'പ്രലോഭനങ്ങള്‍ക്കു ചിലപ്പോഴെങ്കിലും എന്തു ഭംഗിയാണല്ലേ ഫാദര്‍?' | കഥ - കൗമാരം | അഷിത

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'അഷിതയുടെ കത്തുകള്‍' എന്ന പുസ്തകത്തില്‍ നിന്ന്;
കൈ കുടഞ്ഞ് വിരലുകള്‍ പൊട്ടിച്ച്, കൈത്തണ്ടകൊണ്ട് ഒരു കോട്ടുവാ മറച്ച് ലക്ഷ്മി കസേരയില്‍ ഒന്നിളകി ഇരുന്നു. എതിരേയിരുന്ന്, ശാന്തനായി സാവധാനം ക്രിസ്തുമതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്ന ഫാദര്‍ ജോസിന്റെ സംഭാഷണത്തില്‍ താത്പര്യം കണ്ടെത്താന്‍ നന്നേ ബുദ്ധിമുട്ടുകയായിരുന്നു ലക്ഷ്മി. ലക്ഷ്മിയുടെ അരികില്‍ ടീപ്പോയിയില്‍ ലക്ഷ്മിയുടെ പൂച്ച നക്കിത്തുടച്ച് സ്വയം വൃത്തിയാക്കിക്കൊണ്ടിരുന്നു. പക്ഷേ, എത്ര ശ്രമിച്ചിട്ടും മടിയില്‍ കമിഴ്ത്തിവെച്ചിരുന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തിലേക്ക് തിരക്കുള്ള ട്രാഫിക്കിനിടയില്‍ കൈ കുതറിയോടുന്ന വികൃതിക്കുട്ടിയെപ്പോലെ ലക്ഷ്മിയുടെ മനസ്സും കണ്ണുകളും തെന്നിനീങ്ങിക്കൊണ്ടിരുന്നു.
വാസ്തവത്തില്‍, ആ പുസ്തകം മുറിയിലെവിടെയും ഒളിപ്പിക്കാന്‍ ധൈര്യം വരാത്തതുകൊണ്ടാണ് കോളിങ് ബെല്ലടിച്ചപ്പോള്‍ ലക്ഷ്മി അതുമായി മുന്‍വശത്തേക്കു ചെന്നത്. അച്ഛന്റെ കക്ഷികളിലാരെങ്കിലുമോ, ഉച്ചനേരത്ത് വീടുവീടാന്തരം കയറിയിറങ്ങുന്ന സെയില്‍സ്മാന്‍മാരോ ആരെങ്കിലുമാവുമെന്നാണ് ലക്ഷ്മി കരുതിയത്. പക്ഷേ, വാതിലിനപ്പുറത്തു നിന്നത് ഫാദര്‍ ജോസ്.
അച്ഛന്റെ പഴയ ഒരു കക്ഷി; കുടുംബസുഹൃത്ത്. ലക്ഷ്മി ഒന്നു പതറിയെന്നതു സത്യം. പക്ഷേ, കോണ്‍വെന്റിലെ പഠിപ്പും നഗരത്തിലെ ജീവിതവും അത്തരം നേര്‍ത്ത അനുപേക്ഷണീയമായ ബന്ധങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ലക്ഷ്മിയെ പഠിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഔപചാരികതയുടെ പരിവേഷമണിഞ്ഞുമാത്രം എല്ലായ്പോഴും പെരുമാറാന്‍ പഠിപ്പിക്കപ്പെട്ട സയാമീസ് പൂച്ചക്കുട്ടിയുടെ വഴക്കത്തോടെ ലക്ഷ്മി ഫാദര്‍ ജോസിന്റെ കുശലപ്രശ്നങ്ങള്ക്ക് അനായാസം മറുപടി പറഞ്ഞു.
