ഡേവിസ് ഡബിൾബെല്ലടിച്ചു, ഇത് മധുരപ്രതിഷേധം; പുരുഷന്മാർക്ക് ഫ്രീ യാത്രയുമായി ലിറ്റിൽഫ്ളവർ ബസ്

കൊച്ചി: ബസിൽ കയറി ടിക്കറ്റിനായി പോക്കറ്റിൽ നിന്ന് കാശെടുക്കുമ്പോൾ 78-കാരനായ കുഞ്ഞപ്പൻ ചേട്ടനെ നോക്കി ഒരു ചിരിയായിരുന്നു ഡേവിസിന്റെ മറുപടി, ''ഇന്ന് ഈ ബസിൽ പുരുഷൻമാർ ടിക്കറ്റെടുക്കണ്ട, നിങ്ങൾക്ക് യാത്ര ഫ്രീ ...'' ചിരിയോടെ തന്നെ കുഞ്ഞപ്പന്റെ അരികിൽ നിന്ന് അടുത്ത സീറ്റിലേക്ക് പോകുമ്പോൾ ഡേവിസിന് നേരെ ഗീതയും മകൾ ശർമിഷ്ഠയും കാശ് നീട്ടി. അവർക്ക് ടിക്കറ്റ് കൊടുത്ത ശേഷം കൈയിലുണ്ടായിരുന്ന ഒരു കവറിൽ നിന്ന് രണ്ട് ലഡുവെടുത്ത് നൽകിയ ശേഷം ഡേവിസ് പറഞ്ഞു, ''ഇത് ഞങ്ങളെ കൈവിടാത്ത സഹോദരിമാർക്കുള്ള മധുരമാണ്..'' ആലുവ-മാഞ്ഞാലി റൂട്ടിൽ ഓടുന്ന ലിറ്റിൽ ഫ്ളവർ ബസിൽ തിങ്കളാഴ്ച പകൽ കണ്ടത് ഒരു മധുര പ്രതിഷേധം.
കെ.എസ്.ആർ.ടി,സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങിയ ദിവസം വേറിട്ടൊരു പ്രതിഷേധവുമായാണ് ബി.ഒ. ഡേവിസ് എന്ന സ്വകാര്യ ബസ്സുടമ രംഗത്തെത്തിയത്. തിങ്കളാഴ്ച ഡേവിസിന്റെ ബസ് നടത്തിയ 14 സർവീസുകളിലും പുരുഷൻമാർക്ക് യാത്ര സൗജന്യമായിരുന്നു. ബസിൽ കയറിയ സ്ത്രീകൾക്കാകട്ടെ ടിക്കറ്റിനൊപ്പം മധുരം വിതരണം ചെയ്യാനും ഡേവിസ് മറന്നില്ല.
''സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി.യിൽ യാത്ര സൗജന്യമാക്കുന്നതിലല്ല ഞങ്ങളുടെ പ്രതിഷേധം. അശാസ്ത്രീയമായി ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുമ്പോൾ ഇവിടെയുണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങളും നീതികേടുമാണ് ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഒരു സ്ത്രീക്കും ജീവിക്കാൻ ഒരു ഗതിയുമില്ലാത്ത സ്ത്രീക്കും ഒരുപോലെ സൗജന്യം കൊടുക്കുന്നതിൽ എന്ത് അർഥമാണുള്ളത്.
സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയല്ലേ ഇതുകൊണ്ടുണ്ടാകുന്നത്. അർഹരായ വിദ്യാർഥികളെ ഒഴിവാക്കി സ്ത്രീകൾക്ക് മാത്രം സൗജന്യം കൊടുക്കുന്നത് വിദ്യാർഥികൾക്ക് വോട്ടില്ലാത്തതുകൊണ്ടല്ലേ...'' ബസ് ഓടിക്കൊണ്ടിരിക്കുമ്പോൾ അതിനേക്കാൾ വേഗത്തിലായിരുന്നു ഡേവിസിന്റെ പ്രതിഷേധം. ആശുപത്രിയിലേക്ക് പോകാൻ ബസിൽ കയറിയ ശശിയും ഭാര്യ ശാന്തയും 50 രൂപ എടുത്ത് നൽകിയപ്പോൾ ഒരാളുടെ മാത്രം ടിക്കറ്റിന് കാശെടുത്ത കണ്ടക്ടർ ഒരാൾക്ക് മധുരവും നൽകി.
Content Highlights: Private bus owner Davis protests the KSRTC free travel scheme for women., The protest involved offering free travel to all male passengers on the Little Flower bus., Female passengers were offered sweets as a symbolic gesture., The protest highlights concerns regarding the economic viability of the scheme., The owner questions the lack of support for students compared to the current policy.