ലോകത്ത് ആകെ 25 എണ്ണം മാത്രം; റോൾസ് റോയ്സ് ഫാന്റം ശതാബ്ദി എഡിഷൻ രവി പിള്ളയ്ക്ക് സ്വന്തം

#പി.പി. ശശീന്ദ്രൻ
റോൾസ് റോയ്‌സിന്റെ ഫാന്റം സെന്റിനറി എഡിഷൻ കാറുമായി മലയാളി വ്യവസായി ഡോ. ബി. രവി പിള്ള
റോൾസ് റോയ്‌സിന്റെ ഫാന്റം സെന്റിനറി എഡിഷൻ കാറുമായി മലയാളി വ്യവസായി ഡോ. ബി. രവി പിള്ള

ലോകത്തിലെ ഏറ്റവും മികച്ചതും വിലയേറിയതുമായ ആഡംബര കാർ എന്ന വിശേഷണമുള്ള റോൾസ് റോയ്സിന്റെ സുപ്രധാന മോഡലാണ് ഫാന്റം. 1925-ൽ പുറത്തിറക്കിയ ആദ്യ ഫാന്റം മോഡലിന് നൂറുവർഷം തികയുമ്പോൾ അതിന്റെ ഓർമ്മയ്ക്കായി ലോകത്താകമാനമായി 25 പ്രത്യേക ലിമിറ്റഡ് എഡിഷൻ കാറുകളാണ് അവർ പുറത്തിറക്കിയത്. ഒരു വർഷം മുൻപുതന്നെ അതിനായി അവർ 25 പ്രമുഖരെ കണ്ടെത്തി. പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ഡോ. ബി. രവി പിള്ളയാണ് ആ ഇരുപത്തിയഞ്ചിലെ ഏക മലയാളിയും ഇന്ത്യക്കാരനും. ലണ്ടനിൽനിന്ന് ദുബായ് വഴി ബഹ്റൈനിൽ എത്തിച്ച കാർ കഴിഞ്ഞ ദിവസം ഡോ. രവി പിള്ള ഏറ്റുവാങ്ങി.

മുപ്പത് ലക്ഷം ഡോളറിലേറെയാണ് (ഏതാണ്ട് 30 കോടി രൂപ) കാറിന്റെ വില. ഓരോ കാറും നിറത്തിലും ആഡംബരത്തിലും വ്യത്യസ്തമായ രീതിയിൽ കസ്റ്റമൈസ് ചെയ്താണ് അവതരിപ്പിച്ചിരിക്കുന്നത്. ആഡംബരവും ഭംഗിയും ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളും സംഗമിക്കുന്നതാണ് ഫാന്റം സെന്റിനറി മോഡൽ.

പ്രത്യേക സംവിധാനങ്ങളും ഉടമയുടെ താത്പര്യങ്ങൾക്കനുസരിച്ചുള്ള സൗകര്യങ്ങളും സജ്ജീകരിച്ച കാറിന്റെ മുന്നിലുള്ള റോൾസ് റോയ്സിന്റെ വിഖ്യാതമായ ചിഹ്നം 24 കാരറ്റ് സ്വർണത്തിൽ തീർത്തതാണ്. ഉൾഭാഗത്തെ അലങ്കാരങ്ങളിലും സ്വർണത്തിന്റെ സാന്നിധ്യമുണ്ട്. സീറ്റുകളാകട്ടെ റോൾസ് റോയ്സിന്റെയും ഫാന്റത്തിന്റെയും ചരിത്രവും കഥയും ആലേഖനം ചെയ്യുന്ന ആകർഷകമായ 77 ചിത്രത്തുന്നലുകളാൽ മനോഹരം. 4,40,00 തുന്നലുകളിലൂടെയാണ് ഫാന്റത്തിന്റെ ചരിത്രം സീറ്റുകളിൽ ആലേഖനം ചെയ്തിരിക്കുന്നത്.

ഫാന്റത്തിന്റെ ഏഴാം തലമുറ കാറായാണ് സെന്റിനറി എഡിഷൻ. ശബ്ദമോ കുലുക്കമോ ഒന്നും അറിയാത്ത വിധത്തിൽ റോഡിലൂടെ ഒരു വിമാനം ഒഴുകുന്ന അനുഭൂതിയാണ് ഫാന്റം സമ്മാനിക്കുന്നത്. അഞ്ച് സെക്കൻഡിൽ 60 മൈൽ വേഗം കൈവരിക്കാവുന്ന എൻജിൻ ശേഷിയാണ് കാറിനുള്ളത്.

ജീവിതത്തിൽ ഒരിക്കലും കൈമാറരുതെന്ന അഭ്യർഥനയോടെയാണ് അവർ കാർ കൈമാറിയതെന്ന് ഡോ. രവി പിള്ള പറഞ്ഞു. ഫാന്റത്തിന്റെ ചരിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2010-ലാണ് റോൾസ് റോയ്സുമായി രവി പിള്ള ചങ്ങാത്തം തുടങ്ങുന്നത്. ‘കാർ കണ്ടുനോക്കൂ...’ എന്ന അവരുടെ ക്ഷണമനുസരിച്ച് സിങ്കപ്പൂരിൽവെച്ചാണ് ആദ്യമായി അവരുമായി ബന്ധപ്പെടുന്നത്. ഗോസ്റ്റ് എന്ന മോഡലായിരുന്നു സിങ്കപ്പൂരിൽ എത്തിച്ചത്. ഒറ്റനോട്ടത്തിൽ തന്നെ അതിന്റെ ഭംഗിയിൽ ആകൃഷ്ടനായ രവിപിള്ള, അന്നുതന്നെ നാല് കാറുകൾ വാങ്ങാനുള്ള കരാറിൽ ഒപ്പിട്ടു. അതിനുള്ള മുൻകൂർ തുകയും അവിടെ വെച്ച് കൈമാറി. റോൾസ് റോയ്സ് കമ്പനിയെ ഞെട്ടിച്ചതായിരുന്നു ആ ഇടപാട്.

റോൾസ് റോയ്സിന്റെ ചരിത്രത്തിൽ ഒറ്റദിവസം നാല് കാറുകൾക്ക് ഓർഡർ നൽകുന്ന ആദ്യ വ്യക്തിയായി അന്ന് രവി പിള്ള. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഫാന്റവും അദ്ദേഹത്തിന്റെ കാർ ശേഖരത്തിലെത്തുന്നത്.650 കോടി രൂപ ചെലവിൽ അമേരിക്കൻ വിമാനക്കമ്പനിയായ ഗൾഫ് സ്ട്രീമിന്റെ ജി600 എന്ന അത്യാഡംബര വിമാനം അദ്ദേഹം കഴിഞ്ഞ വർഷം സ്വന്തമാക്കിയിരുന്നു.

Content Highlights: NRI businessman Dr. B. Ravi Pillai is the sole Indian and Malayali to own the exclusive Rolls-Royce Phantom Centenary Edition, a symbol of ultimate luxury and engineering.