'നെഹ്‌റുവിനെക്കുറിച്ച് ഒരു പുസ്തകമെഴുതിക്കൊണ്ടാണ് ഇ.എം.എസ് ഗ്രന്ഥകാരനായത്'

#കെ. ബാലകൃഷ്ണന്‍
ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജവഹര്‍ലാല്‍ നെഹ്‌റു | മാതൃഭൂമി ആര്‍ക്കൈവ്‌സ്
ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജവഹര്‍ലാല്‍ നെഹ്‌റു | മാതൃഭൂമി ആര്‍ക്കൈവ്‌സ്

പതിറ്റാണ്ടുകള്‍കൊണ്ട് രാഷ്ട്രീയമായും സാമൂഹികമായും സാംസ്‌കാരികമായും നവകേരളത്തെ രൂപപെടുത്തിയെടുത്ത് ലോകത്തിനു മുന്നില്‍ കേരളമാതൃക സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേരിട്ട വെല്ലുവിളികളെയും സന്ദിഗ്ധഘട്ടങ്ങളെയും സൂഷ്മമായി ആവിഷ്‌കരിക്കുന്ന ചരിത്രപുസ്തകമാണ് 'കമ്മ്യൂണിസ്റ്റ് കേരളം.' മാധ്യമപ്രവര്‍ത്തകനായ കെ. ബാലകൃഷ്ണന്‍ എഴുതി, മാതൃഭൂമി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ നിന്നൊരു ഭാഗം വായിക്കാം...

1937 സെപ്റ്റംബറില്‍ കോഴിക്കോട്ടെ ഒരു വ്യാപാരസ്ഥാപനത്തിന്റെ മാടത്തില്‍ നാല്‍വര്‍സംഘം ഒത്തുകൂടി. പി. കൃഷ്ണപിള്ള, എന്‍.സി. ശേഖര്‍, ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്, കെ. ദാമോദരന്‍ എന്നിവര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ്യൂണിയന്‍ നേതാവുമായ എസ്.വി. ഘാട്ടെ അവര്‍ക്കു മുന്നില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിപാടി വിശദീകരിച്ചു. കുറച്ചുനാള്‍ മുമ്പൊരു കൂടിക്കാഴ്ചാവേളയില്‍ അടിസ്ഥാനഗ്രന്ഥങ്ങള്‍ കൈമാറിയിരുന്നതിനാല്‍ ആ ചര്‍ച്ചയില്‍ പ്രത്യയശാസ്ത്രത്തെപ്പറ്റി അധികം ചര്‍ച്ച വേണ്ടിവന്നില്ല. പരിപാടികളായിരുന്നു പ്രധാനചര്‍ച്ച; സംഘടന അതീവരഹസ്യമായി എങ്ങനെ കെട്ടിപ്പടുക്കുമെന്ന ആലോചനയും. അവരില്‍ ഏറ്റവും പ്രായം കുറഞ്ഞത് കെ. ദാമോദരനായിരുന്നു. ഒത്തുകൂടിയ നാല്‍വറില്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നു. മറ്റൊരാളായ എന്‍.സി. ശേഖറാകട്ടെ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സംഘടനയുടെ സ്ഥാപകനും. കമ്യൂണിസ്റ്റ് ലീഗ് എന്ന സംഘടന രൂപവത്കരിച്ച് നീണ്ട ഏഴുവര്‍ഷത്തിനു ശേഷമാണ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഔദ്യോഗികമായി ഇവിടെ ഘടകമുണ്ടാക്കുന്നത്. ഏഴുവര്‍ഷക്കാലത്തെ ക്ഷമാപൂര്‍ണവും ത്യാഗനിര്‍ഭരവുമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് പാര്‍ട്ടി രൂപവത്കരണം നടന്നത്. നിരവധി പടവുകളിലൂടെയുള്ള യാത്ര.

വൈക്കം ക്ഷേത്രത്തിനടുത്ത് പറവൂര്‍ വീട്ടില്‍ പാര്‍വതിയുടെയും മയിലേഴത്ത് മണപ്പിള്ളി നാരായണന്‍ നായരുടെയും മകനാണ് പി. കൃഷ്ണപിള്ള. സാമ്പത്തികമായി തകര്‍ന്ന തറവാട്. പതിമൂന്നുവയസ്സുള്ളപ്പോള്‍ വസൂരി ബാധിച്ച് അമ്മയും അടുത്തവര്‍ഷം അച്ഛനും മരിച്ചപ്പോള്‍ അഞ്ചാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തി തറവാട്ടുഭരണം ഏറ്റെടുക്കുകയാണ് കൃഷ്ണപിള്ള. അല്‍പ്പകാലം ആലപ്പുഴയില്‍ ഒരു കയര്‍ ഫാക്ടറിയില്‍ ജോലി ചെയ്തു. പിന്നീട് സ്വന്തമായി ബീഡി-മുറുക്കാന്‍ അനാദികട നടത്തി പാപ്പരാകുന്നു. അടുത്തതായി വൈക്കം ക്ഷേത്രത്തിനടുത്ത് ഒരു സൈക്കിള്‍ഷോപ്പിലെ സഹായിയും ഒരു ചായക്കടയിലെ സഹായിയും. അതില്‍നിന്നു കിട്ടുന്ന പൈസയില്‍ മിച്ചം വെച്ച് ഹിന്ദി പഠിക്കാന്‍ ചേരുന്നു. ആ സന്ദര്‍ഭത്തിലാണ് 1924-ല്‍ വൈക്കം സത്യഗ്രഹം നടക്കുന്നത്. അവിടെ നടക്കുന്ന പ്രസംഗങ്ങള്‍ ശ്രവിച്ചും സത്യഗ്രഹത്തിന് സാക്ഷിയായും കൃഷ്ണപിള്ള രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുകയായിരുന്നു. ഒരു ദിവസം സത്യഗ്രഹത്തിന് നേതാവായ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ജാത്യാധിപത്യത്തിന്റെ ഗുണ്ടകള്‍ മര്‍ദിക്കുന്നത് കൃഷ്ണപിള്ളയും കൂട്ടുകാരും നേരില്‍ കണ്ടു. അത് ചെയ്തവരെ ഒരു പാഠംപഠിപ്പിക്കുന്നതിന് കൃഷ്ണപിള്ള തീരുമാനിച്ച് സുഹൃത്തുക്കളോടൊപ്പം തീവ്രമായിത്തന്നെ നടപ്പാക്കുകയും ചെയ്തു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെതന്നെ തുടക്കമെന്നു പറയാം. തറവാട്ടില്‍ സ്വാഭാവികമായുണ്ടായ സ്വത്തുതര്‍ക്കം ഭാഗംവെപ്പിലെത്തുകയും അതെല്ലാം പറഞ്ഞുവെച്ച് കൃഷ്ണപിള്ള നാടുവിടുകയാണ്. ദൂരയാത്ര ആദ്യമാണെങ്കിലും അതിനുമുന്‍പ് തിരുവിതാംകൂറില്‍ ചില യാത്രകളുണ്ടായിരുന്നു; നൃത്ത-നാടക സംഘത്തില്‍ നടനായും സഹായിയായും.

