ഉത്സവകാലത്ത് യാത്രക്കാരെ പിഴിഞ്ഞ് കാശുവാങ്ങി, നിരക്ക് 5000 വരെ; സ്വകാര്യ ബസുകൾക്ക് 10 ലക്ഷം പിഴ

#Auto Desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ചെന്നൈ: തമിഴ്‌നാട്ടിൽ ഉത്സവകാലത്ത് യാത്രക്കാരിൽനിന്ന് അമിത നിരക്ക് ഈടാക്കിയ 400 സ്വകാര്യ ബസുകൾക്ക് 10.31 ലക്ഷം പിഴ ചുമത്തി. വിശദീകരണം തേടി വാഹനയുടമകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

അമിത നിരക്ക് ഈടാക്കുന്നതായി വ്യാപക പരാതികളെത്തുടർന്നാണ് സംസ്ഥാനത്തുടനീളം റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാരും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരും അടങ്ങുന്ന പ്രത്യേക സംഘങ്ങൾ വാഹനപരിശോധന നടത്തിയത്.

സാധാരണ ദിവസങ്ങളിലെ 600 മുതൽ 1,000 രൂപവരെയുള്ള നിരക്കുകൾക്കു പകരം ഉത്സവ സീസണുകളിൽ 3,000 മുതൽ 5,000 രൂപവരെ ഈടാക്കിയതായി കണ്ടെത്തി. ചെന്നൈയിൽനിന്ന് കോയമ്പത്തൂരിലേക്ക് 1000 രൂപയ്ക്കു പകരം 3000 രൂപയും കന്യാകുമാരിയിലേക്ക് 5000 രൂപവരെയുമാണ് ചില സ്വകാര്യബസുകൾ ഈടാക്കിയത്.

അധികമായി ഈടാക്കിയ തുക യാത്രക്കാർക്ക് തിരികെനൽകുന്നതിനുള്ള നടപടികളും അധികൃതർ സ്വീകരിച്ചു. കൂടാതെ, തമിഴ്‌നാട്ടിൽ സർവീസ് നടത്തുന്ന ഇതര സംസ്ഥാനങ്ങളിലെ സ്വകാര്യ ബസുകളിൽനിന്ന് തമിഴ്‌നാടിന് നൽകേണ്ടതായ 15,33,220 രൂപ നികുതിയും പിരിച്ചെടുത്തു.

ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും റോഡ് നികുതി അടയ്ക്കാതെയും സർവീസ് നടത്തിയ നാല് ഇതരസംസ്ഥാന ബസുകൾ പിടിച്ചെടുത്തു.

Content Highlights: 400 private buses fined ₹10.31 lakh for festival overcharging in Tamil Nadu, Ticket prices hiked from ₹600-1,000 to ₹3,000-5,000 on routes like Chennai to Coimbatore and Kanyakumari, Authorities taking steps to refund excess fares to passengers, ₹15.33 lakh collected in taxes from other-state private buses, 4 interstate buses seized for lacking fitness certificates and road tax.