ആത്മരതിയും കുറ്റബോധങ്ങളും വൈകാരികതകളും അകറ്റാന്‍ ചിത്രകലയെത്തേടിയ അമൃതാ ഷെര്‍ഗില്‍

രബീന്ദ്രനാഥ ടാഗോറിനും ജമിനി റോയിക്കും ഒപ്പം ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ വക്താവായി അറിയപ്പെടുന്ന അമൃതാ ഷെര്‍ഗിലിന്റെ ജീവിതകഥ പറയുന്ന പുസ്തകമാണ് ഡോ. എന്‍ രേണുക എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച അമൃതാ ഷെര്‍ഗില്‍; കാതരമിഴികളും കാമനകളും. ജീവചരിത്രങ്ങള്‍ പറയുന്ന, ആഘോഷിക്കപ്പെട്ട, അരാജകജീവിതത്തിനുമപ്പുറം അമൃതയുടെ ആന്തരിക ജീവിതം എന്തായിരുന്നു എന്ന് അനാവരണം ചെയ്യുന്ന കത്തുകളും ഡയറിക്കുറിപ്പുകളും ഈ പുസ്തകത്തിലുണ്ട്. കലയുടെ ഉന്മാദത്തെ ആത്മഭാവമായി സ്വീകരിച്ച് വിപ്ലവകരമായി കലയില്‍ ഇടപെട്ട ഒരു ചിത്രകാരിയുടെ ജീവചരിത്രത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.
'Little by little I realize that every person carries within herself a calling against which it is hopless to light.'
അമൃതാ ഷെര്‍ഗില്‍ എന്ന പേര് മോഹിപ്പിക്കുന്ന കാമനകളുടേതാണ്. സാഹസികവും വന്യവുമായ അമൃതയുടെ വ്യക്തിജീവിതത്തെക്കുറിച്ച് ധാരാളം എഴുത്തുകള്‍ വന്നിട്ടുണ്ട്. അവ നല്‍കുന്ന ഗൂഢാനന്ദങ്ങള്‍ക്കപ്പുറം സര്‍ഗ്ഗാത്മകചോദനകളുള്ള ഒരു സ്ത്രീയുടെ ആന്തരികയാത്രകള്‍ എന്തായിരുന്നുവെന്നു തിരഞ്ഞുപോകുമ്പോള്‍ ചിതറിയ കാലം അതില്‍ കണ്ടെത്താനാകും. സ്ത്രീജീവിതങ്ങളുടെ ഭിന്നതലങ്ങള്‍, ആസക്തികള്‍, വിരക്തികള്‍, തിരസ്‌കാരത്തിന്റെ ഭീതികള്‍... ആത്മസംഘര്‍ഷങ്ങള്‍, വൈരുദ്ധ്യങ്ങള്‍. അമൃതാ ഷെര്‍ഗില്‍ ജീവിച്ചുതീര്‍ത്ത അസ്വസ്ഥമായ ജീവിതത്തിന്റെ പ്രതിഫലനം തന്നെയായി ചിത്രങ്ങളും മാറി. അമൃതാ ഷെര്‍ഗില്‍ എന്ന പേര് ശകലിതസ്വത്വത്തെ (Fragmented self) യാണ് സൂചിപ്പിക്കുന്നതെന്ന തരത്തില്‍ ശീര്‍ഷകത്തോടുകൂടിയ പഠനം വന്നിട്ടുണ്ട്. അമൃത പരിചയിച്ച ഇടങ്ങളിലെല്ലാം വ്യഥിതവും സങ്കീര്‍ണ്ണവുമായ സ്ത്രീസ്വത്വങ്ങളാണ് ഉണ്ടായിരുന്നത്. യൂറോപ്പിലും ബ്രിട്ടീഷ് ഇന്ത്യയിലും സാമൂഹികസാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. പക്ഷേ ഏതു സാഹചര്യത്തിലും ഒരു സ്ത്രീ അഭിമുഖീകരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് സമാനതകളുണ്ട്. സാര്‍വ്വലൗകികമായ ഒരു സ്ത്രീസ്വത്വം ഭാവനചെയ്യുവാന്‍ കഴിയും. മാനസികമായ ശൂന്യതകള്‍ എവിടെയും ഒരുപോലെയാണ്.
സ്ത്രീസ്വത്വമെന്നത് സ്‌കിസോഫ്രീനിക് ആണെന്നും ശിഥിലമാണെന്നുമൊക്കെയുള്ള ക്ലിനിക്കല്‍ സ്റ്റഡിയുടെ കണ്ടെത്തലുകള്‍ക്കുമുമ്പ് അമൃതാ ഷെര്‍ഗില്‍ അവതരിപ്പിച്ച സ്ത്രീകള്‍ ആന്തരികമായ ശൈഥില്യത്തിന്റെ മേഖലകളിലൂടെ ചരിക്കുകയായിരുന്നു. ജീവിതപ്രശ്‌നങ്ങളെക്കാള്‍ ഉപരി ഒരു കലാകാരിയുടെ സംഘര്‍ഷങ്ങളാണ് അമൃതാ ഷെര്‍ഗില്‍ എന്ന ചിത്രകാരിയെ രൂപപ്പെടുത്തിയത്. ഒരു ദേശത്തെ തെരഞ്ഞെടുത്താല്‍ മാത്രംപോരാ, സ്വന്തം കാഴ്ചകളിലൂടെ ആ ദേശത്തെ സാംസ്‌കാരികമായി പുനഃസൃഷ്ടിക്കുവാന്‍ കഴിയണം. വിവിധ പാരമ്പര്യങ്ങളുടെ ഇടച്ചിലുകള്‍, അധീശത്വങ്ങള്‍, ഭൂതകാലമാഹാത്മ്യങ്ങള്‍... ഇതിനിടയില്‍ താന്‍ കാണുന്ന ഇന്ത്യ ഏതായിരിക്കണമെന്ന സംശയങ്ങള്‍...നവോത്ഥാനകാലത്ത് ഇന്ത്യയിലെത്തുമ്പോള്‍ അമൃതാ ഷെര്‍ഗിലില്‍ കലാത്മകമായ സംഘര്‍ഷങ്ങളും അതിനെ മറികടക്കാനുള്ള ക്രിയാത്മകമായ പരിശ്രമങ്ങളും ശക്തമായിരുന്നു. ദേശീയതയ്ക്കും ആദര്‍ശങ്ങള്‍ക്കും മതാത്മക ഭൂതകാലത്തിനും വികൃതമായ അനുകരണങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഇന്ത്യന്‍ നവോത്ഥാനകല (ചിത്രകല) അടിസ്ഥാനപരമായി ഇന്ത്യയുടെ പാരമ്പര്യത്തെ തിരിച്ചറിയാത്ത പുറംമോടി മാത്രമാണെന്നായിരുന്നു അമൃത മനസ്സിലാക്കിയത്. അതു കലാവിരുദ്ധവുമായിരുന്നുവെന്ന് അറിയുന്നുണ്ട്. ബോംബെ സ്‌കൂള്‍, ബംഗാള്‍ സ്‌കൂള്‍ എന്നിങ്ങനെയുള്ള പ്രബലങ്ങളായ ചിത്രകലാപ്രസ്ഥാനങ്ങള്‍ ഇന്ത്യന്‍ നവോത്ഥാനത്തിന് എന്തു നല്‍കി എന്ന് അമൃത ആലോചിക്കുന്നു. ദുര്‍ബ്ബലവും വികൃതവും ആദര്‍ശാത്മകവുമായ കലാസങ്കല്‍പ്പങ്ങള്‍ക്കുപരി ഒരു നവീനദര്‍ശനവും ഇന്ത്യയില്‍ ഈ പ്രസ്ഥാനങ്ങള്‍ കൊണ്ടുവന്നില്ല എന്നു കത്തുകളിലും കലാനിരൂപണങ്ങളിലും റേഡിയോ പ്രഭാഷണങ്ങളിലും അതിനിശിതമായിത്തന്നെ അമൃതാ ഷെര്‍ഗില്‍ പറയുന്നുണ്ട്. 'ടൂറിസ്റ്റ് ആര്‍ട്ട്' എന്നാണ് ഇക്കാലത്തെ അമൃത വിശേഷിപ്പിക്കുന്നത്. തീവ്രയാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുപോയ ഭൂരിപക്ഷം ഇന്ത്യന്‍ ജനതയും ഈ കലാപ്രസ്ഥാനങ്ങളില്‍ തമസ്‌കരിക്കപ്പെട്ടുപോയി എന്നും കലാവിരുദ്ധതയെന്നാല്‍ മനുഷ്യ വിരുദ്ധതയാണെന്നും അമൃതാ ഷെര്‍ഗിലിന്റെ എഴുത്തുകളും ചിത്രങ്ങളും സൂചിപ്പിക്കുന്നുണ്ട്.
