‍ച്ച പുലര്‍ന്നുകാണാനാണ് നമ്മള്‍ ഇപ്പോഴും ആഗ്രഹിക്കുന്നത്. എല്ലാ കക്ഷികളിലും എല്ലാ സംസ്ഥാനങ്ങളിലും കൂടിയോ കുറഞ്ഞോ ഈ ജീര്‍ണ്ണത കാണാനുണ്ട്.
എത്രയോ കാലം ഇന്ത്യ ഭരിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയ്ക്കു വഴിവെച്ചത് ഈ ഭക്തിയാണ്.
ജവഹര്‍ലാല്‍ നെഹ്‌റു ഇന്ദിരാഗാന്ധി രാജീവ് ഗാന്ധി എന്നിങ്ങനെ ഒരു 'രാജവംശം' തന്നെ അധികാരത്തില്‍ തുടര്‍ന്നുപോന്നു. രാജീവിന്റെ പുത്രന്‍ രാഹുലിന് നേതൃശേഷി കുറവാണോ എന്ന് ശങ്ക വരുമ്പോള്‍ വേറെ ആരുണ്ട് എന്നല്ല, രാജീവിന്റെ പുത്രി പ്രിയങ്കയെ വിളിച്ചാലോ എന്നാണ് ആലോചന. ആ കക്ഷിയിലെ, എല്ലാ ഉള്‍പ്പാര്‍ട്ടിചര്‍ച്ചകളെയും കൂടിയാലോചനകളെയും ഇല്ലാതാക്കിക്കൊണ്ട്, ആഭ്യന്തരജനാധിപത്യം നശിപ്പിച്ചത് നെഹ്‌റുപൂജയില്‍ വേരാഴ്ത്തിനില്‍ക്കുന്ന ഈ കുടുംബവാഴ്ചയാണ്. എല്ലാം വ്യക്തിയില്‍ കേന്ദ്രീകരിച്ചുകൊണ്ട്, സ്വന്തമായി ജനാധിപത്യസംസ്‌കാരം പാലിക്കാതെ, പ്രവര്‍ത്തിക്കുന്ന ഒരു കക്ഷി കൊണ്ടുനടന്നു എന്നതാണ് നമ്മുടെ രാഷ്ട്രീയത്തില്‍ പ്രകടമാകുന്ന ദൗര്‍ബല്യങ്ങള്‍ക്ക് പ്രധാന കാരണം.
പല പാര്‍ട്ടികളിലും സംസ്ഥാനമുഖ്യമന്ത്രി തന്നെയാണ് പാര്‍ട്ടി പ്രസിഡന്റ് അല്ലെങ്കില്‍ ഒന്ന് പിതാവ്, മറ്റേത് പുത്രന്‍! പ്രധാനമന്ത്രിപദവും കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനവും ഒരേ സമയം വഹിച്ച് ഇതിന് മാതൃക കാണിച്ചത് ഇന്ദിരാഗാന്ധി തന്നെയാണ്.
വ്യക്തിപൂജയുടെ ഒരു പാര്‍ട്ടിയായി തരംകെടുവാന്‍ കോണ്‍ഗ്രസ്സിന് ഏറെക്കാലം വേണ്ടിവന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് 'ഇന്ത്യ ഇന്ദിരയാണ്; ഇന്ദിര ഇന്ത്യയാണ്' എന്ന് ഉദ്‌ഘോഷിക്കുവാന്‍ മാത്രം അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ബറുവ താഴ്ന്നുപോയി. ജനാധിപത്യം ഏകാധിപത്യത്തിലേക്ക് വഴിതെറ്റുന്ന തിരിവിലെ ചൂണ്ടുപലകയാണിത്: ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തിപൂജ വളര്‍ത്തിക്കൊണ്ടാണ് ഏകാധിപത്യത്തിന് വഴിയൊരുക്കുന്നത്.
