ബസ്, ടാക്സി, ഓട്ടോറിക്ഷ... പൊതുവാഹനങ്ങളിൽ VLTD നിർബന്ധം, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്

ചെന്നൈ: സ്ഥാനം മനസ്സിലാക്കുന്നതിനുള്ള വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് (വിഎൽടിഡി) എല്ലാ പൊതുഗതാഗത വാഹനങ്ങളിലും നിർബന്ധമാക്കിക്കൊണ്ട് തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടു. ബസ്, ടാക്സി, ഓട്ടോറിക്ഷ ഉൾപ്പെടെ പൊതുജനങ്ങൾ യാത്ര ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും ഇതുബാധകമാണ്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടിയാണ് പൊതുഗതാഗത വാഹനങ്ങളിൽ വിഎൽടിഡി ഘടിപ്പിക്കുന്നത്. സംസ്ഥാന ഗതാഗത വകുപ്പിന്റെ കൺട്രോൾ റൂമുമായാണ് ഇവ ബന്ധിപ്പിക്കുക. വാഹനം ഏതുസമയത്ത് എവിടെയാണ് എന്ന് കൃത്യമായി മനസ്സിലാക്കാൻ ഇതുവഴി സാധിക്കും.
ഈ സംവിധാനമുള്ള വാഹനങ്ങൾക്കേ ഇനി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും രജിസ്‌ട്രേഷനും നൽകുകയുള്ളൂ. സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുമുൻപ് വിഎൽടിഡി ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.
വാഹനങ്ങളിൽ വിഎൽടിഡി ഘടിപ്പിച്ചുനൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് സർക്കാർ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 24 മണിക്കൂറും സേവനം ഉറപ്പു വരുത്താനാവുന്നവരുടെ ഉപകരണങ്ങളേ ഘടിപ്പിക്കൂ. ജിപിഎസ് ട്രാക്കിങ് സംവിധാനം ഘടിപ്പിച്ചിട്ടുള്ള ബസുകളിലും ലോറികളിലും പുതിയ സംവിധാനം ഘടിപ്പിക്കണമെന്ന നിർദേശത്തിനെതിരേ വാഹന ഉടമകൾ രംഗത്തുവന്നിട്ടുണ്ട്.
ഇത് അധികച്ചെലവാണെന്നാണ് അവരുടെ വാദം. വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഘടിപ്പിക്കണമെന്നേ കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ പറഞ്ഞിട്ടുള്ളൂ എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. കുറ്റകൃത്യങ്ങൾ തടയുന്നതിനും അപകടം നടന്നാൽ ഉടൻ ആശ്വാസമെത്തിക്കുന്നതിനും പുതിയ സംവിധാനം ആവശ്യമാണെന്നാണ് സംസ്ഥാന ഗതാഗതവകുപ്പു പറയുന്നത്.
Content Highlights: Tamil Nadu mandates Vehicle Location Tracking Devices (VLTD) in all public transport