1927-ലാണ് കൃഷ്ണപിള്ള ഉത്തരേന്ത്യയില്‍ സഞ്ചരിക്കുന്നത്. അല്‍പ്പകാലത്തിനുശേഷം അലഹബാദിലെ സാഹിത്യസമ്മേളന്‍ എന്ന ഹിന്ദിവിദ്യാലയത്തില്‍ ചേരുന്നു. സാഹിത്യ വിശാരദ് ബിരുദമെടുത്തശേഷം മദിരാശിയില്‍ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയില്‍ ചെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിമാസം 30 രൂപ ശമ്പളത്തില്‍ തൃപ്പുണിത്തുറയില്‍ ഹിന്ദി പ്രേരകായി നിയമനം. ഹിന്ദിയില്‍ നല്ല പാണ്ഡിത്യവും വാഗ്മിത്വവും നേടിയ കൃഷ്ണപിള്ള എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുകയാണ്. പ്രേംചന്ദ് ഉള്‍പ്പെടെയുള്ള ഹിന്ദി എഴുത്തുകാരുടെ കൃതികളുമായുള്ള ബന്ധം കൃഷ്ണപിള്ളയില്‍ സാമ്യവാദത്തിന്റെ അനുരണനങ്ങളുണ്ടാക്കിയിരുന്നു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം, ഭഗത്സിങ്ങിന്റെയും മറ്റും നേതൃത്വത്തിലുള്ള തീവ്രവാദപ്രവര്‍ത്തനം എന്നിവയെക്കുറിച്ചെല്ലാം മനസ്സിലാക്കി കരുത്തെടുക്കുകയായിരുന്നു കൃഷ്ണപിള്ള. തുറന്നുകിട്ടുന്ന ആദ്യ അവസരത്തില്‍ത്തന്നെ ദേശീയപ്രസ്ഥാനത്തിലേക്കാണ്ടിറങ്ങാനുള്ള തയ്യാറെടുപ്പോടെയാണ് എറണാകുളത്ത് താമസമാക്കിയത്. എറണാകുളത്ത് വൈക്കം മുഹമ്മദ് ബഷീര്‍ കൃഷ്ണപിള്ളയുടെ അടുത്ത സുഹൃത്തും സഹതാമസക്കാരനുമായിരുന്നു കുറച്ചുനാള്‍.

ഉപ്പുസത്യഗ്രഹം നടത്തുന്നതിന് കെ.പി.സി.സി. തീരുമാനിച്ചതോടെ ഹിന്ദി പ്രചാരക് ജോലി വിട്ട് കൃഷ്ണപിള്ള കോഴിക്കോട്ടേക്ക് തിരിക്കുകയായിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് ദേശീയപ്രസ്ഥാനത്തിന്റെയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനം. തിരുവനന്തപുരത്ത് ബാലരാമപുരത്ത് പയ്യിങ്ങാലി വീട്ടില്‍ (കളിയിക്കല്‍ വീട്) നാരായണപിള്ളയുടെയും പിറവിളാകത്ത് പുത്തന്‍വീട്ടില്‍ ജാനകിയമ്മയുടെയും മകനായ ചന്ദ്രശേഖരപിള്ള എന്ന എന്‍.സി. ശേഖറിന്റേത് ഒരു കുടിയേറ്റമാണ്. സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം പതിനേഴാം വയസ്സില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടങ്ങിയ എന്‍.സി. ശേഖര്‍ 1930-ല്‍ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുക്കുന്നതിന് തിരുവിതാംകൂറില്‍നിന്ന് പുറപ്പെട്ട 25 അംഗ സംഘത്തിലെ അംഗമായിരുന്നു. മട്ടാഞ്ചേരിവരെ കാല്‍നടയായും അവിടെനിന്ന് എറണാകുളത്തേക്ക് ബോട്ടിലും പിന്നീട് കോഴിക്കോട്ടേക്കും പയ്യന്നൂരിലേക്കും തീവണ്ടിയിലുമായി ജാഥ നടത്തി എത്തിയ സംഘം ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തു. ജാഥാനേതാവായ പൊന്നറ ശ്രീധര്‍ മഹാരാഷ്ട്രയിലെ ധാരാസനയിലേക്കു പോയി അവിടെ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത് മര്‍ദനത്തിനിരയായി. പയ്യന്നൂരില്‍നിന്ന് കോഴിക്കോട്ട് തിരിച്ചെത്തിയ എന്‍.സി. അസുഖബാധിതനായി ഏതാനും ദിവസം ആശുപത്രിയില്‍ കഴിഞ്ഞശേഷം നാട്ടില്‍ തിരിച്ചുപോവുകയും ഏതാനും ദിവസത്തിനകം കോഴിക്കോട്ട് മടങ്ങിയെത്തി നിയമം ലംഘിച്ച് തലശ്ശേരി ജയിലില്‍ റിമാന്‍ഡിലാവുകയും പിന്നീട് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തുകയുമായിരുന്നു. ശിക്ഷ കഴിഞ്ഞ് തിരിച്ചുപോയശേഷം തിരുവനന്തപുരത്ത് കമ്യൂണിസ്റ്റ് ലീഗ് സ്ഥാപിച്ച് അതിന്റെ പ്രവര്‍ത്തനവുമായി 1931-ല്‍ വീണ്ടും കോഴിക്കോട്ടെത്തുകയായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍വെച്ച് പരിചയപ്പെട്ട വേദാന്തം എന്ന തടവുകാരനാണ് കമ്യൂണിസത്തെക്കുറിച്ചും ലെനിനെക്കുറിച്ചും ബോള്‍ഷെവിക് വിപ്ലവത്തെക്കുറിച്ചും എന്‍.സിയെ പഠിപ്പിക്കുന്നത്. ബോംബെയില്‍ മില്‍ത്തൊഴിലാളിയായ തൃശിനാപ്പള്ളി സ്വദേശിയാണ് വേദാന്തം. എന്‍.സി.ക്ക് വേദാന്തവും എന്‍.സിയുടെ നേതാവായ പൊന്നറ ശ്രീധറിന് ബോംബെയില്‍ വെച്ച് ജോഗ്ലേക്കര്‍ എന്ന കമ്യൂണിസ്റ്റ് നേതാവും നല്‍കിയ ലഘുലേഖകളാണ് 1931 ഏപ്രിലില്‍ മലയാളത്തില്‍ ആദ്യമായി ഒരു കമ്യൂണിസ്റ്റ് വിജ്ഞാപനം അച്ചടിച്ച് പ്രസിദ്ധപ്പെടുത്താന്‍ എന്‍.സിക്കും കൂട്ടര്‍ക്കും സഹായകമായത്. 1931-ല്‍ വടകരയില്‍ നടന്ന കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ എന്‍.സി. ആ വിജ്ഞാപനം കൃഷ്ണപിള്ളയ്ക്കു വായിക്കാന്‍ കൊടുക്കുകയുണ്ടായി. പെട്ടെന്ന് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിക്കുന്നതിനു പകരം ബഹുജനസംഘടനകള്‍ കെട്ടിപ്പടുത്ത് സമരങ്ങള്‍ വളര്‍ത്തുന്നതിലാണ് കൃഷ്ണപ്പിള്ള ശ്രദ്ധവെച്ചതും അഭിപ്രായപ്രകടനം നടത്തിയതും. രണ്ടുവര്‍ഷത്തിനുശേഷം കൃഷ്ണപിള്ളയുടെ ഉപദേശാനുസരണം എന്‍.സി. കോഴിക്കോട് താമസമാക്കി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ നേതാവായി മാറി.