നമ്മുടെ ആളുകള്‍ പൊതുവേ താത്പര്യപ്പെടുന്നത് ജനാധിപത്യമല്ല, ഏകാധിപത്യമാണ്; സ്വാതന്ത്ര്യമല്ല, അടിമത്തമാണ്. ജനാധിപത്യം ആവശ്യപ്പെടുന്ന ജാഗ്രതയും അത് കെട്ടിയേല്‍പ്പിക്കുന്ന ചുമതലയും മിക്കവര്‍ക്കും വലിയ ഭാരമായി തോന്നും: ഈ സത്യം അടിയന്തരാവസ്ഥക്കാലത്ത് വെളിപ്പെടുകയുണ്ടായി.
ശക്തനായ ഭരണാധികാരി, ശക്തമായ ഭരണകൂടം, കര്‍ക്കശമായ നിയമവ്യവസ്ഥ, കഠിനമായ ശിക്ഷാവിധി ഇതിനോടൊക്കെയാണ് ആളുകള്‍ക്ക് മതിപ്പ്. എല്ലാം നോക്കിനടത്താന്‍ 'മേലെ' ഒരാളുണ്ടാവുന്നതില്‍ ഒരാശ്വാസമുണ്ട്! ആ 'ശക്തി'യെ പേടിച്ചും വണങ്ങിയും കഴിഞ്ഞുകൂടുന്നതാണ് സുഖം. ഈ ഖണ്ഡികയിലെ ആദ്യവക്യം ഒന്നുകൂടി വായിച്ചു നോക്കൂ അദൃശ്യനായ ദൈവത്തിന്റെ അവ്യക്തമായ രേഖാചിത്രം തെളിഞ്ഞുവരുന്നില്ലേ? മതനിഷ്ഠമായ ലോകവീക്ഷണത്തിലൂടെ ഉരുവം കൊണ്ടുവന്ന ഈ സംസ്‌കാരത്തിന് ഇന്ത്യയില്‍ വലിയ സ്വാധീനമുണ്ട്.
ജനാധിപത്യത്തിലെ 'പൗരന്മാര്‍' ആകുന്നതിലുമധികം ഏകാധിപത്യത്തിലെ 'പ്രജകള്‍' ആകുന്നതില്‍ ഇവിടെ മിക്കവര്‍ക്കും താത്പര്യം തോന്നുന്നതിന്റെ സാംസ്‌കാരികപശ്ചാത്തലം ഇതാണ്. ആധുനിക 'ദൈവങ്ങള്‍' ആയ സിനിമാതാരങ്ങള്‍ തമിഴ്‌നാട്ടിലും ആന്ധപ്രദേശിലും പലവട്ടം മുഖ്യമന്ത്രിമാരായി വന്നതില്‍ ഈ വ്യക്തിപൂജയുടെ ദാസ്യം ഏതറ്റംവരെയും പോകാം എന്നതിന്റെ സൂചനയുണ്ട്.
രാജാവ്, സേനാനായകന്‍, ഭൂപ്രഭു തുടങ്ങി പല പേരുകളില്‍ പൂജനീയസ്ഥാനത്ത് വാഴ്ചകൊണ്ട 'വ്യക്തി'കളെ ചരിത്രത്തിലേക്ക് നാടുകടത്തിക്കൊണ്ട് ഇരമ്പിക്കടന്നുവന്ന ജനാധിപത്യം തീര്‍ത്തും വിരുദ്ധമായൊരു സ്ഥാനത്തുനിന്ന് 'വ്യക്തി'യെ നോക്കിക്കാണുന്നു. ആധുനികരാഷ്ട്രീയം വ്യക്തിസ്വാതന്ത്ര്യത്തിന്റെ രംഗവേദിയാണ്. പക്ഷേ, ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രധാനപ്പെട്ട പരിമിതി അതിന് 'വ്യക്തി'കളെ വേറെ വേറെ കണ്ട് പരിചയമില്ല എന്നതാണ്. ഒരു വ്യക്തിയെ വ്യക്തിയായിട്ടല്ല, ഏതെങ്കിലും ഗോത്രത്തിന്റെയോ ജാതിസമുദായത്തിന്റെയോ മതസമൂഹത്തിന്റെയോ അപ്രധാനമായ അംശം മാത്രമായിട്ടാണ് നമ്മള്‍ കണ്ടുപോന്നിരുന്നത്.
