'ചെലവോ? അവരെ വേണമെങ്കില്‍ ആണ്‍കുട്ടികള്‍ ഈ പടിക്കല്‍ വരണം, പെണ്‍പണം തരണം'

#നന്ദിനി മേനോന്‍
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ആംചോ ബസ്തര്‍ എന്ന പുസ്തകത്തില്‍നിന്ന്;

ഫെബ്രുവരി മുതല്‍ ജൂണ്‍ ആദ്യംവരെയാണ് ബസ്തറില്‍ വിവാഹങ്ങള്‍ നടക്കുന്നത്. ഫാല്‍ഗുനം മുതല്‍ ആഷാഢത്തിന്റെ തുടക്കംവരെ എന്നു പറയാം. നന്ദാറാമിന്റെ വീട്ടിലെ സ്ത്രീകളെല്ലാം പാടത്ത് പെരുമഴയത്തു പണിയിലാണ്. പാടവും വീടും തമ്മില്‍ വലിയ വേര്‍തിരിവൊന്നുമില്ല, ചാണകമൊഴുകി കുണ്ടും കുഴിയുമായ മുറ്റത്തിനപ്പുറമിപ്പുറമെന്നു മാത്രം. നിലക്കടലപ്പാടമാണ് വീടിനോടു തൊട്ട്, തുടര്‍ന്ന് നെല്ലും. ഞാറുമുളച്ചു പൊങ്ങിയിട്ടേയുള്ളൂ. കുറെ നേരം അതിലേക്കു നോക്കിനിന്നശേഷം ചുളിഞ്ഞുചുങ്ങിയ നന്ദാറാമിനെ നോക്കിയപ്പോള്‍ മുഖത്താകെ ഞാറ്റുപച്ചക്കളങ്ങള്‍. 

തത്തക്കിളിപ്പച്ചപാടങ്ങളില്‍ വര്‍ണ്ണപ്പകിട്ടുള്ള കൂണുകള്‍ മുളച്ചുപൊന്തിയതുപോലെ സ്ത്രീകള്‍ കുമ്പിട്ടുനില്‍ക്കുന്നു. മഴ പെയ്ത് ആകെ ചോര്‍ന്നൊലിച്ച ഒരു സായാഹ്നമായിരുന്നു ഇന്ന്. മഴയത്ത് ചുവന്ന ചാലുകള്‍ കുതിച്ചൊഴുകി വരുന്നുണ്ടായിരുന്നു. ചാലുവക്കത്തെ മണ്‍തിട്ടകളെല്ലാം ചവിട്ടടിയില്‍ പൊടിഞ്ഞു വഴുക്കി, നടന്നുനീങ്ങാന്‍ ഞാനൊരുപാടു സമയമെടുത്തു. ഇടയ്ക്കു വലിയ കല്ലുകള്‍പോലെ കുടയിലേക്കും മഴക്കോട്ടിലേക്കും വീഴുന്നത് മഴത്തുള്ളികളാണെന്ന് മജുംദാര്‍ പറഞ്ഞെങ്കിലും ഞാന്‍ വിശ്വസിച്ചില്ല. ആകെ ഇരുണ്ടുമൂടി തലയ്ക്കു മുകളില്‍ കറുത്ത കൂടാരംപോലെ നില്‍ക്കുന്ന വന്‍മരക്കൊമ്പുകളില്‍നിന്ന് കായകള്‍ വീഴുകയാവാം എന്നു തോന്നി.

മജുംദാര്‍ ബംഗാളിയാണെങ്കിലും രണ്ടു തലമുറകളെങ്കിലുമായി ബസ്തറിലാണ്. അയാള്‍ക്ക് തദ്ദേശീയരായ കൂട്ടുകാരുണ്ട്. അതിലൊരു ഗംഗുറാം മണ്ടാവിയെ കാണാനാണ് ഗോല്‍നാര്‍ ഗ്രാമത്തിലേക്ക് ഞങ്ങള്‍ പോകുന്നത്. ഇങ്ങോട്ടു വരുന്ന വഴിയില്‍ ശംഖിനീനദി ചെറിയ പാലത്തിലൂടെ ഞങ്ങള്‍ കടന്നു. മഴക്കാലമായതിനാല്‍ ചോരച്ചുവപ്പാര്‍ന്ന വെള്ളമാണ് നദിയില്‍. വഴിക്കു കാണുന്ന ചോരച്ചാലുകളെയെല്ലാം ലാല്‍നദി (ചുവന്ന പുഴ) എന്ന് മജുംദാര്‍ പരിചയപ്പെടുത്തുന്നുണ്ട്. അതിസമ്പുഷ്ടമായ ഇരുമ്പയിര്‍നിക്ഷേപമാണ് ബസ്തര്‍ എന്ന അറിയാമലകളുടെ കാട്. 

