15 മിനിറ്റിലധികം സ്വകാര്യവാഹനങ്ങൾ നിർത്തിയിട്ടാൽ 500 രൂപ പിഴ,പുണെ വിമാനത്താവളത്തിൽ പ്രത്യേക സ്ക്വാഡ്

പുണെ: പുണെ വിമാനത്താവളത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനുംവേണ്ടി അധികൃതർ കർശനമായ പുതിയ നയം പ്രഖ്യാപിച്ചു. വിമാനത്താവള ടെർമിനൽ കെട്ടിടത്തിനുമുന്നിൽ 15 മിനിറ്റിൽക്കൂടുതൽ നിർത്തിയിടുന്ന സ്വകാര്യ നാലുചക്രവാഹനങ്ങൾക്ക് ഇനിമുതൽ 500 രൂപ പിഴചുമത്തും.
വാഹനഗതാഗതം സുഗമമാക്കുന്നതിനും യാത്രക്കാർക്ക് ആശ്വാസംനൽകുന്നതിനും ഈ തീരുമാനം സഹായിക്കുമെന്ന് പുണെ വിമാനത്താവള ഡയറക്ടർ സന്തോഷ് ധോക്കെ പറഞ്ഞു. ഈ നിയമം നടപ്പാക്കുന്നതിനുള്ള നിർദേശം ഡൽഹി ആസ്ഥാനത്തേക്ക് അയച്ചതായും അവരുടെ അംഗീകാരത്തിനുശേഷം, നടപ്പാക്കൽപ്രക്രിയ ആരംഭിച്ചിട്ടുണ്ടെന്നും സന്തോഷ് ധോക്കെ പറഞ്ഞു.
നിയമലംഘകരെ തിരിച്ചറിയുന്നതിനും ശിക്ഷിക്കുന്നതിനും പുതിയ നിയമം കർശനമായി നടപ്പാക്കുന്നതിനും ഒരു പ്രത്യേക സ്ക്വാഡിനെ ചുമതലപ്പെടുത്തുമെന്നും ധോക്കെ പറഞ്ഞു.
Content Highlights: Private vehicles parked for more than 15 minutes at Pune airport fined Rs 500