PM E-Drive പദ്ധതി 2028 മാർച്ച് വരെ നീട്ടി; ടൂ, ത്രീ വീലർ EV-കൾക്കുള്ള സബ്‌സിഡി 2026ൽ നിർത്തും

പ്രധാനമന്ത്രി ഇലക്ട്രിക് ഡ്രൈവ് റെവല്യൂഷൻ ഇൻ ഇന്നൊവേറ്റീവ് വെഹിക്കിൾ എൻഹാൻസ്മെൻ്റ് (പിഎം ഇ-ഡ്രൈവ്) പദ്ധതി സർക്കാർ രണ്ട് വർഷത്തേക്ക് (2028 മാർച്ച് വരെ) നീട്ടി. അതേസമയം, ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കും മുച്ചക്രവാഹനങ്ങൾക്കുമുള്ള സബ്‌സിഡികൾ 2026 മാർച്ച് 31-ഓടെ നിർത്തലാക്കുമെന്നും ഘനവ്യവസായ മന്ത്രാലയത്തിൻ്റെ വിജ്ഞാപനത്തിൽ പറയുന്നതായി ഓട്ടോകാർ പ്രൊഫഷണൽ റിപ്പോർട്ടു ചെയ്തു.
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും ചാർജിങ് സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും പ്രോത്സാഹനം നൽകുന്ന 10,900 കോടി രൂപയുടെ പിഎം ഇ-ഡ്രൈവ് പദ്ധതി 2024 ഒക്ടോബർ ഒന്നിനാണ് ആരംഭിച്ചത്. തുടക്കത്തിൽ 2026 മാർച്ച് 31-ന് ഇത് അവസാനിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പുതിയ വിജ്ഞാപനത്തിലൂടെ പദ്ധതിയുടെ കാലാവധി 2028 മാർച്ച് 31 വരെയാണ് നീട്ടിയത്.
പിഎം ഇ-ഡ്രൈവ് പദ്ധതി പ്രകാരം ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, ആംബുലൻസുകൾ, ട്രക്കുകൾ എന്നിവ വാങ്ങുന്നതിന് 3,679 കോടി രൂപയുടെ ഡിമാൻഡ് ഇൻസെന്റീവുകൾ നൽകുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അതേസമയം ഇലക്ട്രിക് ബസുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനും പൊതു ചാർജിങ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ടെസ്റ്റിങ് സൗകര്യങ്ങൾ നവീകരിക്കുന്നതിനുമായി 7,171 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 24.79 ലക്ഷം ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ, 3.16 ലക്ഷം മുച്ചക്രവാഹനങ്ങൾ, 14,028 ബസുകളും ട്രക്കുകൾ, കൂടാതെ 88,500 ഇലക്ട്രിക് വാഹന ചാർജിങ് സൈറ്റുകൾ എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യും.
പിഎം ഇ-ഡ്രൈവ് പദ്ധതി പ്രകാരം 2024 ഒക്ടോബർ മുതൽ സർക്കാർ ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് സബ്‌സിഡി നൽകുന്നുണ്ട്. എന്നാൽ, ഇലക്ട്രിക് ട്രക്കുകൾക്കുള്ള സബ്‌സിഡികൾ 2024 ജൂലായിൽ മാത്രമാണ് പ്രഖ്യാപിച്ചത്. ഇലക്ട്രിക് ആംബുലൻസുകൾക്കുള്ള സബ്‌സിഡികൾക്കും ചാർജിങ് സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ അന്തിമഘട്ടത്തിലാണ്.
10 ശതമാനം ഇലക്ട്രിക് വാഹന വ്യാപനം കൈവരിക്കാത്ത വിഭാഗങ്ങൾക്ക് മാത്രമേ 2026 മുതൽ ഡിമാൻഡ് ഇൻസെന്റീവുകൾ ആവശ്യമുള്ളൂ എന്ന് ഉന്നത ഉദ്യോഗസ്ഥർ വിശ്വസിക്കുന്നതിനാൽ, ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കുള്ള ഡിമാൻഡ് ഇൻസെന്റീവുകൾ സർക്കാർ അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയമാധ്യമങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ സർക്കാർ നൽകുന്ന സബ്‌സിഡികൾ വാഹനത്തിൻ്റെ വില കുറയ്ക്കാൻ സ്വാഭാവികമായും സഹായിക്കും. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിൽ നിർണായകമാണ്. എന്നാൽ, ഇവി ഉപയോഗം വർധിക്കുന്നതിനനുസരിച്ച് സർക്കാർ സബ്‌സിഡികൾ ക്രമേണ കുറച്ചുകൊണ്ടുവരികയാണ്. .
