'ചില കാര്യങ്ങള്‍ മുന്നോട്ട് നീങ്ങണമെങ്കില്‍ ചിലര്‍ ഇല്ലാതാവണം. ഉന്‍മൂലനമെന്നത് ദളത്തിന്റെ അജണ്ടയാണ്'

#നന്ദിനി മോനോന്‍
ബസ്തറിലെ മാര്‍ക്കറ്റ് | ഫോട്ടോ: സഹദേവന്‍ കെ.
ബസ്തറിലെ മാര്‍ക്കറ്റ് | ഫോട്ടോ: സഹദേവന്‍ കെ.

നന്ദിനി മോനോന്റെ 'ആംചോ ബസ്തര്‍' എന്ന പുസ്തകത്തിലെ 'പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് കമാന്‍ഡറിനൊപ്പം രണ്ടരമണിക്കൂര്‍' എന്ന ഭാഗത്തില്‍നിന്ന്;

ബഹന്‍ ജീ, ഒരു തമാശ പറയാം: ജയില്‍മോചിതനായി പുറത്തുവന്നപ്പോള്‍ സര്‍ക്കാര്‍ എനിക്കൊരു ആട്ടാ ചക്കി (മാവുപൊടി യന്ത്രം) തന്നു. 'പോ, ഭദ്രണ്ണ പോയി പണിയെടുത്തു ജീവിക്ക്' എന്നു പറഞ്ഞു. ഒരു വീടില്ലാത്ത ഞാന്‍ എവിടെ യന്ത്രം സ്ഥാപിക്കും? എവിടെനിന്ന് വൈദ്യുതി കിട്ടും? പെരുവഴിയില്‍ നില്‍ക്കുന്ന ഞാന്‍ ഈ യന്ത്രം എന്തു ചെയ്യും? എന്നാല്‍ സര്‍ക്കാര്‍രേഖകളില്‍ എന്താണു കാണുന്നത്, ഭദ്രണ്ണ രാമ കീഴടങ്ങി, ജയില്‍ശിക്ഷ അനുഭവിച്ചു, മോചിതനായി, ആട്ടാ ചക്കി കൊടുത്തു, സ്വയംപര്യാപ്തനായി.
ഇങ്ങനെത്തന്നെയാണ് ബഹന്‍ജീ ബസ്തറിലെ സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങളും...

'നമസ്‌തേ ജി.'
'നമസ്‌തേ ജി.'
'ഞാന്‍ എന്നെ പരിചയപ്പെടുത്താം. പേര് നന്ദിനി, വിശാഖപട്ടണത്തു താമസം. മലയാളിയാണ്, ബസ്തറിലൂടെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി യാത്ര ചെയ്യുന്നു. ഇനിയും തുടരും. യാത്രാനുഭവങ്ങള്‍ പുസ്തകമാക്കണമെന്നുണ്ട്. ഇത് പഠനമോ ഗവേഷണമോ അല്ല, എന്റെ യാത്രാനുഭവങ്ങള്‍ മാത്രം. യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍, കാണുന്ന വ്യക്തികള്‍, സംസാരിക്കുന്ന വിഷയങ്ങള്‍ എല്ലാം എന്റെ താത്പര്യത്തിനുമാത്രം തിരഞ്ഞെടുത്തവയാണ്.'
'ഞാന്‍ ഭദ്രണ്ണ രാമ, ദളത്തില്‍ രമേശ് എന്ന പേരില്‍ അറിയപ്പെടുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ കമാന്‍ഡര്‍ ആയിരുന്നു. എന്നുവെച്ചാല്‍ പ്രസ്ഥാനത്തില്‍ രണ്ടാം സ്ഥാനക്കാരന്‍.'

ചോദ്യം: താങ്കള്‍ പ്രസ്ഥാനത്തിലേക്കു വരാനുണ്ടായ സാഹചര്യത്തില്‍നിന്നു തുടങ്ങാമോ?
ഉത്തരം: ഞാന്‍ ബിജാപുരിലെ ജാര്‍ബല്ലി ഗ്രാമത്തില്‍ ജനിച്ചു. മാതാപിതാക്കള്‍ ദരിദ്രരായിരുന്നു. ഞങ്ങള്‍ ആദിവാസികളാണ്. എനിക്കു വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. പതിനഞ്ചാം വയസ്സിലാണ് ദളത്തിലേക്ക് പ്രവേശിക്കുന്നത്.
പതിനഞ്ചാം വയസ്സില്‍ താങ്കളെ ആകര്‍ഷിച്ചത് എന്താണ്?
ഞങ്ങളുടേത് അതിര്‍ത്തിഗ്രാമമാണ്, അവിഭക്ത ആന്ധ്രയുമായി മുട്ടിക്കിടക്കുന്നു. 1983 കാലമാണ്. അന്ന് ആന്ധ്രയില്‍നിന്നും ധാരാളംപേര്‍ ഞങ്ങളുടെ പരിസരത്തുള്ള കാടുകളില്‍ തമ്പടിക്കുമായിരുന്നു. രാത്രികളില്‍ അവര്‍ ഗ്രാമത്തിലേക്കു വന്ന് ഞങ്ങളെയൊക്കെ വിളിച്ചു സംസാരിക്കുമായിരുന്നു.

എന്തായിരുന്നു അവര്‍ പറഞ്ഞിരുന്നത്?
ഞാന്‍ പറഞ്ഞല്ലോ, ഞങ്ങളെല്ലാം അതീവദരിദ്രരായിരുന്നു. കാടിന്റെ മക്കള്‍ കാടിനകത്ത് ദരിദ്രരാവുന്നത് എന്തുകൊണ്ട് എന്നാണവര്‍ ചോദിച്ചത്. ഞങ്ങള്‍ക്ക് ഇഷ്ടംപോലെ തിന്നാനും കുടിക്കാനുമൊക്കെ പ്രകൃതിയിലുണ്ടായിട്ടും ഒന്നുമില്ലാതെപോവുന്നത് എന്തുകൊണ്ട് എന്ന്.