'ആരാ?' എന്ന ചോദ്യത്തിന് മറുപടി 'നായരാ' എന്നായിരുന്നു; അല്ലാതെ 'കൃഷ്ണനാ' എന്ന് സ്വന്തം പേരായിരുന്നില്ല. വ്യക്തിക്ക് സ്വന്തമായി അഭിരുചികളോ അഭിപ്രായങ്ങളോ ഉണ്ടാവാം എന്ന് നമുക്ക് ആലോചന ചെല്ലുന്നില്ല. പ്രണയവിവാഹങ്ങള്‍ ദുരഭിമാനവധങ്ങളിലേക്കും സമുദായലഹളകളിലേക്കും വളരുന്നത് അതുകൊണ്ടാണ്: ഇത്തരം കാര്യങ്ങളിലുള്ള വ്യക്തിയുടെ സ്വതന്ത്രമായ തീരുമാനം കൊല അര്‍ഹിക്കുന്ന വിധമുള്ള ഗുരുതരമായ 'കുറ്റം' ആണ് എന്നും വ്യക്തി ചെയ്യുന്ന കുറ്റം അയാള്‍ ഉള്‍പ്പെടുന്ന സമുദായത്തിന്റെ തന്നെ കുറ്റം ആണ് എന്നും ഉള്ള കാഴ്ചപ്പാടില്‍നിന്നാണ് ഈ ശിക്ഷാവിധികള്‍ ഉടലെടുക്കുന്നത്.
ഒരു കൂട്ടായ്മയുടെ ഘടകം മാത്രമാണ് വ്യക്തി എന്നത് പഴയ ഗോത്രസങ്കല്‍പമാണ്. ആരെങ്കിലും കൊല്ലപ്പെട്ടാല്‍ ഗോത്രനീതി ശിക്ഷിക്കുന്നത് കൊന്നവന്റെ ഗോത്രത്തെയാണ്. ശിക്ഷിക്കപ്പെടുന്നത് കുറ്റം ചെയ്തവന്‍ ആകണമെന്നില്ല, അയാളുടെ ഗോത്രത്തിലെ ആരായാലും മതി. ഇന്നും നമ്മുടെ നാട്ടിലെ രാഷ്ട്രീയകൊലപാതകങ്ങളില്‍ കണ്ടുപോരുന്നത് ഈ ഗോത്രരീതിയാണ്പകരം കൊല്ലുന്നത് കൊന്നവനെ വേണമെന്നില്ല, അയാളുടെ പാര്‍ട്ടിയിലെ ഏത് ആളെ ആയാലും മതി. പലരും വോട്ടു ചെയ്യുന്നതും ഈ കണക്കിലാണ് യോഗ്യനോ അയോഗ്യനോ എന്നത് പ്രശ്‌നമല്ല; പാര്‍ട്ടിക്കാരനോ അല്ലയോ എന്നതും വിഷയമല്ല; സ്വന്തം സമുദായക്കാരന്‍ തന്നെ ജയിക്കണം.
ഈ തന്മയീഭാവം ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നതുകൊണ്ടാണ് നമ്മുടെ നാട്ടില്‍ ഏത് കുറ്റവാളിയെയും അയാളുടെ ജാതിക്കാരോ മതക്കാരോ ഭാഷക്കാരോ പാര്‍ട്ടിക്കാരോ ന്യായീകരിക്കുന്നത്. വിമര്‍ശനമോ പരിഹാസമോ ആരോപണമോ ശിക്ഷയോ തന്റെ തന്നെ നേരെ വരുന്നതായി കുറ്റവാളിയുടെ സമൂഹത്തിലെ ഓരോ വ്യക്തിക്കും അനുഭവപ്പെടുന്നു. അവര്‍ ഒന്നിച്ചുനിന്ന് അതിനെ പ്രതിരോധിക്കുന്നു. ഇങ്ങനെ അഴിമതിക്ക് പോലും സംരക്ഷണം കിട്ടും!
