'ഒരു സ്ത്രീ കിടക്കുന്നു, അവരുടെ മേല്‍ ഒരു കാക്ക, കുറച്ചപ്പുറം ഒരു കുഞ്ഞ്, ഒറ്റനോട്ടമേ നോക്കിയുള്ളൂ'

അക്കിത്തത്തിന്റെ 'എന്നിലെ മറ്റൊരാള്‍,' 'ഒരു കവിതയുടെ കഥ' എന്നീ ലേഖനങ്ങള്‍ ചേര്‍ത്തു ഒക്ടോബർ 15 അക്കിത്തം ഓർമ്മദിനത്തിൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്കമാണ് 'അക്കിത്തത്തിൻ്റെ ഉറവുകൾ '. ഒരു ഭാഗം വായിക്കാം....
ഒരു മനസ്സാക്ഷിയുടെ അനുദിനവികാസം
'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' ആദ്യമായി പുറത്തുവന്നത് 1952 ഓഗസ്റ്റ് 31ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്. അന്നതിന്റെ പത്രാധിപരായിരുന്ന എന്‍.വി. കൃഷ്ണവാരിയര്‍, ചിത്രകാരനായിരുന്ന എം.വി. ദേവന്‍, എനിക്കൊരു ജ്യേഷ്ഠനില്ലാത്ത ദുഃഖം ഞാന്‍ നേരിട്ടുകണ്ട ദിവസം മുതല്‍ പരിഹരിച്ച ഉറൂബ് എന്ന പി.സി. കുട്ടികൃഷ്ണന്‍ എന്നിവര്‍ അന്നെനിക്കെഴുതിത്തന്നിരുന്ന, പിന്നീടു പറയുകയും ചെയ്ത, വാക്കുകളൊന്നും ഇപ്പോള്‍ എന്റെ കൈവിരല്‍ത്തുമ്പത്തില്ല. ഒന്നുമാത്രം ചൂണ്ടിക്കാണിക്കാം. പി.സിയുടെ 'സുന്ദരികളും സുന്ദരന്മാരും' (അതോ ഉമ്മാച്ചുവോ?) എന്ന നോവലിന്റെ മുഖവുരയില്‍, അതുമല്ലെങ്കില്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത ചെറുകഥകളുടെ മുഖവുരയില്‍, 'നരവര്‍ഗ്ഗനവാതിഥി' എന്ന പദം വാത്സല്യപൂര്‍വ്വം ഉദ്ധരിച്ചിരുന്നു. അതു വായിച്ചപ്പോഴെനിക്ക് 'നോബല്‍ പ്രൈസ്' കിട്ടിയ ചാരിതാര്‍ത്ഥ്യം ഉണ്ടാവുകയും ചെയ്തു.
ആ കവിത ഞാനെഴുതിയതാണെങ്കിലും, ഞാനല്ല എന്നിലുള്ള മറ്റൊരാളാണ് അതെഴുതിയത് എന്നാണിപ്പോഴും എന്റെ വിശ്വാസം. 1947-48 കാലഘട്ടത്തില്‍ തൃശ്ശൂരെ തേക്കിന്‍കാട് മൈതാനത്തില്‍ വെച്ചുണ്ടായ ഒരു സംഭവം 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'ത്തിന്റെ മാതൃഭൂമിപ്പതിപ്പില്‍ ഞാന്‍ രേഖപ്പെടുത്തുകയുണ്ടായി. ജീവിതം ആരംഭിച്ച കാലത്ത് ജീവിതമെന്നുവെച്ചാല്‍ എന്താണെന്ന കാര്യത്തില്‍ എനിക്കു യാതൊരു സംശയവും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നപ്പിന്നെ സംശയങ്ങളുദിച്ചുതുടങ്ങി. സ്പഷ്ടമായി പറഞ്ഞാല്‍ പതിനൊന്നു വയസ്സിനുശേഷമാണത്. പതിനാലു വയസ്സിനുശേഷം അതിനൊരു പരിണാമമുണ്ടായി; ജീവിതമെന്നതു പൂര്‍ണ്ണമായും ഒരു ഭൗതികസത്യമെന്ന ബോധം. പതിനെട്ടാമത്തെ വയസ്സിലാണ് വി.ടിയെ പരിചയപ്പെടുന്നത്. വി.ടിയുമായുള്ള സഹവാസത്തിനിടെ സമുദായപരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ ഇ.എം.എസ്സിന്റെ സ്വാധീനമുണ്ടായി. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പകര്‍ത്തിക്കൊടുക്കുകയും അദ്ദേഹം തൃശ്ശൂരിലെത്തുമ്പോള്‍ ഏതാണ്ട് ഒരു സെക്രട്ടറിയെപ്പോലെ ജോലിചെയ്യുകയും ചെയ്തിരുന്നു.
ഈവക സാമൂഹികപരിതഃസ്ഥിതികളാല്‍ കമ്യൂണിസവുമായി പരിചയപ്പെടാന്‍ സാഹചര്യം സൃഷ്ടിച്ചു. സാമൂഹികപരിവര്‍ത്തനത്തോടൊപ്പം സാമ്പത്തികപരിവര്‍ത്തനവുംകൂടി ആവശ്യമാണെന്ന ബോധം എന്നിലുണ്ടാക്കി.
എന്നാല്‍ പത്തൊമ്പതു വയസ്സിനും ഇരുപത്തിരണ്ടു വയസ്സിനുമിടയിലുള്ള കാലഘട്ടത്തിലെ ചില അനുഭവങ്ങള്‍ താന്‍ സഞ്ചരിക്കുന്ന മാര്‍ഗ്ഗം ശരിയല്ലെന്ന ബോധം എന്നില്‍ തോന്നിപ്പിച്ചുതുടങ്ങി. തൃശ്ശൂരിലെ കോളനാടില്‍ യോഗക്ഷേമസഭയുടെ ബില്‍ഡിങ്ങിനു മുകളില്‍ താമസിക്കുന്ന കാലത്ത് ഒരു വര്‍ഷം പൊന്നാനിയിലേക്കേ പോയില്ല; ഇടശ്ശേരിയെ കണ്ടതേയില്ല. പിന്നെ ഒരിക്കല്‍ ചെന്നപ്പോള്‍ ഇടശ്ശേരി പറഞ്ഞു: 'ഏറെ മുറുകിയാല്‍ പൊട്ടും' എന്ന്.
