പാതകളിൽ 'ടേബിൾ ടോപ് സീബ്രാ ലൈനു'കൾ വ്യാപകമാക്കും; നിയമലംഘകർക്ക് മറുമരുന്ന് നൽകാൻ PWD-MVD ധാരണ

#Auto Desk
പ്രതീകാത്മക ചിത്രം| AI generated image
പ്രതീകാത്മക ചിത്രം| AI generated image

ആലത്തൂർ: പൊതുനിരത്തുകളിൽ ആദ്യപരിഗണന കാൽനടയാത്രക്കാരനു തന്നെയാണെന്ന പാഠം മറക്കുന്നവർക്ക് മറുമരുന്ന് വരുന്നു. കാൽനടയാത്രക്കാർക്കുള്ള പാതകളിലെ സീബ്രാ ക്രോസിങ്ങുകളിൽ മാഞ്ഞുപോയവ പൊതുമരാമത്ത് വകുപ്പ് ഉടൻ പുനഃസ്ഥാപിക്കും. കാൽനടയാത്രക്കാരെ പരിഗണിക്കാതെയുള്ള ഡ്രൈവിങ്ങിനും സിഗ്നലുകളിൽ സീബ്രാക്രോസിങ്ങിൽക്കയറ്റി വാഹനങ്ങൾ നിർത്തിയിടുന്നതിനുമെതിരേ കർശന നടപടി മോട്ടോർവാഹനവകുപ്പ് സ്വീകരിക്കും. 

‘ടേബിൾ ടോപ് സീബ്രാ ലൈൻ വ്യാപകമാക്കും

വാഹനങ്ങളുടെ വേഗംകുറയ്ക്കാൻ ഡ്രൈവർമാരെ നിർബന്ധിതമാക്കുന്ന 'ടേബിൾ ടോപ് സീബ്രാ ലൈനു'കൾ വ്യാപകമാക്കാനാണ് പൊതുമരാമത്ത് വകുപ്പും മോട്ടോർവാഹന വകുപ്പും ധാരണയായത്. പാതയുടെ ഉപരിതലത്തിൽ അൽപ്പം ഉയർന്നു നിൽക്കുന്നതിനാലാണ് ഇതിനെ ടേബിൾ ടോപ് സീബ്രാലൈൻ എന്നുപറയുന്നത്.

വാഹനത്തിന്റെ ചക്രം ഇടിച്ചുനിൽക്കാത്ത വിധത്തിലും വേഗം കുറയ്‌ക്കേണ്ട തരത്തിലും പാതയ്ക്ക് സമാന്തരമായ ചെരിവോടെ ആരംഭിക്കുകയും മേശപ്പുറംപോലെയുള്ള നിരപ്പായ പ്രതലത്തിനുശേഷം വീണ്ടും ചെരിവോടെ അവസാനിക്കുന്നതുമാണ് ഇത്തരം സീബ്രാ ക്രോസിങ്ങുകൾ. ടാർമിശ്രിതം ഉപയോഗിച്ച് പാതയ്ക്ക് കുറുകേയാണ് ഇത് നിർമിക്കുക.

പൊതുമരാമത്ത് വകുപ്പ് രണ്ടുവർഷത്തിനിടെ കോഴിക്കോട് ജില്ലയിൽ പുതുതായി നിർമിച്ച പാതകളിലെല്ലാം ഇത്തരം സീബ്രാക്രോസിങ്ങുകളാണ് വെച്ചത്. വാഹനത്തിന്റെ വേഗം കുറയ്ക്കാനും സീബ്രാവരയിൽക്കയറ്റി നിർത്തുന്നത് കുറയ്ക്കാനും ഇത് ഗുണകരമായെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഇത് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

സീബ്രാക്രോസിങ്ങിൽ കാൽനടയാത്രക്കാരുടെ സുരക്ഷയും അവകാശവും സംരക്ഷിക്കണമെന്ന ഹൈക്കോടതി നിർദേശത്തെത്തുടർന്നാണിത്. നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സമാനകുറ്റം ആവർത്തിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കണമെന്നാണ് കോടതി നിർദേശം. വാഹനത്തിന്റെ വേഗംകൂട്ടിയും ഹോണടിച്ചും കാൽനടയാത്രക്കാരെ ഭയപ്പെടുത്തുന്നവർക്കെതിരേ പിഴചുമത്തും. സീബ്രാ ക്രോസിങ്ങിൽ പാലിക്കേണ്ട നിയമങ്ങൾകൂടി റോഡ് ടെസ്റ്റിൽ ഉൾപ്പെടുത്തും.

സംസ്ഥാനത്ത് 1,706 ഇടങ്ങളിൽ അപകടസാധ്യതയുള്ളതായി സംയുക്ത പരിശോധനാസമിതി കണ്ടെത്തിയിട്ടുണ്ട്. സീബ്രാ ക്രോസിങ്ങുമായി ബന്ധപ്പെട്ടുമാത്രം കഴിഞ്ഞമാസം മോട്ടോർവാഹനവകുപ്പ് 901 കേസെടുത്തു. ഈവർഷം 218 പേരാണ് സീബ്രാ ക്രോസിങ്ങുകളിലുണ്ടായ അപകടത്തിൽ മരിച്ചത്.

Content Highlights: New `Table Top Zebra Crossings` to enhance pedestrian safety on roads. PWD & MVD collaborate for strict action against traffic rule violators. Learn more!