പുതിയതിന് മാത്രമല്ല, പഴയ വാഹനങ്ങളും ഇനി ബി.എച്ച്. സീരീസിലേക്ക് മാറാം; നിര്‍ദേശവുമായി കേന്ദ്രം

കേന്ദ്ര സര്‍ക്കാര്‍ വാഹന രജിസ്‌ട്രേഷനായി ഏര്‍പ്പെടുത്തിയ ഭാരത് സീരീസ് (ബി.എച്ച്. രജിസ്‌ട്രേഷന്‍) കൂടുതല്‍ ഉദാരമാക്കുന്നു. നിലവില്‍ പുതിയ വാഹനങ്ങള്‍ക്ക് മാത്രമാണ് ബി.എച്ച്. രജിസ്‌ട്രേഷന്‍ നല്‍കുന്നതെങ്കില്‍ ഇനി മുതല്‍ പഴയ വാഹനങ്ങള്‍ക്കും ബി.എച്ച്. സീരീസിലേക്ക് മാറാനുള്ള സംവിധാനം ഒരുക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചു. ഡിസംബര്‍ 14-ാം തീയതിയാണ് ഇത് സംബന്ധിച്ച് നിര്‍ദേശം പുറപ്പെടുവിച്ചത്.
പുതുതായി രജിസ്‌ട്രേഷന് എത്തുന്ന വാഹനങ്ങള്‍ മാത്രം ബി.എച്ച്. രജിസ്‌ട്രേഷന്‍ നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തിയാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ക്കും ബി.എച്ച്. രജിസ്‌ട്രേഷനിലേക്ക് മാറാന്‍ അനുമതി നല്‍കുന്നത്. ഇതിനുപുറമെ, ബി.എച്ച്. സീരീസ് വാഹനങ്ങളുടെ ഉടമസ്ഥാവകാശം വ്യക്തികള്‍ക്ക് കൈമാറ്റം ചെയ്യാനും സാധിക്കുമെന്നാണ് പുതുതായി ഇറക്കിയ നിര്‍ദേശത്തില്‍ പറയുന്നത്.
വാഹനത്തില്‍ ബി.എച്ച്. രജിസ്‌ട്രേഷന്‍ നല്‍കാന്‍ ഉദേശിക്കുന്നവര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്തിന്റെയോ താമസ സ്ഥലത്തിന്റെയോ മേല്‍വിലാസത്തില്‍ അപേക്ഷിക്കാന്‍ കഴിയും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് വര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍വീസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചും പുതിയ വാഹനങ്ങള്‍ക്കും പഴയ വാഹനങ്ങള്‍ക്കും ബി.എച്ച്. രജിസ്‌ട്രേഷന്‍ നേടാം.
കേന്ദ്രസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സൈനികര്‍, അഞ്ചു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ തുടങ്ങി ബി.എച്ച്. രജിസ്‌ട്രേഷന് അര്‍ഹതയുള്ളവര്‍ക്കെല്ലാം സൗകര്യം ഉപയോഗിക്കാം. ഒന്നിലധികം സംസ്ഥാനങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്നവര്‍ക്ക് വ്യത്യസ്ത രജിസ്‌ട്രേഷന്‍ കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ബി.എച്ച്. രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയത്. 15 സംസ്ഥാനങ്ങളില്‍ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്.
ബി.എച്ച്. രജിസ്‌ട്രേഷന്‍ നടപ്പാക്കിയെങ്കിലും വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള വ്യവസ്ഥയില്ലായിരുന്നു. അര്‍ഹതയുള്ളവര്‍ വാങ്ങിയാല്‍മാത്രമേ ബി.എച്ച്. രജിസ്‌ട്രേഷന്‍ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. ജീവനക്കാര്‍ നല്‍കേണ്ട സാക്ഷ്യപത്രത്തിന്റെ (ഫോം60) മാതൃകയും കരട് വിജ്ഞാപനത്തിലുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ക്ക് പുതിയ നിര്‍ദേശം പ്രയോജനകരമാണ്.
Content Highlights: Vehicles currently having regular registration mark can also be converted to BH series registration