വെട്ടിയിട്ട പനയില്‍ ഒരു നാടുമുഴുവന്‍ വീണുകിടക്കുന്നു,നല്ല ഭാഗം പിടിച്ചുവെക്കാനുള്ള തിക്കും തിരക്കും!

പണ്ടത്തെ കാലം. ഞങ്ങളുടെയൊക്കെ കുട്ടിക്കാലം. എല്ലാ വീടുകളിലും തിടുക്കവും പട്ടിണിയും തന്നെയാണ്. അന്ന് ഞങ്ങളുടെ അയല്‍പ്പക്കത്ത് തിരുത്തിയില്‍ ഉസ്മാനാക്കയുടെ വീട്ടില്‍ ഒരു വലിയ പനയ്ക്ക് കുറുന്തൂമ്പ് വന്നു. എന്നു പറഞ്ഞാല്‍ കുലയ്ക്കാന്‍ ആയി എന്നര്‍ത്ഥം. അപ്പോള്‍ എല്ലാ കണ്ണുകളും ആ പനമ്മലായി. അങ്ങനെ തിരുത്തിയിലെ ബാവിച്ചി കാരശ്ശേരിയിലെ രാരുട്ടിനെ പന മുറിക്കാന്‍ ഏല്‍പ്പിച്ചു.
ഒരു ദിവസം നമ്മുടെ ചീരാച്ചി മണ്ടിപ്പാഞ്ഞു വന്നു: 'താത്തേ... താത്തേ...'
'ന്തേയ് ചീരോ..?'
'തിര്ത്തീലെ പന മുറിച്ചാന്‍ ന്ന് ആള് ബെരും. ഇപ്പം ബെരും. കണ്ടോളി ങ്ങള്...' അതും പറഞ്ഞു ചീരാച്ചി പോയി. 'മുറിക്കാന്‍ പറഞ്ഞീണോ' എന്ന് ഉമ്മയും ചോദിച്ചു. കുറച്ച് കഴിഞ്ഞു ചീരാച്ചി വീണ്ടും വന്നു, 'താത്തേ... ബന്ന്ണ് ട്ടൊ... ഇപ്പം കേക്കാം ങ്ങക്ക് പന ബ്ക്ണ ഒച്ച. ഓല ബെട്ട്ണെ ഒച്ച കേക്ക്ണ്ട്...'
കുറച്ചുകഴിഞ്ഞ് ചീരാച്ചി കിണറിന്റെ അടുത്ത് വന്നുനിന്ന് നീട്ടിവിളിച്ചു: 'താത്തേ പന ബീണ് ട്ടോ! ഞങ്ങള് പോകാണ്. ബേം വന്നോളി ട്ടോ...' അപ്പോളേക്കും പന മുറിച്ച് തള്ളിയിട്ടിട്ടുണ്ട്. എന്റെ മക്കളേ... ഇത് പറഞ്ഞുകേട്ടാല്‍ സത്യമാണോ എന്ന് വിചാരിക്കും നിങ്ങള്‍. തിരുത്തിയില്‍ ആ പന മുറിച്ചപ്പഴേക്കും തിരുത്തിയിലെ മുറ്റത്തും കണ്ടത്തിലും നെറച്ചും മനുഷ്യന്മാര്‍... കൂടുതലും പെണ്ണുങ്ങള്‍. ഞമ്മളെ ചുറ്റുപാടുമുള്ള എല്ലാരുമുണ്ട്. പാറക്കല്‍, പിലാക്കല്‍, മുട്ടാത്ത്, അങ്ങേല് ഉള്ളവരൊക്കെണ്ട്. കരിമ്പാലക്കുന്നത്തുള്ളോരുണ്ട്, കോടിച്ചലത്തുള്ളോരുണ്ട്, പാറമ്മല്‍ ഭാഗത്തുള്ളോരുണ്ട്. എല്ലാരും വന്നു റെഡിയായി നിക്കാണ്. എന്തിനാ... ഈ വീണ്കിടക്ക്ണെ പന ചെത്തിയിട്ട് അതിന്റെ ഉള്ളിലുള്ള കാമ്പ് കുറച്ചു കിട്ടാന്‍ വേണ്ടി. എല്ലാരെ കോന്തല്‍ക്കലും പൈസണ്ട്. ഒരു 'എട' വാങ്ങണെങ്കില്‍ 50 പൈസ കൊടുക്കണം. പൈസ കൊടുക്കാനില്ലാതെ എട വാങ്ങാന്‍ ഇട പറയുന്നവരുമുണ്ട്.
