30 രാജ്യങ്ങളിലെ കരുത്തൻ സാന്നിധ്യം, ഇവേകോ ഇനി ടാറ്റയ്ക്ക് സ്വന്തം, ഇന്ത്യൻ നിരത്തുകളിലും ഇവേകോ ട്രക്കുകളെത്തും

#Auto Desk
photo: tatamotors, iveco.com
photo: tatamotors, iveco.com

മുംബൈ: ഇറ്റാലിയൻ ട്രക്ക് നിർമാതാക്കളായ ഇവേകോയുടെ വാഹനങ്ങൾ ഇന്ത്യൻ വിപണിയിലേക്കെത്തിക്കാൻ ടാറ്റാ മോട്ടോഴ്‌സ്. തുടക്കത്തിൽ, തിരഞ്ഞെടുത്ത മോഡലുകളുടെ കിറ്റ് ഭാഗികമായി എത്തിച്ച് അസംബിൾ ചെയ്താകും വിപണിയിലിറക്കുക. ഘടകങ്ങളിൽ ഒരുഭാഗം ഇന്ത്യയിൽനിന്ന് നൽകും. ഇവേകോയുടെ 89.42 ശതമാനം ഓഹരികൾ ടാറ്റാ മോട്ടോഴ്‌സ് ഏറ്റെടുത്തതോടെ ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇരുകമ്പനികളുടെയും സൗകര്യങ്ങളും ഉത്പന്നങ്ങളും പരസ്പരം പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര വാണിജ്യവാഹനവിപണിയിൽ സാന്നിധ്യം വിപുലമാക്കുന്നതിനാണ് ടാറ്റാ മോട്ടോഴ്‌സ് പദ്ധതിയിടുന്നതെന്ന് ഇറ്റലിയിലെ ടൂറിനിൽ നടന്ന ചടങ്ങിൽ ചന്ദ്രശേഖരൻ പറഞ്ഞു. ഇവേകോയുടെ ചില വാഹനങ്ങൾക്ക് ഇന്ത്യയിൽ വലിയ സാധ്യതകളുണ്ട്. അവ കണ്ടെത്തി, എത്രയുംവേഗം അവയുടെ അസംബ്ലിങ് ഇന്ത്യയിൽ തുടങ്ങും.

ഇവേകോക്ക് വലിയ സാന്നിധ്യമുള്ള വിപണികളിൽ ടാറ്റാ മോട്ടോഴ്‌സിന്റെ വാണിജ്യവാഹനങ്ങളും അവതരിപ്പിക്കും. ഇവേകോയുടെ അവശേഷിക്കുന്ന ഓഹരികൾകൂടി ഏറ്റെടുത്ത് ലിസ്റ്റിങ് ഒഴിവാക്കുന്നതിനുള്ള ശ്രമവും നടത്തുന്നുണ്ട്. എന്നാൽ, ഇവേകോയുടെ പ്രതിരോധ വാഹനനിർമാണ വിഭാഗത്തെ ടാറ്റ മോട്ടോഴ്സുമായുള്ള ഈ കരാറിൽനിന്ന് ഒഴിവാക്കും.

ഇവേകോ ഗ്രൂപ്പിന് ആഗോളതലത്തിൽ 130 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഇറ്റലിയിലെ ആഗ്‌നെല്ലി കുടുംബത്തിൽനിന്ന് 450 കോടി ഡോളറിനാണ് (ഏകദേശം 40,000 കോടി രൂപ) ഇവേകോയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. 2008-ൽ ജാഗ്വാർ ലാൻഡ് റോവറിനായി (JLR) 2.3 ബില്യൺ ഡോളറിന് നടത്തിയ സുപ്രധാന ഏറ്റെടുക്കലിനെ മറികടക്കുന്നതാണ് ഇവേകോയെ ഏറ്റെടുക്കുന്ന ഈ ഇടപാടെന്നാണ് വിലയിരുത്തൽ.

സിഎൻഎച്ച് ഇൻഡസ്ട്രിയലിൽ (CNH Industrial) നിന്ന് വേർപിരിഞ്ഞ് 2022 ജനുവരി ഒന്നിനാണ് ഇവേക്കോ ഔദ്യോഗികമായി നിലവിൽ വന്നത്. ആംസ്റ്റർഡാമിൽ ആസ്ഥാനമുള്ള ഒരു ഡച്ച് കമ്പനിയായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, ഇതിന്റെ പ്രധാന പ്രവർത്തനങ്ങളെല്ലാം ഇറ്റലിയിലെ ടൂറിൻ ആസ്ഥാനമാക്കിയാണ് നടക്കുന്നത്. വിശാലമായ അന്താരാഷ്ട്ര സാന്നിധ്യമാണ് ടാറ്റ മോട്ടോഴ്‌സിന് ഇവേക്കോയിലേക്ക് ആകർഷിക്കുന്ന പ്രധാന കാരണം. ഈ കമ്പനിക്ക് 30-ൽ അധികം രാജ്യങ്ങളിൽ ശക്തമായ സാന്നിധ്യമുണ്ട്.

ഫ്രാൻസ്, ജർമനി, ഇറ്റലി, സ്‌പെയിൻ തുടങ്ങിയ പടിഞ്ഞാറൻ യൂറോപ്പിലെ വികസിത വിപണികൾ മുതൽ ദക്ഷിണാഫ്രിക്ക, എത്യോപ്യ, ഐവറി കോസ്റ്റ് തുടങ്ങിയ ആഫ്രിക്കയിലെ വളർന്നുവരുന്ന സാമ്പത്തിക വിപണികളിലും തെക്കേ അമേരിക്കയിലുംവരെ ഇവേക്കോക്ക് സാന്നിധ്യമുണ്ട്. ഇത്, സ്വന്തമായി പ്രവേശിക്കാൻ വർഷങ്ങൾ വേണ്ടിവരുന്ന വിപണികളിലേക്ക് ടാറ്റ മോട്ടോഴ്സിന് പെട്ടെന്ന് പ്രവേശനം സാധ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Tata Motors has acquired an 89.42% stake in Italian truck manufacturer Iveco for approximately $4.5 billion., Selected Iveco models will be assembled in India with locally sourced parts., The partnership aims to leverage mutual products and facilities to expand in the global commercial vehicle market., Iveco's defense manufacturing division is excluded from the current agreement.