233 MLA-മാരിൽ 193 കോടീശ്വരൻമാർ, ഒന്നിലധികം കാറുകൾ സ്വന്തം, എന്നിട്ടും സർക്കാർവക വീണ്ടും കാർ, വിമർശനം

#Auto Desk
തമിഴ്‌നാട് എംഎല്‍എമാര്‍ക്കായി സര്‍ക്കാര്‍ വാങ്ങിയ എസ്‌യുവികള്‍ | Photo: Print
തമിഴ്‌നാട് എംഎല്‍എമാര്‍ക്കായി സര്‍ക്കാര്‍ വാങ്ങിയ എസ്‌യുവികള്‍ | Photo: Print

ചെന്നൈ: എം.എൽ.എ.മാർക്കെല്ലാം കാറും വാഹന അലവൻസും നൽകാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനം അനാവശ്യചെലവെന്ന് വിമർശനമുയരുന്നു. സംസ്ഥാനത്തെ എം.എൽ.എ.മാരിൽ 83 ശതമാനം പേരും കോടീശ്വരൻമാരാണ്. പലർക്കും ഒന്നിലധികം വാഹനങ്ങളുമുണ്ട്.

കാറില്ലാത്തതുകൊണ്ട് മണ്ഡലത്തിൽ എല്ലായിടത്തും എത്തിപ്പെടാനാവുന്നില്ലെന്ന് വി.സി.കെ.യുടെ നിയമസഭാംഗം എൽ.ഇ. ജോതിമണി പരാതിപ്പെട്ടപ്പോഴാണ് എല്ലാവർക്കും സർക്കാർകാറ് നൽകാൻ മുഖ്യമന്ത്രി വിജയ് തീരുമാനമെടുത്തത്. എന്നാൽ, ആദ്യമായി സഭയിലെത്തിയ ചിലരെ മാറ്റിനിർത്തിയാൽ തമിഴ്നാട്ടിലെ ഭൂരിപക്ഷം എം.എൽ.എ.മാർക്കും ഇപ്പോൾത്തന്നെ സ്വന്തമായി വാഹനങ്ങളുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പുനാമനിർദേശപത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ 233 എം.എൽ.എമാരിൽ 193 പേർക്ക് ഒരു കോടിയിലേറെ രൂപയുടെ ആസ്തിയുണ്ട്. കോൺഗ്രസ്, പി.എം.കെ, മുസ്ലിംലീഗ്, എ.എം.എം.കെ., ബി.ജെ.പി., ഡി.എം.ഡി.കെ. അംഗങ്ങൾ എല്ലാവരും കോടീശ്വരൻമാരാണ്. ഡി.എം.കെ.യിൽ 97 ശതമാനംപേരും അണ്ണാ ഡി.എം.കെ.യിൽ 94 ശതമാനം പേരും ഇക്കൂട്ടത്തിൽപ്പെടും. ടി.വി.കെ.യുടെ 72 ശതമാനം എം.എൽ.എ.മാർക്കാണ് ഒരുകോടിയിലേറെ ആസ്തിയുള്ളത്. എം.എൽ.എ.മാരിലെ 190 പേർക്കും സ്വന്തമായി കാറുണ്ടെന്നാണ് കണക്ക്.

സർക്കാർകാറിനുപുറമേ 75,000 രൂപ വാഹനബത്തയും സഹായിയെ നിയമിക്കുന്നതിന് 25,000 രൂപയും പ്രതിമാസം പുതുതായി അനുവദിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ എം.എൽ.എ.മാർക്ക് മാസം 1.80 ലക്ഷം രൂപ ലഭിക്കും. ഇതിനുപുറമേ, സംസ്ഥാനത്തെ ട്രാൻസ്‌പോർട്ട് ബസിൽ എം.എൽ.എ.മാർക്ക് സൗജന്യമായി യാത്രചെയ്യാം. തീവണ്ടിയിൽ ഒരുവർഷം 20,000 രൂപയുടെ സൗജന്യയാത്ര അനുവദിക്കുകയും ചെയ്യും.

കാറുവേണ്ടെന്ന് ഡി.എം.കെ. എം.എൽ.എ.മാർ

സർക്കാർ നൽകുന്ന കാർ ഡി.എം.കെ. എം.എൽ.എ.മാർക്കുവേണ്ടെന്ന് നിയമസഭാ പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ. തമിഴ്നാട് കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഡി.എം.കെ. പ്രസിഡന്റ് എം.കെ. സ്റ്റാലിൻ നിർദേശിച്ചതുപ്രകാരം ഡി.എം.കെയിലെ 59 എം.എൽ.എ.മാർക്ക് സർക്കാരിന്റെ കാർ വേണ്ട. സർക്കാരിനുണ്ടാകുന്ന അനാവശ്യചെലവുകൾ കുറയ്ക്കുന്നതിനുവേണ്ടി സാമ്പത്തികമായി ദുർബലരായ അംഗങ്ങൾക്കുമാത്രമേ വാഹനങ്ങൾ അനുവദിക്കാവൂ എന്നും ഉദയനിധി പറഞ്ഞു.

എന്നാൽ, എല്ലാവരും തുല്യരാണെന്നതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ എം.എൽ.എ.മാർക്കും മുഖ്യമന്ത്രി വാഹനം നൽകുമെന്നു പ്രഖ്യാപിച്ചതെന്നും കാർ ഒരു ആഡംബരമായിട്ടല്ല, പൊതുജനങ്ങൾക്കിടയിലേക്ക് എത്തപ്പെടേണ്ട അത്യാവശ്യം കണക്കിലെടുത്താണെന്നും മന്ത്രി ആധവ് അർജുന പ്രതികരിച്ചു. രണ്ടോ മൂന്നോ വീടുകളുള്ള ഉദയനിധി എന്തിനാണ് സർക്കാർ ബംഗ്ലാവ് ആവശ്യപ്പെടുന്നതെന്നും മന്ത്രി ചോദിച്ചു.

Content Highlights: Tamil Nadu government decided to provide official cars and increased vehicle allowances to all MLAs., Reports show 83 percent of TN MLAs are millionaires and already own multiple vehicles., DMK MLAs led by Udhayanidhi Stalin rejected the government car offer due to state financial crisis.