നദിക്കരകളിലും പാടത്തും കുന്നിന്‍ചരിവിലും കുങ്കുമം കുഴച്ചുരുട്ടിയതുപോലെയും മെഴുകിയതുപോലെയും പശമണ്ണ്. അതിനിടയില്‍ പച്ചക്കളങ്ങളായി ഞാറ്റുകണ്ടങ്ങള്‍, തല നീട്ടിത്തുടങ്ങിയ നിലക്കടലപ്പാടങ്ങള്‍, ചുവന്ന ചേറുപൂശിയ കാളകളുന്തുന്ന ഉഴവുപാടങ്ങള്‍.

ഗംഗുറാമിന്റെ വീടേതെന്ന് മജുംദാറിന് ഒരേകദേശധാരണയുണ്ട്. ഒരിക്കല്‍ പോയിട്ടുണ്ട്. ഒരിക്കലവനെ 'ഉന്‍ ലോഗ്' ('അവര്‍,' ഉന്‍ ലോഗിനെക്കുറിച്ച് ഞാന്‍ വിശദമായി പറയുന്നുണ്ട്.) കൊണ്ടുപോയിരുന്നു. മടങ്ങിവന്നതിനുശേഷം അവനെയധികം കാണാന്‍ കിട്ടുന്നില്ല. ഈ പെരുമഴയത്ത് അവന്‍ എവിടെയായിരിക്കുമോ എന്തോ... മജുംദാര്‍ ഒരല്‍പ്പം ടെന്‍ഷനിലാണ്.

'അവന്‍ നന്നായി സംസാരിക്കും മാഡം, ഈ ഇരുണ്ടവഴി മാത്രമാണ് പ്രശ്‌നം.'
ഉച്ചതിരിഞ്ഞിട്ടേയുള്ളൂ. പക്ഷേ, പച്ചപ്പാടത്തുനിന്നും ഗോല്‍നാര്‍ ഗ്രാമത്തിലേക്കുള്ള വഴി ഇരുട്ടുറഞ്ഞ തുരങ്കത്തിന്റെ തുറന്ന വായപോലിരുന്നു. ചില വീടുകളൊക്കെയുണ്ടെങ്കിലും ആളും ചൂരും കെട്ട് കമഴ്ത്തിവെച്ച ചിരട്ടപോലെ തോന്നിച്ചു. എല്ലാവരും പാടത്തായിരിക്കും.

ഇടതുവശത്തെ മുളമ്പടി ചാടിക്കടന്ന് ഒരു പത്തുവയസ്സുകാരന്‍ പൊടുന്നനേ മുന്നില്‍ വീണു. അവനെ കണ്ടതില്‍ ആത്മാര്‍ത്ഥമായി സന്തോഷിച്ച് മഴനാരുകള്‍ക്കിടയിലൂടെ വിശാലമായി ഞാന്‍ ചിരിച്ചുവെങ്കിലും അവന്‍ ചിരിച്ചില്ല. കുടയിലേക്ക് ക്ഷണിച്ചെങ്കിലും വന്നില്ല. പക്ഷേ, കാര്യഗൗരവത്തോടെ കൈകള്‍ പിന്നില്‍ പിണച്ചുകെട്ടി ചേര്‍ന്നുനടന്നു. ഞങ്ങളെങ്ങോട്ടാണ് എന്നുപോലും അവനറിയില്ല. വലിയ ഈന്തോലക്കുട ചൂടി ഒരാള്‍ എതിരേ നടന്നുവന്നു.
'ഗംഗുവിന്റെ അച്ഛനല്ലേ?' മജുംദാര്‍ ചോദിച്ചു.

