വാഹനരംഗത്തെ വമ്പൻ കൂട്ടപ്പിരിച്ചുവിടൽ; 1 ലക്ഷംപേർക്ക് ജോലിപോകും, സ്ഥിരീകരിച്ച് ഫോക്‌സ്‌വാഗൺ

ആഗോള ഓട്ടോമൊബൈൽ വ്യവസായത്തിലെ എക്കാലത്തെയും ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലിന് കളമൊരുങ്ങുന്നു. 100,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ മാനേജ്മെന്റും യൂണിയനുകളും തമ്മിൽ ധാരണയായെതായി ജർമ്മൻ കാർ ഭീമനായ ഫോക്‌സ്‌വാഗൺ വ്യാഴാഴ്ച പ്രഖ്യാപിച്ചതോടെയാണിത്. നേരത്തെ തീരുമാനിച്ചിരുന്ന വെട്ടിക്കുറയ്ക്കലിന് പുറമെ (50,000 തൊഴിലവസരങ്ങൾ) അധികമായി 50,000 തൊഴിലവസരങ്ങൾ കൂടി വെട്ടിക്കുറയ്ക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയതായി കമ്പനി വ്യക്തമാക്കി.
അമേരിക്കൻ ഇറക്കുമതി തീരുവകളും, ചൈനയിൽ നിന്നുള്ള കടുത്ത മത്സരവും അടക്കമുള്ളവ യൂറോപ്പിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിലാണ് കടുത്ത നടപടി. കമ്പനിയുടെ ലോകമെമ്പാടുമുള്ള ജീവനക്കാരുടെ ഏകദേശം 15 ശതമാനത്തോളം പേരെ പുനഃസംഘടന ബാധിക്കും. ജീവനക്കാരുടെ എണ്ണം കമ്പനി നേരിടുന്ന സാമ്പത്തിക യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടേണ്ടത് അത്യാവശ്യമാണെന്ന് ഫോക്‌സ്‌വാഗൺ, ഔഡി, പോർഷെ തുടങ്ങിയവ അടക്കം 10 ബ്രാൻഡുകൾ ഉൾപ്പെട്ട ഗ്രൂപ്പ് വ്യക്തമാക്കുന്നു.
ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 100,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ജർമനിയിലെ നാല് പ്ലാന്റുകൾ അടച്ചുപൂട്ടും. ഹാനോവർ, എംഡൻ, ഷ്വിക്കാവു, നെക്കാർസും എന്നിവിടങ്ങളിലെ പ്ലാന്റുകളുടെ ദീർഘകാല ഭാവി ഉറപ്പക്കാൻ കഴിയില്ലെന്ന് മാനേജ്മെന്റും യൂണിയനുകളും സമ്മതിച്ചതായി ഫോക്‌സ്‌വാഗൺ കൂട്ടിച്ചേർത്തു. ഈ പ്ലാന്റുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള സാധ്യതകളും ആലോചിച്ചു വരികയാണെന്ന് കമ്പനി വ്യക്തമാക്കി. ഫോക്‌സ്‌വാഗൺ സ്വന്തം രാജ്യത്ത് ഫാക്ടറികൾ പൂർണ്ണ തോതിൽ അടച്ചുപൂട്ടുന്ന ആദ്യത്തെ സംഭവമായിരിക്കും ഇത്.
അതിനിടെ കരാറിൽ ഒപ്പിടുന്നതിന് മുൻപ് യൂണിയനുകളും മാനേജ്മേന്റും തമ്മിൽ പരസ്യമായ ഏറ്റുമുട്ടിലുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഒരു ലക്ഷം തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന വിവരം തങ്ങൾ അറിയുന്നതിന് മുമ്പ് മാധ്യമങ്ങളിൽ വന്നതാണ് തൊഴിലാളി യൂണിയനുകളെ ചൊടിപ്പിച്ചത്. കമ്പനി മേധാവികൾ തൊഴിലാളികളോട് സത്യസന്ധത പുലർത്തിയില്ലെന്ന് യൂണിയനുകൾ ആരോപിച്ചു.
Content Highlights: Volkswagen is cutting a total of 100,000 jobs globally, impacting about 15% of its workforce., Four manufacturing plants in Germany are slated for closure, a historic first for the brand., The crisis is driven by US import tariffs, declining sales, and fierce competition from China., Unions and management clashed over the announcement leak prior to formal agreement.