ജന്മംകൊണ്ട് പകുതി ഹംഗേറിയനായിരുന്നിട്ടും പൂര്‍ണ്ണമായി ഇന്ത്യന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിച്ചുവന്ന അമൃതാ ഷെര്‍ഗില്‍ എന്ന ചിത്രകാരിക്ക് കലാപരമായ വെല്ലുവിളിയുടെ ഘട്ടമാണിത്. അമൃത കണ്ടെത്തിയ ഇന്ത്യ ദാരിദ്ര്യത്താലും വിസ്മൃതിയാലും ഭൗതികസാഹചര്യങ്ങളുടെ പരിമിതികളാലും ബന്ധിതമായിരുന്നു. ആചാരാനുഷ്ഠാനങ്ങളുടെ ഇരകളായി മാറേണ്ടിവന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും. തീവ്രവര്‍ണ്ണങ്ങളും അലങ്കാരങ്ങളും വാര്‍ന്നുപോയ 'മദര്‍ ഇന്ത്യ' (1935) എന്ന അമൃതയുടെ ചിത്രം പൂര്‍വ്വകാല ഇന്ത്യന്‍ സ്ത്രീസങ്കല്‍പ്പങ്ങളെ പരിഹാസ്യതയോടെ നേരിട്ടു. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ യഥാതഥമായ പ്രതിനിധാനം. തെരുവുകളില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീയുടെ ജീവിതം ഏതു പ്രായത്തിലും കാലത്തിലും ആവര്‍ത്തിക്കപ്പെടുന്നു. സ്ത്രീസംബന്ധിയായ ജീവിതാവസ്ഥകളെയോ ലൈംഗികാവസ്ഥകളെയോ മാത്രമായിരുന്നില്ല ആ ചിത്രം സൂചിപ്പിച്ചത്. ഇന്ത്യന്‍ സമൂഹഘടനയുടെ പാളിച്ചകളെയും, സ്ത്രീവിരുദ്ധതകളെയും, അനീതികളെയും അതോര്‍മ്മിപ്പിച്ചു. ഫ്യൂഡലിസത്തില്‍നിന്ന് ആധുനികതയിലേക്കുള്ള സംക്രമണത്തില്‍ വംശീയമായും വര്‍ഗ്ഗപരമായും ലിംഗനിഷ്ഠമായുമൊക്കെ മനുഷ്യര്‍ അനുഭവിക്കുന്ന കെടുതികള്‍. കൊളോണിയല്‍ ആധുനികതയും നവോത്ഥാനവും എന്തു മാറ്റമാണ് ഇന്ത്യന്‍ അവസ്ഥകളില്‍ കൊണ്ടുവന്നതെന്ന ആത്മവിശകലനത്തിന് അമൃതാ ഷെര്‍ഗിലിന്റെ ചിത്രങ്ങള്‍ വഴിയൊരുക്കുന്നു. അമൃതാ ഷെര്‍ഗിലും അവര്‍ ചിത്രീകരിച്ച സ്ത്രീകളും ഒരുപോലെ പരിഗണിക്കപ്പെടേണ്ടതുണ്ട്. ഓരോ സാംസ്‌കാരികസന്ദര്‍ഭത്തിലും മാറിക്കൊണ്ടിരുന്ന ജീവിതസങ്കല്‍പ്പങ്ങള്‍ അമൃതയില്‍ ചിത്രങ്ങളായി പരിണമിക്കുകയായിരുന്നു. ജീവിതത്തിന്റെ ഉള്‍ക്കടലുകള്‍ കണ്ണുകളില്‍ വിഷാദമായി കനത്തുകിടന്നു. നിശ്ചലതയുടെയും മൂകതയുടെയും ദര്‍ശനം. അമൃതാ ഷെര്‍ഗില്‍ സ്വാതന്ത്ര്യമോഹിയായ കലാകാരിയായിരുന്നു. ശൈലികളുടെയും ദേശീയതകളുടെയും തടവറകളില്‍നിന്നു മോചിതയാകുവാന്‍ ആഗ്രഹിച്ചു. പാശ്ചാത്യമായ അക്കാദമിക് പരിശീലനത്തില്‍നിന്നും അതിന്റെ യുക്തികളില്‍നിന്നും പുറത്തുകടക്കുവാന്‍ ശ്രമിച്ചു.
അമൃതാ ഷെര്‍ഗിലിന്റെ അനന്യതകളിലൊന്നായി പറയുന്ന അച്ചടക്കപൂര്‍ണ്ണമായ സൗന്ദര്യദര്‍ശനം അക്കാദമിക് പരിശീലനത്തിന്റെ ഫലമാണെന്നറിയാതെ അതില്‍നിന്നു കുതറിമാറുവാന്‍ സ്വയം ശ്രമിച്ചുകൊണ്ടിരുന്നു. ഒരു കലാകാരി എന്ന നിലയിലുള്ള ആന്തരികക്ഷോഭത്തെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞത് അക്കാദമിക് ശീലങ്ങള്‍കൊണ്ടാണെന്നു കാള്‍ ഖണ്ഡാലവാല പറയുന്നുണ്ട്. ഒരു ചിത്രകാരിയുടെ സാങ്കേതികവിജയംതന്നെയാണിത്. ക്രാഫ്റ്റിനുമേലുള്ള കൈയടക്കം. അതിഭാവുകത്വങ്ങള്‍ക്കു വഴിപ്പെടാതെ ഒരു സ്ത്രീ എങ്ങനെ ചിത്രകലയെ പ്രതിനിധീകരിച്ചു? എത്ര പ്രിയതരമെങ്കിലും മനസ്സിനെ നശിപ്പിക്കുമെന്നും ഐഡന്റിറ്റിയെ ചോദ്യംചെയ്യുമെന്നും തിരിച്ചറിഞ്ഞാല്‍ അതിനെ നിര്‍ദ്ദയം ഉപേക്ഷിക്കുവാനുള്ള കരുത്ത് ഒരു സ്ത്രീ എന്നനിലയിലും കലാകാരിയെന്നനിലയിലും അനിവാര്യമാണ്. അമൃത അതിവൈകാരികതകളെ നിശിതമായി വിമര്‍ശിച്ചു. സ്വയം ശ്രദ്ധിച്ചു. പരിസരങ്ങളെ ജാഗ്രതയോടെ നിരീക്ഷിച്ചു. വികൃതമായ അനുകരണങ്ങള്‍ ഇല്ലാതിരിക്കുവാന്‍. ആത്മരതി ഉപേക്ഷിക്കുവാന്‍. അനാവശ്യമായ കുറ്റബോധങ്ങളും വൈകാരികതകളും അകറ്റിനിറുത്തുവാന്‍. അനേകം പ്രണയബന്ധങ്ങളിലൂടെ കടന്നുപോകുന്നുവെങ്കിലും ഒരു പ്രണയവും അമൃതയെ ആന്തരികമായി തകര്‍ത്തിരുന്നില്ല എന്നാണ് ജീവചരിത്രങ്ങള്‍ പറയുന്നത്. ജീവിതത്തില്‍ നേരിടേണ്ടിവന്ന അരക്ഷിതത്വങ്ങളെ, പ്രണയാനുഭവങ്ങളെ ചിത്രകലയില്‍ അപൂര്‍വ്വമായ ശോകരാഗങ്ങളായി അവതരിപ്പിച്ചു.