യോഗക്ഷേമസഭയുടെ ആഫീസില്‍ പലരും വരാറുണ്ടായിരുന്നു. സി.ജെ. തോമസ്, പി.സി. കുട്ടികൃഷ്ണന്‍, പി. ഭാസ്‌കരന്‍ തുടങ്ങിയവരൊക്കെ. മൊയ്യാരത്ത് ശങ്കരന്റെ സംഭവങ്ങളും മറ്റും നടക്കുന്ന കാലം. വടക്കെ മലബാറില്‍ കുഴപ്പങ്ങള്‍ നടക്കുന്നു. ആ ദിവസങ്ങളില്‍ തൃശ്ശൂരിലെ മാളികമുറിയില്‍ എന്റെ തൊട്ടടുത്ത പായില്‍ കിടന്നുറങ്ങാറുണ്ടായിരുന്ന ഈശ്വരാംശം എന്നെ കൂടുതല്‍ ചിന്തിപ്പിച്ചു. ആ ചിത്രം ഇതാണ്:
കാക്കിക്കാലുറയില്‍ കൈത്തോക്കിരുമ്പന്‍ നരിമീശകള്‍
പ്രതികാരജ്ജ്വാല കത്തും രോമകൂപസഹസ്രവും
തരം കിട്ടുമ്പോഴൊക്കെയും യൂറോപ്യന്‍ മദ്യശാലയില്‍
കയറിച്ചെന്നു മൂക്കറ്റം കുടിച്ചാടിനടക്കലും
അരിപ്പല്ലുകളില്‍ പൊത്തി നിന്നീടും വെറ്റിലക്കറ,
വേണമെങ്കില്‍ ചുരത്താവും കൃത്രിമച്ചിരി ചുണ്ടിലും!
തന്റെ ട്രൗസറിന്റെ പോക്കറ്റിലുള്ള കൈത്തോക്ക് ഇടയ്ക്കിടെ ചൂണ്ടിക്കാട്ടി അയാള്‍ ഓര്‍മ്മിപ്പിക്കും: 'ഇതെന്തിനാണെന്നറിയാമോ, പാപ്പാളിയെ കാച്ചാനുള്ളതാണ്.'- പാപ്പാളി മലബാറിലെ പോലീസുദ്യോഗസ്ഥനായിരുന്നു.കൂടെ കിടക്കുന്ന ആ മനുഷ്യന്റെ ശാസനഭാവത്തിലുള്ള മൊഴികളും ചെയ്തികളും എന്നെ വ്യാകുലനാക്കുകയാണു ചെയ്തത്. മനസ്സ് തിളച്ചുമറിഞ്ഞ കാലമായിരുന്നു അത്. ലെനിന്‍ സ്ഥാപിച്ചു വളര്‍ത്തിയ പാര്‍ട്ടിയില്‍ അംഗമാവുന്നതിനുവേണ്ടിയാണ് മനുഷ്യനെന്ന ജീവിതമാതൃക ഭൂമിയില്‍ സംഭവിച്ചതെന്നു വിശ്വസിക്കുവാന്‍ എനിക്കു കഴിഞ്ഞില്ല. സായുധസമരത്തിലൂടെ വിപ്ലവം സാധിക്കണമെന്നു വാദിക്കുന്ന, പാര്‍ട്ടിയുടെ 'കല്‍ക്കത്താ തിസീസ്' എന്ന നയത്തോട് യോജിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. ഹിംസയെ അംഗീകരിക്കുക അചിന്ത്യമായിരുന്നു. അതുകൊണ്ടാണ് എന്റെ മുമ്പില്‍ തുറന്നുവെച്ച പാര്‍ട്ടിയുടെ അംഗത്വപുസ്തകമായ 'റെഡ് കാര്‍ഡ്' എന്ന തടിച്ച പുസ്തകത്തില്‍ ഒപ്പുവെക്കാന്‍ രണ്ടുതവണയും എന്റെ കൈ വിറച്ചത്.
തേക്കിന്‍കാടു മൈതാനത്ത് പാതിരാത്രിയിലിരുന്നുകൊണ്ടു സത്യമെന്താണ്, ധര്‍മ്മമെന്താണ് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ നക്ഷത്രനിബിഡമായ വ്യോമമണ്ഡലത്തിനുനേരെ എടുത്തെറിഞ്ഞു കൊണ്ടിരിക്കുന്ന കാലത്തൊരു നിമിഷത്തിലാണ് മുറുക്കാന്‍ പൊതിക്കപ്പുറത്തിരുന്നു വേവുന്ന മറ്റൊരു ഹൃദയം-അന്ന് യോഗക്ഷേമസഭയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന ശാസ്ത്രശര്‍മ്മന്‍ കരിക്കാട് മന്ത്രിച്ചത്, 'അക്കിത്തം മുദ്രാവാക്യങ്ങള്‍ക്കു മുമ്പില്‍ നിശ്ശബ്ദത പാലിക്കണമെന്ന് എനിക്കഭിപ്രായമില്ല. ഹൃദയത്തില്‍ തോന്നുന്നത് ഉറക്കെപ്പറഞ്ഞാലല്ലാതെ ഉറങ്ങാന്‍ കഴിയാത്തതരം ഒരാളാണു താങ്കള്‍.'
മുറുക്കാന്‍ പൊതിക്കപ്പുറത്തുളള സ്നേഹിതന്റെ സ്നേഹമസൃണമായ ശാസനയ്ക്കു കാരണം മറ്റൊരു സംഭവമായിരുന്നു. അദ്ദേഹവും ഞാനുമെന്നപോലെ വേറെ രണ്ടുപേര്‍കൂടി കേള്‍ക്കെ, നായ്ക്കനാലിങ്കല്‍നിന്നു മൂന്നു ഫര്‍ലോങ് വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഒരു വാടകവീട്ടിലിരുന്നു പാതിരാത്രി പതിഞ്ഞ സ്വരത്തില്‍ വായിക്കപ്പെട്ട ഒരു സ്വകാര്യരേഖ. വടക്കേ മലബാറിലെ കാവുമ്പായ്-കരിവെള്ളൂര്‍ വിപ്ലവത്തിന്റെ മുഴുവന്‍ കര്‍ണ്ണധാരനായിരുന്ന വ്യക്തി, കാക്കിക്കാലുറയില്‍ കൈത്തോക്കുള്ള വ്യക്തി-ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല-വായിച്ചുകേള്‍പ്പിച്ച കഥ. അദ്ദേഹത്തിന്റെതന്നെ, കുനുകുനെയുള്ള ഇംഗ്ലീഷക്ഷരങ്ങളില്‍ എഴുതപ്പെട്ട ഡയറിയടങ്ങിയ റിപ്പോര്‍ട്ട്. കല്‍ക്കത്താ തീസിസിന്റെ തലതൊട്ടപ്പനായ രണദിവേയ്ക്ക് അയച്ച റിപ്പോര്‍ട്ട്.