ഇങ്ങനെ ഇതിനു മുന്നെ ആരെങ്കിലും ചോദിച്ചിരുന്നോ?
ഇങ്ങനെ ഇതിനു മുന്നെ ഞങ്ങള്‍പോലും ആലോചിച്ചിരുന്നില്ല.

അപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ നിങ്ങള്‍ക്ക് പുതിയതായിരുന്നില്ലേ?
ആയിരുന്നു, പേടിയുമായിരുന്നു. അവര്‍ ഇരുട്ടത്തു വരും, യൂണിഫോമണിഞ്ഞ് തോക്കുകളുമായി. പകല്‍ ഞങ്ങള്‍ കുട്ടികള്‍ കാട്ടില്‍ കയറി ഒളിച്ചു നോക്കും, ഭയങ്കര പേടിയും സംശയവുമായിരുന്നു.

പിന്നീടെങ്ങനെയാണ് അവര്‍ക്കൊപ്പം ചേര്‍ന്നത്?
ഞങ്ങളുടെ കാട്ടില്‍ ധാരാളം തേന്തു പത്ത (ബീഡിയില) വളര്‍ന്നിരുന്നു. സ്ത്രീകളും കുട്ടികളും കാട്ടില്‍ക്കയറി ഇത് സംഭരിക്കുമായിരുന്നു. ആഴ്ചയിലൊരിക്കല്‍ ടേക്കേദാര്‍ (കരാറുകാരന്‍) വരും. ഇലയ്ക്ക് ഒരു പൈസ വെച്ചു തരും. വീടിനകത്തു കിടക്കാന്‍പോലും സ്ഥലമില്ലാതെ നിറച്ചുവെച്ച ഇല മുഴുവന്‍ കൊടുത്താലും ഇരുപതു രൂപ കൈയില്‍ വരില്ല. ഒരു രാത്രി ഗ്രാമത്തില്‍ കൂടിയിരുന്നു സംസാരിക്കുമ്പോള്‍ ഇതിനെ 'അവര്‍' ചോദ്യം ചെയ്തു, അതെനിക്ക് ഇഷ്ടമായി.

എന്നിട്ട് വില കൂടുതല്‍ കിട്ടിയോ?
അതൊരു തുടക്കമായിരുന്നു. ഞാന്‍ അവര്‍ക്കൊപ്പം പോയി. ഗ്രാമത്തിലെ പലരും പോയി. ഞങ്ങള്‍ അവരു പറയുന്നത് ശ്രദ്ധിച്ചു കേട്ടു. കുറെ മാസങ്ങളോളം ഇതു തുടര്‍ന്നു. ഇതിനിടയില്‍ കുറെപ്പേര്‍ വരാതായി. പക്ഷേ, ഞാന്‍ എന്നും അവരെ കേള്‍ക്കാന്‍ പോയി.
എന്നിട്ട് തേന്തു പത്ത..?
മൂന്നു ഘട്ടങ്ങളിലായി സമരം ചെയ്യേണ്ടിവരുമെന്ന് അവര്‍ പറഞ്ഞു. അതില്‍ ആദ്യത്തേതാണ് തേന്തു പത്ത. ഇലയെടുക്കാന്‍ വരുന്ന ടേക്കേദാറെ ഞങ്ങള്‍ ഗ്രാമത്തിലുള്ളവര്‍തന്നെ പല തവണ ഭീഷണിപ്പെടുത്തി. പക്ഷേ, അവര്‍ കൂട്ടാക്കിയില്ല. രണ്ടുമൂന്നു തവണ ഇലയെടുക്കാതെ അവര്‍ മടങ്ങിപ്പോയി. ഗ്രാമീണര്‍ പലരും ഞങ്ങള്‍ക്കെതിരായി. ഒടുവില്‍ 'അവര്‍'തന്നെ ഒരു ദിവസം വന്നു.

അവരെന്താണു ചെയ്തത്?
ടേക്കേദാറെ വഴിയില്‍ വെച്ചു പിടികൂടി. ഗ്രാമത്തിനു നടുവില്‍ കൊണ്ടിരുത്തി. ആയുധംകൊണ്ട് മുറിവേല്‍പ്പിച്ചു. ഇലയ്ക്ക് വില നിശ്ചയിച്ചു. ഈ വില കൊടുത്തില്ലെങ്കില്‍ കൊന്നുകളയുമെന്നു പറഞ്ഞു. അതോടെ ഞാന്‍ പൂര്‍ണ്ണമായും അവരെ ആരാധിക്കുവാനും അംഗീകരിക്കുവാനും ആരംഭിച്ചു.

പുസ്തകത്തിന്റെ കവര്‍.

അതോടെയാണോ താങ്കള്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് അംഗമായത്?
അല്ല. ഗ്രാമത്തിലെ പട്ടേല്‍ (തിരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാനം) മുഖിയ സര്‍പഞ്ച് എന്നിവരെയെല്ലാം ചേര്‍ത്ത് അവര്‍ ദണ്ഡകാരണ്യ ആദിവാസി കിസാന്‍ മസ്ദൂര്‍ സംഘ് ഉണ്ടാക്കി. ഞാന്‍ അതില്‍ അംഗമായി.

സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നു?
അന്നൊരു മുദ്രാവാക്യമുണ്ടായിരുന്നു, 'ജല്‍ ജംഗല്‍ ജമീന്‍...' (ജലം, കാട്, മണ്ണ്). കാട് ഞങ്ങളുടേതാണ്, അത് ഉപയോഗിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഞങ്ങള്‍ മാത്രമാണ് എന്നായിരുന്നു അര്‍ത്ഥം. അതിന് ഫോറസ്റ്റുകാര്‍ (വനംവകുപ്പ് ജീവനക്കാര്‍) തടസ്സമായിരുന്നു. ഒരു വീടു വെക്കാനോ ഒരു കൃഷി ചെയ്യാനോ കാലികളെ മേയ്ക്കാനോ അനുവദിക്കില്ല. എന്നാല്‍ ഓഫീസര്‍മാര്‍ക്കുവേണ്ടി മരം മുറിച്ചു കടത്തുകയും ചെയ്യും. എന്റെ ജീവിതത്തിലെ ആദ്യത്തെ ശത്രു ടേക്കേദാര്‍ ആയിരുന്നില്ല, ഫോറസ്റ്റുകാര്‍ ആയിരുന്നു.