ചിത്രപ്രദര്‍ശനം/ഫോട്ടോ: പിടിഐ
സരയയില്‍ തനിക്കു ചുറ്റുമുള്ള സുദീര്‍ഘമായ മനുഷ്യജീവിതത്തെയും, ആവര്‍ത്തനവിരസതകളെയും, ചോദ്യംചെയ്യപ്പെടാതെ ലഭിച്ച സ്വീകാര്യതയെയും, പ്രശസ്തിയെയും, മടുപ്പോടെയാണ് അമൃത സമീപിച്ചതെന്നും തന്റെതന്നെ അപരസ്വത്വ (Alter ego) ത്തിന്റെ പ്രതിനിധാനങ്ങളായി അമൃതയുടെ സ്ത്രീകള്‍ മാറിയെന്നും പറയാവുന്നതാണ്. അബോധത്തിലെ കാഴ്ചകളെയും, കേള്‍വികളെയും, രൂപങ്ങളെയും, നിറങ്ങളെയും അമൃത വ്യാഖ്യാനിക്കുകയായിരുന്നു. ഇരുണ്ട ശരീരങ്ങളുള്ള, വൃത്തിഹീനതയിലും അപൂര്‍വ്വ രൂപഭംഗിയുള്ള ദരിദ്രരായ ഗ്രാമീണരെ ചിത്രീകരിക്കുമ്പോള്‍ തന്റെ കാഴ്ചയുടെ രീതികളെ പുനഃസൃഷ്ടിക്കേണ്ടിവരുന്നുവെന്ന് അമൃത പറഞ്ഞിട്ടുണ്ട്. യൂറോപ്യന്‍ വേരുകള്‍ ഉപേക്ഷിച്ചുള്ള വരവിനുശേഷം അമൃത എപ്പോഴും കലാനിഷ്ഠമായ സന്ദിഗ്ദ്ധാവസ്ഥകളിലായിരുന്നു. 'അലംകൃതമായ വിഷാദ'മെന്നും 'നിത്യമായ കാല്‍പ്പനികത' എന്നുമൊക്കെ അമൃതയുടെ ചിത്രങ്ങളിലെ മുദ്രകളെ കലാനിരൂപകര്‍ വിശേഷിപ്പിക്കുന്നു. സാമൂഹികമണ്ഡലങ്ങളില്‍ സ്ത്രീവിരുദ്ധത ശക്തമായിരുന്ന കാലത്തും അമൃതാ ഷെര്‍ഗില്‍ അതിജീവിച്ചു. രബീന്ദ്രനാഥ ടാഗോറും അമൃതയും പ്രായംകൊണ്ടും മറ്റ് അനുഭവങ്ങള്‍കൊണ്ടും ഒരിക്കലും പൊരുത്തപ്പെട്ടില്ലെങ്കിലും ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ സാരഥികളിലൊരാളായി ടാഗോറിനൊപ്പം അമൃതാ ഷെര്‍ഗിലും പരിഗണിക്കപ്പെട്ടു എന്നത് ചെറിയ കാര്യമല്ല. ഇതിനവരെ പ്രാപ്തയാക്കിയ ഘടകങ്ങള്‍ എന്തൊക്കെയാണ് എന്ന അന്വേഷണം പ്രസക്തമാണ്.
കലയുടെ ജനാധിപത്യത്തെക്കുറിച്ചുള്ള വിശാലമായ ബോധം അമൃതയ്ക്കുണ്ടായിരുന്നു. കാലത്തിന്റെയോ ദേശത്തിന്റെയോ ഒറ്റക്കുറ്റികളില്‍ തളയ്ക്കപ്പെടാതെ കിടന്ന ബോധം; മൗലികവാദങ്ങള്‍ ഉപേക്ഷിച്ച് കലര്‍പ്പുകളെ ഉള്‍ക്കൊള്ളുവാന്‍ കാണിച്ച സന്നദ്ധത, എന്നിവയെല്ലാം ഈ ബോധത്തിന്റെ സൃഷ്ടിയാണ്. വിവിധ ജ്ഞാനശാഖകളിലുള്ള അവഗാഹം, സാങ്കേതികത്തികവ്, മതേതരമായ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍, അവസ്ഥകളോടുള്ള നിസ്സംഗമായ പ്രതികരണങ്ങള്‍, സ്ത്രീപുരുഷ സൗഹൃദങ്ങള്‍, വസ്തുനിഷ്ഠമായ ശരീരബോധങ്ങള്‍, യാത്രകള്‍, തദ്ദേശീയ മാതൃകകളെ മുന്‍വിധികളില്ലാതെ പുനരാവിഷ്‌കരിക്കാനുള്ള ഇച്ഛാശക്തി, മാനവികതയില്‍ അധിഷ്ഠിതമായ സൗന്ദര്യദര്‍ശനം തുടങ്ങിയവയെല്ലാം അമൃതയുടെ അനന്യതകളായിരുന്നു. ചിത്രകലയില്‍ അഗാധമായ കാവ്യശാസ്ത്രം ദര്‍ശിക്കുവാന്‍ അമൃതയ്ക്കു സാധിച്ചു. കലയുടെ അവിശുദ്ധമായ വിനിമയങ്ങളെ നിര്‍ഭയമായി ആരാധിച്ചു. സ്വന്തം സമയത്തിനു മുകളില്‍ മേല്‍ക്കൈ നേടി. ബുദാപെസ്റ്റില്‍ ജനിച്ച ഒരു പെണ്‍കുട്ടിയില്‍നിന്ന് ലോകപ്രശസ്തയായ കലാകാരിയിലേക്കുള്ള മാറ്റത്തില്‍ ശൈലീഭേദങ്ങളോടൊപ്പം അവബോധങ്ങളും പരിണമിക്കുന്നതായി അറിയുന്നു.
ബാല്യകാലത്ത് ഇന്ത്യയില്‍ താമസിക്കുമ്പോള്‍ പങ്കെടുത്ത ശൈശവ വിവാഹത്തിന്റെ ഓര്‍മ്മകളില്‍നിന്നാണ് 'ബാലികാവധു'വും 'വധുവിന്റെ ചമയഗൃഹ'വും ഉണ്ടാകുന്നത്. കാലഭേദം സ്ത്രീയനുഭവങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്ന ചോദ്യമുണ്ട്. വലിയ അന്തരങ്ങള്‍ സ്ത്രീകളുടെ അവസ്ഥകളില്‍ വന്നിട്ടില്ല എന്നാണ് 1937-ല്‍ അമൃത വരച്ച ചിത്രങ്ങള്‍ തെളിയിക്കുന്നത്. അലങ്കരിക്കപ്പെട്ട സ്ത്രീശരീരങ്ങള്‍, രതിയെ ഉദ്ദീപിപ്പിക്കുന്ന ഫ്യൂഡല്‍ മാതൃകയിലുള്ള ആഭരണങ്ങള്‍, ഉര്‍വ്വരതയെ സൂചിപ്പിക്കുന്ന മൈലാഞ്ചിയിട്ട കൈകള്‍, നെടുവീര്‍പ്പില്‍ നിശ്ചലമായിപ്പോയ മുഖം... ബാഹ്യമായ ആടയാഭരണങ്ങളില്‍ കുമിഞ്ഞുകിടക്കുന്നതു മോചനങ്ങള്‍ ഇല്ലാത്ത മടുപ്പും നിസ്സംഗതയുമാണെന്ന് ഈ ചിത്രങ്ങള്‍ പറയുന്നുണ്ട്.