നൂറോളം പേജുള്ള അതില്‍ മലബാറിലെ പല കുഴപ്പങ്ങളുടെയും വിശദാംശമുണ്ടായിരുന്നു. ആ റിപ്പോര്‍ട്ടു വായിച്ചുകേട്ടതു മുതല്‍ ബോധപൂര്‍വ്വം ആളുകളെ കൊല്ലുന്ന പ്രവണത ശരിയല്ലെന്നു തോന്നി. ഇതിനെ എതിര്‍ത്തേ പറ്റൂ എന്നു തോന്നി. എന്തും ചെയ്യാമെന്ന രീതി നമ്മുടെ സംസ്‌കാരത്തെ നശിപ്പിക്കലാണ്. നാളെ ഒരു ഉത്തമസമൂഹമുണ്ടാക്കാന്‍ വേണ്ടി ഇന്ന് അന്യായമായ കാര്യങ്ങള്‍ ചെയ്യുന്നതു ശരിയല്ലെന്നു തോന്നി. എന്റെ സ്നേഹിതനും ഞാനെന്നപോലെ അസ്വസ്ഥനായിരുന്നു. കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ കാര്‍ഡുടമകളില്‍ ഒരാളായിരുന്നു അദ്ദേഹം. റിപ്പോര്‍ട്ടു വായിച്ചു കേട്ടതു മുതല്‍ അസ്വസ്ഥനായ ആ കാര്‍ഡ് ഹോള്‍ഡറാണ് ആവശ്യപ്പെട്ടത്: 'ഹൃദയത്തില്‍ തോന്നുന്നത് അക്കിത്തം എഴുതുകതന്നെ വേണം.'
ഇരുപത്തിമൂന്നുവയസ്സില്‍ കുമാരനല്ലൂരില്‍ത്തന്നെ പാര്‍പ്പുറപ്പിച്ച സമയത്ത് ചുറ്റുപാടിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങാതിരിക്കാനുള്ള മനശ്ശക്തി തികച്ചും എനിക്കുണ്ടായിരുന്നില്ല (ഏതു കവിയിലുമൊരു സാധാരണ മനുഷ്യന്‍ കൂടിയുണ്ടല്ലോ). ഒന്നാമത് ഉദ്ദേശ്യപൂര്‍വ്വം കവിതയെഴുതുന്നതിലുളള അതൃപ്തി. രണ്ടാമത് വസ്തുതകള്‍ ഇമേജറികളായി മനസ്സില്‍ രൂപംകൊണ്ടല്ലാതെ എഴുതാനുള്ള കഴിവുകേട്. മൂന്നാമത്, കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സാമ്പത്തിക സമത്വമെന്ന ലക്ഷ്യത്തെ എതിര്‍ക്കുന്നില്ലെങ്കിലും ഹിംസാമാര്‍ഗ്ഗത്തെ എതിര്‍ക്കുന്നു. ആ കൃതി രചിച്ചാല്‍ രചിച്ചവന്റെ ഭാവി അപകടത്തിലായേക്കാമെന്ന ഭയം.
ഇങ്ങനെയുള്ള കാരണങ്ങളാല്‍ 1952 വരെയും ഞാനാ ഭാഗത്തേക്കു തിരിഞ്ഞുനോക്കിയതേ ഇല്ല. 52-ല്‍ത്തന്നെ ആദ്യം ഞാന്‍ രചിച്ചത് ഫ്യൂഡല്‍ കാര്‍ഷികജീവിതത്തില്‍ വിപ്ലവമുണ്ടായിത്തീരുക എന്നത് സ്വാഭാവികം മാത്രമാണെന്നു കാണിക്കുന്ന ഒരു കൃതിയാണ്, 'കുതിര്‍ന്ന മണ്ണ്' എന്ന കവിത. അതും ആ വര്‍ഷം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ത്തന്നെ പ്രസിദ്ധീകൃതമായി.
പക്ഷേ, ഇരുപത്തിനാലു വയസ്സിനുശേഷം മൂലംനാളിനു ജനിച്ച എന്റെ ആദ്യത്തെ കുട്ടി മരിച്ചു. ജനിച്ചതിന്റെ പതിനാലാം ദിവസം. പേരില്ലാത്ത ആ കൊച്ചുജീവന്‍ എന്നെ കൂടുതല്‍ ധീരനാക്കി എന്നു തോന്നുന്നു. പതിനാലു വയസ്സോടുകൂടി ഭൗതികവാദം എന്നിലേക്കു കടന്നുവന്നപ്പോള്‍ എന്റെ ഭൂതപ്രേതപിശാചുഭയം തിരോഭവിച്ചുവെങ്കിലും നായ, പാമ്പ് എന്നിങ്ങനെയുള്ള ജന്തുക്കളെയും മനുഷ്യനെയും അന്നും ഞാന്‍ ഭയപ്പെട്ടിരുന്നു. ആ ഭയങ്ങളില്‍നിന്ന് എനിക്കു മുക്തി ലഭിച്ചത് 'മൂലക'യുടെ തിരോഭാവത്തോടുകൂടിയാവണം.
'മൂലകേ, ഏതത്തേന്നം!'
ജീവിതം ഒരു പ്രതിഭാസം മാത്രമാണ്. സത്യം ഈ എല്ലാ വസ്തുക്കളിലും വ്യാപിച്ചിട്ടുണ്ടെങ്കിലും അവയില്‍നിന്നെല്ലാം ഭിന്നമായി അദൃശ്യരൂപമായി സ്ഥിതിചെയ്യുകയാണ്. കാണുന്ന എന്തിന്മേല്‍ പിടികൂടിയാലും അവ പൊടിഞ്ഞുപോകുന്നു. പൊടിഞ്ഞുപോകാത്തതിനെ പിടികൂടുന്നവനേ ജയമുള്ളൂ. ആ ജയമാകട്ടെ, ജയം എന്നൊന്ന് ഇവിടെയില്ല എന്ന ബോധത്തിനു സ്ഥായിഭാവം ലഭിക്കാന്‍ മാത്രമാകുന്നു. എങ്കില്‍ പിന്നെ, ആ അജ്ഞേയതയുടെ ഇച്ഛാ പ്രതീകമായ എനിക്ക് എന്റെ കൈയില്‍ തന്നിട്ടുള്ള ബുദ്ധിയില്‍ തോന്നുന്ന പ്രകാരം നല്ലതേതോ അത് അപ്പപ്പോള്‍ ചെയ്യാമെന്നേയുള്ളൂ. അതു ചെയ്യുകയും വേണം. അതു ചെയ്യുമ്പോള്‍ അതു മാത്രമായിത്തീരുകയും വേണം. പക്ഷേ, വിധിയില്‍നിന്നു മാറിനില്‍ക്കാനാശിക്കേണ്ട. വേദന കുറച്ചുതരാന്‍ പ്രാര്‍ത്ഥിക്കാം. അന്യരുടെ വേദന കുറച്ചുകൊടുക്കാന്‍ കഴിവതു ചെയ്യാം. ഭയം അനാവശ്യം.
