വണ്ടി വിൽക്കാനും വാങ്ങാനും വരെ പരിവാഹൻ, അതാണെങ്കിൽ സ്ഥിരം പണിമുടക്കിലും; പൊല്ലാപ്പിലായി വാഹനമുടമകൾ

#സി. സാന്ദീപനി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയ്ക്കൽ: 'പരിവാഹൻ' പോർട്ടലിന്റെ പ്രവർത്തനം മിക്കപ്പോഴും തകരാറിൽ. അത്യാവശ്യസേവനങ്ങൾപോലും ലഭിക്കാതെ വാഹനമുടമകളും വ്യാപാരമേഖലയും പ്രതിസന്ധിയിലായി.

ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷൻ, വിലാസ മാറ്റം, ഉടമസ്ഥാവകാശ കൈമാറ്റം, വാഹന വായ്പയുമായി ബന്ധപ്പെട്ട ബാങ്ക് ബാധ്യത കൂട്ടിച്ചേർക്കാനും വായ്പ പൂർത്തിയായശേഷം അത് ഒഴിവാക്കാനും ഉള്ള ഹൈപ്പോത്തിക്കേഷൻ (ഒഴിവാക്കലും ചേർക്കലും) തുടങ്ങി ഒട്ടേറെ സേവനങ്ങൾ ആർ.ടി.ഒ.കൾ സന്ദർശിക്കാതെ ഓൺലൈനായി ചെയ്യാൻ സഹായിക്കുന്ന പോർട്ടലാണ് പ്രവർത്തിക്കാതായത്.

അക്ഷയസെന്ററുകളെ സമീപിച്ച് ആർ.സി. ഉടമയുടെ ഫോൺനമ്പർ മാറ്റുന്നതുപോലെയുള്ള ചെറിയ സേവനങ്ങൾപോലും സാധാരണക്കാർക്ക് ലഭിക്കാത്ത സ്ഥിതിയാണ്. കൂടുതൽ സേവനങ്ങൾ ചേർക്കുന്നതുമായി ബന്ധപ്പെട്ട് പോർട്ടൽ അപ്ഡേറ്റ് ചെയ്യുന്നതിനാലാണ് ഈ തടസ്സമെന്നും ഇത് വൈകാതെ പരിഹരിക്കുമെന്നും ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഓഫീസ് പറയുന്നു. മൂന്നുമാസത്തോളമായി ഇതും വെബ്സൈറ്റിന്റെ പ്രശ്‌നവും തുടരുകയാണ്. 

ഈ മാസം 21-ഓടെ നടപടികൾ പൂർത്തീകരിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. അപ്പോഴും സോഫ്റ്റ്‌വേർ തകരാറുകളും സംസ്ഥാനത്തിന് അനുവദനീയമായ സെർവറിന്റെ ശേഷി വർധിപ്പിക്കാത്തതും മൂലമുള്ള പ്രശ്‌നങ്ങൾ ബാക്കിനിൽക്കും. ഇക്കാര്യത്തിൽ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്കുപോലും ആശങ്കയുണ്ട്. നാഷണൽ ഇൻഫൊർമാറ്റിക്‌സ് സെന്ററാണ് (എൻ.ഐ.സി.)പരിവാഹൻ സൈറ്റ് കൈകാര്യംചെയ്യുന്നത്.

വാഹനവ്യാപാരമേഖലയ്ക്കും പ്രതിസന്ധി

പരിവാഹന്റെ പ്രശ്‌നം സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വ്യാപാരത്തെയും നന്നായി ബാധിച്ചിട്ടുണ്ട്. യൂസ്ഡ് വെഹിക്കിൾ ഡീലർമാർ ഗതാഗതമന്ത്രി, മുഖ്യമന്ത്രി എന്നിവരെക്കണ്ട് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

അംഗീകൃത ഡീലർമാർക്കു ലഭിക്കേണ്ട സേവനങ്ങൾപോലും സുഗമമായി ലഭിക്കാത്ത സാഹചര്യമാണു നിലവിലുള്ളതെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ സംസ്ഥാനജനറൽ സെക്രട്ടറി അംബു രാജാക്കാട് പറഞ്ഞു.

Content Highlights: Parivahan portal technical failures disrupt online RTO services like registration and ownership transfer in Kerala., Common services through Akshaya centres are also affected due to ongoing portal updates., Used vehicle dealers and trade sectors face severe business crises due to the server issues., Transport Commissionerate states updates are expected to complete by the 21st of this month.