കുടുംബജീവിതത്തിന്റെയും നിത്യജീവിതസന്ദര്‍ഭങ്ങളുടെയും ഇടതൂര്‍ന്ന കാഴ്ചകള്‍. അമൃതയുടെ ചിത്രങ്ങളില്‍ ചലിക്കുന്ന ശരീരങ്ങള്‍ കുറവാണ്. വിശേഷിച്ച് സ്ത്രീകളുടേത്. പരിസ്ഥിതിയും, മൃഗങ്ങളും, കുട്ടികളും, ഭക്ഷണസാമഗ്രികളും എല്ലാം സ്ത്രീജീവിതത്തിന്റെ സാധാരണതകളുമായി ബന്ധപ്പെട്ടതാണ്. നൂറ്റിയെഴുപതോളം ചിത്രങ്ങളില്‍ പതിനേഴു ചിത്രങ്ങളില്‍ മാത്രമാണ് പുരുഷന്മാരെ വരച്ചതെന്നുപറയുമ്പോള്‍ അമൃതാ ഷെര്‍ഗില്‍ സ്ത്രീകളുടെ ഐഡന്റിറ്റിയെ ഭിന്നകോണുകളില്‍നിന്നു വ്യാഖ്യാനിക്കുവാനാണ് ശ്രമിച്ചതെന്നു കരുതിവരുന്നു. ഹംഗറിയിലെ കുടുംബവീട്ടില്‍ എന്നപോലെ സരയയിലെ ജീവിതകാലത്തും പല വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളുമായി സമ്പര്‍ക്കം പുലര്‍ത്തുവാന്‍ അമൃതയ്ക്ക് അവസരം ലഭിച്ചിരുന്നു. മജിദിയാകുടുംബത്തിലെ ബന്ധുക്കളായ സ്ത്രീകള്‍, പരിചാരികമാര്‍, തൊഴിലാളിസ്ത്രീകള്‍, അയല്‍ഗ്രാമങ്ങളിലെ സ്ത്രീകള്‍ എന്നിങ്ങനെയുള്ള ഭിന്നസ്വത്വങ്ങളും അവരുടെ മനോവ്യാപാരങ്ങളും ജീവിതരീതികളും ലോകബോധവും അമൃതാ ഷെര്‍ഗില്‍ തിരിച്ചറിഞ്ഞിരുന്നു. ജീവശ്ശാസ്ത്രപരമെന്നതിനെക്കാള്‍ സാമൂഹികമോ, മതപരമോ, വര്‍ഗ്ഗപരമോ ആയ ചില വ്യവസ്ഥകളുടെ അടയാളങ്ങളാണ് സ്ത്രീശരീരങ്ങളില്‍ ബന്ധനംപോലെ ആഴത്തില്‍ പതിഞ്ഞുകിടക്കുന്നതെന്ന് അമൃത ചിത്രങ്ങളിലൂടെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്.
അമൃതാ ഷെര്‍ഗില്‍ എന്ന ചിത്രകാരിയില്‍ മുഖ്യമായും മൂന്നു പ്രതിസന്ധികളാണ് ജീവചരിത്രങ്ങള്‍ കണ്ടെത്തുന്നത്. സ്ത്രീ എന്ന നിലയിലുള്ള കലാജീവിതം, ഇന്ത്യക്കാരി എന്ന നിലയിലുള്ള കലാജീവിതം, ഹംഗേറിയന്‍ എന്ന നിലയിലുള്ള കലാവ്യക്തിത്വം. അമൃതയുടെ ജീവിതത്തിലുടനീളം ഐഡന്റിറ്റിയെ സംബന്ധിച്ച ഈ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഈ സംഘര്‍ഷങ്ങളെ സാങ്കേതികമായും ഭാവുകത്വപരമായും അവര്‍ പ്രയോജനപ്പെടുത്തി. ജീവിതസാഹചര്യങ്ങള്‍ക്കും അഭിരുചികള്‍ക്കുമനുസരിച്ച് സ്ത്രീയുടെ ആന്തരികജീവിതവും മാറുന്നുണ്ട്. ആന്തരികമായി നടക്കുന്ന ഈ സ്വത്വവ്യതിയാനങ്ങളെ അഭിമുഖീകരിക്കാനാകാതെ ഒരു കലാകാരിക്കും കടന്നുപോകാനാവില്ല. മാനസികമായ പരിക്കുകളും ഉന്മാദങ്ങളും ഭാവനകളും എല്ലാം ആത്യന്തികമായി സമൂഹഘടനയിലേക്കാണ് എത്തിച്ചേരുന്നത്. യുദ്ധങ്ങളും സങ്കരസംസ്‌കാരവും അരാജകജീവിതവും യാത്രകളും ശൈലീപരീക്ഷണങ്ങളും വിവാഹവും കുടുംബജീവിതവും സന്ദിഗ്ദ്ധതകളും കലാകാരിയെന്നനിലയില്‍ നിലനില്‍ക്കുവാനും അറിയപ്പെടാനുമുള്ള മനസ്സിന്റെ ഇച്ഛകളും അമൃതയുടെ മനോലോകത്തെ സ്വാധീനിക്കുകയോ നിയന്ത്രിക്കുകയോ ചെയ്ത ഭൗതികഘടകങ്ങളാണ്. കലാകാരിയെന്നനിലയില്‍ അമൃത ഒന്നിനോടും വിട്ടുവീഴ്ച ചെയ്തില്ല. കര്‍ക്കശ്ശമായ നിലപാടുകളിലും പരീക്ഷണങ്ങളിലും മുഴുകി. കലയുടെ വര്‍ത്തമാനത്തിലാണ്ടു ജീവിച്ചു. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ഇടച്ചിലുകള്‍ക്കുമപ്പുറം അവയുടെ സംയോജനകാലത്തെക്കുറിച്ച് ചര്‍ച്ചചെയ്തു. ചിത്രകലയുടെ സാങ്കേതികവശങ്ങളെക്കുറിച്ചും സാംസ്‌കാരികചരിത്രത്തെക്കുറിച്ചും ആധികാരികമായി സംസാരിച്ചു. ലേഖനങ്ങള്‍ എഴുതി. അമ്മയുമായും സഹോദരിയുമായും സുഹൃത്തുക്കളുമായും കത്തുകളിലൂടെ സംവദിച്ചു.