ഇതുവരെപ്പറഞ്ഞത്, 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'മെഴുതാനുള്ള സാദ്ധ്യത എന്റെ ഉള്ളില്‍ രൂപംകൊണ്ടതിനെപ്പറ്റിയാണ്. എന്നാല്‍, ചില പ്രത്യേക സംഭവങ്ങളെ ഇനിയും എടുത്തുകാണിക്കേണ്ടതുണ്ട്. നന്നേ ചെറുപ്പത്തില്‍ അമ്മാത്തുനിന്നു നടന്നുപോകുന്ന അമ്മയുടെ കൂടെ ഉണ്ണിക്കാട്ടില്‍ ലക്ഷ്മിയമ്മയുടെ ഒക്കത്തിരുന്നുകൊണ്ട് ഇല്ലത്തേക്കു വരുമ്പോള്‍ തൃത്താല പാടത്തുവെച്ച് ഓവുപാലത്തിന്മേല്‍ ഇരിക്കുന്ന വി.ടിയെ കാണാനിടയായി. 'ആത്തന്മാരോള്‍ടെ' മറക്കുട തല്ലിപ്പൊളിക്കുന്ന ഭയാനകന്‍!
മറ്റൊരിക്കല്‍ അരമംഗലത്തമ്പലത്തിന്റെ പരിസരത്തില്‍ കുട്ടിക ളോടൊത്തു കളിക്കുന്ന സമയത്തു കുളിക്കാനെത്തിച്ചേര്‍ന്ന തോട്ടത്തില്‍ ചാത്തുണ്ണിമേനോന്റെ ഒരു ചോദ്യം: 'ഉണ്യമ്പൂരി ഗീത വായിച്ചിട്ടുണ്ടോ?' 'ഇല്ല.' 'വായിക്കണം.' എന്തിനെന്നു ഞാനന്വേഷിച്ചില്ല. എന്നാല്‍ ഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നപ്പോള്‍ കണ്ടു: കണ്ണട അഴിച്ചു കൈയില്‍പ്പിടിച്ച് വാത്സല്യപൂര്‍വ്വം എന്നോടു സംസാരിക്കുന്ന, നെറ്റിയില്‍ ഭസ്മചന്ദനങ്ങളും മുടിക്കെട്ടില്‍ തുളസിയും ധരിച്ച, ചാത്തുണ്ണിമേനോനെന്ന അര്‍ദ്ധനഗ്‌നസ്വരൂപന്റെ മടിയില്‍ മലര്‍ന്നുകിടക്കുന്ന പുസ്തകം ഭഗവദ്ഗീതതന്നെയാണ്. പറയുന്നതു ചെയ്യുന്ന മനുഷ്യന്‍!
രാജസ്ഥാനിലെ വിജിലന്‍സ് കമ്മീഷണര്‍ കെ.പി.യു. മേനോന്‍, ഐ.സി.എ.ആര്‍. സെക്രട്ടറി കെ.പി.എ. മേനോന്‍, ദേശാഭിമാനി മാനേജരായിരുന്ന പരേതനായ കെ.പി. മാധവമേനോന്‍ എന്നിവരുടെ അച്ഛനാണ് തോട്ടത്തില്‍ ചാത്തുണ്ണിമേനോനെന്നുകൂടി പറയട്ടെ.
അങ്ങനെയിരിക്കുമ്പോഴാണ് ഇല്ലത്തെ മൂന്നാം നിലയില്‍ അച്ഛന്റെ കിടപ്പറയിലെ തട്ടിനു താഴെ തറച്ച പലകയ്ക്ക് ഇരിക്കുന്ന പുസ്തകങ്ങളോടൊരു ജിജ്ഞാസ. എടുക്കാന്‍ കൈനീട്ടി; കിട്ടിയില്ല. 'പ്രാംശു ലഭ്യേ ഫലേലോഭാദുദ്ബാഹുരിവ വാമനഃ.' കാല്‍പ്പെട്ടി വലിച്ചുനീക്കിയിട്ട് അതിന്മേല്‍ കയറിനിന്നു കൈ നീട്ടി. അപ്പോഴും കൈയെത്തിയില്ല. അച്ഛന്റെ കിടക്കയെടുത്തു പെട്ടിയിന്മേല്‍ വെച്ചു കയറിനിന്നു കൈനീട്ടി നോക്കി. കഷ്ടിച്ചെത്തുന്നു.
ആ പുസ്തകങ്ങളില്‍ ഒന്നു വി.ടിയുടെ 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്കാ'യിരുന്നു. മറ്റൊന്ന് ഭഗവദ്ഗീത. വേറെയും ചില പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അവയെല്ലാം യഥാസ്ഥാനത്തു വെച്ചു. എടുത്ത പുസ്തകങ്ങള്‍ രണ്ടും വായിക്കാന്‍ തുടങ്ങി. വളരെ വിഷമിച്ചു വായിച്ചുതീര്‍ക്കുകയായിരുന്നു ഗീത. പക്ഷേ, അതിനോട് എന്തോ കലശലായ ഭക്തി മനസ്സിലുണ്ട്. എന്നാല്‍ വി.ടിയുടെ നാടകം അത്യാവേശത്തോടെയാണ് വായിച്ചുതീര്‍ത്തത്. അതെനിക്കു നല്‍കിയ ഉജ്ജ്വലമായ ധാര്‍മ്മികപ്രകാശത്തിന്റെ ശക്തി വര്‍ണ്ണനാതീതമാണ്. അതിന്റെ ആകെത്തുകയായ 'ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദ യേല്‍' എന്ന പ്രബുദ്ധത അബോധപൂര്‍വ്വം അനുഭവിച്ചറിഞ്ഞു. എന്നാല്‍ അതുതന്നെയാണ് ഗീതയില്‍നിന്നു ലഭിക്കുന്ന പ്രബുദ്ധതയെന്നു ഞാന്‍ മനസ്സിലാക്കിയത് പിന്നെയും വളരെ കഴിഞ്ഞിട്ടാണ്. എന്നല്ല, ഈ അനുഭവങ്ങളില്ലായിരുന്നെങ്കില്‍ ലെനിന്‍ സ്ഥാപിച്ചു വളര്‍ത്തിയ പാര്‍ട്ടിയില്‍ അംഗമാവാന്‍ വേണ്ടി മാത്രമല്ല മനുഷ്യമാതൃക ഭൂമിയില്‍ ആവിര്‍ഭവിച്ചതെന്ന ബോധം പിന്നീട് എന്നില്‍ ഉണരുമായിരുന്നുവോ?