പരീക്ഷ കഴിഞ്ഞുവെന്നും റിസല്‍ട്ട് വന്നാല്‍ സൈക്കോളജി ഐച്ഛികമായി എടുക്കാനാഗ്രഹിക്കുന്നുവെന്നും മറ്റും മറ്റും. സൈക്കോളജിയെന്നു കേട്ടപ്പോള്‍ ഫാദര്‍ തെല്ല് അദ്ഭുതപ്പെട്ടു. സൈക്കോളജിയെക്കാള് പെണ്‍കുട്ടികള്‍ക്കു ഫിലോസഫിയാണ് ചേരുകയെന്നും പറഞ്ഞു. തത്ത്വശാസ്ത്രം, നമ്മുടെ മതം- അതെ. സംഭാഷണം അവിടെയെത്തിയപ്പോഴാണ് ലക്ഷ്മിയുടെ ശ്രദ്ധ തെന്നിമാറിയോടിയത്.
ഫാദര്‍ ജോസിന്റെ സംഭാഷണത്തില്‍ ശ്രദ്ധിക്കുന്നതിന് പകരം ഫാദര്‍ ജോസിനെത്തന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി, ലക്ഷ്മി. എന്തിനെന്നില്ലാതെ ഒരു പ്രസന്നത പേറുന്ന മുഖവും ശാന്തവും സംതൃപ്തവുമായ കണ്ണുകളും പറ്റേ വെട്ടിയ സമൃദ്ധമായ മുടിയും കഴുത്തില്‍ തുടിക്കുന്ന നീലഞരമ്പില്‍ പടര്‍ന്ന കറുത്ത മറുകും ചുണ്ടുകളുടെ ആരോഗ്യകരമായ ചുവപ്പും- ലക്ഷ്മി ദിവസവും കോളേജില്‍ ഇടപഴകുന്ന താടി വളര്‍ത്തിയ, തളര്‍ന്ന കണ്ണുകളുള്ള ചെറുപ്പക്കാരില്‍നിന്ന് എത്രയോ ആകര്‍ഷണീയമാംവിധം വ്യത്യസ്തനായിത്തോന്നി ഫാദര്‍ ജോസ്.
ഫാദര്‍ ജോസ് സംസാരിച്ചുകൊണ്ടേയിരുന്നു- ഇടവകയിലെ പള്ളിയെപ്പറ്റി, വര്ത്തമാനകാലരാഷ്ട്രീയത്തെപ്പറ്റി, വനങ്ങളെപ്പറ്റി. പക്ഷേ, പുതിയ വിഷയങ്ങളിലേക്കു കടക്കുമ്പോഴും ശാന്തമായ ഒരു നിശ്വാസത്തോടെ ഫാദര്‍ എപ്പോഴും മതത്തിലേക്കും ക്രിസ്തുവിലേക്കും തിരിച്ചുവന്നു; ലോകത്തിലെ എല്ലാ വിഷയങ്ങളും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന മട്ടില്‍.
ഫാദര്‍ ജോസിന്റെ സംസാരം കേട്ടുകൊണ്ടിരിക്കേ തിരിയുന്ന ഫാനിന്റെ ശബ്ദവും സ്പീഡും ഇടയ്ക്കു ചീറിപ്പായുന്ന പോലീസ് ജീപ്പിന്റെ സൈറണും ആ സംസാരത്തിന് തീവ്രമായ പശ്ചാത്തലഭംഗി നല്‍കുന്നുണ്ടെന്ന് ലക്ഷ്മിക്കു തോന്നി. വളരെയധികം തീക്ഷ്ണമായ ഒന്നായിരുന്നു, ലക്ഷ്മിയുടെ വ്യക്തിത്വം. അത്തരം കാല്പനികചിന്തകളോടും അതിഭാവുകത്വം കലര്‍ന്ന ഉപമകളോടും ഒക്കെ ഏറെ പ്രിയമായിരുന്നു ലക്ഷ്മിക്ക്. വാസ്തവത്തില്‍ ഫാദര്‍ ജോസ് ആത്മാവിനെയും മതത്തിനെയും കുറിച്ചു സംസാരിക്കുമ്പോഴും ലക്ഷ്മി ബോധവതിയായിരുന്നത് ഫാദറിന്റെ ശരീരത്തെക്കുറിച്ചായിരുന്നു. പവിത്രവും ഗഹനവുമായ ചിന്തകള്‍ ഫാദറില്‍നിന്ന് ഉതിരുമ്പോള്‍ ആ ചുണ്ടുകളുടെ ദ്രുതചലനത്തില്‍ മാത്രമായിരുന്നു ലക്ഷ്മി ആകൃഷ്ടയായത്.