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് കിലോവാട്ട്-അവറിന് (kWh) 5,000 രൂപ സബ്‌സിഡിയും ഒരു വാഹനത്തിന് 10,000 രൂപയുടെ പരിധിയുമായാണ് പിഎം ഇ-ഡ്രൈവ് പദ്ധതി ആരംഭിച്ചത്. ഈ വർഷം ഏപ്രിലിൽ ഈ ഇൻസെന്റീവ് കിലോവാട്ട്-അവറിന് 2,500 രൂപയായി പകുതിയായി കുറച്ചു. ഇലക്ട്രിക് റിക്ഷകൾക്ക് കിലോവാട്ട്-അവറിന് 5,000 രൂപ സബ്‌സിഡിയും ഒരു വാഹനത്തിന് 25,000 രൂപ പരിധിയും ലഭിച്ചിരുന്നു, അതേസമയം പാസഞ്ചർ, കാർഗോ ഇലക്ട്രിക് ഓട്ടോകൾക്ക് കഴിഞ്ഞ വർഷം കിലോവാട്ട്-അവറിന് 5,000 രൂപ സബ്‌സിഡിയും ഒരു വാഹനത്തിന് 50,000 രൂപ പരിധിയും ലഭിച്ചു. 2025 ഏപ്രിൽ മുതൽ ഈ സബ്‌സിഡികളും പകുതിയായി കുറച്ചു.
ഈ വർഷം ജൂലായിൽ, ഇലക്ട്രിക് ട്രക്ക് സബ്‌സിഡിക്കുള്ള മാർഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് 3.5 ടണ്ണിൽ കൂടുതലും 55 ടണ്ണിൽ കവിയാത്തതുമായ ഗ്രോസ് വെഹിക്കിൾ വെയ്റ്റുള്ള ഇലക്ട്രിക് ട്രക്കുകൾക്കാണ് ഇൻസെന്റീവുകൾ ബാധകം. കിലോവാട്ട്-അവർ (kWh) ബാറ്ററി ശേഷിക്ക് 5,000 രൂപ എന്ന നിരക്കിലോ അല്ലെങ്കിൽ വാഹനത്തിൻ്റെ എക്സ്-ഷോറൂം വിലയുടെ 10 ശതമാനം വരെയോ, ഏതാണോ കുറവ് അതായിരിക്കും ഇൻസെന്റീവ്.
ഇലക്ട്രിക് ആംബുലൻസുകൾക്കുള്ള മാർഗനിർദ്ദേശങ്ങൾ ഈ വർഷാവസാനത്തോടെ അന്തിമമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഘനവ്യവസായ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ഹനീഫ് ഖുറേഷി അടുത്തിടെ പറഞ്ഞിരുന്നു. "കഴിഞ്ഞ മാസം ഒരു ഇലക്ട്രിക് ആംബുലൻസിന് അംഗീകാരം ലഭിച്ചു. മറ്റ് കമ്പനികൾ ഇലക്ട്രിക് ആംബുലൻസുകൾ നിർമിക്കുന്ന പ്രക്രിയയിലാണ്. ഡിസംബറിലോ ജനുവരിയിലോ ഇലക്ട്രിക് ആംബുലൻസുകൾ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചിരുന്നു.
ചാർജിങ് അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നത് പിഎം ഇ-ഡ്രൈവിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്. 88,500 ഇലക്ട്രിക് വാഹന ചാർജിങ് സൈറ്റുകളെ പിന്തുണയ്ക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് നൽകേണ്ട സബ്‌സിഡികൾക്കുള്ള മാർഗനിർദ്ദേശങ്ങളും അന്തിമഘട്ടത്തിലാണ്.
Content Highlights: India`s PM E-DRIVE scheme extended to March 2028