ഇതൊക്കെ ശരിയാണെങ്കിലും 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' പോലെ ഒരു കൃതി രചിക്കാനുള്ള ശക്തി ഉണ്ടെന്ന വിശ്വാസം ഒരിക്കലും എനിക്കുണ്ടായിരുന്നില്ല. അങ്ങനെയൊന്ന് എഴുതാതിരിക്കാനുള്ള ആഗ്രഹമാണ് മനസ്സിന്റെ പ്രബുദ്ധതലത്തില്‍ ഞാന്‍ എപ്പോഴും വെച്ചുപുലര്‍ത്തിയിരുന്നത്. എന്നിട്ടും അതെഴുതിപ്പോയതില്‍ എത്രയധികം വിഷമമാണ് എനിക്കനുഭവിക്കേണ്ടി വന്നതെന്നു പറഞ്ഞറിയിക്കാനാവില്ല.
'കുതിര്‍ന്ന മണ്ണ്' എന്ന സുദീര്‍ഘകവിതയുടെ മറുവശം എന്ന നിലയിലാണ് പിന്നീട് 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' സംജാതമായത്. എഴുതണമെന്നുവെച്ച് എഴുതുകയല്ല ഉണ്ടായത്. എന്റെ മനസ്സില്‍ പ്രബുദ്ധതലപ്രേരണകളെ ചോദ്യം ചെയ്തുകൊണ്ട് അബോധതലത്തില്‍നിന്നു തിളച്ചുപൊന്തിയ വാക്കുകളാണ് ഞാന്‍ ആ കവിതയില്‍ കുറിച്ചുവെച്ചത്. അതു നല്ലതാണെന്നോ ചീത്തയാണന്നോ ഇപ്പറഞ്ഞതിനര്‍ത്ഥമില്ല.
ആദ്യത്തെ ശ്ലോകമെഴുതുമ്പോള്‍ അതു മാത്രമേ എന്റെ മനസ്സിലു ള്ളൂ. രണ്ടാമത്തെ ശ്ലോകത്തിന്റെ ഹേതു ആദ്യത്തെ ശ്ലോകം തന്നെയായിരുന്നു. മൂന്നാമത്തെതിന്റെ ഹേതു രണ്ടാമത്തെ ശ്ലോകവും. ഇത്രയും എഴുതിയപ്പോള്‍ ഒരു ലിറിക്കെന്ന നിലയിലിതു നന്നായിരിക്കുന്നു എന്ന ബോധത്തോടെ രാവുറങ്ങി. കവിത കഴിഞ്ഞു എന്നുതന്നെ വിചാരിച്ചു. പിറ്റേന്നാണ് ഒരു പുതിയ ചിന്ത ശ്ലോകരൂപത്തിലുദിച്ചത്. ബാല്യത്തെപ്പറ്റി കുറെ ചിത്രങ്ങള്‍ മനസ്സില്‍ മിന്നിക്കളിക്കുന്നു. അതെഴുതി ക്കഴിഞ്ഞപ്പോഴും ഒരു വിശ്രമം; അപ്പോഴാണ് പുതിയ പ്രകാശം: ബാല്യത്തിനുശേഷം കൗമാരമില്ലേ? കൗമാരത്തിലെ അനുഭൂതി ചിത്രങ്ങള്‍ ഒന്നൊന്നായി വിടരുന്നു. പിന്നീട് സ്വര്‍ഗ്ഗം, നരകം, പാതാളം, ഭൂമി എന്നീ ഖണ്ഡങ്ങള്‍ ഓരോ ദിവസംകൊണ്ട് എഴുതുകയായിരുന്നു. ഓരോ ദിവസവും ഇന്ന് കവിത മുഴുവനായി എന്നായിരുന്നു ബോധം. ഒരു മനസ്സാക്ഷിയുടെ അനുദിനവികാസമായിരുന്നു അത്.
'നരകം' എന്ന ഖണ്ഡത്തിലെ,
ഉരുണ്ടതെങ്കിലിബ്ഭൂമി
കുഴിച്ചാലെത്തിടും ദൃഢം
മറുഭാഗത്തു, വെമ്പീ ഞാ-
നെല്ലാം തിട്ടപ്പെടുത്തുവാന്‍ എന്ന വീക്ഷണം മനസ്സിലൂടെ പറഞ്ഞു. ഉടനെ മറ്റൊരു വീക്ഷണം: ഭൂമിക്കു മാത്രമല്ല മറുഭാഗമുള്ളത്. ഈ കവിതയിലെ എന്റെ പ്രതിപാദ്യപ്രപഞ്ചത്തിനുമുണ്ട്, എന്റെ ബാല്യകാലാഹ്ലാദങ്ങളെ നിഹനിക്കുന്ന ലൗകികവിഷാദം, നരവര്‍ഗ്ഗനവാതിഥികളുടെ കരങ്ങളില്‍ അതെന്നെ വിമഥിച്ചതിന്റെ കഥ, ഈ നൂറ്റാണ്ടിലെ എല്ലാ ചിന്തിക്കുന്ന മനുഷ്യരെയും വിമഥിച്ച ധര്‍മ്മസങ്കടം. അതുകൂടി പ്രതിപാദിക്കാതെ ഇനി ഈ കവിത അവസാനിപ്പിക്കാനാവില്ല, ഡിസൈന്‍ പൂര്‍ത്തിയാവില്ല. അങ്ങനെ ബാക്കി ഭാഗം എഴുതുവാന്‍ കാവ്യനീതിയാല്‍ ഞാന്‍ നിര്‍ബ്ബന്ധിതനാവുകയാണുണ്ടായത്.
നാല്‍പ്പത്തിയാറിലോ നാല്‍പ്പത്തിയേഴിലോ ആണ്. ഒരുച്ചയ്ക്ക് ഹോട്ടലില്‍നിന്ന് ഊണുകഴിച്ച് ഇറങ്ങിനടക്കയാണ്. പി.സിയും തകഴിയുമുണ്ട് ഒപ്പം. ഫുട്പാത്ത് മുറിച്ചുകടക്കുമ്പോള്‍ തകഴി 'ഹോ!' എന്നു ഭയങ്കരമായ ഒരു ശബ്ദമുണ്ടാക്കി. ഞങ്ങളങ്ങോട്ടു നോക്കി. ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. ഒരു സ്ത്രീ കിടക്കുന്നു. അവരുടെ മേല്‍ ഒരു കാക്ക. കുറച്ചപ്പുറം ഒരു കുഞ്ഞ്. ഒറ്റനോട്ടമേ നോക്കിയുള്ളൂ. ഞാന്‍ കണ്ണടച്ചു. ആ ദൃശ്യം മനസ്സില്‍ക്കിടക്കയായിരുന്നു. നാലഞ്ചു വര്‍ഷം കഴിഞ്ഞ് ഈ കവിതയെഴുതുമ്പോള്‍ അത് ശ്ലോകരൂപത്തില്‍ ഇങ്ങനെ പുറത്തുവന്നു:
നിരത്തില്‍ക്കാക്ക കൊത്തുന്നൂ
ചത്ത പെണ്ണിന്റെ കണ്ണുകള്‍;
മുല ചപ്പിവലിക്കുന്നു
നരവര്‍ഗ്ഗനവാതിഥി.