സംഘം അവര്‍ക്കെതിരെ എങ്ങനെയാണ് പ്രവര്‍ത്തിച്ചത്?
ആദ്യം ചെയ്തത് കാര്യങ്ങള്‍ നേരിട്ടു പറയുവാന്‍ ശ്രമിക്കുക എന്നതുതന്നെയായിരുന്നു. 'അവര്‍' വരില്ല, ഞങ്ങള്‍ സംഘം പ്രവര്‍ത്തകര്‍ വേണം സംസാരിക്കാന്‍. ഞങ്ങളെ ഫോറസ്റ്റുകാര്‍ കേള്‍ക്കില്ല. ഒടുവില്‍ 'അവര്‍' ഒളിയാക്രമണങ്ങള്‍ തുടങ്ങി. ഇതായിരുന്നു രണ്ടാംഘട്ടം.

വനംവകുപ്പുജീവനക്കാരെ കൊല്ലുമായിരുന്നോ?
ചിലപ്പോള്‍ മരിച്ചിട്ടുണ്ടാവാം. അവര്‍ ഭയപ്പെട്ടുതുടങ്ങി എന്നതു സത്യം. ഞങ്ങളവരെ കാട്ടില്‍നിന്നു നിരന്തരം ആട്ടിപ്പായിച്ചു. അതിനായി എന്റെ കൈവശം ചെറിയ ആയുധങ്ങള്‍ വന്നുചേര്‍ന്നു.

തോക്ക്..?
ഇല്ലില്ല, കത്തികള്‍ തുടങ്ങിയവ. അല്ലെങ്കില്‍ത്തന്നെ ഞങ്ങള്‍ ആദിവാസികളുടെ കൈയില്‍ പരമ്പരാഗത ആയുധങ്ങളുണ്ടല്ലോ. ഞങ്ങളത് അവര്‍ക്കു നേരേ പ്രയോഗിച്ചു. അവര്‍ ഞങ്ങളെ ഭയന്നുതുടങ്ങി.

ഈ ഭയം താങ്കള്‍ ആസ്വദിച്ചുവോ?
തീര്‍ച്ചയായും. കാടുകള്‍ സ്വതന്ത്രമാവുന്നതും ഞങ്ങള്‍ മനസ്സിലാക്കി. ഞങ്ങളുടെ കൈയില്‍നിന്ന് ലെവി പിരിക്കാന്‍ അവര്‍ക്കു പേടിയായിത്തുടങ്ങി. വീട്ടില്‍ വന്ന് കോഴി, പന്നി, ആട് ഒക്കെ പിടിച്ചുകൊണ്ടുപോകാന്‍ കഴിയാതെയായി. പതുക്കപ്പതുക്കെ ഫോറസ്റ്റുകാരെ പരിസരങ്ങളില്‍ കാണാതായി. അതൊരു വലിയ ഊര്‍ജ്ജം പകര്‍ന്നു.

കാട് എല്ലാവര്‍ക്കും ഒരുപോലെ സ്വതന്ത്രമായോ?
ബഹന്‍ജീ... നിങ്ങള്‍ ശരിയായ ചോദ്യം ചോദിച്ചു. കാട് എല്ലാവര്‍ക്കും ഒരുപോലെയായില്ല. അകത്തുള്ള ശത്രുക്കളെ ഞങ്ങള്‍ തിരിച്ചറിയാന്‍ പോകുന്നേയുണ്ടായിരുന്നുള്ളൂ.

ആരാണവര്‍?
ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍. ഞങ്ങളൊപ്പം കൂട്ടിയിരുന്നവര്‍...

ആരാണീ ഞങ്ങള്‍? ആരാണീ അവര്‍?
കാട് സ്വതന്ത്രമായപ്പോള്‍ കൈയൂക്കുള്ളവന്‍ ഭൂമി സ്വന്തമാക്കിത്തുടങ്ങി. കൈയൂക്കെന്നുവെച്ചാല്‍ പണം, അധികാരം, പിടിപാട്. പട്ടേല്‍ മുഖിയ സര്‍പഞ്ച് ഒരല്‍പ്പം ധനികരായവര്‍, വിദൂരങ്ങളിലെ ജമീന്ദാര്‍മാര്‍ തുടങ്ങിയവര്‍. അവര്‍ക്ക് അധികാരവും പോലീസില്‍ സ്വാധീനവുമുണ്ട്. ഇത്രയുംകാലം വനപാലകരെ പേടിച്ച് അവര്‍ ഒതുങ്ങിയതായിരുന്നു. ഇതായിരുന്നു മൂന്നാംഘട്ട യുദ്ധം.

ഇതില്‍ ജമീന്ദാര്‍മാരൊഴികെ മറ്റെല്ലാവരും ആദിവാസികള്‍ തന്നെയായിരുന്നു, അല്ലേ?
അതെ, ചില ജമീന്ദാര്‍മാരും ആദിവാസികളായിരുന്നു, സോനമണ്ടാവി സമുദായമൊക്കെ.
സ്വന്തം ആളുകളോടു പൊരുതേണ്ടിവന്നത് സംഘര്‍ഷമുണ്ടാക്കിയില്ലേ?
ഉണ്ടാക്കി. അവരത് ഒട്ടും പ്രതീക്ഷിച്ചിരുന്നതുമില്ല. പക്ഷേ, ദളം സ്വകാര്യസമ്പത്തിന് എതിരായിരുന്നു. മണ്ണു വാരിക്കൂട്ടുവാന്‍ ശ്രമിക്കുന്നവരെല്ലാം പ്രസ്ഥാനത്തിന്റെ ശത്രുക്കളാണ്. ഞങ്ങളത് പലതരത്തില്‍ അവരെ മനസ്സിലാക്കിക്കുവാന്‍ ശ്രമിച്ചു. അവര്‍ ചെവിക്കൊണ്ടില്ല. ദരിദ്രരെ അവര്‍ പാടത്തു ജോലിക്കു വിളിച്ചു, തുച്ഛമായ കൂലി നല്‍കി. ആദ്യം വീടു നന്നാക്കിയിട്ടു വേണമായിരുന്നു കാടു നന്നാക്കാന്‍ എന്നു ബോദ്ധ്യപ്പെട്ടുതുടങ്ങി.

