നിറംമാറ്റാന്‍ തയ്യാര്‍ സമയം തരണം പ്ലീസ്..വെള്ളയടിക്കാന്‍ ചെലവ് 1.20 ലക്ഷം, സമയം ചോദിച്ച് ബസ്സുടമകള്‍

പ്രതീകാത്മക ചിത്രം | Photo: Facebook
പ്രതീകാത്മക ചിത്രം | Photo: Facebook

ഏകീകൃതനിറം നിര്‍ബന്ധമാക്കിക്കൊണ്ട് ടൂറിസ്റ്റ് ബസുകളെ നിയന്ത്രിച്ച് സര്‍ക്കാര്‍. ഒപ്പം നികുതി അടയ്ക്കാന്‍ സാവകാശവും അനുവദിച്ചു. കോണ്‍ട്രാക്ട് കാര്യേജുകളുടെ ത്രൈമാസ നികുതി പിഴ കൂടാതെ നവംബര്‍ 15 വരെ സ്വീകരിക്കും. ഇതിനിടെ നിറം മാറ്റാന്‍ സാവകാശം തേടി ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിനെ സമീപിച്ചു. ഒറ്റദിവസംകൊണ്ട് നിറം മാറ്റുക അപ്രായോഗികമാണെന്ന് സംഘടനാനേതാക്കള്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെയും സംഘടന സമീപിച്ചിട്ടുണ്ട്.

കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്താണ് സര്‍ക്കാര്‍ ഏകീകൃത നിറം നിര്‍ബന്ധമാക്കിയതെന്ന് കോണ്‍ട്രാക്റ്റ് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പ്രശാന്തന്‍ ആരോപിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസില്‍ കക്ഷി ചേരും. നിറംമാറ്റുന്നതിന് എതിര്‍പ്പില്ല. ഒരു ബസ് നിറംമാറ്റാന്‍ കുറഞ്ഞത് മൂന്നാഴ്ചവേണം. 1.20 ലക്ഷം രൂപ ചെലവും വരും -അദ്ദേഹം പറഞ്ഞു.

നിലവിലെ നിയമപ്രകാരം 2022 ജൂണ്‍ മുതലാണ് ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. അതിനുശേഷം രജിസ്റ്റര്‍ ചെയ്യുന്ന പുതിയ ബസുകള്‍ക്കും ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തുന്നവയ്ക്കും വെള്ള നിറം അടിക്കേണ്ടിവരും. നിലവില്‍ ഫിറ്റ്നസ് ഉള്ളവയ്ക്ക് കാലാവധി തീരുന്നതുവരെ അതേ നിറത്തില്‍ തുടരാം. എന്നാലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഏകീകൃത നിറത്തിലേക്ക് മാറാന്‍ തയ്യാറാണ്. മൂന്നുമാസത്തെ സാവകാശമെങ്കിലും അതിന് വേണമെന്നും സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ബുക്ക് ചെയ്തവര്‍ വലയുന്നു

അപ്രതീക്ഷിത നിറം മാറ്റം കാരണം ടൂറിസ്റ്റ് ബസുകളില്‍ ഭൂരിഭാഗവും നിരത്തില്‍നിന്നും പിന്‍വലിഞ്ഞത് യാത്രയ്ക്കായി ബുക്ക് ചെയ്തവരെ വലയ്ക്കുന്നു. 43 സീറ്റുകള്‍ വീതമുള്ള ഏകദേശം 5000 ബസുകള്‍ സംസ്ഥാനത്തുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിച്ച വെള്ളനിറം അടിച്ച ബസുകള്‍ 10 ശതമാനത്തില്‍ താഴെയാണ്. ഇവയില്‍ ഭൂരിഭാഗവും ക്ലാസിഫൈഡ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കുവേണ്ടി ഓടുന്നവയാണ്. 

വിവാഹം, തീര്‍ഥാടനം, സ്‌കൂള്‍, കോളേജ് വിനോദയാത്രകള്‍ എന്നിവയ്ക്ക് ഓടിയിരുന്ന ബസുകളാണ് കളര്‍കോഡ് പാലിക്കാതിരുന്നത്. ഇവ നിരത്തില്‍ ഇറങ്ങുന്നില്ല. ദീപാവലിയോടനുബന്ധിച്ചുള്ള യാത്രകള്‍ ഓക്ടോബര്‍ 20 മുതല്‍ ആരംഭിക്കും. ഇതിനുമുമ്പ് സര്‍ക്കാരില്‍നിന്ന് ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘടനകള്‍.

Content Highlights: Tourist bus owners seeks three months time for color change, Tourist bus color code