യൂറോപ്പിലേക്കുള്ള കാറുകൾ ഇനി ചെന്നൈയിൽ രൂപകൽപന ചെയ്യും; പുതിയ ഡിസൈനിങ് സ്റ്റുഡിയോ തുറന്ന് റെനോ

ഇന്ത്യയിലെ രണ്ടാമത്തെ ഡിസൈനിങ് സ്റ്റുഡിയോ ചെന്നൈയിൽ ആരംഭിച്ച് ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ. യൂറോപ്പിന് പുറത്തുള്ള റെനോയുടെ ഏറ്റവും വലിയ ഡിസൈനിങ് കേന്ദ്രമാണിതെന്ന് കമ്പനി അറിയിച്ചു. 2005-ൽ പുണെയിലായിരുന്നു റെനോ ആദ്യം ഡിസൈനിങ് സ്റ്റുഡിയോ സ്ഥാപിച്ചത്.
1.5 ദശലക്ഷം യൂറോയുടെ (14.68 കോടി രൂപ) നിക്ഷേപത്തിന്റെ ഫലമാണ് റെനോ ഡിസൈൻ സെന്റർ ചെന്നൈ (ആർഡിസിസി). 15,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പുതിയ കേന്ദ്രം ഇന്ത്യക്ക് വേണ്ടി മാത്രമല്ല, യൂറോപ്പ് ഉൾപ്പെടെയുള്ള മറ്റ് അന്താരാഷ്ട്ര വിപണികൾക്കായും പുതിയ കാറുകൾ രൂപകൽപ്പന ചെയ്യുന്നതിനായാണ് സജ്ജമാക്കിയിരിക്കുന്നത്. ചടങ്ങിൽ, ഒരു 3D ശിൽപവും റെനോ അനാച്ഛാദനം ചെയ്തു. ഇത് വരാനിരിക്കുന്ന പുതിയ തലമുറ ഡസ്റ്ററിന്റെ പ്രിവ്യൂ ആണെന്നാണ് കരുതുന്നത്.
2027 ഏപ്രിലോടെ ഇന്ത്യയിൽ അഞ്ച് പുതിയ മോഡലുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നതായും റെനോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ പുതിയ മോഡലുകളും നിലവിലുള്ള മോഡലുകളുടെ പരിഷ്ക്കരിച്ച പതിപ്പുകളും ഉൾപ്പെടുന്നു. വരാനിരിക്കുന്ന എല്ലാ മോഡലുകളിലും സൺറൂഫ് ഓപ്ഷൻ ഉണ്ടാകുമെന്നും കമ്പനി സ്ഥിരീകരിച്ചു. അടുത്ത തലമുറ ഡസ്റ്റർ, അതിന്റെ 7 സീറ്റർ പതിപ്പ്, എസ്‌യുവികൾ, പ്രാദേശികമായി നിർമിക്കുന്ന ഒരു ഇലക്ട്രിക് വാഹനം, കൈഗർ, ട്രൈബർ എന്നിവയുടെ പരിഷ്ക്കരിച്ച പതിപ്പുകൾ എന്നിവ പുതിയ നിരയിൽ ഉൾപ്പെടും.
മൂന്നാം തലമുറ ഡസ്റ്റർ 2026-ലാകും എത്തുക. തൊട്ടുപിന്നാലെ 7സീറ്റർ വേരിയന്റും വരും. 2021-ൽ പുറത്തിറങ്ങിയ ഡാസിയ ബിഗ്സ്റ്റർ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ രണ്ട് എസ്‌യുവികളും. റെനോയുടെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളിലൊന്ന് CMF-A പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ഡാസിയ സ്പ്രിങ് ഇവിയുടെ പ്രാദേശികവൽക്കരിച്ച പതിപ്പായിരിക്കാനാണ് സാധ്യത.
ഡാസിയ സ്പ്രിങ്ങിന്റെ ഐസിഇ പതിപ്പാണ് ഇന്ത്യയിൽ റെനോ ക്വിഡ് എന്ന പേരിൽ റീബ്രാൻഡ് ചെയ്തിരിക്കുന്നത്. ഇലക്ട്രിക് പതിപ്പിനെ ഇന്ത്യയിൽ ക്വിഡ് ഇവി എന്ന് വിളിക്കാനാണ് സാധ്യത. അടുത്ത തലമുറ കൈഗർ, ട്രൈബർ എന്നിവയ്ക്ക് മെച്ചപ്പെടുത്തിയ ഇന്റീരിയറുകൾക്കൊപ്പം ഡിസൈനിലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
Content Highlights: Renault opens its second design studio in Chennai, its largest outside Europe.