അയാള്‍ കാട്ടുകൈതോലയും ഈന്തോലയും പിരിച്ചുകെട്ടിയിരിക്കുന്ന വേലിയിലേക്കു ചാരി മുഖം മറച്ചു നിന്നു. മജുംദാര്‍ ഇരുവശത്തും മാറിമാറിച്ചെന്ന് തൊപ്പിക്കുടയിലേക്ക് തലയിടാന്‍ നോക്കി. അയാള്‍ ഞങ്ങള്‍ക്ക് പിന്തിരിഞ്ഞു നിന്നു.
'ഉണ്ണിക്കുട്ടാ ഇയാളെന്താ ഇങ്ങനെ?' എന്നു ഞാന്‍ ചെറിയവന്റെ മുഖത്തു നോക്കി. അവന്‍ സസൂക്ഷ്മം എന്റെ ചലനങ്ങള്‍ ഉറ്റുനോക്കി നില്‍ക്കുകയാണ് എന്ന് അപ്പോഴാണ് ഞാനറിഞ്ഞത്.

പുസ്തകത്തിന്റെ കവര്‍ പേജ്‌

ഇത് എനിക്കു പുത്തന്‍ അനുഭവമല്ല. ബസ്തറിലെ ഓരോ മനുഷ്യന്റെയും കണ്ണുകളില്‍ ഞാനിതു കണ്ടിട്ടുണ്ട്. മുഖാമുഖമിരുന്നു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ചില പുതിയ വാക്കുകള്‍, ഓര്‍മ്മയില്‍ നില്‍ക്കാത്ത ചില പേരുകള്‍ കേട്ടാല്‍ അതൊന്നു കുറിച്ചുവെക്കാന്‍ ഞാനെന്റെ തോള്‍സഞ്ചി തുറക്കാന്‍ ശ്രമിക്കുന്നതോടെ വാക്കുകള്‍ മുറിയാനും അവരുടെ കണ്ണുകള്‍ എന്റെ കൈകള്‍ക്കൊപ്പം സൂചിമുനപോലെ നീങ്ങാനും തുടങ്ങും.

കമേലിദുഗേലി എന്ന ഗ്രാമത്തിലേക്കെത്താന്‍ കുറച്ചധികം നടക്കേണ്ടിയിരുന്നു, നല്ല ചൂടും. ചാണകം മെഴുകിയ മുറ്റത്തിട്ട പായയില്‍ ഞാന്‍ അവര്‍ക്കൊപ്പം ഇരുന്നു. രണ്ടുപേര്‍ ഒപ്പം ഒരേ ശ്വാസത്തില്‍ അത്യുത്സാഹത്തോടെ കൃഷിപ്പണികളെക്കുറിച്ചു പറയുന്നതിനിടയില്‍, മുഖം തുടയ്ക്കാനുള്ള തുണിയെടുക്കാനായി ഞാന്‍ സഞ്ചിയെടുത്തു മടിയില്‍ വെച്ചു. വല്ലാത്തൊരു നിശ്ശബ്ദത പെട്ടെന്നു പരന്നു. പായയില്‍ ഇരുന്നവരും അപ്പുറത്തു നിന്നിരുന്നവരും എന്റെ കൈകളുടെ ചലനത്തില്‍ത്തന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. പെട്ടെന്നുള്ള പകര്‍ച്ചയില്‍ ഞാനുമൊന്നു വല്ലാതായി.

ബന്‍സിയിലെ റെയില്‍വേ സ്റ്റേഷനില്‍ വെച്ചും മുറൈയുടെ വീട്ടുമുറ്റത്തു വെച്ചും ഞാനിതറിഞ്ഞിട്ടുണ്ട്. പല വീട്ടുമുറ്റങ്ങളിലും, വര്‍ത്തമാനങ്ങളില്‍ പങ്കുചേരാതെ ഒരല്‍പ്പം മാറിനില്‍ക്കുന്ന പലരും എന്റെ ചലനങ്ങള്‍, പ്രത്യേകിച്ച് കൈയിന്റെ, വിശേഷിച്ചും സഞ്ചി തുറക്കാനോ മറ്റോ ശ്രമിക്കുകയാണെങ്കില്‍ ജാഗ്രതയോടെ നിരീക്ഷിക്കുന്നത് കണ്ടിട്ടുണ്ട്. സുരേഷ് (യഥാര്‍ത്ഥ പേരാവണം എന്നില്ല) അമര്‍ത്തിയ ശബ്ദത്തില്‍ പഠിപ്പിച്ചുവിട്ടതെല്ലാം വീട്ടില്‍ വന്നു പറയുന്ന കുട്ടിയെപ്പോലെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. 

