സീറ്റ് ബെൽറ്റിടൂ, മരണനിരക്ക് പാതിയാക്കും; ഓർമ്മപ്പെടുത്തലായി ഷൈൻ ടോം ചാക്കോയുടെ അപകടം

തിരുവനന്തപുരം: കാറപകടങ്ങളിൽ 45 ശതമാനം മരണവും 60 ശതമാനം ഗുരുതരപരിക്കും സീറ്റ് ബെൽറ്റ് ഉപയോഗത്തിലൂടെ ഒഴിവാക്കാനാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ അപകടവിശകലന റിപ്പോർട്ട്. വാഹനത്തിനുള്ളിൽ തെറിച്ചുവീണ് തല, കഴുത്ത്, വാരിയെല്ല് തുടങ്ങിയവയ്ക്കുണ്ടാകുന്ന ഗുരുതരപരിക്കുകളാണ് ജീവനെടുക്കുന്നത്.
പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെങ്കിലും, പിഴ പേടിച്ച് മുൻസീറ്റ് യാത്രികരും ഡ്രൈവറുംമാത്രമാണ് ഉപയോഗിക്കുന്നത്. നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ ജീവൻ നഷ്ടമായതുപോലെയുള്ള അപകടങ്ങൾ സംസ്ഥാനത്തും വർധിച്ചുവരുകയാണെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നു.
അപകടത്തിന്റെ ആഘാതം കുറയ്ക്കുന്ന നിർമിതിയാണ് (ക്രമ്പിൾ സോൺ) പുത്തൻതലമുറ വാഹനങ്ങൾക്കുള്ളത്. എയർബാഗ് ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങൾ ഫലപ്രദമാകണമെങ്കിൽ യാത്രക്കാർ സീറ്റിൽത്തന്നെയുണ്ടാകണം. ആഘാതം ഉള്ളിലേക്കെത്തുന്നത് തടയാൻ കഴിയുന്ന ചട്ടക്കൂടാണ് (ഷെൽ) മിക്ക വാഹനങ്ങൾക്കുമുള്ളത്.
മുന്നിലും വശങ്ങളിലും സീറ്റിലുമൊക്കെയായി വിടരുന്ന എയർബാഗുകൾ യാത്രക്കാരെ പരിക്കേൽക്കാതെ പൊതിയും. സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ യാത്രക്കാർ എടുത്തെറിയപ്പെടുന്നത് മുൻസീറ്റിലേക്കോ മേൽഭാഗത്തേക്കോ ആയിരിക്കും. വാഹനം നിശ്ചലമാകുന്നതുവരെ ഒന്നിലധികംതവണ ശരീരം വാഹനത്തിനുള്ളിൽ തലങ്ങും വിലങ്ങും എടുത്തെറിയപ്പെടും. ചില്ല് തകർന്ന് പുറത്തേക്കു തെറിക്കാനും സാധ്യതയുണ്ട്.
സീറ്റ് ബെൽറ്റ് രക്ഷിച്ച പ്രമുഖർ
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ ചീഫ് സെക്രട്ടറി വി. വേണു എന്നിവർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടത് സീറ്റ് ബെൽറ്റ് ധരിച്ചതുകൊണ്ടുമാത്രമാണ്. ഇരുവരും പിൻസീറ്റിലായിരുന്നു.
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ജീവൻ നഷ്ടമായതും കാറപകടത്തിലാണ്. അദ്ദേഹം പിൻസീറ്റിൽ ഉറക്കത്തിലായിരുന്നു. പലതവണ ശരീരം എടുത്തെറിയപ്പെട്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സീറ്റ് ബെൽറ്റിൽ തെറിച്ച കമ്മിഷണർ
പിൻസീറ്റ് യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ നിർദേശിച്ചതിനുപിന്നാലെ ട്രാൻസ്പോർട്ട് കമ്മിഷണറെ മാറ്റിയ ചരിത്രവും സംസ്ഥാനത്തുണ്ട്. യുഡിഎഫ് ഭരണകാലത്ത് ഋഷിരാജ് സിങ്ങിനാണ് കസേര നഷ്ടമായത്. പിഴ ചുമത്തേണ്ടതില്ലെന്നും യാത്രക്കാരെ ഉപദേശിക്കാനുമായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.
കാർ അപകടമരണം
വർഷം, മരണം, പരിക്ക്
2020, 614, 6290
2021, 710, 7969
2022, 974, 10282
2023, 885, 11391
Content Highlights: Wearing seat belts can half the death rate