പുറത്തുനിന്ന് അവര്‍ക്കു സഹായം ലഭിച്ചിരുന്നോ?
ലഭിച്ചിരുന്നു. ടേക്കേദാര്‍മാരും വനപാലകരും പോലീസും അവരെ സഹായിച്ച് ഞങ്ങളോടു പകതീര്‍ക്കാന്‍ തുടങ്ങി. ആ സമയത്ത് ഞങ്ങള്‍ കൂട്ടത്തോടെ ഭൂവുടമകളെ ആക്രമിച്ചിരുന്നു.

കൊലകള്‍..?
ബഹന്‍ജീ, നിങ്ങള്‍ നഗരത്തില്‍നിന്നു വന്നതായതോണ്ടാണ് കൊലകളെക്കുറിച്ചിത്രയും വേവലാതിപ്പെടുന്നത്. ഞങ്ങള്‍ക്കതില്‍ ഒരു ആശങ്കയുമില്ല. കൊല്ലേണ്ടിവരും, കൊന്നിട്ടുണ്ട്. ചില കാര്യങ്ങള്‍ മുന്നോട്ടുനീങ്ങണമെങ്കില്‍ ചിലര്‍ ഇല്ലാതാവണം. ഉന്‍മൂലനം എന്നത് ദളത്തിന്റെ അജണ്ടയാണ്.

നമുക്ക് മൂന്നാം ഘട്ടത്തിലേക്കു തിരിച്ചുവന്നാലോ ഭദ്രണ്ണ ജി?
ശരി. നിരന്തരം ഏറ്റുമുട്ടലുകളുണ്ടായി. ദളം ദക്ഷിണ ബസ്തറായ ബിജാപുരില്‍ സ്ഥിരം ക്യാമ്പ് ഉണ്ടാക്കി. കൊണ്ടെഗാവ്, ബാസ, ഭേദ്രെ, കുട്രൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വേറെ വേറെ ഗ്രൂപ്പുകളുണ്ടാക്കി. ഞാന്‍ സജീവമായി രംഗത്തിറങ്ങി. ദണ്ഡകാരണ്യ ആദിവാസി കിസാന്‍ മസ്ദൂര്‍ സംഘ് പിരിച്ചുവിട്ടു. ഞാന്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പില്‍, ദള്‍ സദസ്യ എന്ന പ്രാഥമിക അംഗത്വം നേടി.

അതോടെ താങ്കളുടെ പ്രവര്‍ത്തനരീതികളില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടായി?
എല്ലാം മാറി. അതുവരെ ഞാന്‍ എന്റെ ഗ്രാമത്തിനായി പൊരുതിയെങ്കില്‍ ഇന്നുമുതല്‍ മൊത്തം ബസ്തറിന്റെ പോരാളിയായി. ആയുധപരിശീലനകളരികളില്‍ പോയിത്തുടങ്ങി. എനിക്കു മുകളില്‍നിന്ന് നിര്‍ദ്ദേശങ്ങളെത്തിത്തുടങ്ങി. പാര്‍ട്ടി പറയുന്ന കാര്യങ്ങള്‍, പറയുന്ന സമയത്ത് ചെയ്തുതുടങ്ങി. ഏതൊരു പരിതഃസ്ഥിതിയിലും പാര്‍ട്ടി രഹസ്യങ്ങള്‍ പുറത്തുവിടില്ലെന്ന് പ്രതിജ്ഞയെടുത്തു. വളരെ ചിട്ടയോടെയാണ് ക്യാമ്പുകളില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.

ഭൂവുടമകള്‍ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ എവിടെയെത്തി നില്‍ക്കുകയായിരുന്നു?
ഏറ്റവും ദുര്‍ഘടമായ കാലമായിരുന്നു അത്. ഞങ്ങള്‍ക്കവരെ ഒതുക്കാന്‍ ഏറെ പാടുപെടേണ്ടിവന്നു. ഞങ്ങളെക്കുറിച്ച് അവര്‍ക്ക് നല്ല അറിവുള്ളതായിരുന്നു പ്രധാന കാരണം. 'ജോദ്‌നെ വാലോം കൊ ജമീന്‍' (പണിയെടുക്കുന്നവനുള്ളതാണ് മണ്ണ്) എന്ന മുദ്രാവാക്യവുമായി ഒരുപാടു സംഘട്ടനങ്ങള്‍ നടന്നു. പകയും പ്രതികാരവും ഇരുപക്ഷത്തും വളര്‍ന്നു. അങ്ങനെയാണ് ആദ്യത്തെ പോലീസ് ക്യാമ്പ് കാട്ടില്‍ വന്നത്.

അതോടെ പോലീസും വര്‍ഗ്ഗശത്രുവായി മാറിയോ?
എന്നു പറയാം. അതുവരെ അധികാരവര്‍ഗ്ഗത്തിന്റെ അടിമപ്പണിക്കാരായി മാത്രമേ ഞങ്ങളവരെ കണ്ടിരുന്നുള്ളൂ. പക്ഷേ, ഇപ്പോഴവര്‍ ശത്രുപക്ഷത്തെ സംരക്ഷിക്കുന്നവരായി. വെറും കൂലിക്കാരാണെന്നറിഞ്ഞുതന്നെ അവരെ ഞങ്ങള്‍ക്ക് ആക്രമിക്കേണ്ടിവന്നു. ശരിക്കുമുള്ള യുദ്ധമായിരുന്നു. ഇതിനിടയില്‍ അപ്രതീക്ഷിത തിരിച്ചടികളുണ്ടായി.