തിരുത്തിയിലെ ബാവിച്ചി ഒരാളെ കൂലിക്ക് കൊണ്ടുവന്ന് മുറിപ്പിച്ചതാണ് പന. ഈ പന വാങ്ങുന്നവര്‍ പൈസ കൊടുത്തിട്ടുവേണം മുറിക്കാരന് കൂലി കൊടുക്കാന്‍. പന വീണപ്പഴേക്കും പള്ള പനമ്മല്‍ വെച്ച് കിടക്കാണ് ആളുകള്‍. ഓരോ എടയും എന്റേത്, എന്റേത് എന്നു പറഞ്ഞുകൊണ്ട് പന നിറച്ചും പെണ്ണുങ്ങളാ..! 'ഇവിടെ ഇച്ച് മാണം, ഇച്ച് മാണം' എന്ന് പറഞ്ഞു പനയെ കെട്ടിപ്പിടിച്ച് കെടക്കാണ്. അപ്പഴേക്കും ആശാരിമാര് പന മുറിയിടാന്‍ എത്തി. വാള്‍മുറി ഇട്ട് പന മുറിക്കും. 'എട' എന്നു പറഞ്ഞാല്‍ ഒരു തലയണന്റെ അത്ര വലുപ്പം ഉണ്ടാവും. ആശാരിമാര്‍ മരത്തിന്റെ തോല് ചെത്തുന്നപോലെ പനന്റെ തോലൊക്കെ ചെത്തും. എന്നിട്ട് അത് ചെറിയ ചെറിയ കഷണങ്ങളാക്കിക്കൊടുക്കും. ഇങ്ങനെ തോലു ചെത്തി കഷ്ണങ്ങളാക്കിത്തരുന്നതിന് ആശാരിമാര്‍ക്ക് കൂലി വേറെ കൊടുക്കണം. അതിന് ഒരുങ്ങിത്തന്നെയാണ് എല്ലാരും വന്നത്. പട്ടിണി മാറ്റണമെങ്കില്‍ ഈ പന കിട്ടണം. വല്ലാത്ത ഹരംതന്നെ. എല്ലാരും പാഞ്ഞുപോകുന്നത് കണ്ടു ഞാനും കുഞ്ഞിയും ഉമ്മന്റെ വയ്യെക്കൂടി. 'ഉമ്മാ... എല്ലാരും പോയി ട്ടോ... ബേഗം പോയില്ലെങ്കില്‍ നടുക്കണ്ടം കിട്ടൂല. ഞമ്മക്കും ബേഗം പോകാം... പോകാം' എന്ന് പറഞ്ഞുകൊണ്ട് ഉമ്മനെ പിടിച്ചുവലിച്ചു ഞാനും കുഞ്ഞിയും പോയി. തിരക്കൊക്കെ കഴിയട്ടെ എന്നു പറഞ്ഞ് ഉമ്മ പോകാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതിനിടയ്ക്ക് ചീരാച്ചി വിളിച്ചു പറയുന്നുണ്ട്, 'താത്തേ... ബേഗം പൊയ്ക്കോളീ... നല്ല സ്ഥലൊക്കെ എല്ലാരും പിടിച്ചു വെച്ചീണ്!' നാട്ടുകാര്‍ക്ക് മുഴുവന്‍ വേണം പന. ഒരു 'എട' വീതം കൊടുക്കാന്‍ തികയൂല. അങ്ങനെ അര എട വീതം ഓരോരുത്തര്‍ക്കും ഓരി വെച്ചു കൊടുത്തു.