പുസ്തകത്തിന്റെ കവര്‍

നമ്പൂതിരിസമുദായത്തിലെ പരിഷ്‌കരണപ്രസ്ഥാനത്തിലൂടെയാണ് ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് എന്ന ഇ.എം.എസ്സിന്റെ പൊതുരംഗപ്രവേശം. സ്‌കൂള്‍വിദ്യാര്‍ഥിയായിരിക്കെ ഗുരുവായൂര്‍ അമ്പലത്തില്‍ പന്ത്രണ്ടു ദിവസത്തെ ഭജനത്തില്‍ പങ്കെടുത്ത ശങ്കരന് അവിടത്തെ അയിത്താചരണം, കര്‍ക്കശമായ ജാതിവിവേചനം എന്നിവയില്‍ ചെറിയ അയവെങ്കിലും വേണ്ടതല്ലേ എന്ന തോന്നലാണാദ്യമുണ്ടായത്. പിന്നീടാണ് സഹോദരന്‍ അയ്യപ്പന്റെയും ഇ.വി. രാമസ്വാമി നായ്ക്കരുടെയും യുക്തിവിചാരങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ പതിയുന്നത്. 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന സഹോദരചിന്തയില്‍ ആകൃഷ്ടനാവുകയും അതില്‍ സുദൃഢത നേടാന്‍ തുടങ്ങുന്നതുമായ കാലം. ഗുരുവായൂരിലെ ആദ്യഭജന അവസാനഭജനയായി പരിണമിക്കുന്നു. പെരിന്തല്‍മണ്ണയില്‍ ഹൈസ്‌കൂളില്‍ അഞ്ചാംഫോറത്തില്‍ പഠിക്കുമ്പോള്‍ ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം മദിരാശിയില്‍ എ.ഐ.സി.സിയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശങ്കരന്‍ പോവുകയാണ്. അതിനു മുമ്പ് മദിരാശിയില്‍ വിനോദയാത്രയ്ക്കു പോയപ്പോള്‍ അസുഖം കാരണം ഹോട്ടലില്‍നിന്ന് പുറത്തിങ്ങാന്‍ കഴിയാതെപോയ ദുഃഖമുണ്ടായിരുന്നു അദ്ദേഹത്തിന്. അങ്ങനെയിരിക്കെയാണ് കോണ്‍ഗ്രസ് ദേശീയസമ്മേളനത്തിന്റെ ടിക്കറ്റ് കിട്ടുന്നത്. പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുപകരം നേതാവിന് സംഘടിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക് കൊടുക്കുന്ന പതിവായിരുന്നു അക്കാലത്ത്. അധികം പ്രവര്‍ത്തകരില്ലതാനും. ഉള്ളവര്‍ക്കു പോകാന്‍ പണവുമില്ല. അങ്ങനെയാണ് സാമ്പത്തികശേഷിയുള്ള ഇ.എം.എസ്സും കൂട്ടുകാരും മദിരാശി എ.ഐ.സി.സിക്കെത്തുന്നത്. അവിടെ നടന്ന ചര്‍ച്ചകള്‍ പൂര്‍ണമായി ഹൃദിസ്ഥമാക്കാനായില്ലെങ്കിലും ദേശീയബോധവും സ്വതന്ത്ര്യബോധവും അങ്കുരിപ്പിക്കുന്നതില്‍ സമ്മേളനസാക്ഷ്യം പ്രയോജനപ്പെട്ടു. സൈമണ്‍ കമ്മീഷന്‍ വരുന്ന കാലമായിരുന്നു അത്.

കമ്മീഷനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി പ്രകടനം നടത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു. മലബാറിലെ അക്കാലത്തെ സ്വാതന്ത്ര്യസമരനേതാക്കളായ കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടും എസ്.കെ. കോമ്പ്രബെയിലും പെരിന്തല്‍മണ്ണയിലും ഇ.എം.എസ്. പഠിക്കുന്ന സ്‌കൂളിലും താമസിക്കുന്ന ഹോസ്റ്റലിലുമെത്തി സമരത്തിന് കുട്ടികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചു. പഠിപ്പുമുടക്കാന്‍ ആദ്യം സന്നദ്ധതയറിയിച്ച ഇ.എം.എസ്. അടക്കം ഭൂരിഭാഗംപേരും ഭീതിയ്ക്കും മറ്റു സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങി പഠിപ്പുമുടക്കില്‍നിന്ന് വിട്ടുനിന്നു. എന്നാല്‍, സ്‌കൂള്‍ഫൈനല്‍ പഠിക്കാന്‍ പാലക്കാട്ടെത്തിയതോടെ കുറെക്കൂടി രാഷ്ട്രീയദാര്‍ഢ്യം കൈവരികയാണ് ഇ.എം.എസ്സിന്. ഖദറുമായും തൊപ്പിയുമായും ബന്ധപ്പെട്ടുകൊണ്ടാണ് തുടക്കം. അടുത്ത വര്‍ഷം കോളേജിലെത്തിയതോടെ (തൃശൂര്‍ സെന്റ് തോമസ്) നമ്പൂതിരിയോഗ ക്ഷേമസഭയുടെയും അതിന്റെ യുവജനപ്രസ്ഥാനത്തിന്റെയും പ്രധാന പ്രവര്‍ത്തകനാകുന്നു. സംഘടനയുടെ പ്രസിദ്ധീകരണങ്ങളായ യോഗക്ഷേമത്തിന്റെയും ഉണ്ണിനമ്പൂതിരിയുടെയും പ്രധാന സഹായിയായി മാറുന്നു. വി.ടി. ഭട്ടതിരിപ്പാട് ഇ.എം.എസ്സിന്റെ കഴിവ് തിരിച്ചറിഞ്ഞ് ഉണ്ണിനമ്പൂതിരിയുടെ പത്രാധിപത്യവുമായി ബന്ധപ്പെട്ട ചില ചുമതലകള്‍ നല്‍കുകയും വിവിധ വിഷയങ്ങളെക്കുറിച്ച് എഴുതിക്കുകയുമായിരുന്നു.