എന്തായിരുന്നു അത്?
ഗ്രാമത്തിലുള്ളവരെത്തന്നെ ഞങ്ങള്‍ ആക്രമിച്ചത് മറ്റു പാവങ്ങള്‍ക്ക് ആശങ്കയുണ്ടാക്കി. ഗ്രാമീണര്‍ തീര്‍ത്തും പഠിപ്പില്ലാത്തവരായിരുന്നല്ലോ. ഒരുകൂട്ടം ആളുകള്‍ കാടു പിടിച്ചെടുത്ത് തങ്ങളെ ആട്ടിയോടിക്കുവാന്‍ വന്നതാണെന്നുതന്നെ അവര്‍ കരുതി. അങ്ങനെ വ്യാപകമായ പ്രചാരണവുമുണ്ടായി. ഏകദേശം ദളത്തില്‍ പൂര്‍ണ്ണമായും ആന്ധ്രക്കാരായിരുന്നുതാനും. ഞങ്ങള്‍ക്കു പൈസ തരാതിരിക്കുവാനും ഭക്ഷണത്തില്‍ വിഷം ചേര്‍ക്കാനും അവരുടെ മേല്‍ സമ്മര്‍ദ്ദമുണ്ടായി.

നിങ്ങളും അവരുടെ കൈയില്‍നിന്ന് പൈസ മേടിച്ചിരുന്നുവോ? കൂട്ടത്തോടെ കുടിലുകളില്‍ ചെന്ന് ഭക്ഷണം ആവശ്യപ്പെടുന്നു എന്നു ഞാനെന്റെ യാത്രയില്‍ പലപ്പോഴും കേട്ടിരുന്നതും സത്യമാണല്ലേ?
അങ്ങനെയല്ല ബഹന്‍ജീ... ഞങ്ങള്‍ സഹകരണാടിസ്ഥാനത്തില്‍ കൃഷി ആരംഭിച്ചു. കാടിനു യോജിക്കുന്ന മികച്ച വിത്തുകളും കാളകളും നാടന്‍ ഉഴവുയന്ത്രങ്ങളും നല്‍കി. ഒരു കുടുംബത്തില്‍നിന്നും ഒരാള്‍ സഹകരണകൃഷിക്കും ഒരാള്‍ ദളം പ്രവര്‍ത്തനത്തിലേക്കും തീര്‍ച്ചയായും വന്നിരിക്കണമെന്ന് കര്‍ശനനിര്‍ദ്ദേശം കൊടുത്തു.

നിര്‍ബന്ധ ദളപ്രവര്‍ത്തനം എത്രത്തോളം ശരിയാണ്?
നൂറു ശതമാനം ശരിയാണ്. ഞങ്ങളുടെ സ്വകാര്യ ആവശ്യങ്ങളല്ല ഇതൊന്നും. എല്ലാ കുടുംബവും പങ്കെടുത്തേ മതിയാവൂ. സ്വാര്‍ത്ഥത എന്നത് ദളത്തിന്റെ നിഘണ്ടുവിലില്ല. സ്വകാര്യതാത്പര്യങ്ങളില്ല ദളത്തില്‍.

സഹകരണകൃഷിയെക്കുറിച്ച് പറയാമോ?
അതൊരു വിജയമായിരുന്നു. കൊയ്തു കഴിഞ്ഞാല്‍ കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് നെല്ല് ഭാഗിച്ചു കൊടുക്കും. ബാക്കിയുള്ളതില്‍നിന്ന് അദ്ധ്വാനിക്കുവാന്‍ ആളില്ലാതെ ഒറ്റപ്പെട്ടുപോയ വൃദ്ധരോ രോഗികളോ ഉണ്ടെങ്കില്‍ അവര്‍ക്കും കൊടുക്കും. വിത്തിനുള്ളത് മാറ്റിവെക്കും. ബാക്കി ദളം വില്‍ക്കും. ദളത്തിന്റെ ചെലവുകള്‍ക്കുള്ള പൈസ ഇങ്ങനെയാണ് കണ്ടെത്തുന്നത്.

അപ്രതീക്ഷിത തിരിച്ചടിയെക്കുറിച്ചു നേരത്തേ പറഞ്ഞല്ലോ. അതെന്താണ്?
ആ... അതു വിട്ടുപോയി. ഊരുകളില്‍ പാവങ്ങളാണ്. വനപാലകര്‍ ഒഴിഞ്ഞപ്പോള്‍ അവര്‍ക്കും ആഗ്രഹങ്ങള്‍ മുളയ്ക്കാന്‍ തുടങ്ങി. ഓരോ തവണയും പുതിയ പുതിയ മലഞ്ചെരിവുകള്‍ തെളിക്കുക, കൃഷി ചെയ്യുക, അവിടെയെല്ലാം വീടുകള്‍ ഉണ്ടാക്കുക, കൂടുതല്‍ക്കൂടുതല്‍ ഭൂമി കൃഷിയിടത്തിലേക്കു ചേര്‍ക്കുക തുടങ്ങിയ പരിപാടികളായി. ഞങ്ങളിതിനെ മുളയിലെ അടിച്ചമര്‍ത്തി. കാട് ഇനിയും വരാനിരിക്കുന്ന നരവംശത്തിനു മുഴുവന്‍ അവകാശപ്പെട്ടതാണ്. നമ്മുടെ സ്വാര്‍ത്ഥതയ്ക്കു വേണ്ടിയുള്ളതല്ല എന്നു പറഞ്ഞുകൊടുത്തു.

അവരിത് എത്രത്തോളം ഉള്‍ക്കൊണ്ടു?
കുറെപ്പേര്‍ക്ക് മനസ്സിലാക്കാനായില്ല. പോലീസിന്റെയും ബിസിനസ്സുകാരുടെയും കൈയുണ്ടതില്‍. അവര്‍ ഞങ്ങളെ സംശയിച്ചു. പുതിയ ഗ്രാമങ്ങളില്‍നിന്ന് ഞങ്ങളവരെ ബലമായി ഇറക്കി, ആദ്യ മുണ്ടായിരുന്നിടത്തേക്കുതന്നെ തിരിച്ചയച്ചു. ഇതിനെ, ദളം ഗ്രാമീണരെ കുടിയിറക്കി ഗ്രാമങ്ങള്‍ സ്വന്തമാക്കി എന്നു പുറത്തു ചിലര്‍ പ്രചരിപ്പിച്ചു. വനപാലകരെയും മുഖിയമാരെയും ഓടിച്ചതു പോലല്ല അത്, സ്വാര്‍ത്ഥതയ്ക്ക് ദളം എതിരായതിനാലാണ്.

നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണോ ജീവന്‍ ത്യജിച്ചും പോരാടുന്നത്, അവര്‍ക്കതു മനസ്സിലാവുന്നില്ലെങ്കില്‍, അത് സംഘടനാപ്രവര്‍ത്തനത്തിന്റെ പോരായ്മയല്ലേ?
ദളം നൂറു ശതമാനം ശരിയാണ്. ബാഹ്യപ്രേരണകളാണ് ഗ്രാമീണരെ സംശയാലുക്കളാക്കിയത്. പിന്നെ സ്വത്തു സമ്പാദിക്കാനുള്ള ആര്‍ത്തിയും. 'ജിത് നാ ഖാവോ ഉത് നാ ഉഗാലോ' (എത്ര തിന്നണം അത്രമാത്രം ഉണ്ടാക്കുക). ബഹന്‍ജീ, നിങ്ങള്‍ ബാങ്കില്‍ പണം നിക്ഷേപിച്ചിട്ടില്ലേ, അത് സ്വാര്‍ത്ഥതയാണെന്ന് ഞാന്‍ പറയും.

ഭദ്രണ്ണജി... ബാങ്കില്‍ എന്റെ പൈസ ഞാന്‍ പൂട്ടിവെച്ചിരിക്കുകയല്ല. റോഡ്, വെളിച്ചം, വെള്ളം, പാലം, ഗതാഗതം, ചികിത്സ, വിദ്യാഭ്യാസം... ഒക്കെ ഞാനനുഭവിക്കുന്നത് ഇത്തരം നിക്ഷേപങ്ങള്‍ കൊണ്ടല്ലേ?
എന്നാല്‍ ഞങ്ങളുടെ ജനതാനസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതു നോക്കൂ. ബാങ്കുമില്ല ടാക്‌സുമില്ല. വിദ്യാഭ്യാസം, ചികിത്സ, കൃഷി ഒക്കെ ഞങ്ങള്‍ നടത്തുന്നില്ലേ. ആരുടെ കൈയിലും അധികം ഒരു മണി അരിയില്ല, ആരും പട്ടിണിയിലുമല്ല. 

ക്ഷമിക്കണേ ജീ... ഏതു വിദ്യാഭ്യാസത്തെക്കുറിച്ചാണ് താങ്കള്‍ പറയുന്നത്? ബിജാപുരില്‍ ആദിവാസിമേഖലയില്‍ എത്ര വിദ്യാലയങ്ങളുണ്ട്? എത്ര കുട്ടികള്‍ പഠിക്കുന്നുണ്ട്?
നിങ്ങളുടെ സര്‍ക്കാര്‍ നടത്തുന്ന വിദ്യാലയങ്ങളില്ല, ശരിതന്നെ. വിദ്യാലയങ്ങള്‍ക്കകത്ത് പോലീസുകാര്‍ വന്നുകൂടാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളതെല്ലാം പൊളിച്ചുകളഞ്ഞു. ദളം പഠിപ്പിക്കുന്നുണ്ട്; ഞങ്ങളുടേതായ രീതിയില്‍. എന്നെ പഠിപ്പിച്ചത് ദളമല്ലേ. ഞങ്ങള്‍ 'അ അനാര്‍' എന്നു പഠിപ്പിക്കുകയില്ല, 'അ അടവി' എന്നു പഠിപ്പിക്കും. ഈ പഠിപ്പ് യുദ്ധം ചെയ്യാനുള്ളതാണ്.

യുദ്ധം ചെയ്യാനുള്ള പഠിപ്പ് എന്താണ്?
ഞാന്‍ എന്തിനുവേണ്ടി ആര്‍ക്കെതിരേ പൊരുതുന്നു എന്നറിഞ്ഞിരിക്കണം. അല്ലെങ്കില്‍ കൂലിക്കൊലയാളിപോലാവില്ലേ. ഞങ്ങളാ വിദ്യാഭ്യസം കൊടുക്കുന്നുണ്ട്. മാവോവാദികളെന്നാല്‍ ആതങ്കവാദികളല്ല, വിപ്ലവകാരികളാണ്.

ഈ വിദ്യാഭ്യാസത്തിന് നിയമസാധുതയില്ലാത്തതിനാല്‍ ഉന്നതപഠനത്തിന് സാദ്ധ്യതയുണ്ടോ?
എന്തിനാണ് ഉന്നതപഠനം. കൃഷി ചെയ്ത് വന ഉത്പന്നങ്ങള്‍ ശേഖരിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കട്ടെ.

ഇതിലൊരു വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമില്ലേ?
അപ്പോളീ ദളത്തില്‍ വ്യക്തികളല്ലേ. ഞങ്ങള്‍ ആര്‍ക്കു വേണ്ടിയാണ് പോരാടുന്നത്?
ആര്‍ക്കുവേണ്ടിയാണ്?
അങ്ങനെയല്ല ബഹന്‍ജീ. കൊടുങ്കാടിനകത്തുപോലും ഞങ്ങളുടെ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ ഡോക്ടര്‍ വരാറുണ്ടോ? ഞങ്ങള്‍ കൃഷി, കോടതി ഒക്കെ നടത്തുന്നു. സര്‍ക്കാരിനു കഴിയുന്നുണ്ടോ? അങ്ങനെയിരിക്കെ വിദ്യാഭ്യാസവും അതുപോലെത്തന്നെ. പക്ഷേ, പുറത്തു പോയി പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അതാവാം, ഒരു തടസ്സവുമില്ല. പക്ഷേ, ഒരിക്കലും പോലീസാവരുത് എന്ന് ഉപദേശിക്കും.

റോഡില്ലാത്ത ഒരിടത്ത് എങ്ങനെയാണ് ഡോക്ടര്‍, നേഴ്‌സ്, ടീച്ചര്‍ ഒക്കെ എത്തുന്നത്?
സര്‍ക്കാരിന്റെ തലതിരിഞ്ഞ വികസനമാണ് എല്ലാത്തിനും കാരണം. ആദ്യംതന്നെ അവര്‍ അതിവിദൂരഗ്രാമങ്ങളിലേക്ക് റോഡു വെട്ടുന്നു. ഉദ്ദേശ്യം വേറൊന്നാണ്. കൊടുങ്കാടിനകത്തെ മനുഷ്യര്‍ക്ക് എന്തിന് റോഡ്. അവിടെ ആവശ്യം വേറെ പലതാണ്. ഇതല്ല വികസനം.

