ഇരുട്ടും നിഴലും മാറിയും മറിഞ്ഞും മുന്നില്‍; ജീവിതത്തെ മാറ്റിയെഴുതിയ നമ്പൂതിരിയുടെ യാത്ര

വിസ്മയരേഖകള്‍കൊണ്ട് അതുല്യനായിത്തീര്‍ന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവചരിത്രമാണ് സജി ജെയിംസ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നമ്പൂതിരി രേഖാജീവിതം. പുസ്തകത്തില്‍ നിന്നൊരു ഭാഗം വായിക്കാം...
കരുവാട്ടെ വാസുദേവന്‍ നമ്പൂതിരിയുടെ ജീവിതത്തിന്റെ വഴിത്തിരിവായി മാറാന്‍ പോകുന്ന ആ യാത്ര അന്നു രാത്രി ആരംഭിച്ചു. അട്ടു മൂത്തേടത്ത് മുമ്പില്‍, പിന്നാലെ വാസുദേവന്‍. ഷൊര്‍ണൂരെത്തി പാസഞ്ചര്‍ വണ്ടിയില്‍ യാത്ര തുടങ്ങി. കരി തുപ്പിയും കിതച്ചും വണ്ടി തൃശ്ശിവപേരൂരും കടന്ന് ഒല്ലൂര്‍ എത്തിയപ്പോള്‍ രണ്ടുപേരും അവിടെ ഇറങ്ങി. എങ്ങോട്ടാണു പോകുന്നതെന്ന് മൂത്തേടത്തിനോട് ചോദിക്കാനുള്ള ധൈര്യം വാസുദേവനില്ല. മൂത്തേടത്തിന്റെ ഇല്ലമായ ചിറ്റിശ്ശേരിയിലേക്കാണ് ആദ്യം ചെല്ലുന്നത്.
ഇല്ലത്തിനടുത്തെത്തിയപ്പോള്‍ ഭയന്നുപോയി. രാത്രി ഒരുപാട് വൈകിയിരുന്നു. പത്തായപ്പുരയിലേക്കാണാദ്യം കയറിച്ചെന്നത്. വന്‍മരങ്ങള്‍ പത്തായപ്പുരയുടെ മുകളിലേക്ക് വീണുകിടക്കുന്നു. ഒരു കൊടുങ്കാറ്റു കഴിഞ്ഞ കാഴ്ചപോലെ. കുളി കഴിഞ്ഞേ ഊണുള്ളൂ. ആഴമെത്രയെന്നറിയില്ലാത്ത, നല്ല തണുപ്പുണ്ടായിരുന്ന കുളത്തില്‍ വിറച്ചുകൊണ്ട് മുങ്ങിത്താണു. കുളികഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ അരണ്ട വിളക്കുവെട്ടത്തില്‍ വീട്ടുകാരുടെ മുഖങ്ങള്‍ കണ്ടു. ഊണുകഴിച്ച് വീണ്ടും യാത്ര തുടങ്ങി. എങ്ങോട്ടാണ് ഈ രാത്രിയില്‍ പോകുന്നതെന്നു ചോദിക്കാന്‍ മനസ്സിനു ധൈര്യം പോര. പതിവുപോലെ അട്ടു മൂത്തേടം മുന്നില്‍ പിന്നില്‍ വാസുദേവന്‍. അപ്പുറം കാണാന്‍ കഴിയാത്ത ഇരുട്ടില്‍ ചിലയിടത്തൊക്കെ തട്ടിവീഴാന്‍പോയി. ഇരുട്ടും നിഴലും മാറിയും മറിഞ്ഞും മുന്നില്‍. ചിലയിടത്ത് ആള്‍ക്കാരെ കണ്ടു.
കുറെ ദൂരം നടന്ന് ഒരു തീവണ്ടിപ്പാളത്തില്‍ കയറി. നടത്തം പിന്നെ പാളത്തിലൂടെയായി. കുറെ ദൂരം നടന്നു റെയിലിറങ്ങി നേരെ ചെന്നെത്തിയത് ഒരാള്‍ക്കൂട്ടത്തിനിടയിലേക്ക്. ദിക്കുകളിലെല്ലാം പ്രസിദ്ധമായ ആറാട്ടുപുഴ പൂരം. പൂരപ്പറമ്പിലെ ക്രാങ്ങാട്ട് നമ്പൂതിരിയുടെ കോപ്പുപുരയിലാണ് ചെന്നുകയറിയത്. വരിക്കാശ്ശേരിക്കാരുടെ ഒരു ബന്ധുവാണ് ക്രാങ്ങാട്ട് കുഞ്ഞനിയന്‍ നമ്പൂതിരി. രണ്ടുപേരും തമ്മിലുള്ള സംഭാഷണം നീണ്ടു. പ്രസിദ്ധമായ പൂരം അടുത്തു പോകാതെ, അടുത്തു കാണാതെ വാസുദേവന്‍ ആദ്യമായി കണ്ടു.