സ്ത്രീയെന്നനിലയില്‍ തന്റെ കലാവ്യക്തിത്വത്തെ നിലനിര്‍ത്തുവാന്‍ അനേകം മാര്‍ഗ്ഗങ്ങളിലൂടെ ജാഗരൂകയായി സഞ്ചരിക്കേണ്ടതുണ്ടെന്നും അസാമാന്യമായ ഊര്‍ജ്ജം ചെലവഴിക്കേണ്ടതുണ്ടെന്നും അമൃത തിരിച്ചറിഞ്ഞു. സ്ത്രീപ്രാമുഖ്യമുള്ള ചിത്രങ്ങളെല്ലാംതന്നെ ഈ ബോധത്തിന്റെ സൃഷ്ടികളായിരുന്നു. താനുള്‍പ്പെടുന്ന സ്ത്രീലോകത്തിന്റെ അവസ്ഥകളെയാണ് അമൃത ചിത്രീകരിച്ചത്. തന്നിലെ കലാവ്യക്തിത്വം മറച്ചുവെച്ച് വ്യവസ്ഥാപിത ജീവിതത്തോടു പൊരുത്തപ്പെട്ടു ജീവിക്കേണ്ടിവരുമ്പോഴെല്ലാം തീവ്രമായ മനോവ്യഥകള്‍ (Creative Block) അനുഭവിച്ചതായി അമൃതാ ഷെര്‍ഗില്‍ എഴുതുന്നുണ്ട്. സരയയിലെ ജീവിതകാലത്ത് ഭൗതികമായ സുസ്ഥിതികളില്‍ ജീവിക്കുമ്പോഴും അമൃത കടുത്ത വിഷാദരോഗത്തിന് അടിപ്പെടുന്നു. ഒരു കലാകാരിയെന്നനിലയില്‍ തന്റെ വിശപ്പിനും ദാഹത്തിനും യോജിച്ചതൊന്നും ലഭിക്കാത്തതിനാല്‍ ചിത്രകലയുടെ ലോകത്തുനിന്ന് താന്‍ പുറന്തള്ളപ്പെടുമോ എന്ന ആശങ്ക അനുഭവിക്കുന്നുണ്ട്. കാള്‍ ഖണ്ഡാലവാല എന്ന സുഹൃത്തിനെ കാണുവാന്‍ ആഗ്രഹിക്കുന്നതിനു പുറകില്‍ ഇത്തരം ഭയങ്ങളുണ്ടാകാം. കലയിലേക്കു പ്രചോദിതമാകാത്ത മനസ്സ് ഒരു കലാകാരിയെ സംബന്ധിച്ച് നിത്യനരകമാണ്. പുറംലോകവുമായുള്ള ബന്ധമില്ലാതെ ഒരു സ്ത്രീക്ക് എങ്ങനെ കലാകാരിയായി മാറാന്‍ സാധിക്കുമെന്ന് അമൃതയുടെ ജീവിതം നിശ്ശബ്ദമായി ചോദിക്കുന്നു. ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പത്തിയൊന്ന് മാര്‍ച്ച്-14ന് സഹോദരിയായ ഇന്ദിരയ്ക്ക് അയച്ച കത്തില്‍ കരയാന്‍പോലും സാധിക്കാത്ത രീതിയില്‍ അജ്ഞാതമായ ഒരു സങ്കടം തന്നെ മൂടുന്നതായും ഒന്നും വരയ്ക്കാനാകാതെ ഭീകരമായ മാനസികാവസ്ഥയിലേക്ക് എത്തിച്ചേരുന്നതായും അമൃത എഴുതി. തികച്ചും കലാനിഷ്ഠമായ ഭീതികള്‍. ക്രിയകള്‍ അവസാനിച്ചുപോകുന്ന മൃതകാലത്തെക്കുറിച്ചും സമൂഹത്തില്‍നിന്നും കുടുംബത്തില്‍നിന്നും വിസ്മൃതമാകുന്നതിനെക്കുറിച്ചും അമൃത ചിത്രങ്ങളിലൂടെ സംസാരിച്ചു. ഛായാചിത്രങ്ങളിലും നഗ്നസ്ത്രീരൂപങ്ങളിലും നിശ്ചലതകളിലേക്കും ഉപേക്ഷകളിലേക്കും അടിവെച്ചു വളരുന്ന ഭാവങ്ങളുണ്ട്. 'സ്ത്രീ' എന്നതു ശരീരവും അവള്‍ ചെയ്യുന്ന ക്രിയകളും മാത്രമാണെന്ന ധാരണയുണര്‍ത്തിയ സമൂഹത്തിന്റെ സൃഷ്ടിയാണ് ഇത്തരം ഭയങ്ങള്‍.
ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിമൂന്നില്‍ വരച്ച 'The professional Model' എന്ന ചിത്രം ഗഹനമായ ഒരു ചോദ്യം ഉള്‍ക്കൊള്ളുന്നുണ്ട്. ഒരു സ്ത്രീജീവിതത്തിന്റെ ആന്തരികാര്‍ത്ഥം എന്താണ്? ഏതു ജോലി ചെയ്യുന്നവരുമായിക്കോട്ടെ. ഒടുവില്‍ ആ കര്‍മ്മവും അതിന്റെ ഉപാധിയും മാത്രമായി മാറുന്ന അവസ്ഥ. മദ്ധ്യവയസ്സു കഴിഞ്ഞ ഒരു നഗ്നസ്ത്രീരൂപം. ഒരു കാലത്ത് ശരീരഭംഗികൊണ്ട് വലിയ പ്രലോഭനങ്ങള്‍ ഉണ്ടാക്കി അതിലൂടെ ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയ സ്ത്രീ, പിന്നീട് അവയവഭംഗി നശിച്ച് ക്ഷീണിതയും പരിത്യക്തയുമായി മാറുന്ന ദുരന്തമുഖം. ഇത്തരം ഭീതികളെ മറികടക്കാനുള്ള കലാപരമായ ശ്രമങ്ങളുടെ ബാക്കിപത്രങ്ങളായിരുന്നു അമൃതയുടെ ഭൂരിപക്ഷം രചനകളും. ശരീരത്തിനും കര്‍മ്മങ്ങള്‍ക്കുമപ്പുറം അസ്തിത്വം-നിലനില്‍പ്പ് പ്രധാനമാണെന്ന ചിന്ത. അമൃതയുടെ ചിത്രങ്ങളുടെ അന്തര്‍ധാര ഇതായിരുന്നു. സത്തയുടെ സൗന്ദര്യം. അങ്ങനെ ആ ചിത്രങ്ങള്‍ അസംഖ്യം സ്ത്രീയവസ്ഥകളുടെ പ്രതിനിധാനങ്ങളായിത്തീര്‍ന്നു. അമൃതയുടെ ചിത്രങ്ങളില്‍ മോഡലുകള്‍ വെറും ഉപാധികള്‍ മാത്രമായി നിലനിന്നില്ല. അവര്‍ക്കു സ്വയം വെളിപ്പെടുവാന്‍ ഇടംനല്‍കി. സ്ത്രീയുടെ മടുപ്പിക്കുന്ന മനോലോകങ്ങളിലൂടെ അപകടകരമായി സഞ്ചരിച്ചു. അസാധാരണങ്ങളായ സ്ത്രീപുരുഷബന്ധങ്ങള്‍, സ്വവര്‍ഗ്ഗരതികള്‍. ഒരു ചിത്രകാരിയെ സൗന്ദര്യാത്മകമായി വെല്ലുവിളിക്കുന്ന രീതിയില്‍ നഗ്നരൂപങ്ങള്‍ ആവിഷ്‌കരിച്ചു. അതൊരിക്കലും രതിചിത്രങ്ങളായി മാറിയില്ല. മോഡലിന്റെ 'ശരീരത്തെ' സാദ്ധ്യതയായി കണ്ടു. സാംസ്‌കാരികമായി രൂപപ്പെട്ട ശരീരം എന്ന നിലയിലാണ് നഗ്നശരീരങ്ങള്‍ പരീക്ഷിക്കപ്പെട്ടത്. അപരിചിതമായ സാമൂഹികമണ്ഡലങ്ങളില്‍ ഒരു സ്ത്രീ എങ്ങനെ പ്രതികരിക്കുന്നു എന്നു പരീക്ഷിക്കുവാനുള്ള അവസരങ്ങളായി ഇവയെക്കണ്ടു. അതില്‍ അമൃതാ ഷെര്‍ഗില്‍ സ്വയം ചോദിക്കുന്നൊരു ചോദ്യമുണ്ട്. കലയിലും സമൂഹത്തിലും മുഖ്യധാരയിലേക്കു വരുന്ന സ്ത്രീകള്‍ ന്യൂനപക്ഷമാണ്. എന്നിട്ടും ഒരു സ്ത്രീയെ മോഡലായി ലഭിക്കാന്‍ എളുപ്പമായിരുന്നു. എന്തുകൊണ്ട്? ഈ ചോദ്യത്തിനു മറുപടികള്‍ ലഭിക്കാത്തതുകൊണ്ടാണ് അമൃതയുടെ ചിതങ്ങള്‍ നിലനില്‍ക്കുന്നത്.