ദളത്തിന്റെ സങ്കല്‍പ്പത്തിലുള്ള വികസനം എന്താണ്?
വിശദമായി പറയാം. ആദ്യം ആദിവാസികള്‍ക്ക് കാട്ടില്‍ പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കുക. വനം സംരക്ഷിക്കാന്‍ അവര്‍ക്കറിയാം. പുറത്തുനിന്ന് വനപാലകര്‍ വേണ്ട. പിന്നീട് കൃഷിക്കുള്ള വിത്ത്, കന്നുകാലികള്‍, ആയുധങ്ങള്‍ നല്‍കുക. കുളങ്ങള്‍, ചാലുകള്‍ നിര്‍മ്മിച്ചുകൊടുക്കുക, വനോത്പന്നങ്ങള്‍ എടുത്തുപയോഗിക്കുവാന്‍ അനുവദിക്കുക. എന്നിട്ട്, എന്റെ ഉത്പന്നങ്ങള്‍ നാട്ടില്‍ കൊണ്ടുചെന്നു വില്‍ക്കാന്‍ ഒരു വഴി വേണമെന്ന് അവന്‍ ആവശ്യപ്പെടുന്നെങ്കില്‍ അപ്പോള്‍ അതു നിര്‍മ്മിക്കുക. 'റോഡ് രോകോ താലാബ് ബനോ' (റോഡു വേണ്ട, കുളം മതി) അല്ലാതെ ആദ്യം വഴിയല്ല വെട്ടേണ്ടത്. അതുകൊണ്ടാണ് ഞങ്ങളത് പൊളിക്കുന്നത്.

അപ്പോള്‍ ഭദ്രണ്ണജീ... ഞങ്ങളൊന്നും നിങ്ങളുടെ ഗ്രാമത്തിലേക്കു വരികയേ വേണ്ട എന്നാണോ?
യാത്ര ചെയ്യുന്നത് നിങ്ങളുടെ സ്വാര്‍ത്ഥതയ്ക്കല്ലേ.

അതെങ്ങനെ പറയാന്‍ കഴിയും? മനുഷ്യന്‍ എന്നും യാത്രകള്‍ ആഗ്രഹിച്ചിരുന്നു. എത്രയെത്ര യാത്രികര്‍ നൂറ്റാണ്ടുകള്‍ക്കു മുന്നേ ലോകം മുഴുവന്‍ ചുറ്റിനടന്നിരുന്നു. യാത്ര ഒരു മനോഭാവമല്ലേ?
നിങ്ങള്‍ക്കു നടന്നുവരാമല്ലോ ബഹന്‍ജീ...
സ്വതന്ത്ര ഇന്ത്യന്‍ പൗരനായ എനിക്ക് അബുജ്മാറിലൂടെ നടക്കാനാവാത്തത് എന്തുകൊണ്ട്?
തടഞ്ഞത് സേനയാണ്.

ദളം അനുവദിക്കുമോ?
നിങ്ങളുടെ ഉദ്ദേശ്യം ശരിയാണെങ്കില്‍.

അതെവിടെയാണ് തെളിയിക്കേണ്ടത്?
ഹ ഹ ഹ... തത്കാലം ബുദ്ധിമുട്ടാണ്.

ദളം ചികിത്സ നല്‍കുന്നെങ്കില്‍, പാലും മരുന്നുമായി ഷക്കീലിന് ബൈക്കുന്തി വരേണ്ടിവരുന്നത് എന്തുകൊണ്ടാണ്?
ഞങ്ങളുടെ ഡോക്ടര്‍മാര്‍ നല്ല സേവനമാണ് നല്‍കുന്നത്. അവരു പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്നു പറഞ്ഞാല്‍ നിങ്ങള്‍ അദ്ഭുതപ്പെടും. ആര്‍ക്കും വലിയ വിദ്യാഭ്യാസമില്ല. ഒരു ടീമിനെ തിരഞ്ഞെടുക്കും. ഒരാള്‍ക്ക് തലവേദന, ഒരാള്‍ക്ക് വയറുവേദന, ഇനിയൊരാള്‍ മലേറിയ, ചുമ, പനി അങ്ങനെ ഭാഗിക്കും. അതത് അസുഖത്തിന്റെ മരുന്നുമാത്രമേ അവരുടെ കൈവശം കൊടുക്കൂ. അല്ലെങ്കില്‍ മാറിപ്പോയാലോ.

എന്തു ചികിത്സയാണിത് ഭദ്രണ്ണജി?
വളരെ ഫലപ്രദമായി നടക്കുന്നുണ്ടല്ലോ.

ആരാണ് അസുഖം തീര്‍ച്ചപ്പെടുത്തുന്നത്?
എന്താണിതു ബഹന്‍ജീ... വയറുവേദന, പനി, ചുമ ഒക്കെ എല്ലാവര്‍ക്കും അറിയില്ലേ.

മറ്റ് അസുഖങ്ങള്‍ക്കോ?
വീഴ്ച, എല്ലുപൊട്ടല്‍, മുറിവ് ഒക്കെ കാട്ടുമരുന്നുകള്‍കൊണ്ടു സുഖമാക്കും. ഹാര്‍ട്ട് അറ്റാക്ക്, പ്രമേഹം ഒന്നും ഞങ്ങള്‍ക്കു വരില്ല, ഹ...ഹ... ഹ... 