കിഴക്ക് വെള്ളകീറാന്‍ തുടങ്ങുന്ന സമയം അട്ടു മൂത്തേടത്ത് വാസുദേവനുമായി തന്റെ യാത്ര വീണ്ടും ആരംഭിച്ചു. അടുത്ത നാടായ കടലായി ലാക്കാക്കിയാണ് നടത്തം. സംസ്‌കൃത പണ്ഡിതനായ കടലായി നമ്പൂതിരിയെ കാണണം. തലോര്‍ വീമ്പൂര് കുഞ്ചുനമ്പൂതിരി. കാഴ്ചയില്‍ കേസരി ബാലകൃഷ്ണപ്പിള്ളയെപ്പോലെ ഒരാള്‍. സ്വന്തം ഇല്ലത്തുനിന്നും മാറിത്താമസിക്കുന്ന അദ്ദേഹത്തിന് സംസ്‌കൃതത്തിലും ഇംഗ്ലീഷിലും അസാധാരണമായ അറിവ്. വേഷം പ്രാകൃതം. കണ്ണില്‍ പൊട്ടിയ ഒരു കട്ടിക്കണ്ണട. പൊട്ടിയ ഭാഗം റബ്ബര്‍മരത്തിന്റെ കറകൊണ്ട് ഒട്ടിച്ചു ചേര്‍ത്തിരിക്കുന്നു. തലോറിലെ വാര്യത്തുനിന്നാണ് അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്. വാര്യത്തോടു ചേര്‍ന്നാണ് താമസവും. ഭക്ഷണവും പാചകവുമൊക്കെ ഒറ്റയ്ക്ക്. വിവാഹം ചെയ്തിരിക്കുന്നത് ജാതിയില്‍ താണവരെയായതുകൊണ്ട് ആചാരം അതാണ്.
പഠനം വേഗത്തിലായിരുന്നു. ദിവസവും ഒന്നുരണ്ട് മണിക്കൂര്‍ അദ്ദേഹത്തിനു മുന്നില്‍ ചെലവഴിക്കും. ശ്ലോകങ്ങളിലായിരുന്നു തുടക്കം. സിദ്ധരൂപം രണ്ടാംഘട്ടത്തില്‍ മുഴുവന്‍ പഠിച്ചു. രഘുവംശവും നൈഷധവും പിന്നാലെ. ഇത്രൂട്ടന്‍ എന്നൊരാള്‍ കൂടെ പഠിക്കാന്‍ കൂടി. ഒരു കാലിനു സ്വാധീനക്കുറവുള്ള ഇത്രൂട്ടന്‍ അധികനാള്‍ പഠനം തുടര്‍ന്നില്ല.
പക്ഷേ, തലോറി നീണ്ടുനിന്ന സൗഹൃദത്തിന് അതു തുടക്കമായി. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. ഇത്രൂട്ടന്‍ നന്നായി വരയ്ക്കുമായിരുന്നു. ചിത്രകലയെ മനസ്സില്‍ കൊണ്ടുനടക്കുന്ന രണ്ടുപേര്‍ അങ്ങനെ ഒരുമിച്ചു. കടലായിയിലേക്കുള്ള ആ യാത്ര വാസുദേവന്‍ നമ്പൂതിരിയുടെ ജീവിതത്തെ വഴിതിരിച്ചുവിട്ട സംഭവങ്ങളുടെ തുടക്കമായിരുന്നു.
