'ഓമനയുടെ ആ തണലിന്റെ ചുവടുപിടിച്ച് ഞാന്‍ മുന്നോട്ടു നീങ്ങി' - അമല്‍ നീരദ്

സി.ആര്‍ ഓമനക്കുട്ടന്‍ മാസ്റ്ററുടെ നോവല്‍ 'കുമാരു' മാതൃഭൂമി ബുക്‌സ് പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു. കുമാരനാശാന്റെ ജീവിതം പ്രമേയമായി വരുന്ന നോവലിനെക്കുറിച്ച് സി.ആര്‍ ഓമനക്കുട്ടന്‍ മാസ്റ്ററുടെ മകനും സംവിധായകനുമായ അമല്‍ നീരദ് എഴുതുന്നു.
ഓര്‍മ്മകളില്‍ ഓമനയും കുമാരുവും
അന്ന് എനിക്ക് ഇരുപത്തിയൊന്നുവയസ്സ് പ്രായമുണ്ട്. കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള ആദ്യകടമ്പയായ എന്‍ട്രന്‍സ് പരീക്ഷ പാസായി നില്‍ക്കുന്ന വേള. തുടര്‍ന്നുള്ളത് അവിടുത്തെ ഓറിയന്റേഷന്‍ സെഷനാണ്. അതിനായി ഉടനെ കൊല്‍ക്കത്തയ്ക്കു പോകണം. ഒരാഴ്ചയോളം തങ്ങണം. അതുവരെ കോയമ്പത്തൂരിനും ബെംഗളൂരുവിനും അപ്പുറം സഞ്ചിരിച്ചിട്ടില്ലാത്ത എന്നെ സംബന്ധിച്ച് കൊല്‍ക്കത്തയിലേക്കുള്ള ദൂരം ആദ്യകേള്‍വിയില്‍ ഒരു പേടിസ്വപ്നമായി. അക്കാര്യം ഓമനയോട് തുറന്നു പറഞ്ഞു. 'ഞാന്‍ ഒപ്പം വരാം.
നീ പേടിക്കണ്ട.' കേട്ടപാടേ ഓമന പ്രതികരിച്ചു.
മനസ്സില്‍ മെനഞ്ഞെടുത്ത കൊല്‍ക്കത്തയുടെ ചിത്രത്തില്‍നിന്നും വിഭിന്നമായിരുന്നു നേര്‍ക്കാഴ്ച. ഹൗറയിലെ വന്യമായ തിരക്ക് എന്നില്‍ വല്ലാത്ത ഭീതിയുണ്ടാക്കി. മനുഷ്യരുടെയും വണ്ടികളുടെയും നെട്ടോട്ടപ്പാച്ചില്‍. ഓമന കൂടെയുള്ളതായിരുന്നു ഏക ആശ്വാസവും തുണയും. ആ തണലിന്റെ ചുവടുപിടിച്ച് ഞാന്‍ മുന്നോട്ടു നീങ്ങി.
ഓമനയുടെ ജന്മസ്ഥലമായ കോട്ടയത്തെ ചില കണക്ഷന്‍സ് അന്ന് നല്ലരീതിയില്‍ ഉപകരിച്ചു. അതുല്യപ്രതിഭയായ ജി. അരവിന്ദന്‍ സാറിന്റെ സഹോദരന്മാരുമായുള്ള സൗഹൃദം അതിന് വഴിതെളിച്ചു. അരവിന്ദന്‍ സിനിമകളുടെ നിര്‍മ്മാണജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ഈ ബ്രദേഴ്സിനെ കാല്‍ വിന്ദന്‍, മുക്കാല്‍ വിന്ദന്‍ എന്നീ രസകരമായ പേരുകളിലാണ് അടുത്ത സുഹൃത്തുക്കള്‍ വിളിച്ചിരുന്നത്. താമസത്തിനുള്ള റഫറന്‍സ് അവര്‍ മുഖേന ലഭിച്ചു. വാസ്തുഹാര ചിത്രീകരിക്കുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ തങ്ങിയിരുന്നത് കാളിഘട്ടിലെ 'താരാമഹള്‍' എന്ന ഹോട്ടലിലാണ്. സിനിമയുടെ ചില ഭാഗങ്ങളും അവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.
പലതരം പൂക്കളുടെ സുഗന്ധം വഹിക്കുന്ന തെരുവിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. താരാമഹളിലെ നാലുപേര്‍ക്ക് പാര്‍ക്കാവുന്ന ഡോര്‍മിറ്ററി. അവിടെയാണ് ഞാനും ഓമനയും ഈ കാലയളവില്‍ മറ്റു രണ്ട് അപരിചിതരോടൊപ്പം താമസിച്ചത്. പകല്‍സമയങ്ങളില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഓറിയന്റേഷന്റെ ഭാഗമായുള്ള ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും ഒക്കെയായി ഞാന്‍ മുഴുകി. ആശാന്‍ പഠിച്ച കൊല്‍ക്കത്തയില്‍ കുമാരുവിനു വേണ്ടിയുള്ള റിസര്‍ച്ചിനും യാത്രകള്‍ക്കുമായി ഓമന ഈ സമയം വിനിയോഗിച്ചു. തിരികെ മുറിയിലെത്തുമ്പോള്‍ പല കഥകളും വിവരങ്ങളും അനുഭവങ്ങളും ഓമനയ്ക്ക് പറയാനുണ്ടാകും.
മകന്‍ അമല്‍ നീരദ്, ഭാര്യ ജ്യോതിര്‍മയി മകന്‍ സെയ്ല്‍ റേ
ബങ്കിംചന്ദ്ര ചാറ്റര്‍ജി അടക്കമുള്ള സീനിയര്‍ എഴുത്തുകാര്‍ തങ്ങളുടെ പുസ്തകങ്ങള്‍ സ്വന്തം പ്രിന്റിങ് പ്രസ്സില്‍ അച്ചടിച്ച് വിതരണത്തിന് എത്തിച്ചിരുന്നു. ഈ ശൈലി വലിയ മാറ്റത്തിന് തുടക്കംകുറിച്ചു. ഇതില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് കുമാരനാശാന്‍ സ്വന്തമായി അച്ചടിശാല ആംഭിക്കുന്നത്. ഓമന പറഞ്ഞ അറിവുകളില്‍ മുഖ്യമായ ഒന്നായി പില്‍ക്കാലത്ത് എനിക്കിത് ഉപകരിച്ചു. സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസും ഡിസ്ട്രിബ്യൂഷന്‍ കമ്പനിയും തുടങ്ങാനുള്ള ഊര്‍ജ്ജവും ധൈര്യവും ലഭിച്ചത് ആ വാക്കുകളില്‍നിന്നാണ്.
യശശ്ശരീരനായ വിഷ്ണുനാരായണന്‍ നമ്പൂതിരി സാറാണ് കുമാരുവിനായി അവതാരിക രചിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ആത്മാവിന് പ്രണാമം അര്‍പ്പിച്ചുകൊള്ളുന്നു. ഈ പുസ്തകം പുനഃപ്രസിദ്ധീകരിക്കുന്ന മാതൃഭൂമി ബുക്സിന് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു.
(അച്ഛനെ ഞാന്‍ മരണംവരെ ഓമന എന്നാണ് വിളിച്ചിരുന്നത്. ഓമന അതൊരിക്കലും തിരുത്തിയിട്ടുമില്ല.)
Content Highlights: amal neerad preface article on the novel kumaru written by his father cr omanakuttan