മുഖ്യമന്ത്രി വിജയ്ക്ക് സമ്മാനമായി സ്‌കെയിൽ മോഡൽ കാർ; മോഡലേതെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ

ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന പേര് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെതായിരിക്കും. അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകളും നടപ്പാക്കുന്ന പദ്ധതികളുമെല്ലാം വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. രാഷ്ട്രീയത്തിൽ തീപാറുന്ന പ്രസംഗങ്ങൾ ഉൾപ്പെടെ നടത്തുന്ന വിജയ്‌യുടെ വേറിട്ട ചില ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.
ഒരു മിനിയേച്ചർ കാറുമായി ഇരിക്കുന്ന മുഖ്യമന്ത്രിയേയാണ് ചിത്രത്തിൽ കാണുന്നത്. വളരെ കൗതുകത്തോടെ വിജയ് ഈ കാർ പരിശോധിക്കുന്നതിന്റെ പല രീതിയിലുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ചിത്രങ്ങൾ വൈറലായതോടെയാണ് അദ്ദേഹത്തിന്റെ കൈവശമുള്ള കാറിനെക്കുറിച്ച് ആളുകൾ തിരഞ്ഞ് തുടങ്ങിയത്. അത് ഏത് വാഹനത്തിന്റെ മിനിയേച്ചർ ആണെന്നും ആരാണ് അദ്ദേഹത്തിന് അത് സമ്മാനിച്ചതെന്നുമെല്ലാമാണ് ആളുകൾ തിരയുന്നത്.
വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റിന്റെ അധികൃതരാണ് ഈ വാഹനം അദ്ദേഹത്തിന് സമ്മാനിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയ കമ്പനി അധികൃതരാണ് വിഎഫ്8 എന്ന ഇലക്ട്രിക് എസ്‌യുവിയുടെ സ്‌കെയിൽ മോഡൽ അദ്ദേഹത്തിന് സമ്മാനിച്ചത്. ഉടൻ തന്നെ അദ്ദേഹം കവർ അഴിച്ച് അത് പരിശോധിച്ചതാണ് കാഴ്ച്ചക്കാരിൽ കൗതുകം ജനിപ്പിച്ചത്.
വിൻഫാസ്റ്റ് ആഗോള വിപണികളിൽ എത്തിച്ചിട്ടുള്ള ഇലക്ട്രിക് എസ്‌യുവി മോഡലാണ് വിഎഫ്8. ലുക്കിൽ ഇന്ത്യയിൽ വിൻഫാസ്റ്റ് എത്തിച്ചിട്ടുള്ള എസ്‌യുവികളോട് ചേർന്ന് നിൽക്കുന്ന വാഹനമാണ് വിഎഫ്8. എന്നാൽ, വിജയ്ക്ക് നൽകിയ വിൻഫാസ്റ്റ് വിഎഫ്8 സ്‌കെയിൽ മോഡൽ ഈ വാഹനത്തിന്റെ മുൻപതിപ്പിനെ അടിസ്ഥാനമാക്കി നിർമിച്ചതാണെന്നാണ് സൂചന. ഏതാനും രാജ്യങ്ങളിൽ മാത്രമാണ് വിഎഫ്8-ന്റെ പുതിയ പതിപ്പ് എത്തിയിട്ടുള്ളത്.
ഒറ്റത്തവണ ചാർജിൽ 500 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന 60.13 കിലോവാട്ട് ബാറ്ററിപാക്കാണ് വിഎഫ്8-ൽ നൽകിയിരിക്കുന്നത്. മുന്നിലെ ആക്‌സിലിലാണ് ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ചിരിക്കുന്നത്. 228 എച്ച്പി പവറും 330 എൻഎം ടോർക്കുമാണ് ഈ മോട്ടോർ ഉത്പാദിപ്പിക്കുന്നത്. 30 മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽ നിന്ന് 70 ശതമാനം ചാർജ് നിറയാനുള്ള ശേഷിയാണ് വിഎഫ് 8 എസ്‌യുവിയുടെ മറ്റൊരു സവിശേഷത.
Content Highlights: Tamil Nadu CM Vijay received a scale model of the VinFast VF8 electric SUV., The gift was presented by representatives of Vietnamese automaker VinFast., The VinFast VF8 features a 60.13 kWh battery with a 500km range., The electric motor delivers 228 HP and 330 Nm of torque., The vehicle can charge from 10% to 70% in just 30 minutes.