ഒന്നുമറിയാതെ ഫാദര്‍ ജോസ് സംതൃപ്തിയോടെ സംസാരം തുടര്‍ന്നു. ലക്ഷ്മിയുടെ മടിയില്‍ ആ പുസ്തകം കമിഴ്ന്നുകിടന്നു. ഇടതുവശത്താവട്ടെ, ആ പൂച്ച അപ്പോഴും സ്വയം നക്കിത്തുടച്ച് വൃത്തിയാക്കിക്കൊണ്ടിരിക്കയായിരുന്നു. അതിന്റെ കണ്ണുകള്‍ പുറത്തുനിന്നു വന്നുവീണ വെയില്‍പ്പാളിയില്‍ പച്ചനിറത്തില്‍ മിന്നി. പുറത്ത് പ്രഭാതം മധ്യാഹ്നത്തിലേക്ക് കത്തിപ്പടര്‍ന്നിരുന്നു; ബാല്യത്തില്‍നിന്ന് കൗമാരത്തിലേക്കുള്ള മാറ്റംപോലെ. കൗമാരത്തിന്റെ ഉന്മാദകരമായ സാഹസികതയും നിര്‍ലോഭമായ ന്യായീകരണങ്ങളും അതിവേഗം ബോറടിയായി മാറിക്കൊണ്ടിരിക്കുന്ന ആ മധ്യാഹ്നത്തിനെ രസകരമാക്കാന്‍ ലക്ഷ്മിയെ പ്രേരിപ്പിച്ചു.
ഫാദര്‍ ജോസിന്റെ സംഭാഷണത്തിന്റെ ഒഴുക്കു കുറുകേ മുറിച്ച് ലക്ഷ്മി പെട്ടെന്ന്, തീര്‍ത്തും ആകസ്മികമായ ഒരു കണ്ടുപിടിത്തമെന്നപോലെ പറഞ്ഞു: 'ഫാദര്‍! താങ്കള്‍ക്കെന്റെ അച്ഛന്റെ ഛായയുണ്ട്.'
ഫാദര്‍ ജോസ് അമ്പരപ്പോടെ, പെട്ടെന്നു ചിരിച്ചു. ആ ചിരിയില്‍ നെറ്റിയിലെ ഗഹനമായ ചുളിവുകള്‍ ആകെ മായ്ഞ്ഞു. വളരെ ഹൃദ്യമായ ഒരു കാഴ്ചയായിത്തോന്നി, ലക്ഷ്മിക്കത്.
ചിരിച്ചുകൊണ്ട് ലക്ഷ്മി മെല്ലെ പറഞ്ഞു, ഫാദര്‍ ജോസിനെ ഉറ്റുനോക്കിക്കൊണ്ട്: 'ഞാനിന്നലെ ഒരു സ്വപ്നം കണ്ടു ഫാദര്‍. ഇന്നലെ ഉച്ചയുറക്കത്തില്‍. ഒരു കരിമൂര്ഖന്, നനഞ്ഞ ഈര്‍പ്പമുള്ള മരത്തില്‍ കയറുകയായിരുന്നു...'
'പണ്ട് സാത്താന് ഹവ്വയെ സമീപിച്ചത് പാമ്പിന്റെ വേഷത്തിലായിരുന്നു.' ഫാദര്‍ ലക്ഷ്മിയെ തടസ്സപ്പെടുത്തിക്കൊണ്ട് ഓര്‍മപ്പെടുത്തി.
