യുഎഇയിലെ നിരത്തുകളിലേക്ക് ഓട്ടോറിക്ഷകളും; എത്തുന്നത് ചൈനീസ് മോഡല്‍ ഇലക്ട്രിക് ടുക് ടുക്

ഇലക്ട്രിക് ടുക് ടുക് | ഫോട്ടോ: മാതൃഭൂമി
ഇലക്ട്രിക് ടുക് ടുക് | ഫോട്ടോ: മാതൃഭൂമി

ദുബായ്: ചൈന ആസ്ഥാനമായുള്ള വൈദ്യുത ടുക് ടുക് (ഓട്ടോറിക്ഷ) വാഹനം ഉടന്‍ യുഎഇയിലെ നിരത്തിലെത്തിയേക്കും. ഗ്രീന്‍ പവര്‍ ജിസിസി എന്ന കമ്പനിയാണ് യുഎഇയിലേക്ക് വൈദ്യുത ഓട്ടോറിക്ഷകള്‍ എത്തിക്കുക. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) അനുമതിക്കായുള്ള ശ്രമത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.

ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമെല്ലാം ഈ വാഹനങ്ങള്‍ ഉപയോംഗിക്കാൻ ഗ്രീന്‍ പവര്‍ സെയില്‍സ് എക്‌സിക്യുട്ടീവ് അഹമ്മദ് തൗസീഫ് പറഞ്ഞു. ഈജിപ്ത്, തായ്​ലൻഡ്, ഇന്ത്യ, മറ്റ് ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കാണപ്പെടുന്ന വൈദ്യുത ഓട്ടോറിക്ഷകള്‍ യുഎഇയിലെത്തിക്കാനുള്ള ശ്രമങ്ങൾ പൂര്‍ത്തിയായി.

ഈജിപ്ത്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഈജിപ്തിലേക്ക് 200 സൗരോര്‍ജ വൈദ്യുത ട്രൈസൈക്കിളുകള്‍ കയറ്റിയയച്ചതായും അഹമ്മദ് തൗസീഫ് പറഞ്ഞു. സൗരോര്‍ജത്തിലും വൈദ്യുതിയിലും ടുക് ടുക് ഓട്ടോറിക്ഷകള്‍ പ്രവര്‍ത്തിക്കും. മുകളില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചിരിക്കും.

കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുമായി യുഎഇക്ക് ഒട്ടേറെ പദ്ധതികളുണ്ട്. അതിലൊന്നാണ് ഗതാഗത മേഖലയിലെ ഊര്‍ജ ഉപഭോഗം 20 ശതമാനം കുറയ്ക്കുന്നതിനും ആഗോള റോഡ് ഗുണനിലവാര റാങ്കിങ്ങില്‍ യുഎഇയുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതിനും ലക്ഷ്യമിടുന്ന ദേശീയ വൈദ്യുതവാഹന നയം. 2023 മേയില്‍ ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം 'ഗ്ലോബല്‍ ഇവി മാര്‍ക്കറ്റ്' പദ്ധതി ആരംഭിച്ചിരുന്നു.

Content Highlights: Green Power GCC plans to launch Chinese electric auto-rickshaws in the UAE, aiming for RTA approval. These eco-friendly tuk-tuks can be used in hotels and resorts, supporting UAE`s climate goals.