വാഹനങ്ങളുടെ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസുകൾ നിർമിക്കുന്നവർക്കും വിൽപനക്കാർക്കും ഇളവ്

#Auto Desk
Photo: AI Generated
Photo: AI Generated

ഒറ്റപ്പാലം: ജിപിഎസ് ഉപയോഗിച്ച് വാഹനങ്ങളുടെ സ്ഥാനനിർണയം നടത്തുന്നതിനുള്ള വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസുകൾ (വിഎൽടിഡി) നിർമിക്കുന്ന സംരംഭകർക്ക് ഗതാഗതവകുപ്പ് ഇളവുനൽകി. ഉയർന്ന ബാങ്ക് നിക്ഷേപം വേണമെന്ന നിബന്ധനമൂലം സംരംഭത്തിൽനിന്ന് പിന്തിരിയുന്ന പ്രശ്‌നം പരിഹരിക്കാനാണ് നിക്ഷേപത്തുക പകുതിയാക്കിയത്. ഇതുസംബന്ധിച്ച്‌ ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ശുപാർശ സർക്കാർ അംഗീകരിച്ചു.

ഇതുവരെ വിഎൽടിഡി ഉപകരണമുണ്ടാക്കുന്നവർക്ക് അനുമതിക്കായി 50 ലക്ഷം രൂപയാണ് ബാങ്ക് നിക്ഷേപമായി വേണ്ടിയിരുന്നത്. ഉപകരണത്തിന്റെ ഡീലർഷിപ്പിന് ബാങ്ക് നിക്ഷേപം ഏഴുലക്ഷം രൂപയും ആവശ്യമായിരുന്നു.

തുക കൂടുതലാണെന്ന് കാണിച്ച് നിർമാതാക്കൾ സർക്കാരിനെ സമീപിച്ചിരുന്നു. ഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡംകൂടി പരിഗണിച്ചാണ് നിർമാതാക്കൾക്ക് ബാങ്ക് നിക്ഷേപം 25 ലക്ഷവും ഡീലർമാർക്ക് നാലുലക്ഷവുമാക്കി കുറച്ചത്.

വിഎൽടിഡിയിൽ സുരക്ഷാമുന്നറിയിപ്പ് ശബ്ദസന്ദേശമായി നൽകുന്ന സംവിധാനവും മുമ്പ് നിർബന്ധമാക്കിയിരുന്നു. ഇത് നിർബന്ധമില്ലെന്ന വ്യവസ്ഥയും ഗതാഗതവകുപ്പ് നടപ്പാക്കിയിട്ടുണ്ട്. എല്ലാ ഉപകരണത്തിനും ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് 140 പ്രകാരമുള്ള ഗുണമേന്മയുണ്ടാകണം.

അല്ലാത്ത സ്ഥാപനങ്ങളുടെ അനുമതി റദ്ദാക്കുകയോ കരിമ്പട്ടികയിൽപ്പെടുത്തുകയോ ചെയ്യുമെന്നും ഗതാഗതവകുപ്പ് അധികൃതർ പറയുന്നു. വാഹനങ്ങളെ ട്രാക്ക് ചെയ്യാനും അപകടത്തിൽപ്പെടുമ്പോൾ കൺട്രോൾ റൂമിൽ വിവരംനൽകി വേഗം രക്ഷാപ്രവർത്തന നടപടികൾ സ്വീകരിക്കാനും ലക്ഷ്യമിട്ടാണ് വിഎൽടിഡി ഉപകരണം സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്.

Content Highlights: Government reduces bank investment for GPS vehicle tracking device manufacturers and sellers. Easier entry for startups. Learn more!