'ഫ്രഞ്ചുവിപ്ലവവും നമ്പൂതിരിസമുദായവും' എന്ന പേരില്‍ ഉണ്ണിനമ്പൂതിരിയില്‍ ഇ.എം.എസ്. എഴുതിയ ലേഖനം ശ്രദ്ധ പിടിച്ചുപറ്റി; സമുദായത്തിനകത്ത് ആശങ്കയും. സെന്റ് തോമസ് കോളേജില്‍ ചരിത്രവും ധനതത്ത്വശാസ്ത്രവും പഠിപ്പിച്ച ഇ.എം.എസ്സിന്റെ ഇംഗ്ലീഷ് അധ്യാപകന്‍ എം.പി. പോളായിരുന്നു. ദേശീയപ്രസ്ഥാനത്തിനോട് ആഭിമുഖ്യമുണ്ടായിരുന്ന, ഉല്‍പതിഷ്ണുവായ പോള്‍ മാസ്റ്റര്‍ ഇ.എം.എസ്സില്‍ ഏറെ സ്വാധീനം ചെലുത്തി. മദിരാശിയിലെ 1927ലെ എ.ഐ.സി.സിയില്‍ പങ്കെടുത്തതുപോലെ 1928-ല്‍ പയ്യന്നൂരില്‍ കേരളരാഷ്ട്രീയസമ്മേളനത്തിലും ഇ.എം.എസ്. പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ്സിലെ 'അമിതവാദികളുടെ' നേതാവായി ഉയര്‍ന്നുവരാന്‍ തുടങ്ങിയ ജവാഹര്‍ലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പയ്യന്നൂര്‍ സമ്മേളനത്തില്‍ ഉണ്ണിനമ്പൂതിരിയുടെ ലേഖകനായാണ് പങ്കെടുത്തത്. നെഹ്രുവിന്റെ ആശയങ്ങളോട് പ്രത്യേകം മമത തോന്നുന്നത് അക്കാലത്താണ്. 1931 സെപ്റ്റംബറില്‍ നെഹ്‌റുവിനെക്കുറിച്ച് ഒരു പുസ്തകമെഴുതിക്കൊണ്ടാണ് ഇ.എം.എസ് ഗ്രന്ഥകാരനായത്.

അതിനുമുമ്പ് 1931 മെയ്മാസത്തില്‍ വടകരയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കേരളരാഷ്ട്രീയ സമ്മേളനത്തില്‍ ഇ.എം.എസ്. പ്രതിനിധിയായി പങ്കെടുത്തു. 1931 മാര്‍ച്ച് 23ന് ഭഗത്സിങ്ങിനെയും സഖാക്കളെയും തൂക്കിക്കൊന്നതിനെതിരെ തൃശൂരില്‍ നടന്ന വിദ്യാര്‍ത്ഥിപ്രകടനത്തിലും ഇ.എം.എസ്. വലിയ പങ്കുവഹിച്ചു. ഉപ്പു സത്യഗ്രഹത്തില്‍ പങ്കെടുത്തില്ലെങ്കിലും അതുമായി ബന്ധപ്പെട്ട് തൃശൂരില്‍ നടന്ന ചില സമരങ്ങളിലെല്ലാം ഭാഗഭാക്കായ ഇ.എം.എസ്. അക്കാലത്താണ് കെ.കെ. വാര്യരെ പരിചയപ്പെടുന്നത്. സി. അച്യുതമേനോന്‍ ഇ.എം.എസ്. പഠിക്കുന്ന അതേകാലത്ത് സെന്റ് തോമസിലെ വിദ്യാര്‍ഥിയായിരുന്നെങ്കിലും സഹപ്രവര്‍ത്തകനായിരുന്നില്ല. സിംഗപ്പൂരില്‍ അല്പകാലം ജോലി ചെയ്ത് തിരിച്ചെത്തിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായ കെ.കെ. വാര്യര്‍ ഇ.എം.എസ്സിനെ ഹോസ്റ്റലില്‍ ചെന്നു കണ്ട് രാഷ്ട്രീയകാര്യങ്ങള്‍ സംസാരിച്ചു. പൊതുരാഷ്ട്രീയ രംഗത്തിറങ്ങാനുള്ള താത്പര്യം ശക്തമായുണ്ടെങ്കിലും സമുദായപരിഷ്‌കരണ പ്രസ്ഥാനത്തിലും അതേ ശ്രദ്ധയോടെ തുടരുകയായിരുന്നു ഇ.എം.എസ്. ആ ഘട്ടത്തിലാണ് ഗുരുവായൂര്‍ സത്യഗ്രഹം തല്‍ക്കാലം നിര്‍ത്തി എ.കെ.ജി.യുടെ നേതൃത്വത്തില്‍ ക്ഷേത്രപ്രവേശന-അയിത്ത വിരുദ്ധജാഥ തിരുവനന്തപുരത്തേക്ക് പ്രയാണം തുടങ്ങുന്നത്. ഐതിഹാസികമായിത്തീര്‍ന്ന ആ ജാഥയുടെ പ്രചരണാര്‍ഥവും പണപ്പിരിവിനുമായി കെ.പി. ഗോപാലന്റെ നേതൃത്വത്തില്‍ പ്രതിനിധിസംഘം തൃശൂരില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ സ്വീകരണത്തില്‍ ഇ.എം.എസ്. പങ്കെടുത്തു. രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതില്‍ ആ പരിപാടിയും പ്രചോദനമായി.