ഭാരതത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് നാല്‍പതുകളുടെ തുടക്കമാണ് കാലം. ദേശീയവാദികളായ കോണ്‍ഗ്രസ്സുകാരും സോഷ്യലിസ്റ്റുകളും നാട്ടിന്‍പുറങ്ങളില്‍ വരെ സജീവമായിരുന്നു. തലോറും കടലായിലുമൊക്കെ അതിന്റെ അനുരണനങ്ങളുണ്ടായി. അവിടെയൊരമ്പലവും അതിനോടു ചേര്‍ന്നൊരു ആ മരവും. ആ മരത്തിന്റെ ചുവട്ടില്‍ ഓരോ ദിവസത്തേയും രാഷ്ട്രീയചലനങ്ങള്‍ ചര്‍ച്ചകളായി പ്രതിഫലിക്കും. ദേശീയവാദികളായ കോണ്‍ഗ്രസ്സുകാരും സോഷ്യലിസ്റ്റുകളുമായി തിരിഞ്ഞ് നടക്കുന്ന ആ ചര്‍ച്ചകള്‍ രൂക്ഷമായ വാദപ്രതിവാദങ്ങളിലാവും അവസാനിക്കുന്നത്.
അമ്പലത്തിനടുത്തായി രണ്ടു പ്രശസ്തങ്ങളായ വാര്യങ്ങളുണ്ട്. ഒരു വാര്യത്തെ ചെറുപ്പക്കാര്‍ കമ്യൂണിസ്റ്റുകാരും മറുവശത്ത് കോണ്‍ഗ്രസ്സുകാരും. തര്‍ക്കങ്ങള്‍ പലതും അങ്ങനെയാണ് കേന്ദ്രീകരിക്കുന്നത്. സംസ്‌കൃതം പഠിക്കാനെത്തിയ വാസുദേവന്‍ ഇവരുടെ തര്‍ക്കങ്ങള്‍ കേള്‍ക്കാന്‍ പതിവായി കൂടും. അങ്ങനെ പുതിയ സൗഹൃദങ്ങളുടെ പച്ചമരത്തണലിലായിരുന്നു വാസുദേവന്റെ കടലായി ജീവിതം.
ആ സൗഹൃദങ്ങളില്‍ ചിലര്‍ ഇതാകൊച്ചനുജന്‍ പിഷാരോടി, കോണ്‍ഗ്രസ് നേതാവ്. ആല്‍ത്തറയിലെ വാദപ്രതിവാദങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇദ്ദേഹം ജ്യോതിഷത്തില്‍ നന്നായി അറിവുള്ള ആള്‍ കൂടിയായിരുന്നു. വാസുദേവന്‍ കൗതുകത്തോടെയാണ് കൊച്ചനുജന്റെ രാഷ്ട്രീയ വാദപ്രതിവാദങ്ങളെ കണ്ടിരുന്നത്. എളങ്ങല്ലൂര്‍ മനയിലെ വാസുദേവന്‍ നമ്പൂതിരിയാണ് മറ്റൊരു സുഹൃത്ത്. അന്നു വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സംസ്ഥാന നേതാക്കളിലൊരാളായിരുന്ന വാസുദേവന്‍ നമ്പൂതിരി നല്ലൊരു സംഘാടകനും പ്രസംഗകനുമായിരുന്നു. അദ്ദേഹത്തിലൂടെ വാസുദേവന് മറ്റു ചില സൗഹൃദങ്ങളുണ്ടായി. അതില്‍ പ്രധാനപ്പെട്ട ഒരാളാണ് വി.ടി. ഇന്ദുചൂഡന്‍. അക്കാലത്തെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് നേതാവായിരുന്നു ഇന്ദുചൂഡന്‍. പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയുടെ എഡിറ്ററായി.
ഇന്ദുചൂഡനെ ആദ്യമായി വാസുദേവന്‍ കാണുന്നത് ആമ്പല്ലൂരിലെ അളഗപ്പ ചെട്ടിയാരുടെ ഓട്ടുകമ്പനിയില്‍ വെച്ചാണ്. അന്നവിടെ തൊഴിലാളിയൂണിയനുണ്ടാക്കി സമരം നടത്തുകയായിരുന്നു ഇന്ദുചൂഡന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തനായ സംഘാടകനും സൈദ്ധാന്തികനുമായിരുന്ന ഇന്ദുചൂഡനെപ്പറ്റി നേരത്തേതന്നെ കേട്ടറിവുണ്ടായിരുന്നു. ആ അറിവ് മനസ്സില്‍വെച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥിനേതാവായ വാസുദേവനൊപ്പം അദ്ദേഹത്തെ കാണാന്‍ പോയത്. ആ പരിചയം വളര്‍ന്നു. ആല്‍ത്തറയില്‍നിന്നു രാഷ്ട്രീയം പഠിച്ചെങ്കില്‍ കമ്യൂണിസത്തെപ്പറ്റി പഠിക്കുന്നത് ഇന്ദുചൂഡനില്‍ നിന്നാണ്. വര്‍ഷങ്ങള്‍ക്കുശേഷം ആ ഇന്ദുചൂഡന്‍ ഹിന്ദുത്വ വലതുപക്ഷത്തെത്തി എന്നത് മറ്റൊരു യാദൃച്ഛികത.