യുക്തിരഹിതമായ ഈ കൂട്ടായ്മാബോധത്തിന്റെ അവിവേകത്തിന് ഈയിടെക്കണ്ട ഉദാഹരണം: സ്ത്രീകള്‍ക്ക് എഴുത്ത് പഠിക്കുവാന്‍ അവകാശമുണ്ട് എന്ന് വിശ്വസിക്കുന്ന മുസ്ലിങ്ങളില്‍ ചിലര്‍പോലും താലിബാന്റെ ആക്രമണത്തിന് ഇരയായ പാകിസ്താന്‍ ബാലിക മലാലയെ തള്ളിപ്പറഞ്ഞു. അവളുടെ വകയില്‍ പാശ്ചാത്യര്‍ ഇസ്ലാമിനെ നിന്ദിക്കുന്നു എന്നായിരുന്നു പരാതി! തങ്ങള്‍ ഐക്യപ്പെടേണ്ടത് മലാലയോടാണ് എന്നവര്‍ക്ക് തിരിയുന്നില്ല. തങ്ങള്‍ കൊണ്ടുനടക്കുന്ന ഇസ്ലാം താലിബാന്റേതല്ല, മലാലയുടേതാണ് എന്നു പറയുവാനുള്ള വിവേകം അവരില്‍ പലരും കാണിച്ചില്ല. പാശ്ചാത്യര്‍ എത്ര മുസ്ലിം ബാലികമാരെ വെടിവെച്ചു കൊന്നിട്ടുണ്ട്, മലാല മരിച്ചിട്ടില്ലല്ലോ എന്നാണ് ചിലര്‍ ചോദിച്ചത്. വികാരത്തള്ളിച്ചയില്‍ തര്‍ക്കവിഷയം സ്ത്രീവിദ്യാഭ്യാസമാണ് എന്ന അടിസ്ഥാനവസ്തുതതന്നെ അവര്‍ വിസ്മരിച്ചുപോയി സംഘബോധത്തിന്റെ വികാരത്തില്‍ നീതിബോധത്തിന്റെ വിവേകം നഷ്ടപ്പെട്ടതിന്റെ ദുഷ്ഫലം!
ജനാധിപത്യത്തിന്റെ കാഴ്ചപ്പാട് സമൂഹത്തിന്റെ ഒരംശം മാത്രമായ വ്യക്തി എന്നല്ല, സ്വതന്ത്രവ്യക്തികളുടെ സംഘാതമായ സമൂഹം എന്നാണ്. അത് വ്യക്തിയുടെ നിലപാടുകളെയും നിശ്ചയങ്ങളെയും പൗരാവകാശത്തിന്റെ പേരില്‍ ഉയര്‍ത്തിപ്പിടിക്കുന്നു. ഓരോ രാഷ്ട്രവും വ്യക്തിക്കു വേണ്ടിയാണ്. സാമ്പത്തികക്രമം, ജാതിഘടന, മതസമുദായം, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങി അനേകം വ്യവസ്ഥകളോട് പൊരുതാന്‍ വ്യക്തിക്ക് പിന്തുണ നല്‍കുന്നതിലൂടെയാണ് ഈ വ്യവസ്ഥ അധികാരം ജനങ്ങളിലേക്ക് എത്തിക്കുന്നത്: പ്രണയവിവാഹത്തിന് ഭരണകൂടവും നീതിപഠവും നല്‍കുന്ന സംരക്ഷണം ഒരുദാഹരണം.
