35 വര്‍ഷം വളയം പിടിച്ച ആത്മബന്ധം, വിടപറയാന്‍ ബീന എത്തി, വികാരനിര്‍ഭരം

ബീനാ ബസിന്റെ ഡ്രൈവറായിരുന്ന കുഞ്ഞുമോന്റെ സംസ്‌കാരസമയത്ത് ബസ് എത്തിച്ചപ്പോള്‍, മരിച്ച കുഞ്ഞുമോന്‍ | Photo: Private Bus Kerala
ബീനാ ബസിന്റെ ഡ്രൈവറായിരുന്ന കുഞ്ഞുമോന്റെ സംസ്‌കാരസമയത്ത് ബസ് എത്തിച്ചപ്പോള്‍, മരിച്ച കുഞ്ഞുമോന്‍ | Photo: Private Bus Kerala

''ഇനിയും അവളുടെ വളയംപിടിക്കാന്‍ അച്ചായന്‍ ഇല്ല. അവസാനമായി അച്ചായനെ ഒന്നുകാണാന്‍ അവളും എത്തി.'' ഫെയ്സ്ബുക്കില്‍ കഴിഞ്ഞ ദിവസം ഒരു ചിത്രത്തിനൊപ്പം വൈറലായ വരികളായിരുന്നു ഇത്. ഒരു ബസും ഡ്രൈവറും തമ്മിലുള്ള ആത്മബന്ധം കുറിക്കുന്ന വരികള്‍. കോട്ടയം-അയര്‍ക്കുന്നം-മറ്റക്കര-പാലാ-റൂട്ടിലോടുന്ന ബീനാ ബസിന്റെ സാരഥിയായിരുന്നു കുഞ്ഞുമോന്‍ ചേട്ടന്‍.

മകളെപ്പോലെ ബസിനെ സ്നേഹിച്ച ആ ഡ്രൈവറുടെ സംസ്‌കാരച്ചടങ്ങില്‍ അവസാനമായി പള്ളിക്കു മുന്നിലേക്ക് ആ ബസും എത്തി. 35 വര്‍ഷത്തെ ആത്മബന്ധത്തിനൊടുവില്‍ അപൂര്‍വമായ, വികാരനിര്‍ഭരമായ, ഒരു വിടപറയല്‍. ചൊവ്വാഴ്ച പൂമറ്റം പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരച്ചടങ്ങ്. 

കുഞ്ഞുമോന്‍ ചേട്ടന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ആനത്താനം പള്ളിനീരാക്കല്‍ ജോര്‍ജ് ജോസഫ് (72) 35 വര്‍ഷമാണ് 'ബീന'യ്‌ക്കൊപ്പം നാട്ടുവഴികളിലൂടെ സഞ്ചരിച്ചത്. ഇടയ്ക്ക് കെ.എസ്.ആര്‍.ടി.സി.യില്‍ ഡ്രൈവറായി ജോലിക്ക് പോയെങ്കിലും ആ ബന്ധം 'ബ്രേക്ക്' ആയില്ല. വിരമിച്ചശേഷവും അച്ചായന്‍ ഈ ബസ് ഓടിക്കാന്‍ തിരികെയെത്തി. പിരിച്ചുകയറ്റിയ മീശയും സരസമായ ഇടപെടലുംകൊണ്ട് ആരെയും ആകര്‍ഷിക്കുന്ന പ്രകൃതമായിരുന്നു. അതുകൊണ്ട് നാട്ടുകാര്‍ക്കും പ്രിയങ്കരനായിരുന്നു.

പ്രായത്തെ വെല്ലുന്ന ഊര്‍ജവും കൃത്യനിഷ്ഠയുമായിരുന്നു അച്ചായന്റെ പ്രത്യേകതയെന്ന് ബീനാ ബസിന്റെ ഉടമ ബോബി മാത്യു പറയുന്നു. ''അച്ചായനുമായുള്ള ബന്ധം മറക്കാനാവില്ല. അതുകൊണ്ടാണ് സംസ്‌കാരച്ചടങ്ങില്‍ ബസും കൊണ്ടുവന്നിട്ടത്. ആദ്യമായി വേളാങ്കണ്ണി സര്‍വീസിന് വോള്‍വോ ബസ് എടുത്തപ്പോഴും അച്ചായന്‍ തന്നെയാണ് ഓടിച്ചത്'' ബോബി മാത്യു പറഞ്ഞു.രോഗബാധിതനായതോടെ കഴിഞ്ഞ രണ്ടുവര്‍ഷമായി ബസ് ഓടിക്കാനായിരുന്നില്ല. പക്ഷേ വഴിപിരിയാതെ ആ ബന്ധം മരണംവരെയും തുടര്‍ന്നു.

Content Highlights: Private bus driver George Joseph (Kunjumon) died, Beena Bus, Private Bus, Kottayam-Pala Beena Bus