അങ്ങനെ ഞാനും കുഞ്ഞിയും ഉമ്മന്റെ കോന്തല പിടിച്ചുകൊണ്ട് തിരുത്തിയില്‍ പോയി. അവിടെ കല്യാണംപോലെ നിറയെ ആള്‍ക്കാര്‍. പന മുറിക്ക്ണെ ആശാരിമാര്‍ നമ്മുടെ പുരയില്‍ പണിയെടുത്ത ആശാരിമാരായിരുന്നു. ബാവിച്ചിന്റെ മുക്കത്തെ മുതലാളിയുടെ ആശാരിമാര്. ചന്തു കുഞ്ഞനും ഇമ്പിച്ചിയും. ഞങ്ങളെ കണ്ടപ്പോള്‍ അവര് ചിരിച്ചോണ്ട്... 'ചെറിമ്മോ... ഇങ്ങക്ക് പന വേണോ... ഇപ്പം റെഡിയാക്കിത്തരാം' എന്ന് പറഞ്ഞു. അങ്ങനെ ഒരു പട്ടികമുറിയുടെ നീളത്തിലുള്ള രണ്ടു കഷ്ണം എനിക്കും രണ്ടു കഷണം കുഞ്ഞിക്കും എടുത്ത് പനന്റെ കുരുത്തോലകൊണ്ട് കെട്ടി തലയില്‍ വെച്ചുതന്നു. എല്ലാവരും തലയില്‍ വെച്ച് പോകുന്നതു കണ്ടിട്ട് ഞങ്ങള്‍ക്കും പൂതിയായി. ബാക്കിയുള്ളത് വെട്ടി ഉമ്മന്റെ തലയില്‍ വെച്ചുകൊടുത്തു. ഉമ്മയ്ക്ക് എടുക്കാന്‍ മാത്രമുണ്ട്. ഞെരുക്കത്തോടുകൂടെയാണ് ഉമ്മ അത് എടുത്തത്. തിരുത്തിയിലെ പാലം കടന്ന് എടായിലൂടെ നടക്കുമ്പോള്‍ ഉമ്മ കിതയ്ക്കുന്നുണ്ടായിരുന്നു. അങ്ങനെ പന കൊണ്ടുവന്ന് ചെരുവിലെ കട്ടിന്മേല്‍ വെച്ചു. ഞാനും കുഞ്ഞിയും കൊണ്ടുവന്ന കഷ്ണം അപ്പോള്‍ത്തന്നെ കൊത്തിത്തറച്ച് ഉമ്മ ഉരലില്‍ ഇട്ട് ഇടിച്ചു പിഴിഞ്ഞു. പൊടി ഊറി വരുന്നേയുള്ളൂ. ഞങ്ങളുടെ തിരക്കുകൊണ്ട് വേഗം വെള്ളം ഊറ്റിയെടുത്തു. അങ്ങ് ഒരു വലിയ തോട്ടിയുണ്ട്. എരങ്കോല് എന്നാണ് പറയുക. മുളയുടെ തോട്ടി. അതിന്മേല്‍ അരിവാള്‍ കെട്ടി തെങ്ങിമ്മേല്‍നിന്ന് തേങ്ങ വലിച്ചു. അന്ന് മുറ്റത്തെ തെങ്ങ് ചെറുതായിരുന്നു. ആ തേങ്ങ ചിരകി, വേഗം പന വരകിയതും ചായയും ഉണ്ടാക്കിത്തന്നു. ഞങ്ങളെ തീറ്റിക്കുകയും കുടിപ്പിക്കുകയും ചെയ്തു.
പൂളോണെ ഉമ്മ
പണ്ടത്തെ കാലം, ദാരിദ്ര്യത്തിന്റെ കൊടുമുടിയിലായിരുന്നു കക്കാട്. ഒരു കള്ളകര്‍ക്കടകമാസം. തുള്ളിമുറിയാത്ത മഴ. എല്ലാ വീട്ടിലും എല്ലാരും പനിച്ചു കിടക്കുന്നു. തിന്നാനും കുടിക്കാനും ഇല്ല, ഉടുക്കാനും മാറ്റാനും അതുമില്ല. അങ്ങനത്തെ ഒരു അവസ്ഥയായിരുന്നു. ആ സമയത്തൊക്കെ എല്ലാരും എഴുന്നേറ്റ് ചൂളിപ്പിടിച്ച് ഒരു കീറക്കുടയും ചൂടി എങ്ങോട്ടാ പോകല്ന്നറിയോ? പൂളോണെ ഉമ്മന്റടുത്തേക്ക്! പൂളോണെമ്മന്റെ അട്ത്ത് ഇഷ്ടംപോലെണ്ടാവും.
