'അമ്മയെ കുറിച്ചുള്ള അവസാന ഓർമ, മോഷ്ടിച്ച സ്കൂട്ടർ തിരിച്ചുനൽകണം'; ബാനറിൽ വൈകാരിക കുറിപ്പുമായി യുവാവ്

സ്വന്തം വാഹനവുമായി പലർക്കും വൈകാരിക ബന്ധമാണുള്ളത്. പല കാരണങ്ങളാകാം അതിനുപിന്നിൽ. വാഹനത്തിന് ഒരു പോറൽ പറ്റിയാൽ പോലും അത് വേദനിപ്പിക്കുന്നതാണ്. ഇങ്ങനെ കാത്തുസൂക്ഷിച്ച വാഹനം മോഷണം പോയാലോ? അത്തരമൊരു സംഭവമാണ് പുണെയിൽനിന്ന് റിപ്പോർട്ടുചെയ്യുന്നത്. ഏറെ ആത്മബന്ധമുണ്ടായിരുന്ന സ്കൂട്ടർ മോഷണം പോയതിനുശേഷം അത് തിരികെ കിട്ടാനായി ഒരു യുവാവ് നടത്തുന്ന വ്യത്യസ്ത ശ്രമത്തെ കുറിച്ചുള്ള വാർത്തയാണ് സാമൂഹിക മാധ്യമങ്ങളിലടക്കം നിറയുന്നത്. മോഷ്ടിച്ച സ്കൂട്ടർ തിരികെ തരണമെന്ന് അഭ്യർഥിച്ചുകൊണ്ട് അഭയ് ചൗഗില എന്ന 31-കാരനാണ് പുണെ നഗരത്തിലെ വിവിധയിടങ്ങളിൽ ബാനറുമേന്തി നിൽക്കുന്നത്.
ഒക്ടോബർ 12-ന് ദസറ ദിനത്തിൽ തന്റെ സുഹൃത്തിന്റെ വീടിനു സമീപത്തുവെച്ചാണ് വിഷ്വൽ ആട്സ് അധ്യാപകനായ അഭയിയുടെ ഹോണ്ട ആക്ടീവ സ്കൂട്ടർ മോഷണം പോയത്. അന്നുമുതൽ വിവിധ സ്ഥലങ്ങളിൽ ബാനറുമായി ഇദ്ദേഹമുണ്ട്.
'എന്റെ സ്കൂട്ടർ മോഷ്ടിച്ചവരോടുള്ള ഒരു എളിയ അപേക്ഷയാണിത്. ഞാൻ 12-ാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ ഒരുപാട് കഷ്ടപ്പെട്ട് വാങ്ങിത്തന്നതാണ് ആ സ്കൂട്ടർ.
അമ്മയെ കുറിച്ചുള്ള അവസാന ഓർമാണത്. ദയവായി സ്കൂട്ടർ തിരികെ തരിക', മറാത്തി ഭാഷയിലുള്ള ബാനറിൽ പറയുന്നു. സ്കൂട്ടറിന്റെ നമ്പറും നിറവും ചൗഗിലയുടെ ഫോൺ നമ്പറും ബാനറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
'മൂന്ന് മാസം മുൻപാണ് ക്യാൻസർ ബാധിച്ച് എന്റെ അമ്മ മരിച്ചത്. തയ്യൽ ജോലിയായിരുന്നു അവർക്ക്. അമ്മ മൺകുടുക്കയിൽ ശേഖരിച്ച പണം കൊണ്ട് 14 വർഷം മുൻപാണ് ആക്ടീവ സ്കൂട്ടർ വാങ്ങിയത്. അന്ന് 44000 രൂപയായിരുന്നു അതിന്റെ വില. കുടുംബത്തിലെ ആദ്യ സ്കൂട്ടറായിരുന്നു ഇത്. സ്കൂട്ടറിനോട് അത്രമാത്രം വൈകാരിക ബന്ധമുണ്ട്.
സ്കൂട്ടറിനെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നാണ് പോലീസ് അറിയിച്ചത്. എന്നാൽ താനും എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് തോന്നി. കോവിഡ് കാലത്ത് അച്ഛന്റെ മരണശേഷമാണ് എഴുത്ത് ആരംഭിച്ചത്. സങ്കടങ്ങൾ ഇല്ലാതാക്കാൻ എഴുത്ത് എന്നെ സഹായിച്ചു.
ബാനർ പിടിച്ചുനിൽക്കുന്നത് കണ്ട് മോഷ്ടാവ് സ്കൂട്ടർ തിരികെ തരുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ പലരും ചോദിച്ചത്. സ്കൂട്ടർ കണ്ടെന്ന് പറഞ്ഞ് ചില തട്ടിപ്പുകാർ 5000 രൂപ വരെ ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നു. പക്ഷെ സഹായിക്കാൻ മനസ്സുള്ള നല്ലവരായ മനുഷ്യരുമുണ്ട്', അഭയ് ചൗഗില ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
Content Highlights: youth appeals to thief to return his scooter