ഞാനയാളുടെ സംസാരത്തില്‍ ഒട്ടും ഇടപെടാതെ നല്ലൊരു കേള്‍വിക്കാരി മാത്രമായി ഇരിക്കുകയായിരുന്നു. പക്ഷേ, ചെറിയൊരു സംശയനിവാരണത്തിനായി ഞാന്‍ വാ തുറന്നതും അയാളുടെ കണ്ണുകള്‍ കൂര്‍ത്ത ജാഗ്രതാവസ്ഥയിലാവുന്നത് ഞാനറിഞ്ഞു. സ്വതേ ഒരല്‍പ്പം അംഗവിക്ഷേപങ്ങളോടെ സംസാരിക്കാറുള്ള എന്റെ കൈകളുടെ ചലനത്തിനൊത്ത് അയാളുടെ കണ്ണുകള്‍ നീങ്ങുന്നതു കണ്ട് ഞാന്‍ അദ്ഭുതപ്പെട്ടുപോയി. മുന്നിലിരിക്കുന്ന അപരിചിതന്റെ ചെറുചലനങ്ങളിലേക്കുപോലും ദൃഷ്ടി തിരിയുന്നതും വാക്കുകള്‍ മുറിയുന്നതും പിന്നപ്പിന്നെ എനിക്കു പരിചിതമായി. ഗംഗുവിന്റെ വീടിന്റെ മൂന്നു വശങ്ങള്‍ മറച്ച പുറംവരാന്തയിലേക്ക് അങ്ങനെയാണ് ഞങ്ങള്‍ കയറിയത്. 

മുത്തശ്ശന്‍ നന്ദാറാം ഒരു അപരിചിതത്വവുമില്ലാതെ സ്വീകരിച്ചു. കയറ്റുകട്ടിലിലെ കമ്പിളി ചുരുട്ടിവെച്ച് ഇരിക്കാന്‍ പറഞ്ഞു. ചുളിഞ്ഞ് കുനിഞ്ഞ് ചെറിയൊരു കുട്ടിയെപ്പോലെ തോന്നിച്ചു അയാള്‍. ഗംഗു പുറത്തെവിടെയോ പോയിരിക്കുകയാണ്. 'എന്നെ അറിയില്ലേ' എന്ന് മജുംദാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അദ്ദേഹം എന്നോട് ഓരോന്നു ചോദിച്ചുതുടങ്ങി, അതിലേറെ പറയാനും തുടങ്ങി. കയറുറിയില്‍ തിരുകിവെച്ചിരിക്കുന്ന പാത്രത്തില്‍നിന്നും പുളിച്ച മണം വരുന്നുണ്ടായിരുന്നു.

'മഹുവാ നീരാണോ ബാബാ?'
'ഹേയ്, പാടത്തു പണിയെടുക്കുന്ന പെണ്ണുങ്ങള്‍ക്കു വെച്ച ചോറാണ്, അവര്‍ കഴിക്കാന്‍ വന്നില്ല.'
മുക്കിലിരുന്ന കുഴല്‍പോലുള്ള വലിയൊരു പാത്രത്തിന്റെ മുളയടപ്പ് അയാള്‍ തുറന്നു. അതില്‍ നിറയെ മഹുവപ്പൂക്കള്‍ ഉണക്കി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അടുത്തുണ്ടായിരുന്ന രണ്ടു ചെറിയ മണ്‍കുടങ്ങളിലും ലഹരിനുരയുന്നുണ്ടായിരുന്നു. ഉണ്ണിക്കുട്ടന്‍ എല്ലാ കുടങ്ങളിലേക്കും തലയിട്ടു.
'നീ ഇത് കഴിച്ചിട്ടുണ്ടോ?'
അവനൊന്നും പറഞ്ഞില്ല. പക്ഷേ, ആദ്യമായി ഒരു പത്തുവയസ്സിന്റെ കുസൃതി അവന്റെ കണ്ണിലൂടെ തുള്ളിയോടുന്നതു ഞാന്‍ കണ്ടു.