1931 ഡിസംബറോടെ രണ്ടാം നിയമലംഘനസമരത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ജൂനിയര്‍ ബി.എ. വിദ്യാര്‍ഥിയായ ഇം.എം.എസ്. വിദ്യാഭ്യാസം നിര്‍ത്തി നിയമലംഘനസമരത്തില്‍ അണിചേരാന്‍ തീരുമാനിക്കുകയാണ്. യോഗക്ഷേമസഭയുടെ തളിപ്പറമ്പ് സമ്മേളനത്തില്‍ പങ്കെടുക്കാനായി 1932 ജനുവരി പകുതിക്ക് വീടുവിട്ടിറങ്ങിയത് സമുദായസംഘടനാപ്രവര്‍ത്തനത്തില്‍നിന്നു വിട്ട് മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കുകൂടിയാണ്. കോഴിക്കോട്ട് കടപ്പുറത്തുവെച്ച് നിയമം ലംഘിച്ച് അറസ്റ്റിലായ ഇ.എം.എസ് ഏതാനും ദിവസം കോഴിക്കോട് സബ് ജയിലിലും പിന്നീട് ഒരു മാസത്തോളം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും കഴിയുന്നു. പിന്നീട് എ. ക്ലാസ് തടവുകാരനായി വെല്ലൂര്‍ ജയിലിലേക്ക്. 1933 ഓഗസ്റ്റ് 31വരെ ജയിലില്‍.

1931 കാലത്ത് തൃശൂര്‍ സെന്റ് തോമസില്‍ പഠിക്കുമ്പോഴാണ് സിംഗപ്പൂരില്‍നിന്നു തിരിച്ചെത്തിയ കെ.കെ. വാരിയരുമായും നോവലിസ്റ്റ് പി. കേശവദേവുമായും ഇ.എം.എസ്സിന് അടുപ്പമുണ്ടായത്. കേശവദേവ് ഉണ്ണിനമ്പൂതിരിയില്‍ ലേഖനം നല്‍കുന്ന ആളാണ്. ദേവും അംശിനാരായണപിള്ളയും(തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ഉപ്പുസത്യഗ്രഹത്തിലെ പടപ്പാട്ടുകാരന്‍) ചേര്‍ന്ന് തൃശൂരില്‍ മഹാത്മ എന്ന പേരില്‍ പ്രസിദ്ധീകരണം നടത്തുന്നു. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റുകാരന്‍ എന്നവകാശപ്പെട്ടിരുന്ന ദേവും കെ.കെ. വാരിയരുമാണ് കമ്യൂണിസത്തെക്കുറിച്ച് ഇ.എം.എസ്സിനോട് ആദ്യം പ്രേരണാപരമായി സംസാരിക്കുന്നത്. 1932 ജനുവരിയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയതോടെ ആ പ്രേരണ വളരുകയാണ്.

തിരൂര്‍ പൊറൂര്‍ദേശത്തെ കീഴേടത്ത് തറവാട്ടില്‍ സമ്പന്നമായ ചുറ്റുപാടിലാണ് 1912-ല്‍ കെ. ദാമോദരന്‍ ജനിച്ചത്. കോഴിക്കോട് സാമൂതിരി കോളേജില്‍ പഠിക്കാനെത്തിയ ദാമോദരന്‍ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ നേതാവായി. 1931-ല്‍ പത്തൊന്‍പതാം വയസ്സില്‍ നിയമലംഘനപ്രസ്ഥാനത്തില്‍ പങ്കെടുത്ത ദാമോദരന്‍ അറസ്റ്റിലായി. 23 മാസം ജയിലില്‍ കഴിയേണ്ടിവന്ന അദ്ദേഹം കൊയമ്പത്തൂര്‍ ജയിലില്‍നിന്ന് തമിഴും ഹിന്ദിയും ഹൃദിസ്ഥമാക്കി. പുറത്തിറങ്ങിയശേഷം സ്വാതന്ത്ര്യസമരത്തില്‍ മുഴുവന്‍ സമയം മുഴുകിയ ദാമോദരന്‍ ബന്ധുക്കളുടെയും സഖാക്കളുടെയും പ്രേരണ ഉള്‍ക്കൊണ്ട് സംസ്‌കൃതവും ഭാരതീയചിന്തയും പഠിക്കുന്നതിന് കാശിയിലെ വിശ്വവിദ്യാപീഠത്തില്‍ ചേര്‍ന്നു. അവിടെ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ക്ലാസ്‌മേറ്റ്. സാമൂതിരി കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയും കോയമ്പത്തൂര്‍ ജയിലില്‍വെച്ചും എഴുതിയ ലേഖനങ്ങളും മറ്റും ചേര്‍ത്ത് മാതൃഭൂമി അദ്ദേഹത്തിന് സൗജന്യമായി അച്ചടിച്ചുകൊടുത്ത പുസ്തകം വിറ്റാണ് യാത്രാച്ചെലവിനുള്ള പണം കണ്ടെത്തിയത്. കാശിയിലെ പഠനകാലത്ത് മാതൃഭൂമിയുടെ പാര്‍ട്ടൈം ലേഖകനായും പ്രവര്‍ത്തിച്ചു. ഇംഗ്ലീഷിന് പുറമേ റഷ്യനും തെലുങ്കും ബംഗാളിയും സംസ്‌കൃതവും ഹിന്ദിയും പഠിച്ച ദാമോദരന്‍ കാശിയില്‍വെച്ച് പ്രേംചന്ദ് ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ബനാറസ് സര്‍വകലാശാലയിലെ മുതിര്‍ന്ന വിദ്യാര്‍ഥിയായ ഓംകാര്‍നാഥ് ശാസ്ത്രിയാണ് ദാമോദരനെ കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രവുമായി അടുപ്പിക്കുന്നത്. തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്നത്തെ പോളിറ്റ് ബ്യൂറോ അംഗമായ ആര്‍.ഡി. ഭരദ്വാജ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നേരിട്ട് അംഗത്വം നല്‍കി. 1936-ല്‍ ശാസ്ത്രിപരീക്ഷ പാസായി കോഴിക്കോട്ട് തിരിച്ചെത്തിയ ദാമോദരന്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലെത്തി. ഫറോക്കിലെ ഓട്ടുതൊഴിലാളികളെയും പൊന്നാനിയിലെ ബീഡിത്തൊഴിലാളികളെയും സംഘടിപ്പിച്ച് സമരത്തിന് നേതൃത്വം നല്‍കി. കേരളത്തില്‍ എസ്.വി. ഘാട്ടെയുടെ സാന്നിധ്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യഘടകം രൂപവത്കരിക്കാന്‍ പി. കൃഷ്ണപിള്ള, ഇ.എം.എസ്., എന്‍.സി. ശേഖര്‍, കെ. ദാമോദരന്‍ എന്നിവരാണ് ഒത്തുചേര്‍ന്നത്.