'പക്ഷേ, മരത്തിന്റെ ഇരുണ്ട തണലുകള്‍ക്ക് ഈര്‍പ്പവും മൂര്‍ഖന്‍ കറുപ്പിലേക്കു വഴുതുന്ന കടുംചുവപ്പുനിറവുമായിരുന്നു.' ലക്ഷ്മി ഫാദര്‍ പറഞ്ഞത് ശ്രദ്ധിക്കാതെ തുടര്‍ന്നു. ഫാദര്‍ ജോസ് ഒന്നു പതറി. സംഭാഷണം പെട്ടെന്ന് പ്രധാനപാത വിട്ട് ഇടവഴിയിലേക്കിറങ്ങിയപോലെ. പൂച്ചയെ മടിയില്‍വെച്ച് ലാളിക്കുന്ന ഈ പതിനാറുവയസ്സുകാരി താനറിയാത്ത ഏതോ ലോകത്തില്‍ കാല് ചവുട്ടിനില്ക്കുന്നുവെന്ന ഭ്രമിപ്പിക്കുന്ന ചിന്ത ഫാദറെ കുഴക്കി. വര്‍ത്തമാനത്തിന്റെ ചരടുതന്നെ ആരോ കൈയില്‍നിന്നു തട്ടിപ്പറിച്ചതുപോലെ നിസ്സഹായനായി ഫാദര്‍ ജോസ് നിശ്ശബ്ദതയിലേക്കു മടങ്ങി.
'പ്രലോഭനങ്ങള്‍ക്കു ചിലപ്പോഴെങ്കിലും എന്തു ഭംഗിയാണല്ലേ ഫാദര്‍?' ലക്ഷ്മി സ്വരം താഴ്ത്തി ഒരു സ്വകാര്യമെന്നപോലെ ചോദിച്ചു.
ഫാദര്‍ ജോസിന്റെ നെറ്റിയില്‍ അതിവേഗത്തില്‍ വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞുകൊണ്ടിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ കണ്ണുകള്‍ ലക്ഷ്മിയുടെ മുഖത്തുനിന്ന് പതറിയില്ല. ഏതൊക്കെയോ വിചാരങ്ങളില്‍ മുങ്ങി ഒരു വൈക്കോല്ത്തുരുമ്പിനെയെന്നപോല്, ഒരിക്കലും തെറ്റിച്ചിട്ടില്ലാത്ത അനുഷ്ഠാനമെന്നപോല് സാവധാനം, കണ്ണുകള്‍ ചലിപ്പിക്കാതെ അദ്ദേഹം മാറിലെ കുരിശിനെ കൈയിലെടുത്തു.
പുറത്ത്, മധ്യാഹ്നം പടര്ന്നുകത്തിത്തുടങ്ങിയിരുന്നു. വളവു തിരിഞ്ഞുവരുന്ന ഒരു കാറിന്റെ ഹോണ്‍ തുടരത്തുടരെ മുഴങ്ങി. ഫാദറെ ഉറ്റുനോക്കി, നിശ്ശബ്ദം വെല്ലുവിളിച്ച് ലക്ഷ്മി പൂച്ചക്കുട്ടിയെ മടിയില്നിന്നിറക്കിവിട്ട് എഴുന്നേറ്റു. 'എന്തൊരു ഉഷ്ണം, ഹോ' എന്നു പറഞ്ഞ് സാവധാനം രണ്ടടി ഫാദറിനു നേര്‍ക്കു നടന്നു. ആ ഒരു നിമിഷത്തില്‍ ഫാദറിന്റെ കണ്ണുകള്‍ തുളുമ്പുന്ന കൗമാരത്തിന്റെ വടിവുകളുടെ നിയന്ത്രണം വിട്ട് മേഞ്ഞു. ലക്ഷ്മിക്ക് അത് ധാരാളമായിരുന്നു.
പുസ്തകവുമെടുത്ത് വന്നുനിന്നു. ഹോണടിക്കുന്ന കാറിനു ഗെയ്റ്റു തുറക്കാനായി നടക്കുമ്പോള്‍ സഹതാപം കലര്‍ന്ന ഒരു നോട്ടം ഫാദര്‍ ജോസിനു ലക്ഷ്മി സമ്മാനിക്കാന്‍ മറന്നില്ല. ഒന്നു കുരിശു വരയ്ക്കണമെന്നും വിയര്‍പ്പു തുടയ്ക്കണമെന്നും ഫാദര്‍ ജോസ് ഉത്കടമായി ആഗ്രഹിക്കുമ്പോള്‍ അഭയം നഷ്ടപ്പെട്ട പൂച്ച വലിഞ്ഞുനിവര്ന്ന് ഉറക്കെ ഒന്നു കരഞ്ഞു.
Content Highlights: Ashitha's short story book excerpt Mathrubhumi books