'ഞാന്‍ കഴിച്ചിട്ടുണ്ട്, നല്ല രസാണ്. പക്ഷേ, മണം സഹിക്കില്ല,' ഞാനവനോടു പറഞ്ഞു.
തലമുടി കൂണാകൃതിയില്‍ മുറിച്ചു നിര്‍ത്തിയ മനോജ്കുമാര്‍ മണ്ടാവി വന്ന് അടുത്തിരുന്നു. അവന് പതിനേഴുവയസ്സായി. ഏഴാം ക്ലാസിലായിരുന്നു. കൊറോണക്കാലത്ത് സ്‌കൂള്‍ അടച്ചതിനുശേഷം സ്വന്തം പാടത്ത് പണിക്കിറങ്ങി.
'ഇനി പഠിക്കുന്നില്ല...'
'എന്തേ?'
'ഇഷ്ടമില്ല.'
'മനോജിനെക്കാണാന്‍ നല്ല ലുക്കുണ്ട്, സിനിമാക്കാരന്‍പോലെ...'
ആ കമന്റ് അവന് ബോധിച്ചിട്ടുണ്ട്.
ഇതിനിടയില്‍ ഗംഗു കയറിവന്നു, നീണ്ടു മെലിഞ്ഞ് ബള്‍ബുപോലുള്ള കണ്ണുകളുള്ള ചെറുപ്പക്കാരന്‍. ഉണ്ണിക്കുട്ടന്‍ നിലത്തിരുന്ന് ബാലു എന്ന പട്ടിക്കുട്ടിയുമായി കളി തുടങ്ങി. ഒളിച്ചും പതുങ്ങിയും കയറിവന്ന വെള്ളപ്പൂച്ച നന്ദാറാമിന്റെ കട്ടിലില്‍ ഉറക്കമായി.

'എന്തെങ്കിലും പറയൂ, ഗംഗൂ, കൃഷിയൊക്കെ എങ്ങനെ പോകുന്നു?'
ഗംഗുവിന് ചെറിയൊരു ടെന്‍ഷന്‍പോലെ, പിന്നെയൊരല്‍പ്പം നാണവും. മനോജും നന്ദാറാമും മത്സരിച്ചു സംസാരിച്ചു. കടല, നെല്ല്, ഇഞ്ചി, ചോളം ഒക്കെ മാറി മാറി കൃഷി ചെയ്യും. വീട്ടുകാര്‍ തന്നെയാണ് എല്ലാ ജോലികളും ചെയ്യുന്നത്. അതുകൊണ്ട് വെളുപ്പിനെ ഇറങ്ങി ഇരുളുംവരെ പാടത്തു നില്‍ക്കും. മനോജിന് എല്ലാ പണിയും വശമായിട്ടില്ല. എന്നാലും സ്‌കൂളിനെക്കാള്‍ ഇഷ്ടം കൃഷിതന്നെ. ഗംഗുവും പത്തുവരെ പഠിച്ചിട്ടുണ്ട്. ജഗദല്‍പുരും ദന്തേവാദയിലും ഐ.ടി.സികളുണ്ട്. പഠിച്ചവരില്‍ ഏറെപ്പേര്‍ എന്‍.എം.ഡി.സിയിലും മറ്റും ജോലിക്കു കേറിയിട്ടുണ്ട്. എന്നാലും ഇഷ്ടമില്ല.
'എന്താണിഷ്ടക്കുറവ്?'
ഗംഗുവിന്റെ ഉണ്ടക്കണ്ണുകളില്‍ ഒരുത്തരമില്ല. അയാളെന്തോ വല്ലാത്ത ആശയക്കുഴപ്പത്തിലാണ്.
'ഗംഗു വിവാഹിതനാണോ?'
ഞാന്‍ വിഷയം മാറ്റി.

