ഥാറും ജിംനിയും വിറച്ചു, ഇതൊക്കെ സിംപിളെന്ന് ആള്‍ട്ടോ; വീഡിയോ വൈറല്‍

Photo: instagram.com/himachal_explorer
Photo: instagram.com/himachal_explorer

ത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം പിടിമുറുക്കിയിരിക്കുകയാണ്. ഹിമാലയന്‍ പ്രദേശങ്ങളിലെല്ലാം കനത്ത മഞ്ഞുവീഴ്ചയില്‍ റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുയാണ്. എങ്കിലും മഞ്ഞുമൂടി കിടക്കുന്ന ഇത്തരം പാതകളിലൂടെ ജീവന്‍ പണയം വെച്ച് വാഹനമോടിക്കാനും ചിലര്‍ മുതിരാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ഹിറ്റാവുന്നത്. 

മഞ്ഞുറഞ്ഞ് കിടക്കുന്ന, വെള്ളമൊഴുകുന്ന ഒരു പാതയിലൂടെ ഒരു മഹീന്ദ്ര ഥാര്‍ പോകാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ മുകളിലേക്ക് പോകുന്നതിനനുസരിച്ച് ഗ്രിപ്പ് നഷ്ടപ്പെടുന്ന ഥാര്‍ തെന്നി നീങ്ങുന്നതും വീഡിയോയില്‍ കാണാം. മാരുതിയുടെ ഓഫ് റോഡിങ് വാഹനങ്ങളായ ജിപ്‌സിയും, ജിംനിയും ഇതേരീതിയില്‍ തെന്നി നീങ്ങുന്നതും മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടുന്നതും വീഡിയോയില്‍ കാണാം. 

ഒരു മാരുതി ഓള്‍ട്ടോ കാര്‍ അനായാസമായി മുകളിലേക്ക് ഓടിച്ച് കയറ്റുന്നതാണ് പിന്നീട് വീഡിയോയില്‍ കാണുന്നത്. മുന്‍നിര 4X4 വാഹനങ്ങളെല്ലാം പരാജയപ്പെട്ട സ്ഥലത്താണ് മാരുതിയുടെ പഴയ മോഡല്‍ 796 സി.സി ആള്‍ട്ടോ കാര്‍ ഹൈവേയിലെന്നപോലെ മുകളിലേക്ക് കയറുന്നത്. കാറുകളുടെ സാങ്കേതികവിദ്യകളേക്കാള്‍ ഡ്രൈവറുടെ മികവാണ് ആള്‍ട്ടോയ്ക്ക് തുണയായതെന്നാണ് വീഡിയോയ്ക്ക് അടിയില്‍ വന്ന കമന്റുകളില്‍ കൂടുതലും പറയുന്നത്.  അത് മാത്രമല്ല, മഞ്ഞില്‍ എളുപ്പത്തില്‍ കയറാനായി ടയറുകളില്‍ ചെയിന്‍ ഇട്ടതും ആള്‍ട്ടോയ്ക്ക് കരുത്തായി. ഭാരം കുറവാണെന്നതും ആള്‍ട്ടോയ്ക്കുള്ള സാധ്യത വര്‍ധിപ്പിച്ചതായും ചിലര്‍ ചൂണ്ടിക്കാട്ടി.

എന്തായാലും രാജ്യത്തെ മുന്‍നിര ഓഫ്‌റോഡ് വാഹനങ്ങളെയെല്ലാം തോല്‍പ്പിക്കുന്ന കുഞ്ഞന്‍ ആള്‍ട്ടോയുടെ ഈ പെര്‍ഫോമന്‍സ് വാഹനപ്രേമികളുടെയെല്ലാം ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

Content Highlights: thar jimny fail on icy uphill alto makes it look easy