നാട്ടിലെ പാവങ്ങള്‍ക്ക് കഞ്ഞി വെക്കാനായി ഉമ്മ അരിയുണ്ടാക്കിവെക്കും. കഞ്ഞിന്റെ അരി ഒരു തുണിയില് കെട്ടി കിഴി ആക്കി വെക്കും. വരുന്നോര്‍ക്കൊക്കെ അതില്‍നിന്ന് ഓരോ കിഴി എടുത്തുകൊടുക്കും. കൂട്ടാന്‍ ഉപ്പുമാങ്ങയും കിട്ടും. എനിക്ക് ഇപ്പോഴും ഉപ്പുമാങ്ങ കാണുമ്പോള്‍ പൂളോണെ ഉമ്മനെ ഓര്‍മ്മ വരും. മാങ്ങ ഉണ്ടാവ്ണ കാലത്ത് പൂളോണെമ്മ എവിടൊക്കേ മാങ്ങണ്ടാവ്ണത് അവിടുന്നൊക്കെ മാങ്ങ പറിപ്പിച്ച്, വലിയൊരു ബ്ടാവില്‍ ഉപ്പിലിട്ടു വെക്കും. എന്നിട്ട് വെളിന്റെ ഇല പറിച്ചുകൊണ്ടോന്ന് കുമ്പിളുപോലെയാക്കി അതില്‍ കുറച്ച് ഉപ്പുമാങ്ങന്റെ വെള്ളവും ഒന്നോ രണ്ടോ മാങ്ങയും എടുത്ത് വരുന്നോരെ കൈയില്‍ കൊടുക്കും. വേഗം കൊണ്ടുപോയി കഞ്ഞി വെച്ച് എല്ലാരും കുടിക്കണം എന്ന് പറയും. അങ്ങനെ എല്ലാ വീട്ടിലും ഉമ്മന്റെ കഞ്ഞിയും ഉപ്പുമാങ്ങയും ഉണ്ടാവും. സംഭവംതന്നെ, മറക്കാന്‍ കഴിയൂല അത്.
പൂളോണെ ഉമ്മയ്ക്ക് പകല്‍സമയത്ത് ജോലിക്കാരും മറ്റുമായി കുറെ പേര് സഹായത്തിനുണ്ടാകും. ഇവരെ ഓരോ വീട്ടിലേക്ക് പറഞ്ഞയച്ച് അവിടുത്തെ വിവരങ്ങളെല്ലാം അറിഞ്ഞുവരാന്‍ പറയും. കൂട്ടത്തില്‍ സ്വന്തം പെണ്‍മക്കളെയും പറഞ്ഞയയ്ക്കും. പട്ടിണികിടക്കുന്നവര്‍, പ്രസവിച്ചു കിടക്കുന്നവര്‍, അസുഖമായി കിടക്കുന്നവര്‍, അവരുടെയൊക്കെ വീടുകള്‍ പ്രത്യേകം ശ്രദ്ധയില്‍ വെക്കും. ഓരോ വീട്ടിലേക്കും സാധനങ്ങള്‍ പ്രത്യേകം തയ്യാറാക്കും. കഞ്ഞിന്റെ അരി, ചോറിന്റെ അരി, പഞ്ചസാര, ചായപ്പൊടി, ഉപ്പേരി വെക്കാന്‍ പച്ചക്കായ, അവില്‍ അങ്ങനെ പല സാധനങ്ങള്‍. അതെല്ലാം തുണിയില്‍ കെട്ടി ഒരു കൊട്ടയില്‍ വെക്കും. ഒരാള്‍ക്ക് എടുക്കാന്‍മാത്രം ഉണ്ടാവും. മഗ്രിബ് കഴിഞ്ഞാല്‍ ഉമ്മയ്ക്കു പറ്റിയ ആരെയെങ്കിലും തുണയ്ക്കു വിളിച്ച് ഈ ചുമട് തലയില്‍ വെച്ചുകൊടുക്കും. ഉമ്മ ചൂട്ടും കത്തിച്ച് മുന്നില്‍ ഇറങ്ങും. ആ ഇറക്കം കക്കാടിന്റെ ഓരോ മുക്കിലും മൂലയിലും എത്തും. ഉദ്ദേശിച്ച വീടുകളിലെത്തി വാതിലില്‍ മുട്ടും. പൂളോണെ ഉമ്മയെ കണ്ട് വീട്ടുകാര്‍ അന്തംവിട്ടുപോകും. ഉമ്മയ്ക്ക് 'മാളേ..!' എന്നൊരു വിളിയുണ്ട്. അങ്ങനെ അകത്തു കടന്ന് കെട്ടിപ്പിടിച്ച് സലാം പറഞ്ഞ് സന്തോഷിപ്പിക്കും. വീട്ടുകാര്‍ക്ക് അന്ന് വലിയ പെരുന്നാളായിരിക്കും. ഒന്നുമില്ലാത്തേടത്ത് ഉമ്മ വന്നാല്‍ നിറയെ സാധനങ്ങളായി. ഇതൊരാളും അറിയുകയില്ല.