ഒരു സ്ത്രീ തന്റെ തട്ടകം ഒഴിഞ്ഞ് അതിവേഗം ബഹിഷ്‌കൃതയായി മാറുന്നുവെന്ന് ഇന്ത്യയിലെ ജീവിതത്തെക്കാള്‍ അധികം യൂറോപ്പിലെ നഗരജീവിതമാണ് അമൃതാ ഷെര്‍ഗിലിനെ ബോദ്ധ്യപ്പെടുത്തിയത്. പാരീസിലെ വിദ്യാര്‍ത്ഥിജീവിതകാലത്ത് മറ്റു വിദ്യാര്‍ത്ഥികളെപ്പോലെ വിപ്ലവകരമായ ചോദ്യങ്ങളോ സംശയങ്ങളോ ഉന്നയിക്കാത്ത ഒരാളായിരുന്നു അമൃതാ ഷെര്‍ഗില്‍ എന്നാണു സഹപാഠികളും അദ്ധ്യാപകരും ഓര്‍മ്മിക്കുന്നത്. സ്ത്രീസ്വത്വസംബന്ധിയായ ദര്‍ശനങ്ങള്‍ അമൃത പ്രചരിപ്പിച്ചിരുന്നുമില്ല. ഒരു പെണ്‍കുട്ടിയുടെ നിരീക്ഷണങ്ങള്‍, തിരിച്ചറിവുകള്‍ പിന്നീടു കലയുടെ പ്രത്യയശാസ്ത്രമായി രൂപാന്തരപ്പെടുകയായിരുന്നു. പരമ്പരാഗതമായ സ്ത്രീമാതൃകകകളില്‍നിന്ന് അമൃതയുടെ സ്ത്രീകള്‍ വ്യത്യസ്തരാകുന്നത് അതുകൊണ്ടാണ്. വിവിധ സാംസ്‌കാരിക സാഹചര്യങ്ങളില്‍ അനേകം ജീവിതങ്ങളാണ് സ്ത്രീകള്‍ നയിക്കുന്നതെന്നും 'സ്ത്രീ' എന്നത് ഒറ്റപ്പെട്ട സംവര്‍ഗ്ഗമല്ല എന്നുമുള്ള ആത്മബോധം ശക്തമായിരുന്നു. നഗ്ന സ്ത്രീരൂപങ്ങളും ബാലികാവധുവും, സരയയിലെ കുലീനകളും, ചാര്‍പ്പായില്‍ കിടക്കുന്ന സ്ത്രീയും, കുളിക്കുന്ന സ്ത്രീയും, കുന്നിന്‍ചെരിവിലെ സ്ത്രീകളും, ചന്തയിലേക്കു പോകുന്ന സ്ത്രീയും, ഹല്‍ദി പൊടിക്കുന്നവരും, നര്‍ത്തനസ്ത്രീകളും, ഭാരതമാതാവും, ഹംഗേറിയന്‍ നാടോടിപ്പെണ്‍കുട്ടിയും അമൃതയുടെതന്നെ ഭാവാന്തരങ്ങളെ ഉള്‍ക്കൊള്ളുന്ന ഛായാചിത്രങ്ങളും പല നിലകളില്‍ ഒരു ചോദ്യത്തെ അഭിമുഖീകരിക്കുന്നുണ്ട്. സമൂഹത്തിലോ കുടുംബത്തിലോ ഒരു സ്ഥാനവും ഇല്ലാത്ത സ്ത്രീയുടെ ജീവിതം എങ്ങനെയിരിക്കും എന്ന ചോദ്യത്തെ. അത്തരം സ്ത്രീജീവിതങ്ങളെ സാദ്ധ്യമാക്കിയ ചരിത്ര സാമൂഹിക ഘടകങ്ങളെ വൈകാരികക്ഷോഭങ്ങളില്ലാതെ നിര്‍മ്മമമായി അമൃത ആവിഷ്‌കരിക്കുന്നു. ഇത് ഒരു കലാകാരിയുടെ തിരിച്ചറിവിന്റെകൂടി ഭാഗമാണ്. ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളിലും മുപ്പതുകളിലും കലാസാമൂഹികരംഗങ്ങളില്‍ സ്ത്രീകളുടെ ഇടപെടല്‍ ശക്തമായി. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം സ്ത്രീകള്‍ രാഷ്ട്രീയ മേഖലകളില്‍ ഇടപെട്ടുതുടങ്ങി. കലാരംഗത്തെക്കുറിച്ചുള്ള സ്ത്രീയുടെ വീക്ഷണങ്ങള്‍ക്കു മാറ്റം വന്നു. ഫോട്ടോഗ്രഫി പുതിയ കലാസങ്കേതമെന്നനിലയില്‍ അംഗീകരിക്കപ്പെട്ടു. സ്ത്രീകളുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കലയില്‍ സ്വീകാര്യമായിത്തീര്‍ന്നു. അമൃത ഈ കാലത്തിന്റെ സൃഷ്ടിയാണ്.
