Olx പോലെ മലയാളികളുടെ സ്വന്തം ആപ്പ്; പഴയ വാഹനവിൽപ്പനയ്ക്ക് കേരളത്തിൽ നിന്നൊരു ഓൺലൈൻ പ്ലാറ്റ്‌ഫോം

മലപ്പുറം: പഴയ വാഹനങ്ങളുടെ വിൽപ്പനയ്ക്കായി പുതിയൊരു ഓൺലൈൻ പ്ലാറ്റ് ഫോം ഒരുക്കുകയാണ് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ (കെ.എസ്.യു.വി.ഡി.ബി.എ.) സംസ്ഥാനകമ്മിറ്റി. നിലവിലുള്ള പ്രമുഖ പ്ലാറ്റ്‌ഫോമുകളുടെ മത്സരത്തിൽനിന്ന് തൊഴിൽ സംരക്ഷിക്കാനും ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകാനുമാണ് ശ്രമം.
പഴയ വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ലൈസൻസുള്ള ഡീലർമാരും ബ്രോക്കർമാരുമായി 13,000-ത്തിലധികം അംഗങ്ങളുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ സംഘടനയാണിത്. ഓൺലൈൻ ആപ്പുകളിലെ വിൽപ്പന കച്ചവടത്തെ കാര്യമായി ബാധിക്കാൻ തുടങ്ങിയതാണ് ആപ്പ് നിർമാണത്തിന് വഴിയൊരുക്കിയത്.
ചെറിയ നിരക്കിൽ ചെറുകിട കച്ചവടക്കാർക്ക് ഓൺലൈൻ വിൽപ്പനയ്ക്ക് അവസരമൊരുക്കാനാണ് അസോസിയേഷൻ മുന്നോട്ടുവന്നത്. ഇരുചക്രംമുതൽ എല്ലായിനം വണ്ടികൾ വാങ്ങാനും വിൽക്കാനുമുള്ള സൗകര്യമുണ്ടാകും. വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ആപ്പിലുള്ള നമ്പറുമായി ബന്ധപ്പെടാം.
തൊട്ടടുത്തുള്ള ഡീലറുമായി കച്ചവടംചെയ്യാം. ആവശ്യമുള്ളവർക്ക് ആപ്പിലൂടെ തൊട്ടടുത്ത കച്ചവടക്കാരിൽനിന്ന് ഇഷ്ടമുള്ള വാഹനം സ്വന്തമാക്കാം. വിൽപ്പനക്കാരിൽനിന്ന് ചാർജ് ഈടാക്കും. വാങ്ങുന്നവർക്ക് സേവനം സൗജന്യമാണ്. ഏതാനും മാസങ്ങൾക്കകം പ്ലാറ്റ്‌ഫോം പ്രവർത്തിച്ചുതുടങ്ങും.
ചെറുകിട കച്ചവടക്കാർക്ക് കൈത്താങ്ങാകും
കോവിഡിനുശേഷം ഓൺലൈൻ വാഹനവിൽപ്പന കൂടിയിട്ടുണ്ട്. ഇതിന്റെ ഗുണം ചെറുകിടകച്ചവടക്കാർക്ക് കിട്ടുന്നില്ല. മേഖലയിലെ തൊഴിൽ പ്രതിസന്ധി കുറയ്ക്കാനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ
- പ്രജിത്ത് രാജ്, രാജാക്കാട് (കെ.എസ്.യു.വി.ജി.ബി.എ. സംസ്ഥാന ജനറൽ സെക്രട്ടറി)
Content Highlights: Kerala`s own used vehicle sales app. Connect with licensed dealers for hassle-free buying & selling of pre-owned bikes, cars & more. Affordable platform for small businesses.