'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന ഈ കവിത എഴുതാന്‍ തുടങ്ങുന്നതിനുമുമ്പ് കിടന്നാല്‍ ഉറക്കം വരാത്ത അവസ്ഥയായിരുന്നു എനിക്ക്. എന്നാല്‍ ഇതിന്റെ അവസാനത്തെ വരി എഴുതിക്കഴിഞ്ഞതോടെ ആ വരിയില്‍പ്പറഞ്ഞപോലെ അന്ന് ഞാന്‍ ശാന്തമായി ഉറങ്ങി.
പറ്റെ ക്ഷീണിപ്പിതാത്മാവിന്‍
നീലരക്തഞരമ്പുകള്‍;
സുഖമുണ്ടിന്നു മുച്ചൂടൊന്നു
ഉറങ്ങിയുണരാവു ഞാന്‍.
എഴുതണമെന്നു വിചാരിക്കാതെ എഴുതിപ്പോയ കവിത. എന്തായാലും ഞാനിങ്ങനെയൊന്ന് എഴുതിപ്പോയ സ്ഥിതിക്ക് എന്റെ ഗുരു വായ ഇടശ്ശേരികൂടി വായിച്ചിട്ടുമതി ഇതു ചീന്തിക്കളയുക എന്നു ഞാന്‍ വിചാരിച്ചു. അങ്ങനെ ഇടശ്ശേരി അതു കണ്ടു. എന്നു മാത്രമല്ല, ഇങ്ങനെ എന്നെ ശാസിക്കുകയും ചെയ്തു: 'ചീന്തിക്കളയില്ലെന്ന് ഉറപ്പുതന്നാലല്ലാതെ ഇതു ഞാന്‍ മടക്കിത്തരികയില്ല.' ഇടശ്ശേരിതന്നെയാണ് അത് മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് അയച്ചുകൊടുത്തതും. ഒരു മാസമോ മറ്റോ കഴിഞ്ഞ് ബസ്സില്‍ യാത്രചെയ്യുമ്പോള്‍ തൊട്ടടുത്തിരിക്കുന്ന യാത്രക്കാരന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കുന്നു. അതില്‍ എന്റെ ഈ കവിത. ഉടനെ തോളിലെ വേഷ്ടിമുണ്ട് തലയിലൂടെയിട്ട് ആരുടെ ശ്രദ്ധയിലും പെടാതെ ഒരു കുണ്ടനിടവഴിയിലൂടെയാണ് ഞാന്‍ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടത്. സത്യം പറഞ്ഞാല്‍ പേടിച്ചിട്ട്. പിന്നീടെത്ര തവണ അതേ ചവിട്ടടിപ്പാതയിലൂടെ ഞാന്‍ നടന്നു. ഒരിക്കലും മനസ്സ് പതറിയിട്ടില്ല.
കവിത പുറത്തുവന്നപ്പോള്‍ ഞാന്‍ വളരെയധികം ക്രൂശിക്കപ്പെടുക യുണ്ടായി. നിരന്തരം ഭീഷണിക്കത്തുകള്‍ കിട്ടിക്കൊണ്ടിരുന്നു. എന്നാല്‍ പുസ്തകത്തെക്കുറിച്ച് വലിയ കോലാഹലങ്ങള്‍ ഉണ്ടായപ്പോഴും ഇ.എം.എസ്. അതെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തില്ല. ഞങ്ങള്‍ക്കിടയിലുള്ള പരസ്പരബഹുമാനം മരണംവരെ നിലനിന്നിരുന്നു.
വര്‍ഗ്ഗസമരക്കാരുടെ കൂടെ നടന്നപ്പോഴും ഞാനതിനോട് പൂര്‍ണ്ണ യോജിപ്പിലായിരുന്നില്ല. സാമ്പത്തിക-സാമൂഹികസ്ഥിതികളില്‍ സമത്വം അവരെപ്പോലെ ഞാനും ആഗ്രഹിച്ചിരുന്നു. അത് ഇന്നും എനിക്കുള്ളതുമാണ്. അതിനു കാരണം ഋഗ്വേദത്തിലെ സംവാദസൂക്തത്തില്‍ത്തന്നെ ആ കാര്യമുണ്ടെന്ന ബോധമാണ്. 'സമാനോ മന്ത്രഃ സമിതിഃ സമാനീ/ സമാനീ വ ആകൂതിഃ സമാനാ ഹൃദയാനി വഃ' (സമാനമായ മന്ത്രം, സമാനമായ കൂടിച്ചേരല്‍, സമാനമായ ലക്ഷ്യബോധം, സമാനമായ ഹൃദയം) എന്ന ഋക്ക് സുപ്രസിദ്ധമാണല്ലോ. ലക്ഷ്യം മാത്രമല്ല, മാര്‍ഗ്ഗവും ശുദ്ധമായിരിക്കണം എന്ന ബോധത്തിലേക്കു വളരാന്‍ ഒരു കാരണമുണ്ട്. ഹ്രസ്വമായ മനുഷ്യജീവിതത്തില്‍ ആരെങ്കിലും ലക്ഷ്യത്തിലെത്തുന്നുണ്ടോ? ഞാന്‍ സംശയിക്കുന്നു. മാര്‍ഗ്ഗം ശുദ്ധമായാല്‍ അത്രത്തോളം ഞാന്‍ ലക്ഷ്യത്തോടടുത്തു എന്നു സമാധാനിക്കാന്‍ എനിക്കു കഴിയുമല്ലോ. പിന്നെ ഭൗതികം, ആത്മീയം എന്നിങ്ങനെ വസ്തുക്കളെ വിഭജിക്കുന്നതിലും എനിക്കു താത്പര്യമില്ല. ഭൗതികം എന്ന വാക്കിനകത്തുള്ളത് 'പൃഥിവ്യജോവായുരാകാശ'ങ്ങളാണല്ലോ. ഇതില്‍ അവസാനത്തേതായ ആകാശഭൂതത്തിലുള്ളതോ? പുരുഷനാണ്. പുരുഷന്‍ എന്ന വാക്കിന് 'ആണ്' എന്നല്ല അര്‍ത്ഥം. 'മുമ്പേ പോകുന്നത്' എന്നാണ്. ചുരുക്കത്തില്‍ ബിഗ്ബാങ് എന്നോ പ്രണവമന്ത്രം എന്നോ പറയാവുന്ന ആദിമസത്വത്തിന്റെ പരിണാമമാണ് ഭൗതികവസ്തുക്കളാകെ. ഈ കടലാസും ഈ തൂവലും വരെ.