കെ. ദാമോദരനൊഴികെ കേരളത്തിലെ ആദ്യത്തെ മറ്റ് മൂന്നു കമ്യൂണിസ്റ്റുകാരുടെയും തടവുജീവിതം തുടങ്ങുന്നത് 1930-32 കാലത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ആ ജയിലിന്റെ കഥ കേട്ടുകൊണ്ടാണവര്‍ രാഷ്ട്രീയമായി സ്വയം പുതുക്കിപ്പണിയാന്‍ തുടങ്ങിയത.് ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട ജയിലനുഭവങ്ങള്‍. എന്‍.സി. ശേഖര്‍ തന്റെ ആത്മകഥയായ അഗ്നിവീഥികളില്‍ എഴുതുന്നു. 'ഗദര്‍പാര്‍ട്ടി, ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ ആര്‍മി' ബംഗാളിലെ 'അനുശീലന്‍ ഗ്രൂപ്പ്' എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന വിവിധ വിപ്ലവസംഘടനകളുടെ അനേകം അംഗങ്ങള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അക്കാലത്ത് അടയ്ക്കപ്പെട്ടിരുന്നു. കൂടാതെ 1818ലെ റെഗുലേഷന്‍ ആക്ട് പ്രകാരം ശിക്ഷാവിധിയില്ലാതെ തടങ്കലില്‍ വെക്കപ്പെട്ടവരും തടങ്കല്‍ത്തടവുകാരായി, സെന്‍ട്രല്‍ ജയിലിലുണ്ടായിരുന്നു (ബംഗാളില്‍ 1818-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി നടപ്പാക്കിയ മര്‍ദനനിയമം). അവരില്‍ മോട്ടാസിങ് എന്ന പഞ്ചാബിലെ വിപ്ലവകാരിയും സുഭാഷ്ചന്ദ്ര ബോസിന്റെ സഹോദരനായ ശരത്ചന്ദ്ര ബോസും 1928ലെ സൗത്ത് ഇന്ത്യന്‍ റെയില്‍വേ പണിമുടക്കുമായി ബന്ധപ്പെട്ടതിന് അറസ്റ്റ് ചെയ്ത് കഠിനശിക്ഷയ്ക്കു വിധിക്കപ്പെട്ട എന്‍.ആര്‍. സര്‍ക്കാരും മറ്റ് ഏതാനും എ.ഐ.ടി.യു.സി. നേതാക്കന്മാരും പേരെടുത്തു പറയേണ്ടവരാണ്. 1930ലെ സിവില്‍ ആജ്ഞാലംഘനത്തില്‍പ്പെട്ട തടവുകാരെ അടച്ചുപൂട്ടാന്‍വേണ്ടി മേല്‍പ്പറഞ്ഞ വിപ്ലവകാരികളായ തടവുകാരെ കടലൂര്‍ ജയിലിലേക്കും മറ്റും മാറ്റുകയാണ് ചെയ്തത്. വിശേഷിച്ചും ഈ വിപ്ലവകാരികളായ ദേശാഭിമാനികളുമായി സത്യഗ്രഹത്തടവുകാര്‍ ഇടപഴകാതിരിക്കണമെന്ന് ഭരണാധികാരികള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ലാഹോര്‍ഗൂഢാലോചനാക്കേസില്‍ ശിക്ഷിക്കപ്പെട്ടവരും ഭഗത്സിങ്ങിന്റെ സഹപ്രവര്‍ത്തകരായിരുന്ന ബാവാ കേസര്‍ സിങ് തുടങ്ങിയവരും കണ്ണൂര്‍ ജയിലില്‍ ഉണ്ടായിരുന്നു. മൃഗീയമായ ജയില്‍മര്‍ദനത്തില്‍ പ്രതിഷേധിച്ച് ദീര്‍ഘനാള്‍ നിരാഹാരവ്രതമെടുത്ത് 1929-ല്‍ വീരചരമമടഞ്ഞ വിപ്ലവകാരിയായ ജതിന്‍ദാസും കണ്ണൂര്‍ ജയിലിലെ അന്തേവാസിയായിരുന്നു. ഇവരെക്കുറിച്ച് മറ്റു തടവുകാര്‍ പറഞ്ഞറിഞ്ഞ വീരകഥകളാണ് സത്യഗ്രഹത്തടവുകാരായെത്തിയവര്‍ക്ക് വലിയ പ്രചോദനമായതെന്ന് എന്‍.സി. ശേഖര്‍ അനുസ്മരിക്കുകയുണ്ടായി.

മഹാരാഷ്ട്രയിലെ ധാരാസന ഉപ്പു പടന്ന സമരത്തില്‍ പങ്കെടുത്ത് ജയിലിലാവുകയും ജയിലിലെ ജാതി-സാമ്പത്തിക വിവേചനമനുസരിച്ച് സി. ക്ലാസ് തടവിലടയ്ക്കപ്പെടുകയും ചെയ്ത തടവുകാരില്‍ ചിലര്‍ ഈ വിഭാഗീയതയ്‌ക്കെതിരെ സമരം നടത്തിയതിന് ജയില്‍ മാറ്റപ്പെട്ടിരുന്നു. അങ്ങനെ കണ്ണൂരിലേക്കു മാറ്റി ഏകാന്തത്തടവില്‍ പാര്‍പ്പിക്കപ്പെട്ടിരുന്ന വേദാന്തം എന്ന തടവുകാരനില്‍നിന്നാണ് കണ്ണൂര്‍ ജയിലില്‍ കമ്യൂണിസത്തിന്റെ പ്രേരണ ആദ്യമുണ്ടായത്.

മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദേശീയസമരം അത്യാവശ്യമാണ്. പക്ഷേ, ആര്‍ക്കുവേണ്ടിയാണ് ഈ സമരം? ആരുടെ മോചനത്തിനുവേണ്ടിയാണ് സ്വാതന്ത്ര്യം, അതുമൂലം ക്ഷേമമുണ്ടാകേണ്ടത് ആര്‍ക്കാണ്? എന്ന ചോദ്യം പുതിയ സഹതടവുകാരോട് ഉന്നയിച്ച വേദാന്തം പറഞ്ഞു: 'സ്വാതന്ത്ര്യസമരത്തില്‍ കൃഷിക്കാരും തൊഴിലാളികളും പങ്കെടുക്കണം. സമരം അവരുടേതുകൂടിയാകണം. സ്വതന്ത്ര ഇന്ത്യയില്‍ ഭൂരിപക്ഷം വരുന്ന സാമാന്യജനതയ്ക്കു വേണ്ടത് എന്താണ്? വേല ചെയ്തു ജീവിക്കണം. ചെയ്യുന്ന ജോലിക്ക് മതിയായ കൂലി കിട്ടണം. സംഘടിക്കാനും അഭിപ്രായസ്വാതന്ത്ര്യത്തിനും സാഹചര്യമുണ്ടാകണം.' സോവിയറ്റ് റഷ്യയിലേതുപോലെ സാമൂഹ്യവിപ്ലവം ഇവിടെയും വേണം എന്നു വിശദീകരിച്ച വേദാന്തം ബോള്‍ഷെവിക് വിപ്ലവത്തെക്കുറിച്ച് ക്ലാസെടുത്തു. 'ഞാന്‍ ഒരു കമ്യൂണിസ്റ്റാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമായ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗം.' ബോംബെയില്‍ ഒരു ഫാക്ടറിയില്‍ ക്ലാര്‍ക്കായ തൃശ്ശിനാപ്പള്ളിക്കാരന്‍ വേദാന്തത്തിന്റെ തുടര്‍ച്ചയായ ആവേശപ്രചരണം എന്‍.സിയെ കമ്യൂണിസ്റ്റാക്കി മാറ്റുകയായിരുന്നു. അക്കാലത്തുതന്നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ ബോംബെയിലെ സ്വാതന്ത്ര്യസമരനേതാവും ട്രേഡ് യൂണിയന്‍ നേതാവുമായ സോളി ബാട്‌ലിവാലയുമായുള്ള ബന്ധവും എന്‍.സിക്ക് വലിയ പ്രചോദനമായി. ദേശീയസ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനുമായി ജയിലിലെത്തിയ എന്‍.സി. 1931 ഫെബ്രുവരിയില്‍ അവിടെനിന്നിറങ്ങിയത് മനസ്സില്‍ കമ്യൂണിസത്തിന്റെയും തൊഴിലാളിവര്‍ഗരാഷ്ട്രീയത്തിന്റെയും ആവേശമുള്‍ക്കൊണ്ടുകൊണ്ടാണ്; ബോള്‍ഷെവിക് വിപ്ലവത്തിന്റെ ആവേശത്തിലാണ്.