താങ്കള്‍ പ്രസ്ഥാനത്തില്‍ ഉന്നതസ്ഥാനത്തെത്തിയ വ്യക്തിയല്ലേ. അതൊന്നു പറയാമോ?
ഞാനാദ്യം പി.ഡബ്‌ള്യു.ജിയില്‍ 'ദള്‍ സദസ്യ'യായി. അതും പാര്‍ട്ട്‌ടൈം ആയിട്ട്. എന്നുവെച്ചാല്‍ സന്ദേശം വരുമ്പോള്‍ പോകണം, ബാക്കിസമയം വീട്ടില്‍. പിന്നീട് 'ജിമ്മേദാര്‍' ആയി. ഓരോരോ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കല്‍. പണം, നെല്ല് ഒക്കെ പിരിക്കലായിരുന്നു എന്റെ പ്രധാനപണി. പിന്നെ ഞാന്‍ 'ലോക്കല്‍ ഗറില്ല സ്‌ക്വാഡി'ല്‍ മെമ്പറായി, ഫുള്‍ടൈം പ്രവര്‍ത്തനം തുടങ്ങി. ഈ സമയത്ത് ഒരുപാട് ഓപ്പറേഷനുകളില്‍ പങ്കെടുത്തു. പിന്നീട് ഡെപ്യൂട്ടി കമാന്‍ഡര്‍ ആയി. വലിയ സ്‌ക്വാഡിനെ നയിക്കലാണ് ജോലി. പിന്നീട് കമാന്‍ഡറായി. തീരുമാനങ്ങള്‍ എടുക്കല്‍, സ്‌ക്വാഡിനെ നയിക്കല്‍, നടപ്പിലാക്കല്‍ എല്ലാം ഏറ്റെടുത്തു. പ്രസ്ഥാനത്തില്‍ രണ്ടാമനായി. ഇതിനു മുകളില്‍ റിജ്യണല്‍ കമാന്‍ഡര്‍ സ്ഥാനമാണ്. ബസ്തറിലെ വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്ത ആദിവാസികളില്‍നിന്ന് ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ പ്രവര്‍ത്തകനാണു ഞാന്‍.

അപ്പോഴായിരുന്നോ പിന്‍മാറ്റം?
ഒരിക്കലും പിന്‍മാറ്റമല്ല, ഒഴിഞ്ഞുനിന്നതാണ്. നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ പുതിയ പുതിയ ഐഡിയകളും സാങ്കേതികവിദ്യകളുമായി വന്നു. പക്ഷേ, എന്നെ മറികടക്കാന്‍ അവര്‍ക്ക് ഇഷ്ടമില്ല. മാത്രമല്ല, ഇക്കാര്യത്തിലൊക്കെ ദളത്തില്‍ അച്ചടക്കം അതികര്‍ശനവുമാണ്. ഞാന്‍ മാറിനിന്നതാണ്. അതൊന്നു സമ്മതിച്ചുകിട്ടാന്‍ ഒരു കൊല്ലമെടുത്തു. ഞാനിപ്പോഴും നൂറു ശതമാനം പ്രവര്‍ത്തകനാണ്.

പിന്നെന്തിനായിരുന്നു കീഴടങ്ങല്‍? സറണ്ടര്‍ ആവാതെത്തന്നെ കാട്ടില്‍ പ്രവര്‍ത്തനങ്ങളെ വീക്ഷിച്ചുകൊണ്ട് നില്‍ക്കാന്‍ കഴിയില്ലേ?
അത് പാര്‍ട്ടി തീരുമാനമാണ്. ഇരുപത്തിയഞ്ചു നീണ്ട വര്‍ഷങ്ങള്‍ ഞാന്‍ പണിയെടുത്തു. ഇനി പുറത്ത് ചിലതു ചെയ്യാനുണ്ട്. കീഴടങ്ങാതെ പുറത്തു ജീവിക്കാന്‍ കഴിയില്ല. അതിനായി ഞാന്‍ സറണ്ടറായി. ജയില്‍ശിക്ഷ കഴിഞ്ഞ് പിന്നീട് പുറത്തുവന്നു. എല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. പുതിയ രക്തം ഉയര്‍ന്നുവരാന്‍ പഴയ ആളുകള്‍ മാറണം.

ഇപ്പോള്‍ താങ്കള്‍ ജഗദല്‍പുരില്‍ തനിച്ച് ജീവിക്കുകയാണോ?
അല്ല. എന്നോടൊപ്പം സറണ്ടറായ വനിതാപ്രവര്‍ത്തകയെ വിവാഹം ചെയ്തു. സര്‍ക്കാര്‍ അവര്‍ക്കു പോലീസില്‍ ജോലി നല്‍കി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഒരു മകളുണ്ട്.

എങ്ങനെയാണ് ഇത്രയും വര്‍ഷം സര്‍ക്കാരിനും പോലീസിനും എതിരേ പോരാടിയ താങ്കള്‍..?
ജോലി ഞങ്ങള്‍ ചോദിച്ചില്ല, സ്റ്റേറ്റ് തന്നതാണ്. എന്തിനു തന്നു, അതും പോലീസില്‍ത്തന്നെ എന്നത് അവര്‍ ചിന്തിക്കേണ്ട വിഷയമാണ്.

ഭദ്രണ്ണജിയുടെ ഇപ്പോഴത്തെ ദൗത്യം എന്താണ്?
കാട്ടില്‍ മാത്രമല്ല വിപ്ലവം ആഗ്രഹിക്കുന്നവര്‍, അതിലുമെത്രയോ അധികംപേര്‍ പുറത്തുണ്ട്. അവരെ സംഘടിപ്പിക്കുക. സായുധവിപ്ലവത്തിലുപരി വിദ്യാസമ്പന്നരുടെ ഇടയില്‍ അനുഭാവികളെ വളര്‍ത്തിയെടുക്കുക എന്നതു വലിയ കാര്യമാണ്. ഞാന്‍ നിയമവിരുദ്ധമായി ആയുധം കൈയില്‍ വെക്കുന്നില്ല, ഓപ്പറേഷനുകള്‍ പ്ലാന്‍ ചെയ്യുന്നില്ല. എന്നെ അറസ്റ്റു ചെയ്യാനാവില്ല. ഇത് രാഷ്ട്രീയപ്രവര്‍ത്തനമാണ്. സമാനചിന്താഗതിക്കാരെ ഒന്നിപ്പിക്കുക, അണിനിരത്തുക.

Content Highlights: Aamcho bastar, Nandini Menon, Book excerpt, Mathrubhumi books