പ്രകൃതിയെ ഭൃത്യനാക്കിയ മനുഷ്യന്‍, മനുഷ്യനെത്തന്നെ ഭൃത്യനാക്കിയതിന്റെ ചരിത്രമാണ് മനുഷ്യചരിത്രം. ആ ചരിത്രത്തെ മാറ്റിയെഴുതാനാഗ്രഹിച്ച മനുഷ്യന്‍ ആയുധങ്ങള്‍ കൈയിലെടുത്തു. അനേകായിരം തലകള്‍ അറ്റുവീണു. പ്രശ്നം അവസാനിച്ചില്ല. ശേഷിച്ചതെന്ത്? വേദന. കൊന്നവന്റെ ഹൃദയത്തില്‍ത്തന്നെ വളര്‍ന്നുവന്ന വേദന! രാഷ്ട്രീയമായി ഏതു തത്ത്വശാസ്ത്രത്തിന്റെ ഭാഗത്തു നില്‍ക്കുന്നവനായാലും ശരി, ഈ നൂറ്റാണ്ടിലെ എല്ലാ മനുഷ്യരെയും ചിന്തിപ്പിച്ചതതാണ്. ഈ ധാര്‍മ്മികസംഘര്‍ഷം. അതിനെപ്പറ്റി എനിക്കു ലഭിച്ച അനുഭവചിത്രങ്ങള്‍കൂടി സംവിധാനം ചെയ്തശേഷം, അതുവഴി എന്റെ നീലരക്തഞരമ്പുകള്‍ തുറന്നുവിട്ടശേഷം മാത്രമേ, എനിക്കീ കവിത അവസാനിപ്പിക്കുവാന്‍ കഴിയൂ. കവിതയുടെ ഈ പതനത്തില്‍വെച്ച് എഴുതുന്ന കൃതിയുടെ രൂപത്തെക്കുറിച്ചുള്ള ബോധം അസ്തമിച്ചു. കഥാപാത്രവും ഞാനും രണ്ടല്ലാതായി. പതിനഞ്ചു ദിവസംകൊണ്ട് എഴുതിത്തീര്‍ന്ന ഈ കവിതയ്ക്ക് 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്നു പേരിടാന്‍ കാരണവും ഈ അനുഭൂതിതീവ്രതതന്നെ.
'നിരുപാധികമായ സ്നേഹം' എന്നു പറയുമ്പോള്‍ ഞാന്‍ വിചാരി ക്കുന്നത് അഖണ്ഡമായ വികാസം എന്നാണ്. പ്രണവത്തിന്റെ അഖണ്ഡമായ വികാസമാണ് ഇന്നു കാണുന്ന പ്രപഞ്ചം മുഴുവനും. ഏറ്റവും ഒടുവിലത്തെ കാര്യം പറയാം. ഇപ്പോള്‍ പൂനയ്ക്കടുത്ത് നാരായണ്‍ ഗോണില്‍ 250 ഏക്കര്‍ ഭൂമിയില്‍ സ്ഥാപിതമായ 'മുപ്പതു കണ്ണുകളും കാതുകളും' (അതായത് 30 giant mtere-wave Radio Telescope അഥവാ G.M.R.T. - വ്യാഴഗ്രഹത്തിന്റെ ചന്ദ്രന്മാരിലൊന്നില്‍ വെള്ളമുണ്ടെന്നും അവിടെ ജീവികളുണ്ടായിരിക്കണമെന്നും സൂചന നല്‍കിയ യന്ത്രസജ്ജീകരണം) ബ്രഹ്‌മത്തിന്റെ അഖണ്ഡമായ വികാസത്തിന്റെ ഏറ്റവും ഒടുവിലത്തെ പ്രതീകമാണെന്നു ഞാന്‍ വിചാരിക്കുന്നു. സമൂഹതലത്തില്‍ സ്നേഹം പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണമാണിത്. മനുഷ്യന്റെ ഖണ്ഡഭാവം ഞാന്‍ എന്ന വിചാരം ഭയം ഉളവാക്കിയതാണ് ആറ്റം ബോംബ്. അതേസമയത്ത് ഈ ഞാന്‍ എന്ന ബോധമില്ലെങ്കില്‍ വൈയക്തികപ്രതിഭ വികസിക്കാനാവശ്യമായ കര്‍മ്മം ഉണ്ടായിത്തീരുകയില്ല എന്ന വസ്തുതയും നാം കാണേണ്ടതുണ്ട്. വിജയം എന്നത് ഖണ്ഡതയും അഖണ്ഡതയും തമ്മിലുള്ള സന്തുലനത്തിന്റെ ഫലമത്രേ.
1987-ഓടുകൂടി 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തി'ലൂടെ അബോധപൂര്‍വ്വമായി പ്രകടിപ്പിച്ച വസ്തുത ആഗോളതലത്തില്‍ സാധൂകൃതമായപ്പോള്‍ ഞാനദ്ഭുതപ്പെട്ടു. പ്രകൃതി എന്നെ ഒരു ഉപകരണമാക്കി സ്വീകരിക്കുകയല്ലേ ചെയ്തത്. 'അഹിംസാപരമോ ധര്‍മ്മ' എന്ന ഭഗവദ്ഗീതയുടെ, മഹാത്മജിയുടെ നിര്‍ദ്ദേശത്തെ അവഗണിക്കുന്ന കമ്യൂണിസം 1987-ല്‍ കാലം കൂടിയിരിക്കുന്നു. ആണവലോകത്തിനു മുന്നില്‍ ഡയലക്റ്റിക്കല്‍ മെറ്റീരിയലിസം അടിയറവു പറയുകയോണോ ഉണ്ടായത്!