അയാള്‍ നാണത്തോടെ തലയാട്ടി.
'പാടത്ത് അമ്മയോടൊത്തുണ്ട്.'
മനോജ് വിളിക്കാനോടി.
മുട്ടറ്റമുള്ള പാവാടയും നീളന്‍ മേല്‍ക്കുപ്പായവുമിട്ട് വെളുത്ത നല്ല ആരോഗ്യമുള്ളൊരു പെണ്‍കുട്ടിയെ മനോജ് ഉന്തിത്തള്ളിക്കൊണ്ടു വന്നു. അവളുടെ ഇരുകൈയുകളിലും മുട്ടോളം ചെളി നിറഞ്ഞിരുന്നു. അവള്‍ കട്ടിലില്‍ ഇരിക്കാന്‍ കൂട്ടാക്കാതെ മുറ്റത്ത് ഞങ്ങള്‍ക്കു പിന്‍തിരിഞ്ഞുനിന്നു. ഞാനവളെ ഏറെ നിര്‍ബ്ബന്ധിച്ച് എന്റെ അടുത്തിരുത്തി. ഗംഗു നവവരനെപ്പോലെ തരളിതനായി.

'നമുക്കൊരു കല്യാണപ്പാട്ടു പാടിയാലോ?'
'നിങ്ങള്‍ രണ്ടുപേരും ചേര്‍ന്നു പാടൂ.'
അപ്പൂപ്പന്‍ ഗംഗുവിനോടും ഭാര്യയോടും നിര്‍ദ്ദേശിച്ചു.
'എനിക്കറിയില്ല എനിക്കറിയില്ല.'
അവള്‍ കാട്ടുചെമ്പകംപോലെ പൂത്തുലഞ്ഞു.
എന്റെ കാല്‍ തട്ടി താഴേയിരുന്ന ചെറിയൊരു പാത്രം ചെരിഞ്ഞു വീണു, വെള്ളമൊഴുകി, ആ തക്കത്തില്‍ അവള്‍ കാറ്റുപോലെ ഓടിപ്പോയി.
'ഗംഗൂ... എങ്ങനെയാണ് നിങ്ങള്‍ അവളെ കണ്ടെത്തിയത്?

പെണ്‍പണം അഥവാ സ്ത്രീധനം

ബഡേകമേലി ഗ്രാമത്തിലെ സര്‍പഞ്ച് (പ്രസിഡന്റ്) ബീമേ തോമോ നാല്‍പ്പതിനോടടുത്ത പ്രായമുള്ള പ്രസാദവതിയായ സ്ത്രീയാണ്. അവരുടെ വീട്ടുകോലായയിലിട്ട കട്ടിലിലിരുന്ന് നല്ല ഉത്സാഹത്തോടെ, വ്യക്തതയോടെ അവരേറെ സംസാരിച്ചു. ചിരകാലകൂട്ടുകാരിയോടെന്നപോലെ എന്റെ കൈയില്‍ പിടിച്ചും കളിയായി തോളിലടിച്ചും അവര്‍ ഏറെ പ്രിയപ്പെട്ടവളായി. വൃത്തിയുള്ള കൈകാലുകളും പരമ്പരാഗതരീതിയിലുടുത്ത സാരിയും സദാ ഉയര്‍ത്തിപ്പിടിച്ച മുഖവും വാക്കുകളിലെ ദൃഢതയും. അവര്‍ നേതാവാകാന്‍ പിറന്നവളാണെന്നുതന്നെ തോന്നിച്ചു.

രണ്ടു പെണ്‍മക്കളും, മരിച്ചുപോയ ഭര്‍ത്തൃസഹോദരന്റെ മകളും അവര്‍ക്കൊപ്പമുണ്ട്.
'പെണ്‍മക്കളെ വിവാഹം ചെയ്തയയ്ക്കാന്‍ വലിയ ചെലവു വരുമോ?'
'ചെലവോ? അവരെ വേണമെങ്കില്‍ ആണ്‍കുട്ടികള്‍ ഈ പടിക്കല്‍ വരണം. പെണ്‍പണം തരണം.'
'സ്ത്രീധനം?'
'അതെ പെണ്‍പണം.'
'ഇങ്ങോട്ട്?'
'അല്ലാതെ..?'
വിവാഹപ്രായമായ മകനുവേണ്ടി മാതാപിതാക്കള്‍ രഹസ്യമായി പെണ്ണന്വേഷിക്കുന്നു. സ്വന്തം ഗോത്രത്തിനു പുറത്തുനിന്നേ വിവാഹമാകാവു, (ഗോത്രവും ജാതിയും തമ്മിലുണ്ടായ സംഘട്ടനങ്ങളും ചിന്താക്കുഴപ്പങ്ങളും അതില്‍ ഗോത്രജനത തങ്ങളുടെ ഗോത്രത്തിനു പുറത്തായിപ്പോയ കയ്ക്കുന്ന തമാശയും ജാതിയുടെ പട്ടികയില്‍നിന്നും ഗോത്രം ഒഴിവായതും ഗോത്രജനത ഷെഡ്യൂള്‍ ട്രൈബ് എന്ന കളത്തിലൊതുങ്ങിയതും ചോദ്യംചെയ്ത് മംഗള്‍ കുഞ്ചാം ഒരുച്ചവെയിലത്ത് കനലുപോലെ ജ്വലിച്ചതും... 'ജല്‍ ജംഗല്‍ ജമീന്‍' എന്ന അദ്ധ്യായത്തിലുണ്ട്.)