നമ്മുടെ ജനാധിപത്യത്തിന് രൂപംനല്‍കുന്നതില്‍ വലിയ പങ്കുവഹിച്ച ഗാന്ധിജി 'വ്യക്തി'ക്ക് രാഷ്ട്രീയത്തിലുള്ള പ്രാധാന്യം നേരത്തേ തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം പ്രബന്ധത്തിലും പ്രസംഗത്തിലും പ്രവൃത്തിയിലും വ്യക്തിയെ ആണ് അഭിസംബോധന ചെയ്തിരുന്നത്; സ്വയം സ്വതന്ത്രനാവാനുള്ള ഉത്തരവാദിത്വം ഓരോ വ്യക്തിയും പൂര്‍ത്തീകരിക്കണം എന്നാണ് ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നത്. വിദേശികളുടെ ഭരണം മാറുന്നതുകൊണ്ടുമാത്രം സ്വാതന്ത്ര്യം കിട്ടുകയില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം വിഭാവനം ചെയ്തത് ഓരോരുത്തനും അവനവനെ ഭരിക്കുന്ന വ്യവസ്ഥയാണ്. ഗാന്ധിജിയുടെ രാഷ്ട്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഏകകം വ്യക്തിയാണ്.
രാഷ്ട്രക്ഷേമത്തില്‍ ഉദാസീനതയും സ്വാര്‍ത്ഥത്തില്‍ ശ്രദ്ധയും പുലര്‍ത്തുന്ന വ്യക്തിവാദവുമായി ഇപ്പറഞ്ഞതിന് ബന്ധമില്ല. തന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി രാഷ്ട്രം നില്‍ക്കുക എന്നത് വ്യക്തിയുടെ അവകാശമാണെങ്കില്‍ ആ രാഷ്ട്രത്തിന്റെ ക്ഷേമത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കുക എന്നത് വ്യക്തിയുടെ ചുമതലയാണ്. അവകാശം ഇല്ലാതെ ചുമതലയോ ചുമതല ഇല്ലാതെ അവകാശമോ ഇല്ല, രാഷ്ട്രീയനാണയത്തിന്റെ രണ്ടു വശങ്ങളാണവ.
വലംകൈയില്‍ ചുമതലയും ഇടംകൈയില്‍ അവകാശവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ചരിത്രവീഥിയിലൂടെ മുന്നേറുന്ന, പേരില്ലാത്ത ഈ 'പൗരന്‍' ആണ് ജനാധിപത്യത്തിലെ വീരനായകന്‍. ശാസ്ത്രീയവിജ്ഞാനവും യുക്തിബോധവും നീതിശാസ്ത്രങ്ങളും ചേര്‍ന്ന് പാരമ്പര്യത്തില്‍നിന്ന് മോചിപ്പിച്ച ആധുനികമനുഷ്യനാണയാള്‍. ജനപദങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ആരാധനയും വിധേയത്വവും പിടിച്ചുവാങ്ങിക്കൊണ്ട്, കൊല്ലും കൊലയും നിത്യവൃത്തിയാക്കിക്കൊണ്ട് ചരിത്രം ഭരിച്ചുപോന്ന 'വ്യക്തി'കളെ സ്ഥാനഭ്രഷ്ടരാക്കിയത് ഈ വോട്ടര്‍ ആണ്.
'ശക്തിയാണ് ശരി' എന്ന് ഊറ്റംകൊണ്ട ഏകാധിപത്യവ്യക്തിത്വത്തില്‍നിന്ന് 'ശരിയാണ് ശക്തി' എന്ന് ഉദ്‌ഘോഷിക്കുന്ന ജനാധിപത്യവ്യക്തിത്വത്തിലേക്കുള്ള ദൂരമാണ് മനുഷ്യജീവിത്യാഗത്തിന്റെ മഹാസമുദ്രങ്ങളിലൂടെ നീന്തിക്കടന്നത്.
Content Highlights: M.N. Karassery`s book explores why Indians often prefer autocracy over democracy, examining cultural roots of personality cults and group mentality in politics.