പി. കേശവദേവ്, കെ.കെ. വാരിയര്‍ എന്നിവരില്‍നിന്ന് കമ്യൂണിസത്തെക്കുറിച്ച് കുറച്ചു കാര്യങ്ങള്‍ മനസ്സിലാക്കിയശേഷം 1932 ജനുവരി-ഫെബ്രുവരി കാലത്താണ് ഇ.എം.എസ്. ഒരു മാസക്കാലം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്. ധനികനും ബ്രാഹ്‌മണനുമായതിനാല്‍ എ ക്ലാസ് അനുവദിക്കപ്പെട്ടതിനാല്‍ ഒരു മാസത്തിനുശേഷം അദ്ദേഹത്തെ വെല്ലൂരിലേക്ക് മാറ്റുകയായിരുന്നു. അവിടെ അടഞ്ഞ ഒരു ഹോസ്റ്റല്‍ജീവിതത്തിന്റെ അനുഭവമല്ലാതെ തടവുകാരന്റെ പീഡനമൊന്നുമില്ലാതെ കഴിയുകയായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഒരു മാസക്കാലത്തിനിടയില്‍ ഇ.എം.എസ്. പരിചയപ്പെട്ട തടവുകാരിലൊരാള്‍ കിരണ്‍ചന്ദ്രദാസായിരുന്നു. ഭഗത്സിങ് ഉള്‍പ്പെട്ട ലാഹോര്‍ ഗൂഢാലോചനാ ക്കേസിലെ പ്രതിയും രണ്ടുമാസം നിരാഹാരമനുഷ്ഠിച്ച് ജയിലില്‍ രക്തസാക്ഷിയായ ജതീന്ദ്രദാസിന്റെ സഹോദരനുമാണ് കിരണ്‍ചന്ദ്രദാസ്. മറ്റൊരാള്‍ ലാഹോര്‍ ഗൂഢാലോചനാക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കമല്‍നാഥ് തിവാരി. 'പിന്നീട് രൂപംകൊണ്ട കേരളത്തിലെ ഇടതുപക്ഷ കോണ്‍ഗ്രസ്സിന്റെയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെയും ബീജാവാപം നടന്നത് കണ്ണൂര്‍ ജയിലില്‍ വെച്ചാണെന്നതും അതു നടത്തിയത് തിവാരിയായിരുന്നുവെന്നും പറഞ്ഞാല്‍ അതിശയോക്തിയായിരിക്കില്ലെന്ന്' ഇ.എം.എസ്. ആത്മകഥയില്‍ എഴുതുന്നു. പിന്നീട് വെല്ലൂര്‍ ജയിലിലും തടവുകാരനായെത്തിയ തിവാരി, ഇ.എം.എസ്., ബി. ഗോപാലറെഡ്ഡി, സി. സുബ്രഹ്‌മണ്യം, സി.കെ. ഗോവിന്ദന്‍ നായര്‍ എന്നിവരെ ചേര്‍ത്ത് വിപ്ലവഗ്രൂപ്പുണ്ടാക്കാനും ശ്രമിക്കുകയുണ്ടായി. എന്നാല്‍, പില്‍ക്കാലത്ത് അദ്ദേഹം ബിഹാറിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും എം.പിയുമായി മാറി. കണ്ണൂര്‍ ജയിലില്‍ത്തന്നെ ഇ.എം.എസ്സിനെയും സ്വാധീനിച്ചവരാണ് ബംഗാളിലെ യുഗാന്തര്‍, അനുശീലന്‍ ഗ്രൂപ്പുകളില്‍പ്പെട്ട തടവുകാരായ സെന്‍ഗുപ്ത, ചക്രവര്‍ത്തി, ആചാര്യ എന്നിവര്‍. വെല്ലൂര്‍ ജയിലില്‍നിന്ന് 1933 സെപ്റ്റംബര്‍ ഒന്നിനാണ് ഇ.എം.എസ്. മോചിതനായത്. പി. കൃഷ്ണപ്പിള്ള ഉത്തരേന്ത്യന്‍ പര്യടനത്തിനിടയില്‍ത്തന്നെ സോഷ്യലിസ്റ്റ് ആശയങ്ങളുമായി പ്രാഥമികപരിചയം നേടിയിരുന്നുവെങ്കിലും കമ്യൂണിസ്റ്റ്-തീവ്രവാദ ആശയങ്ങളുമായി അടുക്കുന്നത് കണ്ണൂര്‍ ജയിലില്‍ വെച്ചുതന്നെ.