കുറച്ചുകാലം മുമ്പുവരെ പത്തൊമ്പത് ഇരുപതു വയസ്സില്‍ വിവാഹിതരായിരുന്ന ആണ്‍കുട്ടികള്‍ ഇപ്പോള്‍ ഇരുപത്തിനാല് ഇരുപത്തഞ്ചു വയസ്സിലും പെണ്‍കുട്ടികള്‍ പതിനെട്ടിനും ഇരുപതിനിടയിലുമാണ്. ഋതുമതിയാവും മുന്നേ പെണ്‍കുട്ടികള്‍ വിവാഹിതരായിരുന്ന കാലവുമുണ്ടായിരുന്നു. പക്ഷേ, കൗമാരശേഷം മാത്രമേ ദാമ്പത്യജീവിതം ആരംഭിച്ചിരുന്നുള്ളൂ. പങ്കാളിയെ സ്വയം തിരഞ്ഞെടുക്കലാണ് പതിവ്. പിന്നീടത് മാതാപിതാക്കളെ അറിയിക്കുകയും വിവാഹാലോചന തുടങ്ങുകയുമാണ് ബീമേയുടെ ഗോണ്ടിസമുദായത്തില്‍ പതിവ്. ഉത്സവങ്ങള്‍, നൃത്ത അരങ്ങുകള്‍, പൂജാവേളകള്‍ മറ്റുമാണ് പ്രണയത്തിന്റെ അണിയറകള്‍.

എന്നാല്‍ മണ്ടാവിസമുദായത്തില്‍ കാര്യങ്ങള്‍ കുറച്ചുകൂടെ ആവേശഭരിതമാണ്. അവിടെ ഗ്രാമങ്ങള്‍ക്കടുത്തായി മണ്ടായി എന്നൊരു പൊതുയിടമുണ്ടായിരിക്കും. യുവജനവിനോദശാല എന്നുതന്നെ പറയാം. അവിവാഹിതരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മാത്രമാണ് അവിടെ കൂടുക. അവിടേക്ക് ആദ്യമായി പ്രവേശനം ലഭിക്കുന്നത് മണ്ടാവികൗമാരത്തിന് ഏറെ ഉള്‍പ്പുളകം നല്‍കുന്ന ഒന്നാണ്. ജീവിതത്തില്‍ ആദ്യത്തെ വസന്തോത്സവത്തിന്റെ കൊടിയേറ്റം. മണ്ടായിയില്‍ രാത്രി താമസമില്ല. ഇരുളു പരക്കുംവരെ കളി, ചിരി, പാട്ട്, നൃത്തം, അഭ്യാസപ്രകടനം, കേശാലങ്കാരം, അമ്പെയ്ത്ത് തുടങ്ങിയ വിനോദങ്ങളുമായി അവരവിടെ കൂടും.

വേനല്‍മാസങ്ങളില്‍ മാത്രമേ മണ്ടായിയുണ്ടാവൂ, പാടത്തു പണി തുടങ്ങിയാല്‍ പിന്നെ ജീവിതം മാത്രമേ ബാക്കി കാണൂ. കല്യാണപ്പാട്ടുകള്‍, പ്രണയഗാനങ്ങള്‍ ഒക്കെ പാടിയും സ്വന്തമായി വരികള്‍ ചേര്‍ത്തിണക്കിയും വളരെ സ്വാതന്ത്ര്യത്തോടെ യുവത ഇടപഴകും. അടുത്തു നടക്കാനിരിക്കുന്ന സുഹൃത്തിന്റെ കല്യാണത്തിന് ഒപ്പിക്കേണ്ട കുസൃതികളെക്കുറിച്ച് ഗൂഢാലോചനകള്‍ നടത്തും. മണ്ടായി കാനനകൗമാരത്തിന്റെ ഏറ്റവും മനോഹരമായ നാളുകളാണ്.

