ബെംഗളൂരുവിൽ ടൊയോട്ടയുടെ ടെക്‌നോളജി ഹബ് വരുന്നു; 1200 കോടിരൂപയുടെ നിക്ഷേപം

ബെംഗളൂരു: ബെംഗളൂരുവിൽ ടൊയോട്ട കിർലോസ്‌കർ മോട്ടോർ 1,200 കോടി രൂപയുടെ നിക്ഷേപത്തിൽ ടെക്നോളജി ഹബ് സ്ഥാപിക്കും. കർണാടക സർക്കാർ ബെംഗളൂരുവിലെ ദാബാസ്പേട്ട്-ദൊഡ്ഡബല്ലാപുര റോഡിൽ വികസിപ്പിക്കുന്ന ക്വിൻ സിറ്റിയിൽ (നോളജ്, വെൽബിയിങ് ആൻഡ് ഇന വേഷൻ സിറ്റി) 300 ഏക്കർ സ്ഥലത്താണ് ടൊയോട്ട ബിസ്ഇന്റൽ ഹബ് എന്ന പേരിൽ ആഗോളനിലവാരമുള്ള പുതിയ ടെക്നോളജി-എൻജിനിയറിങ് യൂണിറ്റ് സ്ഥാപിക്കുന്നത്. ഇതിന് ടൊയോട്ട കിർലോസ്‌കർ കർണാടക സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാന്നിധ്യത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എസ്. സെൽവകുമാറും ടൊയോട്ട സി.ഒ.ഒ.യും സ്‌പെഷ്യൽ പ്രോജക്ട്സ് ഡയറക്ടറുമായ സുദീപ് ദാൽവിയുമാണ് ഒപ്പുവെച്ചത്. വ്യവസായ മന്ത്രി എം.ബി. പാട്ടീലും സംബന്ധിച്ചു. ലോകത്തിൽ ഇത്തരത്തിലൊന്ന് ആദ്യത്തേതാണെന്ന് ചടങ്ങിൽ സംസാരിച്ച സിദ്ധരാമയ്യ പറഞ്ഞു. നിക്ഷേപത്തിന് പൂർണപിന്തുണ ഉറപ്പുനൽകുന്നതായും പറഞ്ഞു.
ക്വിൻ സിറ്റിയിൽ യാഥാർഥ്യമാകുന്ന ആദ്യത്തെ പ്രധാനനിക്ഷേപമാണിതെന്ന് എം.ബി. പാട്ടീലും അറിയിച്ചു. അടുത്ത അഞ്ച് വർഷത്തിനിടെയാണ് കമ്പനി 1,200 കോടി രൂപ അടിസ്ഥാന മൂലധനമായി നിക്ഷേപിക്കുക. 200 പേർക്ക് ഇവിടെ ജോലി സാധ്യത സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. വാഹനനിർമാണം, ടെസ്റ്റിങ് പ്രവർത്തനങ്ങൾ, അഡ്വാൻസ് ഓട്ടോമൊബൈൽ മാനുഫാക്ചറിങ് ഫെസിലിറ്റി സ്ഥാപിക്കൽ എന്നിവ ബിസ്ഇന്റൽ ഹബ്ബിന്റെ ഭാഗമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
Content Highlights: Toyota Kirloskar to invest ₹1,200 crore in a new global tech-engineering hub., Facility to be located on 300 acres in Bengaluru's Queen City (Dabaspet-Doddaballapura road)., Focus on advanced automobile manufacturing, testing, and research., Project expected to create 200 high-skilled jobs., MoU signed between Toyota and the Government of Karnataka.