കാള്‍ ഖണ്ഡാലവാലയ്ക്ക് അയച്ചിരുന്ന കത്തുകളില്‍ Susanne Valadon, Marie Louis Chassany തുടങ്ങിയ ബഹുമാന്യരായ സ്ത്രീകളെക്കുറിച്ച് പരാമര്‍ശമുണ്ട്. അമൃതാ ഷെര്‍ഗില്‍ അന്താരാഷ്ട്ര കലാകാരികളുടെ സമ്മേളനങ്ങളിലും ചിത്രപ്രദര്‍ശനങ്ങളിലും പങ്കെടുക്കുന്നുണ്ട്. ഒരു സ്ത്രീയുടെ ചിത്രം മറ്റൊരു സ്ത്രീ വരച്ചു എന്നതു പുതിയ ഒരനുഭവമായിരുന്നു. അപരക്കാഴ്ചകളില്ലാത്ത അനുഭവം. അമൃതയുടെ നഗ്നസ്ത്രീരൂപങ്ങള്‍ അങ്ങനെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യവസ്ഥാപിത ബന്ധത്തെക്കാള്‍ സങ്കീര്‍ണ്ണവും യഥാതഥവുമാണ് സ്ത്രീയും സ്ത്രീയും തമ്മിലുള്ള ബന്ധം. നഗ്നതകൊണ്ട് ഒരു പ്രലോഭനവും ഉണര്‍ത്താത്ത, റിയലിസ്റ്റിക് ആയ വിഷയം മാത്രമായിരിക്കുവാന്‍ ഒരു മോഡലിനു കഴിയുന്നു. സ്ത്രീകളുടെ ഇമേജുകള്‍ ഈ കാലഘട്ടത്തില്‍ മൗലികമായി മാറുകയായിരുന്നു. ചിലപ്പോള്‍ അസംബന്ധവും ക്രൂരവുമായ യാഥാര്‍ത്ഥ്യങ്ങളുടെ ശൈലിയില്‍. സ്ത്രീകള്‍ അവരുടെ ലൈംഗികാഭിലാഷങ്ങള്‍ വിചിത്രരീതികളില്‍ ഭാവനചെയ്യുകയോ നശിപ്പിക്കുകയോ ചെയ്തു. അമൃതാ ഷെര്‍ഗിലിന്റെ നഗ്നസ്ത്രീകള്‍ വിപ്ലവത്തിനോ കലാപത്തിനോ മുതിര്‍ന്നില്ല. ആ ചിത്രങ്ങളില്‍ സ്ത്രീയുടെ മാദകഭാവങ്ങളല്ല വരയ്ക്കപ്പെട്ടത്. വൃദ്ധയായ ഒരു സ്ത്രീയുടെ നഗ്നതയില്‍ നിലനില്‍പ്പിന്റെയും ഉപേക്ഷയുടെയും നിറംമങ്ങിയ കാലമാണ് പ്രതിബിംബിച്ചത്. കൊടിയ നിരാശയുടെ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളെ വരയ്ക്കുമ്പോള്‍ അമൃതാ ഷെര്‍ഗിലിന്റെ പ്രായം ഇരുപതോ ഇരുപത്തിരണ്ടോ ഒക്കെയായിരുന്നു. അതിനും മുമ്പുതന്നെ 'രണ്ടു പെണ്‍കുട്ടികളെ' അമൃത വരച്ചുകഴിഞ്ഞിരുന്നു. സ്‌ത്രൈണാനുഭവങ്ങളുടെ വൈവിദ്ധ്യംനിറഞ്ഞ അവസ്ഥകള്‍ അമൃതയിലെ ചിത്രകാരി കണ്ടറിഞ്ഞിരുന്നുവെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. യൗവനം തീര്‍ന്നുപോയ ശരീരം, സാമൂഹികമായി ഒരു ചിത്രകാരിയെന്നനിലയില്‍ തന്റെ സമകാലികരില്‍നിന്ന് അമൃത എന്നും ഒറ്റപ്പെട്ടു ജീവിച്ചു. തന്റെ ചിത്രങ്ങള്‍ കഥപറയുന്നില്ല എന്ന് അമൃത ഓര്‍മ്മിപ്പിച്ചിരുന്നു. സഹപാഠിയും സുഹൃത്തും ആയിരുന്ന ബോറിസ് ടാസ്ലിറ്റ്സ്റ്റി പിന്നീടു പറയുന്നുണ്ട്, അമൃതാ ഷെര്‍ഗിലിന്റെ ചിത്രങ്ങളില്‍ പ്രത്യേക രീതിയിലുള്ള കരുത്തും ആധികാരികതയും അനുഭവിക്കാന്‍ കഴിയുന്നുണ്ടെന്ന്. അമൃതാ ഷെര്‍ഗില്‍ ഒരിക്കലും സ്ത്രീകളുടെ സാമൂഹികാവസ്ഥകളെക്കുറിച്ച് വിമര്‍ശനാത്മകമായി സംസാരിക്കുകയോ എഴുതുകയോ ചെയ്തില്ല. പക്ഷേ, ചിത്രകാരിയുടെ വ്യാഖ്യാനങ്ങളില്‍ ഇതെല്ലാം ഉണ്ടായിരുന്നു. അമൃതയുടെ ചിത്രങ്ങളില്‍ രൂപാന്തരീകരണത്തിനു വലിയ സ്ഥാനമില്ല എന്ന വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീയുടെ സ്വത്വമായിരുന്നു അമൃതയുടെ വിഷയം. തന്റെതന്നെ ആന്തരികലോകത്തിന്റെ പ്രതിച്ഛായകളായിരുന്നു ആ ചിത്രങ്ങള്‍... ഘനീഭവിച്ചുപോയ മാനസികാവസ്ഥകള്‍.
ഫ്രിഡാകാലോ എന്ന മെക്‌സിക്കന്‍ ചിത്രകാരിയുമായി അമൃതയെ താരതമ്യം ചെയ്യാറുണ്ട്. 'ഇന്ത്യന്‍ ഫ്രിഡാകാലോ' എന്ന അപരനാമവും അമൃതാ ഷെര്‍ഗിലിനുണ്ട്. ഒരിക്കലും അവര്‍ പരസ്പരം കണ്ടിരുന്നില്ല. ഒരേ കാലത്തു വിപ്ലവകരമായി ചിത്രകലയില്‍ ഇടപെട്ട സ്ത്രീകള്‍ എന്ന നിലയിലാണ് അവര്‍ക്കിടയില്‍ സമാനതകള്‍ ഉള്ളത്. ഫ്രിഡാ കാലോയും അമൃതാ ഷെര്‍ഗിലും വരച്ച ചിത്രങ്ങളാണ് അതിനു കാരണമായിത്തീര്‍ന്നത്. ആത്മാവിഷ്‌കാരത്തിന്റെ ശക്തമായ മാദ്ധ്യമങ്ങള്‍ എന്ന നിലയിലാണ് ഛായാചിത്രങ്ങള്‍ ചരിത്രത്തില്‍ ഇടംനേടുന്നത്. ഒരു ചിത്രത്തിലെ കഥാപാത്രമോ മുഖ്യവിഷയമോ ആയി അവര്‍ സ്വയം അവരോധിക്കുന്നു. ഫ്രിഡാകാലോ പറയുന്നത് എനിക്കറിയാവുന്ന വിഷയം ഞാന്‍ തന്നെയെന്നു ബോദ്ധ്യമുള്ളതുകൊണ്ട് എന്നാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും അടക്കം ധാരാളം ഛായാചിത്രങ്ങള്‍ അമൃത വരച്ചിട്ടുണ്ട്. യൂറോപ്യന്‍ പഠനകാലത്താണ് അവയിലേറെയും വരയ്ക്കപ്പെട്ടത്. ബന്ധുക്കളും സുഹൃത്തുക്കളും അമൃതതന്നെയും അതില്‍ വിഷയമായി. വിവിധ മൂഡുകളിലൂടെ കടന്നുപോകുന്നവര്‍. ഓരോ നിമിഷത്തെ ഭാവവും അത്യന്തം വിലപ്പെട്ടതാണ്. സാങ്കേതിക ജ്ഞാനത്തിലൂടെയും സൂക്ഷ്മമായ നിരീക്ഷണത്തിലൂടെയും ഓരോ കാലത്തിന്റെയും വികാരവിചാരങ്ങളെ അമൃത ആ ചിത്രങ്ങളില്‍ കൊണ്ടുവന്നു. ഫ്രിഡാകാലോ എന്ന് അമൃതാ ഷെര്‍ഗിലിനെ വിശേഷിപ്പിക്കുന്നതിലെ അയുക്തികളെക്കുറിച്ച് പല വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്. കാരണം