'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന കവിതയെഴുതി അമ്പതില്‍പ്പരം വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ കല്‍ക്കത്താ തിസീസിനെ അനുകൂലിക്കുന്ന വിവേകികള്‍ ലോകത്തിലില്ലാതായി. 'ഏകം സദ് വിപ്രാ ബഹുധാ വദന്തി' എന്ന വേദമന്ത്രം പരമസത്യമായി. കാള്‍ മാര്‍ക്സിനെ ഇന്നും ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ കല്‍ക്കത്താ തിസീസിനെ ഒരിക്കലും എനിക്കംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
എന്നെ സംബന്ധിച്ചിടത്തോളം ഈ കവിത മാനവരാശിയോടുള്ള ആത്മാര്‍ത്ഥമായ സ്നേഹത്തിന്റെ ഗീതയാണ്. ഹിംസയ്ക്കെതിരെയുള്ള നിലവിളി. രാജ്യത്തെ ഹിംസിക്കുന്നത് ഞാന്‍തന്നെയാണെന്ന തിരിച്ചറിവായിരുന്നു അതിന്റെ കാതല്‍.
1958ലാണ് 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' പുസ്തകരൂപത്തില്‍ പുറത്തുവന്നത്. വ്യക്തികളെയോ ചിന്താഭേദങ്ങളെയോ ഒന്നിനെയും ആക്ഷേപിക്കുന്നു എന്നു വരാതെ എന്നിലെ തീവ്രവികാരം പൂര്‍ണ്ണമായി ആവിഷ്‌കരിക്കുക എന്നതായിരുന്നു രചനയിലെ ദുഃഖം. ഈ കാരണത്താല്‍ അതിലെ പല ഭാഗത്തും വിവേകപൂര്‍വ്വമായ സംഗ്രഹണം വേണ്ടിവന്നു. 'നിരത്തില്‍ കാക്ക കൊത്തുന്നു' എന്നും, 'അരിവെപ്പോന്റെ തീയില്‍ച്ചെന്ന്' എന്നും തുടങ്ങുന്ന ശ്ലോകങ്ങള്‍ പെട്ടെന്നോര്‍മ്മവരുന്ന ഉദാഹരണങ്ങള്‍ മാത്രം. രണ്ടും മൂന്നും ശ്ലോകങ്ങളില്‍ പരത്തിപ്പറഞ്ഞ കാര്യങ്ങള്‍ പിന്നീട് സംഗ്രഹിച്ചതിന്റെ ഫലമാണ് ഈ ശ്ലോകങ്ങള്‍.
എനിക്കുണ്ടായ ഒരനുഭവം ഇതോടു ചേര്‍ത്തു പറയട്ടെ. ഈ കവിത ആദ്യമായി അച്ചടിച്ചുവന്ന് ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അനേകദൂരം അപ്പുറത്തുനിന്ന് വൃദ്ധനായ ഒരു നമ്പൂതിരി വെയിലത്തു നടന്നുകിതച്ച് എന്നെ കാണാന്‍ വീട്ടില്‍ വന്നു. അദ്ദേഹത്തെ സത്കരിച്ചിരുത്തി. കുറച്ചു സംസാരിച്ചുകഴിയവേ അദ്ദേഹം വന്ന കാര്യം പറയാന്‍ തുടങ്ങി. 'കഴിഞ്ഞ ദിവസം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന ആ കവിതയില്‍ 'അരിവെപ്പോന്റെ തീയില്‍ചെന്നീയാംപാറ്റ പതിക്കയാല്‍/ പിറ്റേന്നിടവഴിക്കുണ്ടില്‍ക്കാണ്മൂ ശിശുശവങ്ങളെ' എന്ന വരികളുണ്ടല്ലോ. തെളിച്ചു പറഞ്ഞാല്‍, ആ വരിയില്‍ അഭംഗിയായേക്കാവുന്ന ഒരു കാര്യമല്ലേ, അച്യുതാ, നീ അടക്കിയൊതുക്കി വെച്ചിരിക്കുന്നത്!' ആ ചോദ്യത്തിനു മറുപടിയായി 'അതെ' എന്നുമാത്രമാണ് ഞാന്‍ പറഞ്ഞത്. അതു കേട്ടപ്പോള്‍ അദ്ദേഹം സന്തുഷ്ടനാവുകയും എന്നെ അനുഗ്രഹിക്കുകയും ചെയ്തു.
കഥാനായകന്റെ ആത്യന്തികദുഃഖത്തിനു നിരക്കാത്ത രീതിയില്‍ പരത്തിപ്പറഞ്ഞ കാര്യങ്ങളെയാണ് അത്തരം വരികളിലൊക്കെ സംഗ്രഹിക്കാനിടവന്നിട്ടുള്ളത്.
ആ നിമിഷങ്ങളിലാണ് ആധുനികത ജനിച്ചത് എന്നൊന്നും പറയാന്‍ ഞാനാളല്ല. ആവിഷ്‌കരണപരമായ സംഗ്രഹണപ്രവണത ഒരു സവിശേഷരീതിയില്‍ എന്റെ മനസ്സില്‍ രൂപപ്പെടാന്‍ തുടങ്ങിയത് അതു മുതല്‍ക്കാണ് എന്നു പറയുന്നതു സത്യം മാത്രമായിരിക്കും. കവിത അതിന്റെ മൂര്‍ച്ഛയില്‍ നിര്‍ത്താനാവില്ല. അല്‍പ്പം ഇറങ്ങിയേ നില്‍ക്കൂ. അതായത് ഉച്ചത്തില്‍ അവസാനിപ്പിക്കാന്‍ എനിക്കാവില്ല. ഒരിക്കല്‍ പി.സി. കുട്ടികൃഷ്ണന്‍ പറയുകയുണ്ടായി: 'എത്ര വലിയ സര്‍ക്കസ്സുകാരനും സമ്മാനം വാങ്ങാന്‍ ഭൂമിയില്‍ വരണം.' അതു വളരെ ഇഷ്ടപ്പെട്ട ഇമേജായി എനിക്കു തോന്നി. അതൊക്കെ എന്റെ കവിതയുടെ രൂപത്തെ സ്വാധീനിച്ചിട്ടുണ്ട്. തണുത്തുതണുത്ത് തണുത്താണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം തീരുന്നത്. ഈ ശീലം ഇടശ്ശേരിക്കുമുണ്ട്. പൊതുവെ പൊന്നാനിക്കവികള്‍ക്കൊക്കെ ഉള്ളതായി പറയാം. എലിയറ്റ് വേസ്റ്റ്ലാന്‍ഡ് അവസാനിപ്പിച്ചത് ശാന്തിമന്ത്രത്തോടെയാണല്ലോ.
('കലാവീക്ഷണം' മാസികയ്ക്കുവേണ്ടി പി.എം. നാരായണനും 'പ്രഗതി' ത്രൈമാസികയ്ക്കുവേണ്ടി ജി. വേണുഗോപാലും അക്കിത്തവുമായി നടത്തിയ അഭിമുഖങ്ങളില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.)
Content Highlights: akkithathinnte uravukal book published by mathrubhumi books on akkitham death anniversary