ആരാണ് നല്ല ഡ്രൈവർ, സ്ത്രീകളോ പുരുഷൻമാരോ? കണക്കുകൾ നിരത്തി മറുപടി നൽകി മോട്ടോർ വാഹന വകുപ്പ്

ഡ്രൈവിങ് എന്നാൽ പുരുഷൻമാരുടെ മേഖലയാണെന്നായിരുന്നു സങ്കൽപ്പം. എന്നാൽ, ഇത് കേവലം സങ്കൽപ്പം മാത്രമാണെന്ന് സ്ത്രീസമൂഹം തന്നെ തെളിയിച്ചിട്ടുണ്ട്. ഞങ്ങൾക്ക് മാത്രം നിയന്ത്രിക്കാൻ സാധിക്കൂവെന്ന് പുരുഷൻമാർ മേനി പറഞ്ഞിരുന്ന എല്ലാ വാഹനങ്ങളും ഇന്ന് സ്ത്രീകളും ഓടിക്കുന്നുണ്ട്. ഇതിനുശേഷം ഉയർന്ന പ്രധാന വാദമാണ് മികച്ച ഡ്രൈവർമാർ പുരുഷൻമാരാണെന്നത്. ഈ വാദത്തിന്റെ മുനയും ഒടിച്ചിരിക്കുകയാണ് അഹമ്മദാബാദ് മോട്ടോർ വാഹന വകുപ്പ്.
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളിൽ പുരുഷൻമാരെക്കാൾ ഭേദപ്പെട്ട പ്രകടനം നടത്തുന്നത് സ്ത്രീകളാണെന്നാണ് അഹമ്മദാബാദ് റീജിണൽ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി നടന്ന ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളുടെയും സർവേകളുടെയും അടിസ്ഥാനത്തിലാണ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഈ വിലയിരുത്തലിലേക്ക് എത്തിയിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലെ സുഭാഷ് ബ്രിഡ്ജ് ആർടിഒ ഡാറ്റയിലെ വിവരങ്ങൾ അനുസരിച്ച് ആദ്യശ്രമത്തിൽ തന്നെ ഡ്രൈവിങ് ടെസ്റ്റുകളിൽ പാസാകുന്നവരുടെ എണ്ണത്തിൽ സ്ത്രീകളാണ് മുന്നിൽ. അതായത് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിലെ ആദ്യ ശ്രമത്തിൽ തന്നെ വിജയിക്കുന്ന സ്ത്രീകൾ 54 ശതമാനമാണ്. അതേസമയം, 53 ശതമാനം പുരുഷൻമാർ മാത്രമാണ് ആദ്യശ്രമത്തിൽ ഡ്രൈവിങ് ടെസ്റ്റുകളിൽ കടന്നുകൂടുന്നതെന്നാണ് റിപ്പോർട്ട്.
മറ്റ് ലൈസൻസ് ടെസ്റ്റുകളെക്കാൾ സങ്കീർണമാണെന്ന് പൊതുവെ അഭിപ്രായപ്പെടുന്ന കാർ ലൈസൻസ് ടെസ്റ്റുകളിൽ വിജയിക്കുന്നവരുടെ എണ്ണത്തിലും സ്ത്രീകൾ തന്നെയാണ് മുന്നിൽ. 2023-24 സാമ്പത്തിക വർഷത്തിലെ കണക്ക് അനുസരിച്ച് ഫോർ വീലർ ലൈസൻസ് നേടിയതിൽ പുരുഷൻമാരെക്കാൾ 11 ശതമാനം അധികമാണ് സ്ത്രീകൾ. ഡ്രൈവിങ്ങിൽ സ്ത്രീകളുടെ ആത്മവിശ്വാസം ഉയരുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തലുകൾ.
എന്നാൽ, ഇരുചക്ര വാഹനങ്ങളുടെ ലൈസൻസ് ടെസ്റ്റിലേക്ക് വരുമ്പോൾ പുരുഷൻമാർക്കാണ് മേൽകൈ. ടൂ വീലർ ലൈസൻസ് ടെസ്റ്റിൽ 84 ശതമാനം പുരുഷന്മാരും ആദ്യ ശ്രമത്തിൽ തന്നെ വിജയിക്കുമ്പോൾ 77 ശതമാനം സ്ത്രീകൾ മാത്രമാണ് ആദ്യ ശ്രമത്തിൽ കടന്നുകൂടുന്നത്. ഏഴ് ശതമാനത്തിന്റെ വ്യത്യാസം നിലനിൽക്കുമ്പോഴും 77 ശതമാനം വിജയമെന്നത് വലിയ നേട്ടമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Content Highlights: Women show higher success rates in first-attempt driving license tests as of 2026., Data indicates a 54% pass rate for women compared to 53% for men in general tests., Women lead in four-wheeler license acquisition with an 11% increase over men., Men maintain a lead in two-wheeler license test success rates., The findings challenge long-standing stereotypes regarding gender and driving proficiency.