വമ്പ് കാട്ടാൻ VF6, VF7; ഇലക്ട്രിക് SUV-കള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് വിന്‍ഫാസ്റ്റ്

ഇലക്ട്രിക് വാഹനങ്ങളായ VF6, VF7 എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന (ഇവി) നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ്. ഈ വര്‍ഷം ആദ്യം നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ അവതരിപ്പിച്ച രണ്ട് എസ്യുവികളാണ് ഇവ.
തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള കമ്പനിയുടെ പുതിയ പ്ലാന്റിലാണ് വിന്‍ഫാസ്റ്റ് VF6, VF7 എന്നിവ പ്രാദേശികമായി നിര്‍മിക്കുന്നത്. VF 6-ന് 16. 49 ലക്ഷം രൂപയും VF7 -ന് 20.89 ലക്ഷവുമാണ് വില. ഇതില്‍ VF7 ആണ് പ്രൊഡക്ഷന്‍ ലൈനില്‍ നിന്ന് പുറത്തിറങ്ങുന്ന ആദ്യ മോഡല്‍.
മഹീന്ദ്ര XEV 9e, ടാറ്റ ഹാരിയര്‍ ഇവി തുടങ്ങിയ മോഡലുകളുമായാകും VF7 മത്സരിക്കുക. ടാറ്റയുടെ മോഡലിന് സമാനമായി, ടു-വീല്‍-ഡ്രൈവ്, ഓള്-വീല്‍-ഡ്രൈവ് പതിപ്പുകളില്‍ ഇത് വില്ക്കപ്പെടും. രണ്ട് വേരിയന്റുകളിലും 70.8 kWh ബാറ്ററിയാണ് ഉണ്ടാവുക. വിന്‍ഫാസ്റ്റ് VF6 രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്- 174 എച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമുള്ള ഇക്കോ ട്രിം, 201 എച്ച്പി പവറും 310 എന്‍എം ടോര്‍ക്കുമുള്ള പ്ലസ് ട്രിം.
രണ്ട് വേരിയന്റുകളിലും 59.6 kWh ബാറ്ററി പാക്ക് ആണ് ഉപയോഗിക്കുന്നത്. ഇക്കോയ്ക്ക് 399 കിലോമീറ്ററും പ്ലസ് ട്രിമ്മിന് 381 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്.
രണ്ട് കാറുകളുടെയും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈനായോ വിന്‍ഫാസ്റ്റ് ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചോ ഇവികള്‍ ബുക്ക് ചെയ്യാം. രാജ്യത്തെ 27 നഗരങ്ങളിലായി 32 ഡീലര്‍ഷിപ്പുകള്‍ സ്ഥാപിക്കുന്നതിനായി 13 ഡീലര്‍ ഗ്രൂപ്പുകളുമായി കരാറുകളില്‍ ഏര്‍പ്പെട്ടതായി വിന്‍ഫാസ്റ്റ് അറിയിച്ചു.
2025 അവസാനത്തോടെ ഈ ശൃംഖല 35 ഡീലര്‍ഷിപ്പുകളായി വികസിപ്പിക്കാനും ഇന്ത്യന്‍ ഇവി വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനും കമ്പനി ലക്ഷ്യമിടുന്നു. പ്രമുഖ മെട്രോ നഗരങ്ങളിലും അതിവേഗം വളരുന്ന ഇവി ഹബ്ബുകളിലുമായി ഡീലര്‍ഷിപ്പുകളുടെ ആദ്യഘട്ടം ആരംഭിക്കാനാണ് വിന്‍ഫാസ്റ്റ് പദ്ധതിയിടുന്നത്.
ഡല്‍ഹി, ഗുരുഗ്രാം, നോയിഡ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പുണെ, ജയ്പുർ, അഹമ്മദാബാദ്, കൊല്‍ക്കത്ത, കൊച്ചി, ഭുവനേശ്വര്‍, തിരുവനന്തപുരം, ചണ്ഡീഗഡ്, ലഖ്നൗ, കോയമ്പത്തൂര്‍, സൂറത്ത്, കോഴിക്കോട്, വിശാഖപട്ടണം, വിജയവാഡ, ഷിംല, ആഗ്ര, ഝാന്‍സി, ഗ്വാളിയോര്‍, വാപി, വഡോദര, ഗോവ തുടങ്ങിയ നഗരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
Content Highlights: Vietnamese EV maker VinFast launches VF6 & VF7 SUVs in India.