ഇത് JK അല്ല GT! ആദ്യകാര്‍ സ്വന്തമാക്കി പ്രേമലുവിലെ 'ആദി'; സന്തോഷം പങ്കുവെച്ച് നടന്‍ ശ്യാംമോഹന്‍

പ്രേമലു എന്ന ഹിറ്റ് സിനിമയിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടനാണ് ശ്യാംമോഹന്‍. പ്രേമലുവില്‍ ശ്യാംമോഹന്‍ അവതരിപ്പിച്ച 'ആദി' എന്ന കഥാപാത്രവും ആദിയുടെ 'ജസ്റ്റ് കിഡ്ഡിങ് എന്ന ജെ.കെ'യും മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിരുന്നു. സിനിമകളിലും വെബ് സീരിസുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത് ശ്യാം മോഹന്‍ ഇപ്പോള്‍ തന്റെ ആദ്യകാറും സ്വന്തമാക്കിയിരിക്കുകയാണ്. ഫോക്‌സ് വാഗണ്‍ ടൈഗൂണിന്റെ ജി.ടി. വേരിയന്റാണ് നടന്റെ ഗാരേജിലെത്തുന്നത്. പുതിയ കാര്‍ സ്വന്തമാക്കിയതിന്റെ സന്തോഷം നടന്‍ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്.
'ഞങ്ങള്‍ക്ക് ഇനി യൂബര്‍ യാത്രകളില്ല' എന്ന് കുറിച്ചാണ് ഭാര്യയ്‌ക്കൊപ്പം പുതിയ കാറിന്റെ ഡെലിവറി സ്വീകരിച്ച ചിത്രങ്ങള്‍ ശ്യാംമോഹന്‍ പങ്കുവെച്ചത്. സിനിമയ്ക്ക് നന്ദിയെന്നും ആദ്യകാറാണെന്ന ഹാഷ്ടാഗും നടന്‍ പോസ്റ്റില്‍ കുറിച്ചിരുന്നു.
1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ്, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്നീ രണ്ട് പെട്രോള്‍ എന്‍ജിനുകളിലാണ് ടൈഗൂണ്‍ നിരത്തുകളിലെത്തുന്നത്. 1.0 ലിറ്റര്‍ എന്‍ജിന്‍ 115 പി.എസ്. പവറും 178 എന്‍.എം. ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ എന്‍ജിന്‍ 150 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡി.എസ്.ജി. ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
ഡൈനാമിക് ലൈന്‍, പെര്‍ഫോമെന്‍സ് ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി അഞ്ച് വേരിയന്റുകളിലാണ് ഫോക്സ് വാഗണ്‍ ടൈഗൂണ്‍ പുറത്തിറങ്ങുന്നത്. റെഗുലര്‍ പതിപ്പിന് 11.62 ലക്ഷം രൂപ മുതല്‍ 19.46 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഡൈനാമിക്കില്‍ കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍, ടോപ്പ്‌ലൈന്‍ എന്നിവയും പെര്‍ഫോമെന്‍സ് ലൈനില്‍ ജി.ടി, ജി.ടി. പ്ലസ് എന്നിവയുമാണ് വേരിയന്റുകള്‍. ഫോക്‌സ് വാഗണ്‍ MQB AO IN പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്.
കണക്ടിവിറ്റി ഫീച്ചറുകളും സുരക്ഷ സംവിധാനങ്ങളുമാണ് ടൈഗൂണിനെ ആകര്‍ഷകമാക്കുന്നത്. ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്കിങ്ങ് സെന്‍സര്‍, ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍, എ.ബി.എസ്. വിത്ത് ഇ.ബി.ഡി, ആറ് എയര്‍ബാഗ്, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ്, ഓട്ടോ ഡിമ്മിങ്ങ് ഐ.ആര്‍.വി.എം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, റിയര്‍വ്യൂ ക്യാമറ, മള്‍ട്ടി കൊളീഷന്‍ ബ്രേക്ക് എന്നിവയാണ് ഈ വാഹനത്തില്‍ സുരക്ഷ ഒരുക്കുന്നത്.
Content Highlights: premalu movie actor shyam mohan bought new car volkswagen taigun