മാസ് എൻട്രിക്കൊരുങ്ങി റെനോ ഡസ്റ്റർ, ഷോറൂമുകളിൽ എത്തിത്തുടങ്ങി, നിരത്തുകളിൽ ഏപ്രിലിൽ

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയ്ക്ക് ഇന്ത്യയിൽ മേൽവിലാസം നൽകിയ വാഹനമാണ് ഡസ്റ്റർ എസ്‌യുവി. 2012-ലാണ് ഡസ്റ്റർ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. മിഡ് സൈസ് എസ്‌യുവി എന്ന ഒരു സെഗ്മെന്റിന്റെ തുടക്കം കൂടിയായിരുന്നു അത്. ആദ്യമെത്തിയ വാഹനമെന്ന പരിഗണനയിൽ ഒരുപതിറ്റാണ്ട് പിടിച്ചുനിന്നെങ്കിലും 2022-ഓടെ നിരത്തൊഴിയാൻ നിർബന്ധിതരാകുകയായിരുന്നു. എതിരാളികൾക്കൊപ്പമെത്താനുള്ള സൗകര്യങ്ങളും സംവിധാനങ്ങളുമില്ലെന്നതായിരുന്നു ഈ പിൻവാങ്ങലിന്റെ പ്രധാന കാരണം.
നാല് വർഷങ്ങൾക്കിപ്പുറം കൂടുതൽ വീറോടെ തിരിച്ചെത്തിയിരിക്കുകയാണ് ഡസ്റ്റർ. 2026 ജനുവരി 26-ന് ഇന്ത്യയിൽ ആദ്യ പ്രദർശനം നടത്തിയ ഡസ്റ്റർ ഏപ്രിൽ മാസത്തോടെയാണ് നിരത്തിലെത്തുക. എതിരാളികൾക്കൊപ്പം മത്സരിക്കാൻ പോകുന്ന ഫീച്ചറുകളും സ്റ്റൈലും സുരക്ഷയുമെല്ലാം ഉറപ്പാക്കിയാണ് ഈ വരവ്. വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി ഉപയോക്താക്കൾക്ക് വാഹനം കണ്ടറിയുന്നതിനായി ഡീലർഷിപ്പുകളിൽ ഈ വാഹനം എത്തിത്തുടങ്ങിയിട്ടുണ്ട്.
ആദ്യ പ്രദർശനത്തിനൊപ്പം തന്നെ 2026 ഡസ്റ്റർ എസ്‌യുവിയുടെ ബുക്കിങ് ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഏതാനും തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ ഡസ്റ്റർ എസ്‌യുവികൾ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ ഡീലർഷിപ്പുകളിൽ എത്തിയിട്ടുള്ള വാഹനങ്ങളായിരിക്കും വിവിധ പ്രദേശങ്ങളിലേക്ക് അയയ്ക്കുക. ഒരു ഡീലർഷിപ്പുകളിൽ പരമാവധി മൂന്ന് ദിവസമായിരിക്കും പ്രദർശിപ്പിക്കുക. പിന്നീട് അടുത്തുള്ള മറ്റ് ഡീലർഷിപ്പുകളിലേക്ക് ഈ വാഹനം കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്.
മിഡ് സൈസ് എസ്‌യുവി ശ്രേണിയിലെ എതിരാളികൾക്ക് കടുത്ത മത്സരം സമ്മാനിക്കാൻ ഉറപ്പിച്ചാണ് പുതിയ ഡസ്റ്റർ നിരത്തുകളിൽ എത്താനൊരുങ്ങുന്നത്. മെയ്ഡ് ഇൻ ഇന്ത്യ പ്രൊഡക്ടായ ഡസ്റ്ററിന്റെ 90 ശതമാനവും ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. ബുള്ളറ്റ് പ്രൂഫ് കരുത്തോടെ ഒരുങ്ങിയിട്ടുള്ള റെനോ ഗ്രൂപ്പ് മൊഡ്യുലാർ പ്ലാറ്റ്ഫോമിലാണ് പുതിയ ഡസ്റ്റർ നിർമിച്ചിരിക്കുന്നത്. കാർബൺ ഫൈബർ ഘടകങ്ങൾ ഉപയോഗിച്ചാണ് ഡാഷ് ബോർഡ് നിർമിച്ചത്.
ഡീസൽ എൻജിനുമായായിരുന്നു ഡസ്റ്ററിന്റെ തുടക്കമെങ്കിൽ രണ്ടാം വരവിൽ പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. മൂന്ന് എൻജിൻ ഓപ്ഷനുകളിൽ ഡസ്റ്റർ നിരത്തുകളിൽ എത്തും. 1.3 ലിറ്റർ ടർബോ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.8 ലിറ്റർ ഹൈബ്രിഡ് എന്നിവയാണ് ഇതിലെ എൻജിനുകൾ. എന്നാൽ, ആദ്യഘട്ടത്തിൽ ഹൈബ്രിഡ് പവർട്രെയിനിലുള്ള മോഡൽ എത്തിയേക്കില്ല. ഇത് ഉത്സവ സീസണിന്റെ ഭാഗമായായിരിക്കും അവതരിപ്പിക്കുകയെന്നാണ് സൂചന.
Content Highlights: The iconic Renault Duster is back! See the all-new Duster at dealerships, with bookings open and launch expected soon. Experience its new features & style.