ഫ്രിഡാ കാലോയുടെ രോഗാതുരമായ സാഹചര്യങ്ങളും കലാകാരിയെന്നനിലയ്ക്കുള്ള വീക്ഷണങ്ങളും അമൃതയുടേതില്‍നിന്നു ഭിന്നമായിരുന്നു. അമൃതയുടെ ഛായാചിത്രങ്ങളില്‍ നഗ്നത ഒരു കണ്ണാടിയെന്നപോലെ പ്രയോഗിക്കപ്പെട്ടു. ഒരു സ്ത്രീയുടെ ആന്തരികലോകത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടി. നഗ്നരൂപങ്ങള്‍ പ്രതിനിധാന ശരീരങ്ങളായി. ശിഥിലമായ മനോഘടനയുടെ, സാമൂഹികമായ പരിഗണനയുടെ അവഗണനയുടെ ദ്വിമുഖവ്യക്തിത്വങ്ങളുടെ, ശൂന്യതയുടെ നിസ്സഹായതയുടെ പ്രതിനിധാനം. നഗ്നരൂപങ്ങള്‍ കൂടുതല്‍ ആത്മകഥാപരമായിരുന്നു. വേദനാജനകമായ ജീവിതത്തിലൂടെ കടന്നുപോയ ഫ്രിഡാകാലോയ്ക്ക് സ്വന്തം നഷ്ടബോധങ്ങളെ മറികടക്കാനുള്ള ഉപാധികളായി ഛായാചിത്രങ്ങള്‍ മാറിയപ്പോള്‍ അമൃത മറ്റൊരു രീതിയിലാണ് ഇവയെ സമീപിച്ചത്. സ്ത്രീത്വത്തിന്റെ ആഘോഷമെന്നനിലയില്‍, സത്തയുടെ സൗന്ദര്യമെന്നനിലയില്‍, വിവിധ വൈജ്ഞാനിക രീതിശാസ്ത്രങ്ങളുടെ പിന്തുണയോടെ അമൃതാ ഷെര്‍ഗിലിന്റെ ഛായാചിത്രങ്ങള്‍ പഠിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ കലാചരിത്രത്തില്‍ അമൃതാ ഷെര്‍ഗില്‍ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തെയും സാഹസികമായ ഭാവുകത്വത്തെയും പ്രതിനിധീകരിക്കുന്നു. പക്ഷേ, അതൊരു ഊര്‍ജ്ജമായി ഇതര ഇന്ത്യന്‍ കലാകാരികളിലേക്കു പ്രസരിച്ചോ എന്നതു സംശയമാണ്. ആയിരത്തിത്തൊള്ളായിരത്തി അമ്പതുകള്‍ക്കുശേഷം മാത്രമാണു പഞ്ചാബില്‍ സ്ത്രീകള്‍ അപൂര്‍വ്വമായെങ്കിലും കലാരംഗത്തേക്കു വരുന്നതെന്നും പ്രബുദ്ധരായ പുരുഷന്മാര്‍ ആരുംതന്നെ അവരുടെ ഭാര്യമാരെയോ പെണ്‍മക്കളെയോ സഹോദരിമാരെയോ കലാരംഗത്തേക്കു വരുവാന്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നും കലാചരിത്രങ്ങളില്‍ കാണുന്നുണ്ട്. സങ്കരസംസ്‌കാരവും കലയുടെ ആഗോള പശ്ചാത്തലങ്ങളും ചേര്‍ന്നു സൃഷ്ടിച്ച ഒറ്റപ്പെട്ട അനന്യമായ ഭാവുകത്വംതന്നെയായി അമൃതാ ഷെര്‍ഗില്‍ ഇന്നും നിലനില്‍ക്കുവാന്‍ കാരണം ഇതായിരിക്കാം. അമൃത തന്റെ ഐഡന്റിറ്റിയെക്കുറിച്ച് ആകുലയായിരുന്നു. സ്വത്വസൂചനകളില്‍ പല രീതികളില്‍ ഇത് ആവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ ആധുനികതയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളില്‍, യൂറോപ്യന്‍ ജീവിതം ഉപേക്ഷിച്ച് ഇന്ത്യയുടെ മണ്ണിലേക്കെത്തിച്ചേരാനുള്ള അദമ്യമായ ഇച്ഛകളില്‍, ചിത്രകലയുമായി ബന്ധപ്പെട്ടു നടത്തിയ യാത്രകളില്‍, അനിയന്ത്രിതമായ കാമനകളില്‍, ഒടുവില്‍ ബലിയുടെ ശരീരം എന്നൊക്കെ വിളിക്കാന്‍ കഴിയുന്ന രീതിയില്‍ ദുരൂഹതകള്‍ മൂടിനില്‍ക്കുന്ന അകാലനിര്യാണത്തില്‍ എല്ലാം ഈ ദ്വിമുഖ വ്യക്തിത്വത്തിന്റെ നിഴലുകള്‍ ഉണ്ടായിരുന്നു. വശ്യത അടിസ്ഥാന ഭാവമായി നിലനില്‍ക്കുമ്പോഴും 'മനോഹരം', 'സൗന്ദര്യം' തുടങ്ങിയ സങ്കല്‍പ്പങ്ങളെ പുനര്‍വിഭാവനം ചെയ്യാന്‍ സാധിച്ചതാണ് കലാകാരിയെന്നനിലയില്‍ അമൃതയുടെ അനന്യത. 'മദര്‍ഇന്ത്യ'യും 'ഹില്‍വിമന'ും ഇതിന്റെ സൂചനകളാണ്.
അമൃതയുടെ സ്ത്രീകള്‍ ആരായിരുന്നു? കുലീനരോ ധനികകളോ അല്ല. അവര്‍ വിവിധ ഭൂഖണ്ഡങ്ങളുടെ ഉള്‍ഗ്രാമങ്ങളില്‍നിന്നു വന്നു. ഭൗതികസാഹചര്യങ്ങളുടെ പരിമിതികളിലും മാനസികവ്യഥകളിലും ഭീതികളിലും ജീവിക്കുമ്പോഴും ദൃഢതയോടെ വരുംകാലങ്ങളിലേക്ക് ഉറ്റുനോക്കി. സാരികൊണ്ടു മറച്ച ഇരുണ്ട മുഖങ്ങളില്‍ നിരാശയുടെ കരിനിഴല്‍ പടര്‍ന്നിരുന്നു. പക്ഷേ, അവരുടെ ശരീരഭാഷ വ്യത്യസ്തമായിരുന്നു. ജീവിതത്തിന്റെ അര്‍ത്ഥപൂര്‍ണ്ണമായ ഒരു നിമിഷത്തെ പ്രതിനിധാനം ചെയ്യുന്ന വ്യക്തികളായി അവര്‍ മാറി. സ്ത്രീയവസ്ഥകളെ ദേശത്തിന്റെ അടരുകളുമായി ബന്ധിപ്പിക്കുവാന്‍ അമൃതാ ഷെര്‍ഗിലിനു സാധിച്ചു. ആ ദേശത്തിന്റെ പൊതുജീവിതത്തെയും മനശ്ശാസ്ത്രത്തെയും വ്യാഖ്യാനിക്കുവാന്‍ അമൃത സൃഷ്ടിച്ച സ്ത്രീരൂപങ്ങള്‍ പ്രാപ്തരായിരുന്നു. സ്വന്തം സങ്കോചങ്ങളില്‍നിന്നു പുറത്തുകടക്കാനാണ് അമൃതാ ഷെര്‍ഗിലിന്റെ സ്ത്രീകള്‍ ആഹ്വാനം ചെയ്യുന്നത്. ജാതികൊണ്ടും നിറംകൊണ്ടും സമ്പത്തുകൊണ്ടും മതംകൊണ്ടും സദാചാരസങ്കല്‍പ്പങ്ങള്‍കൊണ്ടും നെയ്‌തെടുത്ത 'ശരീര'മാണ് അനുഭൂതികളുടെയും വേദനകളുടെയും വിധേയത്വത്തിന്റെയുമൊക്കെ തട്ടകമായി മാറുന്നതെന്നു തിരിച്ചറിയുമ്പോള്‍ മനോഹാരിതകള്‍ക്കും രാഷ്ട്രീയമുണ്ടാകുന്നു. 'കാതരമിഴി'കളില്‍ ഒരു കാലഘട്ടമാണ് ഉറഞ്ഞുകിടക്കുന്നത്.
Content Highlights: Amrita Shergill, Dr. N Renuka, Biography, Mathrubhumi