നൃത്തത്തിനിടയില്‍ ചെറുക്കന്‍ തന്റെ പെണ്ണിനെ എടുത്ത് തോളിലിരുത്തി അവന്റെ വീട്ടിലേക്ക് ഓടിപ്പോകും. വീട്ടിലവളെ ഈന്തോലപ്പായയിലിരുത്തി പുറത്ത് കാവല്‍ നില്‍ക്കും. അവന്റെ കൂട്ടുകാരില്‍നിന്ന് വിവരമറിഞ്ഞ പെണ്‍വീട്ടുകാര്‍ അനുരഞ്ജനസംഭാഷണത്തിനുശേഷം പെണ്‍കുട്ടിയെ വിളിച്ചു കൊണ്ടുപോകും. തുടര്‍ന്ന് ഔപചാരികമായ വിവാഹാലോചന തുടങ്ങും.

ഗോണ്ടി ജാതിയില്‍ ചെറുക്കന്റെ മാതാപിതാക്കള്‍ മൂന്നാമതൊരാള്‍വഴി പെണ്‍വീട്ടിലേക്കു വരാന്‍ അനുവാദം ചോദിക്കുന്നു. ലഭിച്ചാല്‍ മഹുവനീരു നിറച്ച കുടം, ലന്ത (വീട്ടിലുണ്ടാക്കുന്ന ഈന്തപ്പനനീരിന്റെ മദ്യം), അരിപ്പലഹാരങ്ങള്‍ തുടങ്ങിയവ നിറച്ച മുറങ്ങള്‍ എന്നിവയുമായി വധൂഗൃഹത്തിലെത്തുന്നു. ഇതെല്ലാം മുറ്റത്ത് നിരത്തിവെച്ച് പെണ്ണു ചോദിക്കുന്നു. പെണ്‍വീട്ടുകാര്‍ ഏറെ നേരത്തെ ആലോചനകള്‍ക്കുശേഷം, ചിലപ്പോള്‍ ഒരു ദിവസം മുഴുവന്‍ നീളുന്ന, കുടം തുറന്ന് മഹുവാനീരു രുചിച്ചാല്‍ സമ്മതം എന്നര്‍ത്ഥമായി.

തുടര്‍ന്ന് ഗ്രാമത്തിലെ മുതിര്‍ന്ന പുരുഷന്‍മാരെ വരന്റെ വീട്ടിലേക്കു ക്ഷണിക്കലായി, വിവാഹമൊന്നുറപ്പിച്ചുകിട്ടാന്‍. വിവാഹം ഉറപ്പിച്ചുകിട്ടല്‍ ആണ്‍വീട്ടുകാരുടെ മാത്രം ഉത്തരവാദിത്വമാണ്. വധുവിന്റെ കൂട്ടര്‍ക്ക് ഇതിലൊന്നും പങ്കില്ല. മുതിര്‍ന്നവര്‍ പലവിധ നിബന്ധനകള്‍ വെക്കും, മദ്യവും വിശിഷ്ടഭക്ഷണസാധനങ്ങളും ആവശ്യപ്പെടും, ഇല്ലാത്ത നിയമക്കുരുക്കുകള്‍ പരിശോധിക്കും. തങ്ങളുടെ അസ്തിത്വം അംഗീകരിക്കപ്പെടുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ അവര്‍ ശരിക്കുപയോഗിക്കും. ഫാല്‍ഗുനം മുതല്‍ ആഷാഢാരംഭം വരെയുള്ള ഏതെങ്കിലുമൊരു ദിവസത്തില്‍ വിവാഹമുറപ്പിക്കും. നിശ്ചയത്തിനുശേഷം പ്രതിശ്രുതദമ്പതിമാര്‍ക്ക് കാണാനും കൂടാനുമുള്ള അനുവാദമുണ്ട്.
 

Content Highlights: Aamcho Bastar book excerpt