നല്ല റോഡുകളിൽ അമിതവേഗം; അപകടമുണ്ടാക്കുന്നത് വലിയ വാഹനങ്ങൾ, പെട്ടുപോകുന്നത് ഇരുചക്രവാഹനങ്ങൾ

#Auto Desk
പ്രതീകാത്മക ചിത്രം| AI generated image
പ്രതീകാത്മക ചിത്രം| AI generated image

ഒറ്റപ്പാലം: നല്ല പാതകളിലെ അമിതവേഗം. അനുവദനീയമല്ലാത്ത സമയങ്ങളിലെ പാച്ചിൽ. കഴിഞ്ഞ മൂന്നുമാസത്തിനിടെ ലോറികളും സ്വകാര്യബസുകളും പാലക്കാട് ജില്ലയിൽ മാത്രമുണ്ടാക്കിയത് 87 അപകടം. പാലക്കാട്-കുളപ്പുള്ളി പാതയിലുൾപ്പെടെ നല്ല റോഡുകളിലാണ് കൂടുതൽ അപകടമുണ്ടാകുന്നത്. ഇതിൽ കുടുങ്ങുന്നതിൽ ഭൂരിഭാഗവും ഇരുചക്രവാഹന യാത്രികരാണ്. അപകടമുണ്ടാകുമ്പോൾ ചെറിയപരിശോധന നടത്തി നടപടിയെടുക്കുന്നതൊഴിച്ചാൽ മറ്റ് കർശന നടപടികളൊന്നും മോട്ടോർവാഹന വകുപ്പിന്റെ ഭാഗത്തുനിന്നില്ല.

വലിയ വാഹനങ്ങളിൽ ലോറികളും ട്രക്കുകളുമാണ് ഏറ്റവും കൂടുതൽ അപകടമുണ്ടാക്കിയിട്ടുള്ളത്. 65 അപകടമാണ് മൂന്നുമാസത്തിനിടെയുണ്ടാക്കിയത്. അതിൽ 38 ഇരുചക്രവാഹനങ്ങളെ ലോറികൾ ഇടിച്ചിട്ടു. പത്ത് കാറുകളെയും എട്ട് ഓട്ടോറിക്ഷകളെയും എട്ട് വലിയ വാഹനങ്ങളെയും ലോറിയിടിച്ച് അപകടമുണ്ടാക്കി. രണ്ട് കാൽനടയാത്രക്കാരുടെ മരണത്തിനും ലോറികളുണ്ടാക്കിയ അപകടം കാരണമായി. ചരക്കുവാഹനങ്ങൾക്ക് പട്ടണങ്ങളിൽ സഞ്ചരിക്കാൻ അനുവദനീയമായ സമയം പാലിക്കാതെ പായുന്നതും പ്രശ്‌നമാണ്.

സ്വകാര്യബസുകൾ 22 അപകടങ്ങളുണ്ടാക്കി. ഇതിൽ 19 അപകടങ്ങളിലും മറുവശത്ത് ഇരുചക്രവാഹനങ്ങളാണ്. ഒരപകടം ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചാണ്. കാറുകളുമായി കൂട്ടിയിടിച്ച് രണ്ട് അപകടങ്ങളുണ്ടായി. ഇതിൽ ഏറെയും അമിതവേഗം സഞ്ചരിക്കുമ്പോഴും മറ്റ് വാഹനത്തെ മറികടക്കുമ്പോഴുമാണുണ്ടായത്.

മാർച്ച് 26-ന് കൂനത്തറയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് 41-കാരി മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന ഒൻപത് വയസ്സുകാരനായ മകന് പരിക്കേൽക്കുകയുംചെയ്തു. അപകടത്തിന് കാരണമായ ബസ് നാട്ടുകാർ അടിച്ചുതകർത്തു. അന്ന് മോട്ടോർവാഹന വകുപ്പ് ബസുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. എന്നാൽ, പിന്നീട് അതും നിലച്ചു.

കഴിഞ്ഞവർഷം വലിയ വാഹനങ്ങളുണ്ടാക്കിയത് 223 അപകടങ്ങൾ

കഴിഞ്ഞവർഷം അപകടത്തിൽപ്പെട്ടത് 223 വലിയ വാഹനങ്ങൾ. 80 ബസും 143 ലോറിയും ട്രക്കുകളും അപകടങ്ങളുണ്ടാക്കി. പതിവുപോലെ അപകടങ്ങളിലെ മറുഭാഗത്ത് കൂടുതലും പെട്ടുപോയത് ഇരുചക്രവാഹനങ്ങളാണ്-160 എണ്ണം. ഇത്തവണ മൂന്നു മാസത്തിനിടെതന്നെ വലിയ വാഹനങ്ങളുണ്ടാക്കിയ അപകടങ്ങളുടെ എണ്ണം 87-ലെത്തി.

Content Highlights: 87 major accidents involving trucks and buses in Palakkad within the first three months of 2026., Two-wheeler riders remain the most vulnerable group in road collisions., Lack of consistent enforcement by the Motor Vehicle Department after initial crackdowns., Violation of restricted time windows for heavy vehicle movement in town areas.