ഇന്ദുചൂഡനെപ്പോലെ വാസുദേവ നമ്പൂതിരിക്കൊപ്പം പോയി പരിചയപ്പെട്ട നിരവധി രാഷ്ട്രീയനേതാക്കന്മാരുണ്ടായിരുന്നു. അവരിലൊരാളായിരുന്നു സി. അച്ച്യുതമേനോന്‍. പില്‍ക്കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായ അച്ച്യുതമേനോന്റെ രാഷ്ട്രീയചെറുപ്പകാലം കൂടിയായിരുന്നു അന്ന്. മറ്റൊരാള്‍ കീരന്‍ എന്നറിയപ്പെട്ടിരുന്ന കെ.കെ. വാര്യര്‍. തൃശ്ശൂര്‍ ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകരിലൊരാളും സാഹസികമായി രാഷ്ട്രീയജീവിതം നയിച്ചിട്ടുള്ള ആളുമായ കീരനും വാസുദേവന്റെ പരിചയക്കാരായി. തലോറിലെ കമ്യൂണിസ്റ്റ്, വാര്യത്തെ ശേഖരവാര്യരും അച്ച്യുതവാര്യരും വാസുദേവന്റെ മൂന്നു വര്‍ഷക്കാലത്തെ സംസ്‌കൃത പഠനകാലത്ത് തലോറിലെ അടുത്ത സുഹൃത്തുക്കളായിരുന്നു.
കവിയായിരുന്ന കൃഷ്ണകുമാര്‍ തലോര്‍ ജീവിതകാലത്ത് വാസുദേവന്‍ നമ്പൂതിരിയുടെ സുഹൃത്തുക്കളിലൊരാളായിരുന്നു. സംസ്‌കൃത പഠനത്തോടൊപ്പം തലോറിലെ ആ ജീവിതത്തിലൂടെ ജീവിതത്തെ വലിയൊരു കാന്‍വാസില്‍ കാണാന്‍ കഴിഞ്ഞു. പട്ടിണി അന്നു മിക്കവാറും കൂട്ടായിരുന്നു. അട്ടുവിന്റെ ഇല്ലത്തുനിന്ന് ചില നേരങ്ങളില്‍ ആഹാരം ലഭിക്കും. കാര്യങ്ങള്‍ ഒരുപാട് വഷളായാല്‍ അമ്പലങ്ങളില്‍ ശാന്തിപ്പണിക്കു പോകും. ഇതിനിടയില്‍ അട്ടു മൂത്തേടത്തിന്റെ ബന്ധുവായ ഒരപ്ഫന്‍ വാതം പിടിപെട്ട് പരസഹായത്തോടെ നാളുകള്‍ നീക്കിയിരുന്നു. അദ്ദേഹത്തെ കുളിപ്പിക്കുക, ആഹാരം നല്‍കുക തുടങ്ങി ശ്രദ്ധയോടെ പരിചരണം വേണ്ട ഒരാള്‍.
അട്ടുവാണ് എല്ലാ സഹായങ്ങളും ചെയ്തിരുന്നത്. അട്ടുവിന്റെ ഒഴിവുദിനങ്ങളില്‍ വാസുദേവന്‍ ആ കൃത്യം ഏറ്റെടുക്കും. ഒടുവില്‍ പരിചരണത്തിന്റെ അവസാന നാളുകള്‍ വാസുദേവന്റെ കൈകളിലായി. മൂന്നു വര്‍ഷത്തെ തലോര്‍ ജീവിതകാലത്തെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നായി, അപ്ഫന്റെ ശുശ്രൂഷകനായിക്കൂടിയ ജീവിതം. മൂന്നു വര്‍ഷത്തെ സംസ്‌കൃതപഠനം കഴിയുമ്പോഴേക്കും ജീവിതത്തെപ്പറ്റി പുതിയ ഉള്‍ക്കാഴ്ച നേടിയാണ് വാസുദേവന്‍ തലോര്‍ വിടുന്നത്.
Content Highlights: Excerpts from the biography of Artist Namboothiri