വണ്ടി തട്ടിപ്പ് വ്യാപകം; പഴയ വാഹനങ്ങൾ അംഗീകൃത ഡീലർമാരിൽനിന്ന് മാത്രം വാങ്ങണമെന്ന് ട്രാൻ.കമ്മീഷണർ

#Auto Desk
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം:ഉപയോഗിച്ച വാഹനങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും അംഗീകൃത യൂസ്ഡ് കാർ ഡീലർമാർ വഴി മാത്രമായിരിക്കണമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചക്കിലം. അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർ സജീവമാണ്. ഇത്തരത്തിലുള്ള ഡീലർമാരിൽനിന്ന് വാഹനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് തട്ടിപ്പുകളിലേക്കു നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പുനൽകി.

വാഹനം വിൽക്കുമ്പോൾ പഴയ ഉടമയിൽനിന്ന് അംഗീകൃത യൂസ്ഡ് വാഹന ഡീലറിലേക്കും തുടർന്നു വാങ്ങുന്ന പുതിയ ഉടമയിലേക്കും ഉടമസ്ഥാവകാശം നിയമപരമായി കൈമാറാൻ അംഗീകൃത ഡീലർമാർക്കു മാത്രമേ സാധിക്കൂ. വാഹനം വിറ്റ ശേഷവും രേഖകളിൽ ഉടമസ്ഥാവകാശം മാറാതിരിക്കുന്നത് അപകടമാണ്.

ഇത്തരം വാഹനമുപയോഗിച്ചു നടത്തുന്ന നിയമവിരുദ്ധപ്രവർത്തനങ്ങൾ, ചെലാനുകൾ, വാഹനാപകടങ്ങൾ എന്നിവയ്ക്ക് പഴയ ഉടമസ്ഥനാണ് നിയമപരമായ ബാധ്യത. വ്യക്തികൾ നേരിട്ടാണ് ഇടപാടു നടത്തുന്നതെങ്കിൽ, വാഹനത്തിന്റെ ആർ.സി. ബുക്ക്, ഇൻഷുറൻസ്, ടാക്‌സ് തുടങ്ങിയ രേഖകൾ കൃത്യമാണെന്നും ഉടമസ്ഥാവകാശം അടിയന്തരമായി കൈമാറ്റംചെയ്യപ്പെടുന്നുണ്ടെന്നും ഉറപ്പാക്കണം.

ഉപയോഗിച്ച വാഹനം സെക്കൻഡ് ഹാൻഡ്/ യൂസ്ഡ് കാർ ഡീലർമാർക്ക് വിൽക്കുമ്പോഴും വാങ്ങുമ്പോഴും അവർക്ക് ഫോറം 29 ബി പ്രകാരമുള്ള അംഗീകൃത ഡീലർ ഓതറൈസേഷൻ സർട്ടിഫിക്കറ്റുണ്ടെന്ന് ഉറപ്പാക്കണം. വാഹനത്തിന്റെ ഉടമസ്ഥാവകാശം താത്കാലികമായി വാഹൻ പോർട്ടൽ വഴി ഫോറം 29 സി മുഖേന ഡീലർക്ക് കൈമാറണം. ഓതറൈസേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ഡീലർമാരുടെ പട്ടിക https://mvd.kerala.gov.in ൽ പരിശോധിക്കാമെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: Avoid fraud! Buy & sell used cars only through authorized dealers. Ensure legal ownership transfer and avoid liabilities. Check authorized dealer list on MVD Kerala website.