റോഡിൽ കുഴിയുണ്ടോ, 'റോഡ് ഡോക്ടർ' അടയ്ക്കും; നല്ല മാതൃകയെന്ന് ജനങ്ങൾ

മോശം റോഡുകൾ നമ്മുടെ നാട്ടിൽ എല്ലാകാലത്തും ചർച്ചയാകുന്ന ഒരു കാര്യമാണ്. റോഡിൽ ഒരു സ്ഥലത്ത് ഒരു കുഴിയുണ്ടായാൽ അത് നന്നാക്കാതെ കിടന്ന് ആ ഒരു പ്രദേശം മുഴുവൻ പൊട്ടിപൊളിഞ്ഞ് പോകുന്നതാണ് കീഴ്‌വഴക്കം. റോഡിലെ വാഹനങ്ങളുടെ തിരക്ക്, റോഡ് ബ്ലോക്ക് ചെയ്യേണ്ട സാഹചര്യം എന്നിവയെല്ലാം കണക്കിലെടുത്താണ് റോഡിൽ ചെറിയ കുഴികൾ ഉണ്ടാകുന്നത് അടയ്ക്കാൻ ഇതുമായി ബന്ധപ്പെട്ട വകുപ്പ് പലപ്പോഴും തയാറാകാത്തത്. ഇതിനുള്ള മാതൃകാപരമായ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ആന്ധ്രപ്രദേശിലെ പ്രാദേശിക ഭരണകൂടം.
റോഡ് ഡോക്ടർ എന്നാണ് ആന്ധ്രയിലെ കക്കിനട മുനിസിപ്പൽ കോർപറേഷൻ അവതരിപ്പിച്ച ഈ സംവിധാനത്തിന് നൽകിയിട്ടുള്ള പേര്. റോഡുകളിൽ കുഴികളും മറ്റും കണ്ടെത്തി ഉടൻ തന്നെ അത് അടയ്ക്കുന്നതിനാണ് റോഡ് ഡോക്ടർ സംവിധാനം ഒരുക്കിയിരിക്കുന്നത്. കക്കിനട കോർപറേഷനിലെ എല്ലാ ജനവാസ മേഖലകളിലേയും മറ്റ് പ്രദേശങ്ങളിലേയും റോഡുകളിലൂടെ പ്രതിദിനം ഈ വാഹനം സഞ്ചരിക്കുകയും റോഡിൽ കുഴികൾ കണ്ടെത്തിയാൽ ഉടൻ ഇത് അടയ്ക്കുകയും ചെയ്യും.
ഗതാഗതം തടസ്സപ്പെടുത്താതെ തന്നെ റോഡിലെ കുഴികൾ പൂർണമായും അടക്കാൻ സാധിക്കുമെന്നതാണ് റോഡ് ഡോക്ടറിന്റെ പ്രത്യേകത. പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി ഈ മൊബൈൽ യൂണിറ്റിലെ യന്ത്രങ്ങളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. കുഴി അടയ്ക്കുന്നതിനുള്ള ടാർ ഉൾപ്പെടെയുള്ള വസ്തുകൾ ചേർന്ന മിശ്രിതമൊരുക്കുന്നതും ടാർ ഇട്ടശേഷം ഇത് ലെവൽ ചെയ്യുന്നതും ഉറപ്പിക്കുന്നതുമായുള്ള യന്ത്രസാമഗ്രികളും ഈ വാഹനത്തിനുള്ളിലുണ്ട്.
റോഡിൽ ഉണ്ടാകുന്ന ചെറിയ വിള്ളലുകൾ പോലും കണ്ടെത്തി ആവശ്യമായ മിശ്രിതങ്ങൾ ഉപയോഗിച്ച് ഇത് പരിഹരിക്കുന്നതിലൂടെ പിന്നീട് ഉണ്ടായേക്കാവുന്ന കേടുപാടുകൾ പോലും ഒഴിവാക്കാനും സാധിക്കും. റോഡ് നന്നാക്കാനുള്ള ജോലിക്കാരുടെ എണ്ണത്തിൽ കുറവ് വരുത്താൻ സാധിക്കുന്നത് പോലെ തന്നെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പണികൾ പൂർത്തിയാക്കാനും ഈ സംവിധാനത്തിന് സാധിക്കുന്നുണ്ട്. താരതമ്യേന ചെലവ് കുറഞ്ഞ സംവിധാനമാണിത്.
റോഡ് ഡോക്ടർ സംവിധാനത്തിന്റെ വീഡിയോകൾക്കും ദൃശ്യങ്ങൾക്കും സാമൂഹിക മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജനങ്ങളുടെ നികുതി പണം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നതിന് ഉദാഹരണമാണ് റോഡ് ഡോക്ടർ എന്ന കുറിപ്പോടെയാണ് വിനീത് എന്നയാൾ ഈ ദൃശ്യങ്ങൾ എക്‌സിൽ പങ്കുവെച്ചിരിക്കുന്നത്. ഈ സംവിധാനം മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്നതാണെന്ന് തുടങ്ങിയുള്ള കമന്റുകളും വീഡിയോയുടെ താഴെ നിറയുന്നുണ്ട്
Content Highlights: Discover `Road Doctor,` an innovative mobile unit in Kakinada, Andhra Pradesh, that fills potholes quickly and efficiently, saving taxpayer money. See how it works!