'പറഞ്ഞതൊക്കെ നടത്താനല്ലേ ഞങ്ങൾ വന്നത്'; വാഹന മോഡിഫിക്കേഷനെ കുറിച്ച് വി.ഡി. സതീശൻ | വീഡിയോ

#Auto Desk
വി.ഡി. സതീശൻ
വി.ഡി. സതീശൻ

'പിള്ളേര് മോഡിഫൈ ചെയ്യട്ടെ...' നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച വി.ഡി. സതീശന്റെ റീലിന് നൽകിയ ക്യാപ്ഷൻ ഇതായിരുന്നു. അപകടകരമല്ലാത്ത മോഡിഫിക്കേഷനുകൾ അനുവദിക്കും എന്നത് യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. ഇക്കാര്യമാണ് വി.ഡി. സതീശൻ റീലിൽ പറഞ്ഞത്.

'പ്രകടനപത്രികയിൽ ഞങ്ങൾ അത് പറഞ്ഞിട്ടുണ്ട്. അപകടകരമല്ലാത്ത രീതിയിൽ വണ്ടിയിൽ നടത്തുന്ന മോഡിഫിക്കേഷനുകൾ തെറ്റല്ല. അപകടകരമായ രീതിയിൽ വെക്കുമ്പോൾ മാത്രമാണ് അത് തെറ്റാകുന്നത്. അത് സമ്മതിക്കില്ല. അല്ലാതെയുള്ള മോഡിഫിക്കേഷൻസ് നടത്തട്ടെ. ചെറുപ്പക്കാർക്കൊക്കെ അത് വലിയ ആഗ്രഹമല്ലേ. അവരത് ഭംഗിയായി കൊണ്ടുനടക്കുന്നതല്ലേ. അത് കൊണ്ടുനടക്കട്ടെ, അതിലെന്താ തെറ്റ്?' -ഇതാണ് വി.ഡി. സതീശൻ അന്ന് റീലിൽ പറഞ്ഞത്.

'പ്രളയസമയത്ത് അവരുടെ ഭാഗത്തുനിന്ന് വലിയ പിന്തുണ ഉണ്ടായിട്ടുണ്ട്. അവരെല്ലാം വണ്ടിയുമായി വന്നു. പിന്നീട് അവരെ പിറകെ നടന്ന് ഉപദ്രവിക്കുന്ന രീതിയിലേക്ക് അത് മാറി. അതുകൊണ്ടാണ് യുഡിഎഫ് അത് ഗൗരവമായി ആലോചിച്ചത്.' -അദ്ദേഹം റീലിൽ തുടർന്നു. പോസ്റ്റ് ചെയ്ത് 24 മണിക്കൂർ തികയും മുമ്പ് 50 ലക്ഷം പേരാണ് റീൽ കണ്ടത്. അന്ന് പ്രതിപക്ഷനേതാവായിരുന്ന സതീശന്റെ വാക്കുകളെ സ്വാഗതം ചെയ്തുകൊണ്ട് നിരവധി പേരാണ് റീലിന് താഴെ കമന്റുകളിട്ടത്.

ഇപ്പോഴിതാ, മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ച ശേഷവും വാഗ്ദാനം പാലിക്കുമെന്ന് പറയുകയാണ് വി.ഡി. സതീശൻ. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മന്ത്രിമാരെ പ്രഖ്യാപിക്കാൻ കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒട്ടേറെ രാഷ്ട്രീയചോദ്യങ്ങൾക്കിടെ അപ്രതീക്ഷിതമായാണ് മോഡിഫിക്കേഷനെ കുറിച്ച് ചോദ്യമുയർന്നത്. കുസൃതിച്ചിരിയോടെയായിരുന്നു വി.ഡി. സതീശന്റെ മറുപടി.

പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടക്കുമെന്നും പറഞ്ഞതൊക്കെ നടത്താനാണ് തങ്ങളെല്ലാവരും വന്നിരിക്കുന്നതെന്നുമാണ് സതീശൻ പറഞ്ഞത്. 'ജനാഭിലാഷങ്ങളെ, ചെറുപ്പക്കാരുടെ ആഗ്രഹങ്ങളെ എല്ലാം യാഥാർഥ്യമാക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്. അല്ലാതെ വെറുതേ വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതാണോ?' -സതീശൻ പറഞ്ഞു.

Content Highlights: Kerala's designated Chief Minister VD Satheesan reassured the youth that his government would fulfill the United Democratic Front (UDF) manifesto promise to permit safe, non-hazardous vehicle modifications. He emphasized that they are here to turn public wishes and young people's aspirations into reality, rather than just using promises to garner votes.