എന്നെ അദ്ഭുതപ്പെടുത്തിയ ഒരു സംഭവം. ഞാനും ചെറിയ ആങ്ങള ഹുസൈനും തമ്മില്‍ മൂന്നോ നാലോ വയസ്സിന്റെ മാറ്റമേ ഉള്ളൂ. ഞങ്ങളെ നേരെ ഇളയ ഒന്നിനെ ഉമ്മ പ്രസവിച്ചിരുന്നു. പക്ഷേ, കുട്ടി മരിച്ചുപോയി. ഉമ്മ കരഞ്ഞുകൊണ്ട് കിടക്കുകയാണ്. പൂളോണമ്മ വന്ന് ഉമ്മയെ സമാധാനിപ്പിച്ചു. കുട്ടിയുടെ മയ്യത്ത് മറവ് ചെയ്തു. ആളുകള്‍ പിരിഞ്ഞുപോയി. മഗ്രിബ് നമസ്‌കാരത്തിനുശേഷം കവുങ്ങിന്‍തോട്ടത്തില്‍ ചെറിയ ഒരു വെളിച്ചം ഞാന്‍ ജനാലില്‍ക്കൂടി കണ്ടു, 'ഉമ്മാ...മേത്തന്ന് വല്ലിമ്മ വെര്ണ്ട്. ഒരു ചൂട്ടിന്റെ വെളിച്ചം കാണ്ണ്ണ്ട്,' അത് കേട്ട് ഉമ്മ പറഞ്ഞു, 'അത് വല്ലിമ്മ ആകൂല, പൂളോണെമ്മ ആയിരിക്കും.' ഉമ്മ പറഞ്ഞതുതന്നെ കാര്യം. ഞാനും കുഞ്ഞാങ്ങളയും ഓടിച്ചെന്ന് കോലായിലെത്തി. വാതില്‍ തുറന്നപ്പഴേക്കും ഉമ്മ കോലായിലേക്ക് കേറുന്നുണ്ടായിരുന്നു. ഉമ്മയുടെ പിറകില്‍ നാരങ്ങാളി പാത്തുമ്മാച്ചിയും ഉണ്ട്. ചാച്ചിയുടെ തലയില്‍ ഒരു വലിയ കൊട്ട. ആ കൊട്ട അടുക്കളയില്‍ കൊണ്ടുവെച്ചു. പൂളോണെമ്മ ഞങ്ങളെ രണ്ടാളെയും കെട്ടിപ്പിടിച്ച് വയറ് തപ്പിനോക്കി. 'ഉമ്മന്റെ മക്കള് എന്താ കഴിച്ചത്?' എന്നാ ചോദിച്ചത്. 'മക്കള് വേഗം എന്തെങ്കിലും കഴിക്കീന്നും' പറഞ്ഞ് നേന്ത്രപ്പഴം എടുത്തുതന്നു. പൂളോണമ്മയെ കണ്ടപ്പോള്‍ എന്റെ ഉമ്മ പൊട്ടിക്കരഞ്ഞു. 'എന്തിനാണ് യ്യ് കരയണത്. മരിച്ചുപോയ കുട്ടി നാളെ അനക്ക് സ്വര്‍ഗ്ഗത്തിലേക്ക്ള്ള ഒരു മൊതലാണ്' എന്നു പറഞ്ഞ് ഉമ്മയെ സമാധാനിപ്പിച്ചു. ഇങ്ങനെ പ്രയാസപെടുന്ന സ്ഥലത്തെല്ലാം പൂളോണെമ്മ ഉണ്ടാകും. ഈ ഉമ്മനെ കക്കാടിന്റെ ഉമ്മ എന്നല്ലാതെ വേറെ എന്താണ് വിളിക്കുക! രാത്രിനേരം ചൂട്ടും കത്തിച്ച് വീടുകള്‍ തോറും കയറി സഹായിക്കുന്ന ഉമ്മയെ ഓര്‍ക്കുമ്പോള്‍ പണ്ട് മദ്രസ്സയില്‍നിന്നും കേട്ട ഖലീഫ ഉമറിന്റെ കഥയാണ് ഓര്‍മ്മയില്‍ വരാറുള്ളത്.
(ആമിന പാറയ്ക്കല്‍ എഴുതി മാതൃഭൂമി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന 'കോന്തലക്കിസ്സകള്‍' എന്ന പുസ്തകത്തില്‍ നിന്നും...)
Content Highlights: amina parakkal memoir konthalakkissakal published by mathrubhumi books