130 KM വേഗതയിൽ സഞ്ചരിക്കുന്നതിനിടെ ക്രൂയിസ് കൺട്രോൾ തകരാറിലായി; രക്ഷയ്‌ക്കെത്തി ഷാർജ പോലീസ്

ഷാര്‍ജ: ക്രൂയിസ് കണ്‍ട്രോള്‍ തകരാറിലായ വാഹനത്തിലെ ഡ്രൈവറെ സുരക്ഷിതമാക്കി ഷാര്‍ജ പോലീസ്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍ ഡ്രൈവര്‍ ഓപ്പറേഷന്‍ സെന്ററിലേക്ക് വിളിച്ച് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.
അല്‍ ദൈദ് റോഡില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെയാണ് വാഹനത്തിന്റെ ക്രൂയിസ് കണ്‍ട്രോള്‍ തകരാറിലായത്. അടിയന്തര സാഹചര്യത്തോട് ഉടനടി പ്രതികരിച്ചതായി പോലീസിലെ ഓപ്പറേഷന്‍സ് സെന്റര്‍ ആക്ടിങ് ഡയറക്ടര്‍ കേണല്‍ ഡോ. ഹംദാന്‍ അല്‍ തുനൈജി പറഞ്ഞു.
റോഡില്‍ അപകടങ്ങള്‍ ഒഴിവാക്കാനും ഡ്രൈവറുടെ സുരക്ഷ ഉറപ്പാക്കാനും ഓണ്‍-സൈറ്റ് പട്രോളിങ് സംഘവുമായി ബന്ധപ്പെട്ടു. പരിഭ്രാന്തി ഒഴിവാക്കാനും സമയോചിതമായി ഇടപെടാനും ഓപ്പറേഷന്‍ സെന്ററിലെ ജീവനക്കാര്‍ ഡ്രൈവര്‍ക്ക് നിര്‍ദേശങ്ങളും നല്‍കി. പോലീസിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിച്ചതിലൂടെ ഡ്രൈവര്‍ക്ക് വാഹനം സുരക്ഷിതമായി നിര്‍ത്താനും പരിക്കേല്‍ക്കാതെ പുറത്തിറങ്ങാനും കഴിഞ്ഞു. ഡ്രൈവിങ്ങിനിടെ അടിയന്തര സാഹചര്യങ്ങള്‍ നേരിട്ടാല്‍ 999-ല്‍ ഓപ്പറേഷന്‍ സെന്ററുമായി ബന്ധപ്പെടണമെന്നും അല്‍ തുനൈജി നിര്‍ദേശിച്ചു.
Content Highlights: Sharjah Police swiftly responded to a cruise control malfunction,safely guiding a driver to stop car