KSRTC ബോർഡ് വെച്ച് പ്രൈവറ്റ് ബസ് ഓടിച്ചോളൂ, ഇൻഷുറൻസ് അടയ്ക്കാം ഡ്രൈവറേയും തരാം; സർക്കാരിനോട് ഉടമകൾ

#Auto Desk
പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

ആലപ്പുഴ: സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി. ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സർക്കാരിനു കത്തുനൽകി.

പ്രിയദർശിനി പദ്ധതിയോടെ സ്വകാര്യബസ് മേഖല കൂടുതൽ തകർച്ചയിലായതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും കത്തു നൽകിയത്. സർക്കാർ നിയോഗിച്ച മുൻ ഡി.ജി.പി. കെ. പദ്മകുമാർ അധ്യക്ഷനായ സമിതി മുൻപാകെയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബസുടമകൾ പറഞ്ഞു. സ്വകാര്യബസ് മേഖലയുടെ നഷ്ടം പഠിക്കാനാണ് സമിതിയെ നിയോഗിച്ചത്.

കെ.എസ്.ആർ.ടി.സി.യുടെ ബോർഡുവെച്ച് സർക്കാർ നിയന്ത്രണത്തിൽ സ്വകാര്യബസ് ഓടിക്കാം. പെർമിറ്റും ഉടമസ്ഥാവകാശവും ഉടമകൾക്കു തന്നെയായിരിക്കും. ഡ്രൈവറെ നൽകാൻ തയ്യാറാണ്. അറ്റകുറ്റപ്പണി, ഇൻഷുറൻസ് എന്നിവയുടെ ഉത്തരവാദിത്വം ഉടമയ്ക്കായിരിക്കും.

ഇന്ധനച്ചെലവ് കെ.എസ്.ആർ.ടി.സി. വഹിക്കുകയും കിലോമീറ്ററിന് നിശ്ചിത തുക വാടകയായി നൽകുകയും വേണം. കിലോമീറ്ററിന് ശരാശരി 55 രൂപയാണ് പ്രവർത്തനച്ചെലവ്. ഇതിന്റെ അടിസ്ഥാനത്തിൽ ലാഭകരമായ ഒരു തുക വാടകയായി നിശ്ചയിക്കാമെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ സർക്കാർ പ്രതികരിക്കുകയോ ചർച്ചയ്ക്കു വിളിക്കുകയോ ചെയ്തിട്ടില്ല.

Content Highlights: Private Bus Operators Federation wrote to Kerala CM and Transport Minister., Proposal to run private buses under KSRTC board and control due to Priyadarshini project losses., Owners retain ownership and permits while KSRTC covers fuel and pays a fixed rental per kilometer., Government has not yet responded or called for discussions on the matter.