16,000 കിലോമീറ്ററിലേറെ സഞ്ചരിച്ചു; റാസൽഖൈമയിൽ റോബോടാക്‌സി, റോബോബസ് പരീക്ഷണയോട്ടം

റാസൽഖൈമ: അൽ മർജാൻ ദ്വീപിൽ റോബോടാക്‌സികളും റോബോബസുകളും പരീക്ഷണയോട്ടം തുടരുന്നു. മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള എമിറേറ്റിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നെന്ന നിലയിലാണ് അൽ മർജാനെ തിരഞ്ഞെടുത്തത്. ഭാവി ആവശ്യകതകൾക്ക് അനുസൃതമായ ഗതാഗത സംവിധാനം രൂപകല്പന ചെയ്യാനുള്ള എമിറേറ്റിന്റെ സുപ്രധാന ചുവടുവെപ്പാണിത്.
നിലവിൽ റോബോടാക്‌സികളും റോബോബസുകളും പരീക്ഷണ ഘട്ടത്തിൽ 650 മണിക്കൂറുകളിലായി 16,000 കിലോമീറ്ററിലേറെ സഞ്ചരിച്ചു. വിവിധ ഗതാഗത സാഹചര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന നൂതന സെൻസിങ്, നാവിഗേഷൻ സംവിധാനങ്ങളുടെ കാര്യക്ഷമതയും പരീക്ഷണഘട്ടത്തിൽ വിലയിരുത്തി. വാഹനങ്ങൾ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും വിശ്വാസ്യതയും കാര്യക്ഷമതയും ഉറപ്പാക്കിയിട്ടുണ്ട്.
ഐ.എസ്.ഒ. 26262, ഐ.എസ്.ഒ. 21448 എന്നീ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് വാഹനങ്ങൾ പ്രവർത്തിക്കുന്നത്. ഭാവിയിൽ വിനോദസഞ്ചാര മേഖലകളിൽ ഉൾപ്പടെ പൊതു ഉപയോഗത്തിനായി സ്വയംനിയന്ത്രിത വാഹനങ്ങൾ വിന്യസിക്കാനുള്ള തീരുമാനത്തിന് മികച്ച പിന്തുണയാണ് താമസക്കാരിൽനിന്നും സന്ദർശകരിൽനിന്നും ലഭിക്കുന്നത്.
പൊതുസുരക്ഷ, സൈബർ സുരക്ഷ, ഡേറ്റ സംരക്ഷണം എന്നിവയ്ക്ക് അതീവ പ്രാധാന്യം നൽകിയാണ് സുരക്ഷിതമായ ഗതാഗത അന്തരീക്ഷം ഒരുക്കുന്നത്. ഭാവിയിൽ അധിക വാഹനങ്ങൾ വിന്യസിച്ചും റൂട്ടുകൾ വിപുലീകരിച്ചും എമിറേറ്റിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യും.
ഗതാഗതക്കുരുക്കും കാർബൺ പുറന്തള്ളലും കുറയ്ക്കുന്നതിലും സ്വയംനിയന്ത്രിത വാഹനങ്ങൾ നിർണായകമാകും. സ്മാർട്ട്, സുസ്ഥിര ഗതാഗത നവീകരണത്തിന്റെ പ്രധാന കേന്ദ്രമായി എമിറേറ്റിന്റെ പദവി ഉയർത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Content Highlights: Over 16,000km and 650 hours of successful autonomous testing completed., Trials conducted at Al Marjan Island to enhance tourism connectivity., Compliance with international ISO 26262 and ISO 21448 safety standards., Focus on reducing traffic congestion and carbon emissions., Future plans to expand routes and integrate smart mobility across the Emirate.