ഉപ്പുസത്യഗ്രഹവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജയിലിലായ കൃഷ്ണപിള്ള സി. ക്ലാസ് തടവുകാര്‍ക്കെതിരായ കൊടിയമര്‍ദനത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി തടവുകാരുടെ പ്രധാനനേതാവായിക്കഴിഞ്ഞിരുന്നു. അക്രമത്തെ അക്രമംകൊണ്ട് നേരിടുന്ന, കടുത്ത ചീത്തവിളിയോട് അതേ സ്വരത്തില്‍ പ്രതികരിക്കുന്ന പ്രകൃതം. മറ്റുള്ളവര്‍ക്കു കിട്ടുന്ന അടിയും സ്വന്തം പുറത്ത് ഏറ്റുവാങ്ങും. ജയിലില്‍ ഹിന്ദി ക്ലാസും പ്രസംഗപരിശീലന ക്ലാസുകളും നടത്തിയത് കൃഷ്ണപിള്ളയായിരുന്നു. കൃഷ്ണപിള്ളയും കെ.പി.ഗോപാലനും ജയിലില്‍വെച്ച് ഉത്തരേന്ത്യന്‍ ഭീകരപ്രസ്ഥാന നേതാക്കളായ രവീന്ദ്ര സെന്‍ഗുപ്ത, ടി.എന്‍. ചക്രവര്‍ത്തി, രമേഷ്ചന്ദ്ര ആചാര്യ എന്നിവരുമായി അടുത്ത് ബന്ധപ്പെട്ടു. കമല്‍നാഥ് തിവാരി, ജയ്‌ദേവ് കപൂര്‍ എന്നിവരുമായും കൃഷ്ണപിള്ളയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ബംഗാളിലെ തീവ്രവാദഗ്രൂപ്പായ അനുശീലന്‍ സമിതിയുടെ ലഘുലേഖകളും മറ്റും സംഘടിപ്പിച്ച അവര്‍ ജയിലില്‍നിന്ന് പുറത്തുവന്ന ഉടന്‍ അതിന്റെ ഒരു ഘടകം കേരളത്തില്‍ രൂപവത്കരിക്കാന്‍ ശ്രമിക്കുകയുണ്ടായി. കോഴിക്കോട് അനുശീലന്‍ സമിതിയുടെ പോസ്റ്ററുകള്‍ കൃഷ്ണപിള്ളയും കെ.പി. ഗോപാലനും രഹസ്യമായി ചുമരില്‍ പതിക്കുമ്പോള്‍ പോലീസിന്റെ പിടിയിലാവുകയും കുതറിരക്ഷപ്പെടുകയും ചെയ്ത അനുഭവമുണ്ടായി. അക്കാലത്ത് കൃഷ്ണപിള്ളയുടെ കൈയില്‍ സ്ഥിരമായുണ്ടായിരുന്ന പുസ്തകം എമില്‍ബേണ്‍സിന്റെ വാട്ടീസ് കമ്യൂണിസം എന്നതിന്റെ ഹിന്ദിപരിഭാഷയായ കമ്യൂണിസം ക്യാഹെയായിരുന്നു. റൊട്ടി കാ സവാല്‍ അഥവാ ചോറിന്റെ കഥ എന്ന ഗ്രന്ഥവും.

വ്യക്തിസത്യഗ്രഹം നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് 1933 സെപ്റ്റംബറോടെ നിയമലംഘനസത്യഗ്രഹികള്‍ ജയില്‍മോചിതരായിക്കഴിഞ്ഞിരുന്നല്ലോ. കോണ്‍ഗ്രസ്സിനകത്ത് ദേശീയതലത്തില്‍ത്തന്നെ വലിയ പ്രതിഷേധം അലയടിക്കുകയായിരുന്നു അന്ന്. മതിയായ കൂടിയാലോചനയില്ലാതെ സമരം നിര്‍ത്തിയതിലും മറ്റുമുള്ള പ്രതിഷേധം. സമരരൂപങ്ങളെക്കുറിച്ചുള്ള വിയോജിപ്പ്. കണ്ണൂര്‍ ജയിലില്‍ ഉത്തരേന്ത്യന്‍ വിപ്ലവകാരികളുടെ സ്വാധീനവലയത്തില്‍പ്പെട്ട് രൂപംകൊണ്ടിരുന്ന തീവ്രവാദി കോണ്‍ഗ്രസ് ഗ്രൂപ്പുകാരെ സംഘടിപ്പിക്കാന്‍ പി. കൃഷ്ണപിള്ള ശ്രമം തുടങ്ങി. കണ്ണൂരിലെ വിഷ്ണുഭാരതീയന്‍, കെ.എ. കേരളീയന്‍, കെ.പി. ഗോപാലന്‍, കെ.പി.ആര്‍. ഗോപാലന്‍ എന്നിവര്‍ക്കു പുറമേ ഇ.എം.എസുമുള്‍പ്പെടെയുള്ള തീവ്രവാദിഗ്രൂപ്പിന്റെ സൂത്രധാരന്‍ കൃഷ്ണപിള്ളയല്ലാതെ മറ്റാരുമായിരുന്നില്ല. 1933 അവസാനം കൃഷ്ണപിള്ള ഇ.എം.എസ്. അടക്കമുള്ളവരുടെ വീട്ടിലെത്തി ഭാവിപരിപാടികള്‍ ചര്‍ച്ചചെയ്തു. കൃഷിക്കാരെയും തൊഴിലാളികളെയും സംഘടിപ്പിക്കുന്നതില്‍ വ്യാപൃതരാകണമെന്ന ധാരണയിലെത്തുന്നു. സംഘടനാപരമായി തികച്ചും സ്തംഭനാവസ്ഥയിലായ കോണ്‍ഗ്രസ്സിനെ ഉണര്‍ത്തുന്നതിന് പുതിയ പരിപാടികള്‍ വേണമെന്നും തീരുമാനിക്കുന്നു. നിയമലംഘനസമരത്തിന്റെ പരാജയത്തോടെ ദുര്‍ബലമായ സംഘടനാസംവിധാനം ശക്തിപ്പെടുത്താന്‍ കെ.പി.സി.സിയുടെ ഒരു നേതൃയോഗം ചേരുകയും എ.കെ.ജിയെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു. കോഴിക്കോട് റോബിന്‍സണ്‍ റോഡിലെ മാതൃഭൂമി ഓഫീസില്‍ അനുവദിച്ചുകിട്ടിയ ഒരുമേശയും കസേരയുമാണ് കെ.പി.സി.സി. ഓഫീസ്. അവിടം കേന്ദ്രീകരിച്ച്, അവിടെനിന്ന് സൗജന്യമായി അടിച്ചുകിട്ടിയ മെമ്പര്‍ഷിപ്പ് രശീതിയുപയോഗിച്ച് 1934-ല്‍ കോണ്‍ഗ്രസ്സിന്റെ പുനസംഘടനാപ്രവര്‍ത്തനം നടത്തിയതിനെപ്പറ്റി എ.കെ.ജി. ജീവിതകഥയില്‍ വിവരിക്കുന്നുണ്ട്. കോണ്‍ഗ്രസ്സില്‍ ദേശീയതലത്തില്‍ത്തന്നെ ഇങ്ങനെയൊരു അവ്യവസ്ഥിതിത്വത്തിന്റെ അവസ്ഥയിലാണ് അഖിലേന്ത്യാ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം.

Content Highlights: E.M.S. Namboodiripad, Jawaharlal Nehru, Book excerpt, Mathrubhumi Books