അതിർത്തിയിൽ അന്യായം; കേരളത്തിലേക്കുള്ള വാഹനങ്ങൾക്ക് തമിഴ്നാടിന്റെ ചുങ്കപ്പിരിവ്

#ജയൻ വാര്യത്ത്
ഒൻപതാർ ചെക്പോസ്റ്റിൽ ചുങ്കം പിരിക്കാനായി തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ച ഫാസ്‌ടാഗ് സംവിധാനം,  ഫാസ്‌ടാഗ് സംവിധാനത്തെത്തുടർന്നുണ്ടാകുന്ന ഗതാഗതക്കുരുക്ക്
ഒൻപതാർ ചെക്പോസ്റ്റിൽ ചുങ്കം പിരിക്കാനായി തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ച ഫാസ്‌ടാഗ് സംവിധാനം, ഫാസ്‌ടാഗ് സംവിധാനത്തെത്തുടർന്നുണ്ടാകുന്ന ഗതാഗതക്കുരുക്ക്

മറയൂർ: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങളുടെ ടോൾ പിരിച്ച് തമിഴ്നാട് വനംവകുപ്പ്. അന്യായമായി പിരിച്ചെടുക്കുന്നത് ലക്ഷങ്ങൾ. ഉദുമൽപേട്ട-മൂന്നാർ അന്തസ്സംസ്ഥാന പാതയിൽ ആനമുടി കടുവാസങ്കേതം ആരംഭിക്കുന്ന ഒൻപതാറിലാണ് ചെക്പോസ്റ്റ് സ്ഥാപിച്ചുള്ള വനംവകുപ്പിന്റെ പണപ്പിരിവ്. കേരള അതിർത്തിയോട് വളരെ അടുത്താണിത്.

ദേശീയപാതകളിലേതുപോലെ ഫാസ്‌ടാഗ് സംവിധാനം ഉപയോഗിച്ചാണ് പണപ്പിരിവ്. ചെറുവാഹനങ്ങൾക്ക് 50 രൂപയും വലിയ വാഹനങ്ങൾക്ക് 100 രൂപയുമാണ് ചുങ്കം. സാധാരണ, ദേശീയപാത അതോറിറ്റിയോ പൊതുമരാമത്ത് വകുപ്പോ റോഡ് നിർമിച്ച കരാർ കമ്പനികളോ ഗതാഗതവകുപ്പോ ആണ് ചുങ്കം ചുമത്തുക. കർണാടകത്തിലേക്ക് കടക്കുന്ന ടാക്സി വാഹനങ്ങൾക്ക് ഇത്തരത്തിൽ ചുങ്കം ചുമത്തുന്നുണ്ട്. എന്നാൽ, കേരളത്തിലേക്ക് കടക്കുന്ന വാഹനങ്ങൾക്ക് തമിഴ്നാട് തുകയീടാക്കുന്നത് അസാധാരണമാണ്. പണപ്പിരിവിന് താമസം നേരിടുന്നതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. എന്നാൽ, സർക്കാർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിരിക്കുന്നതെന്നാണ് തമിഴ്നാട് വനംവകുപ്പ് അധികൃതരുടെ വിശദീകരണം.

2025 ഏപ്രിൽമുതലാണ് പ്രത്യേക ക്യാമറ സ്ഥാപിച്ച് ഫാസ്‌ടാഗ് സംവിധാനത്തിലൂടെ ചുങ്കപ്പിരിവ് ആരംഭിച്ചത്. മറയൂർ, കാന്തല്ലൂർ മേഖലകളിലുള്ളവർ പ്രതിഷേധിച്ചതോടെ ഇവർക്കുമാത്രം ഇളവുനൽകി. ദിവസവും രണ്ടായിരം വാഹനംവരെ ഇതിലൂടെ കേരളത്തിലേക്ക് കടന്നുവരുന്നുണ്ട്. ഒന്നുമുതൽ രണ്ടുലക്ഷം രൂപവരെയാണ് ദിവസേന ഇത്തരത്തിൽ ലഭിക്കുന്നത്.

ചുങ്കപ്പിരിവ് അവസാനിപ്പിക്കാൻ ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, ഉദുമൽപേട്ട എംഎൽഎ ഉടുമലൈ രാധാകൃഷ്ണൻ എന്നിവർ വനംവകുപ്പ് അധികൃതരുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, പരിഹാരമുണ്ടായില്ല.

ഇടപെടേണ്ടത് സർക്കാർ

ചുങ്കം പിരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഇതുവരെ തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കിയിട്ടില്ല. ഇതിൽ കേരളസർക്കാരിന്റെ നേരിട്ടുള്ള ഇടപെടലാണ് ഉണ്ടാകേണ്ടത്. ചുങ്കപ്പിരിവ് അന്യായമാണ്.

-ഡീൻ കുര്യാക്കോസ്, ഇടുക്കി എംപി

Content Highlights: Tamil Nadu Forest Dept. is collecting tolls on vehicles entering Kerala from TN, causing traffic jam